by Midhun HP News | Jun 4, 2025 | Latest News, കേരളം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു. പൂജപ്പുര സെൻട്രൽ ജയിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ അഫാൻ്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മജിസ്ട്രേറ്റ് അഫാൻ്റെ മൊഴി രേഖപ്പെടുത്തി.
by Midhun HP News | Jun 4, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നഷ്ടത്തോടെ 85.80ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്, എണ്ണവില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയൂടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്.
കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. അതിനിടെ കഴിഞ്ഞ മൂന്ന് ദിവസം നഷ്ടം നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്‌സ് 230 പോയിന്റ് ആണ് മുന്നേറിയത്. 81000 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികിലാണ് സെന്‍സെക്‌സ്.
പ്രധാനമായി ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. ടിസിഎസ്, അള്‍ട്രാടെക് സിമന്റ്, ടൈറ്റന്‍, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണി ഉയര്‍ന്നു നില്‍ക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് ഒരു കാരണമാണ്. ഇന്നലെ അമേരിക്കന്‍ വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. ഇതാണ് ഏഷ്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.
by Midhun HP News | Jun 4, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ (railway lines)ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമായേക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി എക്‌സിലൂടെ അറിയിച്ചതാണിത്.
‘വടക്ക് നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഇതുവഴി യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും റെയില്‍ മാര്‍ഗം കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയും.’ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു.
പുതിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അണ്ടര്‍ ബ്രിഡ്ജുകളുടെയും നിര്‍മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രിയും അശ്വിനി വൈഷ്ണവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപയായിരുന്ന കേരളത്തിന്റെ റെയില്‍വേ ബജറ്റ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 3,042 കോടി രൂപയായി വര്‍ദ്ധിപ്പിച്ചതായും കേന്ദ്രമന്ത്രി എക്സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ താല്‍പ്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ കെ-റെയില്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പരിശോധിക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
”ഇ ശ്രീധരന്റെ നിര്‍ദ്ദേശം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചു. എന്നാല്‍ അവര്‍ ഇതുവരെ അത് വിശദമായി പഠിച്ചിട്ടില്ല. പുതിയ പദ്ധതി നിര്‍ദേശത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനം മെട്രോമാന്‍ ഇ ശ്രീധരനെ അറിയിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.” മുഖ്യമന്ത്രിയോട് ഒപ്പമുണ്ടായിരുന്ന കെ വി തോമസ് പറഞ്ഞു.
തന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇ ശ്രീധരന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ”സില്‍വര്‍ ലൈന്‍ നിര്‍ദ്ദേശത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍, എന്റെ നിര്‍ദ്ദേശവുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനം അനുകൂലമാണെന്ന് തോന്നുന്നു,” എന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Jun 4, 2025 | Latest News, കേരളം
കൊച്ചി തീരത്തിനടുത്ത് മുങ്ങിയ ചരക്ക് കപ്പലായ എംഎസ്‌സി എൽഎസ്‌എ 3 (MSC ELSA 3)ൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനാലും, ഇവ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കാണാതായ ചരക്കുകൾ വീണ്ടെടുക്കുന്നതിനും സമുദ്ര പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി, കടലിലെ അടിത്തട്ട് മാപ്പിങ് നടത്തും. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ഇതിനായി, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആഴക്കടൽ മുങ്ങൽ വിദഗ്‌ദ്ധരുടെ സംഘം കേരളത്തിലെത്തും. അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
മൾട്ടി-ബീം സർവേ സംവിധാനം ഉപയോഗിച്ച് വെള്ളത്തിൽ മുങ്ങിയ കണ്ടെയ്നർ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള ഈ സംരംഭം കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും നടത്തുക.
കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്നതിനും എണ്ണ നീക്കം ചെയ്യുന്നതിനും സമുദ്ര, പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി കപ്പൽകമ്പനി ഇതിനകം ടി & ടി സാൽവേജ് എന്ന സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സാച്ചുറേഷൻ ഡൈവേഴ്‌സ് ( ആഴത്തിൽ , വെള്ളത്തിനടിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണൽ ഡൈവേഴ്‌സ്) ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ധരുടെ സംഘത്തെ കമ്പനി സജ്ജമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
കണ്ടെയ്നർ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ കടൽത്തട്ട് മാപ്പിങ് നടത്തുന്നതിന് വാട്ടർ ലില്ലി എന്ന ടോ കപ്പലിൽ (കപ്പൽ വലിച്ചുകൊണ്ടുപോകാനുള്ള നൗക) മൾട്ടിബീം സർവേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, സീമാക് (SEAMAC III) എന്ന കപ്പൽ ഡൈവിങ് പ്രവർത്തനങ്ങൾക്ക് സഹായിക്കും.
അപകടങ്ങൾ സംബന്ധിച്ച പരിശോധനകൾ നടന്നുവരികയാണെന്ന് മെർക്കന്റൈൽ മറൈൻ വകുപ്പ് (കൊച്ചി) പ്രിൻസിപ്പൽ ഓഫീസർ ജെ സെന്തിൽ കുമാർ പറഞ്ഞു. “കപ്പൽ ഉടമയുമായി സഹകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെടുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്ഥിതി അവലോകനം ചെയ്യുന്നതിനായി പതിവായി യോഗങ്ങൾ നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
കപ്പൽ തകർച്ച ഉണ്ടായക്കിയ പരിസ്ഥിതി ആഘാതം നമ്മുടെ കടലിൽ നിന്ന് പൂർണ്ണമായും പരിഹരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആഗ്രഹിക്കുന്നുണ്ടെന്ന് കെഎസ്ഡിഎംഎയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ” കപ്പൽ തകർച്ച നമ്മുടെ അധികാരപരിധിക്ക് പുറത്താണ് എന്നതിനാൽ സംസ്ഥാന സർക്കാരിന് ഇതിൽ ഒരു പങ്കുമില്ല,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. നിയുക്ത ഓൺ-സീൻ കമാൻഡർ (ഒരു നിർദ്ദിഷ്ട പ്രദേശത്തിനുള്ളിൽ തിരയൽ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ളവർ) ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) ദിവസേന വ്യോമ നിരീക്ഷണം നടത്തുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി എണ്ണ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
മെയ് 25 ന് കൊച്ചിയിൽ നിന്ന് ഏകദേശം 14.6 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് മാറി അപകടകരമായ ചരക്കുകൾ ഉൾപ്പെടെ 640 കണ്ടെയ്നറുകളുമായി പോയ എംഎസ്‌സി എൽഎസ്എ 3 എന്ന കപ്പൽ മുങ്ങിയത്. ഇത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിക്കുകയും മത്സ്യബന്ധന നിരോധനത്തിന് കാരണമാവുകയും ചെയ്തു. 120 കിലോമീറ്റർ തീരപ്രദേശത്ത് കരയ്ക്കടിഞ്ഞ 59 കണ്ടെയ്നറുകൾ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ കേടുകൂടാതെ ലഭിച്ച 18 കണ്ടെയ്നറുകൾ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്.
by Midhun HP News | Jun 4, 2025 | Latest News, കേരളം
അഹമ്മദാബാദ് : പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ (IPL 2025 ) കിരീടം സ്വന്തമാക്കിയപ്പോള്‍ എല്ലാ കണ്ണുകളും നീണ്ടത് വിരാട് കോഹ്‌ലി എന്ന താരത്തിലേക്കായിരുന്നു. കപ്പിനും ചുണ്ടിനും ഇടയില്‍ മൂന്ന് തവണ വഴുതിപ്പോയ കിരീടം തങ്ങള്‍ക്കെന്ന് ഉറപ്പിച്ച നിമിഷം ബൗണ്ടറിക്കു സമീപം ഫീല്‍ഡ് ചെയ്തിരുന്ന കണ്ണീരോടെ ഗ്രൗണ്ടില്‍ മുട്ടുകുത്തി.
ആവേശം വാനോളമുയര്‍ന്ന കലാശപ്പോരില്‍ പഞ്ചാബ് കിങ്‌സിന്റെ പോരാട്ടം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയര്‍ത്തിയ പ്രതിരോധത്തിന് ആറു റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. വിജയത്തെ കുറിച്ച് കോഹ്‌ലി സംസാരിച്ചതത്രയും 18 വര്‍ഷം നീണ്ട ആ കാത്തിരിപ്പിനെക്കുറിച്ചായിരുന്നു. കിരീടം അകന്നുനിന്നിട്ടും ആര്‍സിബി ജഴ്‌സിയോട് കാട്ടിയ വിശ്വസ്തതയെക്കുറിച്ചായിരുന്നു. ഒപ്പം തന്റെ പഴയ പടനായകരെ കുറിച്ചും.
”ടീമിനേപ്പോലെ തന്നെ ആരാധകരും ഒരുപോലെ അര്‍ഹിച്ച കിരീടമാണിത്. 18 വര്‍ഷമാണ് കാത്തിരുന്നത്. എന്റെ യുവത്വവും നല്ല കാലവും പരിചയസമ്പത്തും ഈ ടീമിന് നല്‍കി. കളിച്ച എല്ലാ സീസണിലും കിരീടമായിരുന്നു ലക്ഷ്യം. അതിനായി സാധ്യമായതെല്ലാം ചെയ്തു. ഒടുവില്‍ ലക്ഷ്യം നേടി. ”ഇങ്ങനെയൊരു ദിവസം അവിശ്വസനീയം തന്നെയാണ്. അവസാന പന്തും എറിഞ്ഞുകഴിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടിപ്പോയി. ഈ നിമിഷം വല്ലാത്ത സന്തോഷം നല്‍കുന്നു. എ ബി. ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കായി ചെയ്ത എല്ലാക്കാര്യങ്ങളും ഓര്‍ക്കുന്നു. ഈ കിരീടം ഞങ്ങളുടേതുപോലെ തന്നെ അദ്ദേഹത്തിന്റേതു കൂടിയാണ്. ഈ നിമിഷം അദ്ദേഹത്തിനൊപ്പം ആഘോഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. വിരമിച്ചിട്ട് നാലു വര്‍ഷമായെങ്കിലും ആര്‍സിബിക്കായി കൂടുതല്‍ പ്ലെയര്‍ ഓഫ് ദ് മാച്ച് നേടിയത് അദ്ദേഹമാണ്. അതാണ് ഈ ടീമിലും ലീഗിലും എന്നിലും അദ്ദേഹത്തിന്റെ സ്വാധീനം. ഇന്ന് പോഡിയത്തില്‍ വന്ന് കിരീടം ഏറ്റുവാങ്ങാന്‍ ഏറ്റവും യോഗ്യനും അദ്ദേഹമാണ്’ കോലി പറഞ്ഞു.
കിരീട ദാനചടങ്ങളില്‍ ക്രിസ് ഗെയ്ലിനെയും എബി ഡിവില്ലിയേഴ്സും കോഹ്ലിക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. ആര്‍സിബി ഫൈനലില്‍ പരാജയപ്പെട്ട 2011 ലും 2016 വര്‍ഷങ്ങളില്‍ ഗെയ്ല്‍, ഡിവില്ലിയേഴ്സ്, കോഹ്ലി എന്നിവരായിരുന്നു ടീമിന്റെ നട്ടെല്ല്. 2011 ലാണ് ഗെയ്ലും ഡിവില്ലിയേഴ്സും ആര്‍സിബിയില്‍ എത്തിയത്. 2017 വരെ ഗെയ്ല്‍ ടീമില്‍ തുടര്‍ന്നു. 2021 ല്‍ വിരമിക്കുന്നതുവരെ ഡിവില്ലിയേഴ്സും ക്യാമ്പിന്റെ ഭാഗമായിരുന്നു.
ആര്‍സിബിയുടെ വിജയം എ ബി. ഡിവില്ലിയേഴ്‌സും ആഘോഷമാക്കി. ഈ സാല കപ്പ് നമദെ എന്ന ആര്‍സിബി മുദ്രാവാക്യം ഈ സാല കപ്പ് നമുദ് എന്ന് തിരുത്തിയാണ് ഡിവില്ലിയേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
by Midhun HP News | Jun 4, 2025 | Latest News, കേരളം
കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിനെതിരെ ( Bobby Chemmanur )പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ബോബി ചെമ്മണൂരിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലൈംഗികാധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയത്. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
കേസില്‍ അറസ്റ്റിലായ ബോബി കാക്കനാട് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണൂര്‍ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റിങ്ങിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നുമായിരുന്നു ബോബി ചെമ്മണൂര്‍ അഭിപ്രായപ്പെട്ടത്.
Recent Comments