പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസ് : മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസ് : മന്ത്രി വി ശിവന്‍കുട്ടി

കേരള സര്‍ക്കാര്‍ അവതരിപ്പിച്ച പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസിലെ ബഹുനിലമന്ദിരത്തിന്റെ ശിലാ സ്ഥാപനമെന്നും, നമ്മുടെ കുട്ടികള്‍ക്ക് വിജ്ഞാനത്തിന്റെ പുതിയ ഉയരങ്ങളിലേയ്ക്ക് പറക്കാനുള്ള ശക്തിയേകുന്ന നിര്‍മാണങ്ങളാണ് ഇതെന്ന് നമ്മള്‍ ഉറപ്പാക്കണമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കിളിമാനൂര്‍

ഗവ. ടൗണ്‍ യു.പി.എസിലെ ബഹുനിലമന്ദിരത്തിന്റെ ശിലാ സ്ഥാപനം, നവീകരിച്ച സ്‌കൂള്‍ അങ്കണം, പ്രവേശന കവാടം, ചുറ്റുമതില്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലെ സാമൂഹിക പുരോഗതിയുടെ അടിത്തറയാണ്. നമ്മുടെ ഭാവി ഭദ്രമാക്കാന്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതാണ് നമ്മുടെ പ്രതിബദ്ധത എന്നും അതിന്റെ ഭാഗമായാണ് ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനമെന്നും മന്ത്രി പറഞ്ഞു.

പുതിയ കെട്ടിടം സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങളില്‍ പുതിയ അധ്യായം തുറക്കുകയാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മനോഹരമായ പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ ഇത് സഹായിക്കും. വിദ്യാഭ്യാസത്തെ കേവലം ജ്ഞാനത്തിന്റെ ഇടം എന്നതില്‍ നിന്നല്ല, സമൂഹത്തെ മാറ്റിനിര്‍മിക്കുന്ന ശക്തിയായി കാണുന്ന ഒരു ഭാവിയാണ് നമ്മള്‍ കൈവരിക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിളിമാനൂര്‍ ഗവ. ടൗണ്‍ യു.പി.എസിന് കിഫ്ബി മുഖാന്തിരം പൊതുവിദ്യാഭ്യാസ വകുപ്പ് 1 കോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബഹുനില മന്ദിരം നിര്‍മിക്കുന്നത്. പൊതുമരാമത്ത് കെട്ടിടവിഭാഗം 20 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച സ്‌കൂള്‍ അങ്കണം, ചുറ്റുമതില്‍, പ്രവേശന കവാടം എന്നിവ പൂര്‍ത്തിയാക്കിയത്.

ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സലില്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.പി. മുരളി, ജില്ലാപഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

അടൂരില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി, നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

അടൂരില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി, നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട : അടൂര്‍ ബൈപ്പാസില്‍ വാഹനാപകടത്തില്‍ ( road accident ) നാലു യുവാക്കള്‍ക്ക് പരിക്ക്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം.

കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറി മറിയുകയും ചെയ്തു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിണറായി – ഗഡ്കരി കൂടിക്കാഴ്ച ഇന്ന്; ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും നിര്‍മ്മാണപുരോഗതിയും ചര്‍ച്ച

പിണറായി – ഗഡ്കരി കൂടിക്കാഴ്ച ഇന്ന്; ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും നിര്‍മ്മാണപുരോഗതിയും ചര്‍ച്ച

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ( pinarayi vijayan ) ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയപാത 66 ( national highway 66 ) ന്റെ നിലവിലെ സ്ഥിതിയും, ദേശീയപാത നിര്‍മ്മാണ പുരോഗതി അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയാകും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജുവും ഉച്ചയ്ക്ക് നടക്കുന്ന ചര്‍ച്ചയില്‍ സംബന്ധിക്കും. ദേശീയപാത 66ന്റെ കേരളത്തിലെ വികസനം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിര്‍മാണത്തിന്റെ നിലവിലെ സ്ഥിതിയും ശേഷിക്കുന്ന ഭാഗത്തിന്റെ നിര്‍മാണപുരോഗതിയും ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

മലപ്പുറം കൂരിയാട് ഉള്‍പ്പെടെ ദേശീയപാത നിര്‍മാണത്തിലുണ്ടായ അപാകത സംബന്ധിച്ച ആശങ്ക അറിയിക്കും. ഇവിടെ ബദല്‍ മാര്‍ഗം എന്തു വേണമെന്നത് സംബന്ധിച്ചു സംസ്ഥാനത്തിന്റെ നിര്‍ദേശവും പങ്കുവയ്ക്കും.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു ശേഷം ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് ഇന്ന് ഡല്‍ഹിയ്ക്ക് മടങ്ങും. കേരളത്തിലെ വിവിധ ദേശീയപാത പദ്ധതികളുടെ പുരോഗതി സംസ്ഥാനത്തെ എന്‍എച്ച്എഐ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചെയര്‍മാന്‍ വിലയിരുത്തി.

ചീഫ് സെക്രട്ടറി എ. ജയതിലകുമായും ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് കൂടിക്കാഴ്ച നടത്തി. നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്ന മലപ്പുറം കൂരിയാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകള്‍ സന്ദര്‍ശിക്കാതെയാണ് ദേശീയപാത അതോറിറ്റി ചെയര്‍മാന്റെ മടക്കം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദേശീയപാത നിര്‍മാണ മേഖലകളാണ് സന്ദര്‍ശിച്ചത്.

ഇത് ഒരു കെട്ടിടം മാത്രമല്ല, നാടിന്റെ വിദ്യാഭ്യാസ പ്രതിബദ്ധതയുടെ അടയാളമാണ്: മന്ത്രി വി ശിവന്‍കുട്ടി

ഇത് ഒരു കെട്ടിടം മാത്രമല്ല, നാടിന്റെ വിദ്യാഭ്യാസ പ്രതിബദ്ധതയുടെ അടയാളമാണ്: മന്ത്രി വി ശിവന്‍കുട്ടി

പാപ്പാല എല്‍.പി സ്‌കൂളിന്റെ പുതിയ ബഹുനില മന്ദിരം വെറും ഒരു കെട്ടിടം മാത്രമല്ല, നാടിന്റെ വിദ്യാഭ്യാസ പ്രതിബദ്ധതയുടെ അടയാളമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളിന്റെ വളര്‍ച്ചയ്ക്കായി ഒറ്റക്കെട്ടായി മുന്നോട്ട് വന്ന നാട്ടുകാരുടെയും സ്‌കൂള്‍ അധികൃതരുടെയും പഞ്ചായത്ത് ഭരണത്തിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ശ്രമം കൊണ്ടാണ് ഈ കെട്ടിടം യാഥാര്‍ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. പാപ്പാല എല്‍.പി.എസ് സ്‌കൂൾ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കെട്ടിടം പൂര്‍ത്തിയായത് ഒരു പുതിയ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെയാണെന്നത് വളരെ പ്രതീക്ഷയേകുന്ന കാര്യമാണ്. പുതിയ വാതായനങ്ങളിലേക്ക് വിദ്യാര്‍ഥികളെ നയിക്കാന്‍ ഈ കെട്ടിടം വഴിതെളിയിക്കും. വിദ്യാഭ്യാസം ഒരു വ്യക്തിയെ മാത്രമല്ല, ഒരു സമൂഹത്തെയും രൂപപ്പെടുത്തുന്നു. അങ്ങനെയുള്ള ഭാവിയിലേക്ക് ഓരോ സ്‌കൂളും നമ്മെ നയിക്കുകയാണ്. അത്തരമൊരു മഹത്തായ ദൗത്യത്തിനായി പാപ്പാല എല്‍.പി. സ്‌കൂള്‍ ഇനി കൂടുതല്‍ കരുത്തോടെ മുന്നേറട്ടെയെന്നും മന്ത്രി ആശംസിച്ചു.

നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മുന്നോട്ട് കുത്തിക്കുകയാണെന്നും സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട്, വിദ്യാര്‍ഥികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളിലൊന്നാണ് ഇന്ന് നാടിനു സമര്‍പ്പിച്ച സ്‌കൂള്‍ മന്ദിരം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപ്പാല എല്‍.പി.എസിന്റെ ബഹുനില മന്ദിരത്തിനായി ഒരു കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പും ആറു ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും വിനിയോഗിച്ചാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്.

ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സലില്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.പി. മുരളി, ജില്ലാപഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണന്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സിബി എന്നിവര്‍ പങ്കെടുത്തു.

ആറ്റിങ്ങൽ കൊടുമൺ ശ്രീ മീമ്പാട്ട് ദേവി ക്ഷേത്രത്തിൽ മോക്ഷണം

ആറ്റിങ്ങൽ കൊടുമൺ ശ്രീ മീമ്പാട്ട് ദേവി ക്ഷേത്രത്തിൽ മോക്ഷണം

ആറ്റിങ്ങൽ കൊടുമൺ ശ്രീ മീമ്പാട്ട് ദേവി ക്ഷേത്രത്തിൽ മോക്ഷണം. കാണിക്കയും, സ്വർണ്ണവും, പണവും, ശ്രീകോവിൽ ചാവിയും നഷ്ടപ്പെട്ടു. ജൂൺ 3 പകൽ ആണ് സംഭവം നടന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ( rain alert ) സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പും ( yellow alert ) പുറപ്പെടുവിച്ചിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍,മധ്യ പടിഞ്ഞാറന്‍ അറബിക്കടലും അതിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളും എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്നാട് തീരം, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരം, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു.