പോക്‌സോ കേസ് പ്രതി പ്രവേശനോത്സവച്ചടങ്ങിലെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

പോക്‌സോ കേസ് പ്രതി പ്രവേശനോത്സവച്ചടങ്ങിലെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

പോക്‌സോ കേസില്‍ കുറ്റാരോപിതനായ മുകേഷ് എം. നായര്‍ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണ് മുകേഷ് എം. നായര്‍ മുഖ്യാതിഥിയായത്.

ഇന്നലെയായിരുന്നു പോക്‌സോ കേസിലെ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായര്‍ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വീഡിയോ ചിത്രീകരിച്ച കേസില്‍ മുകേഷ് എം. നായര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കാനാണ് എത്തിയത്.

ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി

ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാമെന്ന് കേരള ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും ഗാര്‍ഹിക പീഡനം മൂലം നിര്‍ബന്ധിതമായി പുറത്താക്കപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നതില്‍ നിന്നും സ്ത്രീയുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള 2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എം ബി സ്‌നേഹലതയുടേതാണ് ഉത്തരവ്.

2009 ല്‍ ഭര്‍ത്താവ് മരിച്ച ശേഷം തന്നെയും മക്കളെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇറക്കി വിടാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ സമാധാനമായി ജീവിക്കുന്നതിന് തടസ്സം നില്‍ക്കരുതെന്ന് സെഷന്‍സ് കോടതി വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ എതിര്‍ കക്ഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ മരണശേഷം യുവതിക്ക് ഭര്‍ത്താവിന്റെ ബന്ധുക്കളുമായി ഗാര്‍ഹിക ബന്ധമില്ലെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഈ നിരീക്ഷണം സെഷന്‍സ് കോടതി റദ്ദാക്കുകയായിരുന്നു.

വാളയാർ ബലാത്സംഗ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി വിചാരണ ചെയ്യാൻ സിബിഐ

വാളയാർ ബലാത്സംഗ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി വിചാരണ ചെയ്യാൻ സിബിഐ

വാളയാറിൽ രണ്ട് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി കണ്ട് വിചാരണ ചെയ്യണമെന്ന് സി ബി ഐ. ഇതിനായി കേസ് പോക്സോ സ്‌പെഷ്യൽ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിച്ചു.

വാളയാർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സമയത്ത് പ്രായപൂർത്തിയാകാത്ത പ്രതിയെ മറ്റൊരു ലൈംഗിക പീഡന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്ടെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന 60 വയസ്സുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മെയ് 31 നാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കൂടുതൽ അന്വേഷണത്തിൽ തെളിഞ്ഞതിനാൽ, ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനുള്ള പ്രതിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ സംബന്ധിച്ച് പ്രിലിമിനറി അസസെസ്മെന്റ് (ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പതിനാറ് വയസ്സ് പൂർത്തിയായതോ അതിൽ കൂടുതലോ പ്രായമുള്ള ഒരു കുട്ടി ചെയ്തതായി ആരോപിക്കപ്പെടുന്ന ഹീനമായ കുറ്റകൃത്യത്തിന്റെ കാര്യത്തിൽ, അത്തരം കുറ്റകൃത്യം ചെയ്യാനുള്ള കുട്ടിയുടെ മാനസികവും ശാരീരികവുമായ കഴിവ്, കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് എന്നിവ സംബന്ധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് നടത്തുന്ന വിലയിരുത്തൽ) നടത്തുന്നതിനുമാണ് സിബിഐ ശ്രമം.

ഇരകളായ പെൺകുട്ടികളുടെ, അമ്മയുടെ ബന്ധുവിന്റെ മകനായതിനാൽ,പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വീട്ടിൽ നിയമത്തിന് എതിരായി വന്ന കുട്ടിക്ക് ( സി സി എൽ ) സ്വതന്ത്രമായ പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് സിബിഐയുടെ ഹർജിയിൽ പറയുന്നു. ഈ സി സി എൽ, 60 വയസ്സുള്ള ഒരു സ്ത്രീയെ ആക്രമിച്ചതിന് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.

സിസിഎൽ തന്റെ വീട്ടിൽ വന്ന് തന്നെ തൊടുകയും നുള്ളുകയും ചെയ്യാറുണ്ടെന്ന് ഇര പരാതിപ്പെട്ടതായി ഒരു സാക്ഷി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നിട്ടും സിസിഎല്ലിനെതിരെ പൊലീസിനോ മറ്റ് അധികാരികൾക്കോ പരാതി നൽകിയിരുന്നില്ല.

വൈകുന്നേരങ്ങളിൽ കുടിവെള്ളത്തിനെന്ന വ്യാജേന കളിസ്ഥലത്ത് നിന്ന് പോയി, ഇരയുടെ ഷെഡിൽ വെച്ച് ബലാത്സംഗം ചെയ്തതായി ഇരയുടെ മരണശേഷം, അയാൾ സുഹൃത്തുക്കളോട് പറഞ്ഞതായി സി ബി ഐ പറയുന്നു.

അതിനാൽ, ഈ കേസിൽ കുട്ടിയെ മുതിർന്ന വ്യക്തിയായി കണ്ട് വിചാരണ ചെയ്യേണ്ടതുണ്ട്. അതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡിൽ നിന്ന് കേസ് കോടതിയിലേക്ക് (പോക്‌സോ) മാറ്റിയാൽ മാത്രമേ സാധിക്കുകയുള്ളൂവെന്നും സിബിഐ വ്യക്തമാക്കി.

പതിനാറ് വയസ്സിന് മുകളിലുള്ള ഒരു കുട്ടി ചെയ്തതായി ആരോപിക്കപ്പെടുന്ന ഹീനമായ കുറ്റകൃത്യത്തിന്റെ കാര്യത്തിൽ, അത്തരം കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മാനസികവും ശാരീരികവുമായ കഴിവ്, കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് ബോർഡ് ഒരു ‘പ്രാഥമിക വിലയിരുത്തൽ’ (പ്രൈമറി അസസ്മെന്റ്) നടത്തണമെന്ന് സിബിഐ ചൂണ്ടിക്കാട്ടി.

അത്തരമൊരു വിലയിരുത്തലിനായി, ബോർഡിന് പരിചയസമ്പന്നരായ മനഃശാസ്ത്രജ്ഞരുടെയോ സാമൂഹിക, മനഃശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവരുടെയോ മറ്റ് വിദഗ്ധരുടെയോ സഹായം തേടാവുന്നതാണ്.

ഈ കേസിൽ, ഹീനമായ കുറ്റകൃത്യം ചെയ്ത സിസിഎല്ലിനെ കുറിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് നടത്തിയ പ്രാഥമിക വിലയിരുത്തലിനെക്കുറിച്ച് സ്പീക്കിങ് ഓർഡറോ(തീരുമാനത്തിനുള്ള കാരണങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്ന ഒരു തീരുമാനമോ ഉത്തരവോ ആണ് സ്പീക്കിംഗ് ഓർഡർ) ജുഡീഷ്യൽ ഓർഡറോ (അന്തിമമോ താൽക്കാലികമോ ആയ ഉത്തരവോ ആകാം, അത് ഒരു കക്ഷിയെ ഒരു പ്രത്യേക നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയോ അല്ലെങ്കിൽ എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് കാരണം കാണിക്കുകയോ ചെയ്യുന്നതാകാം.)ഇല്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി.

ജൂൺ 20 ന് ബോർഡ് സി ബി ഐയുടെ ഹർജി പരിഗണിക്കും.

പി വി അന്‍വറിന് 52 കോടിയുടെ ആസ്തി, 20.60 കോടിയുടെ ബാധ്യത; സ്വരാജിന് 63 ലക്ഷം; സ്ഥാനാര്‍ത്ഥികളുടെ സ്വത്തു വിവരങ്ങള്‍

പി വി അന്‍വറിന് 52 കോടിയുടെ ആസ്തി, 20.60 കോടിയുടെ ബാധ്യത; സ്വരാജിന് 63 ലക്ഷം; സ്ഥാനാര്‍ത്ഥികളുടെ സ്വത്തു വിവരങ്ങള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് ആകെ 52.21 കോടിയുടെ ആസ്തി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 20.60 കോടി രൂപയുടെ കടബാധ്യതയുണ്ട്. കൈവശമുള്ളത് 25,000 രൂപയാണ്. നിക്ഷേപവും മറ്റും ആകെ 18.14 കോടി രൂപ. 10 കേസുകളും തനിക്കെതിരെ ഉണ്ടെന്ന് അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യം 34.07 കോടി രൂപയാണെന്ന് അന്‍വര്‍ വ്യക്തമാക്കുന്നു. ഒരു ഭാര്യയുടെ പേരില്‍ ആകെ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാമത്തെ ഭാര്യയുടെ പേരില്‍ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്. ജീവിത പങ്കാളികളുടെ തൊഴില്‍ ‘ഗൃഹഭരണം’ എന്നാണ് അന്‍വറിന്റെ മറുപടി. വ്യവസായ സംരംഭമാണ് തൊഴില്‍. വരുമാന സ്രോതസ് കച്ചവടം എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മലപ്പുറം ജില്ലയ്ക്ക് പുറമേ കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫിസ് ആക്രമണം, ഉന്നതോദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍, ഔദ്യോഗിക രഹസ്യം മാധ്യമങ്ങള്‍ക്ക് നല്‍കല്‍, ആശുപത്രിയില്‍ അതിക്രമം കാണിക്കല്‍, പ്രകോപനപരമായ പ്രസംഗം, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കേസുകളുണ്ട്. ഇതിനു പുറമേ ഹൈക്കോടതിയിലും കണ്ണൂര്‍ കോടതിയിലും വ്യവഹാരങ്ങളുണ്ട്. മനാഫ് വധക്കേസില്‍ വിട്ടയച്ചതിനെ മനാഫിന്റെ സഹോദരന്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയിലുണ്ടെന്നും അന്‍വര്‍ വിശദീകരിക്കുന്നു.

നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജിന് ആകെ ആസ്തി 63.90 ലക്ഷം രൂപയാണ്. 9 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൈവശമുള്ളത് 1,200 രൂപ. നിക്ഷേപം അടക്കം ആകെ 1.40 ലക്ഷം രൂപയുടെ ജംഗമ ആസ്തി. ഭൂമിയടക്കമുള്ള സ്ഥാവര ആസ്തിയുടെ ആകെ മൂല്യം 62.55 ലക്ഷം. ജീവിതപങ്കാളിയുടെ ആകെ സ്വത്ത് മൂല്യം 94.91 ലക്ഷമാണ്. ബാധ്യത 25.47 ലക്ഷം. 18 ലക്ഷം രൂപ മൂല്യം വരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങളുണ്ട്. ഇതടക്കം ആകെ 74.91 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. ഭൂമിയടക്കമുള്ള സ്വത്തിന്റെ മൂല്യം 20 ലക്ഷം രൂപ. ഭാര്യയുടെ പേരില്‍ 2 വാഹനങ്ങളുണ്ട് എന്നും സ്വരാജ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്വരാജിനെതിരെ ഒരു കേസുമുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും, 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. ഷൗക്കത്തിന് 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഷൗക്കത്തിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്. ഇവ രണ്ടും മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറുമായി ബന്ധപ്പെട്ടതാണ്. നിലമ്പൂരില്‍ ആകെ 12 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

കൂരിയാട് ദേശീയപാത; റോഡ് പൊളിച്ചുമാറ്റി ‘വയഡക്ട്’ നിർമിക്കും; 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശം

കൂരിയാട് ദേശീയപാത; റോഡ് പൊളിച്ചുമാറ്റി ‘വയഡക്ട്’ നിർമിക്കും; 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന ഭാ​ഗത്ത് തൂണുകളിൽ ഉയർത്തി (വയഡക്ട്) പുതിയ പാത നിർമിക്കും. ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവിനോട് കരാർ കമ്പനിയായ കെഎൻആർസിഎൽ എംഡി നരസിംഹ റെ‍ഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തിനുള്ളിൽ പാലം പൂർത്തിയാക്കാൻ ചെയർമാൻ നിർദ്ദേശിച്ചു.

നിലവിൽ തകർന്നരിക്കുന്നത് പൊളിച്ചു മാറ്റിയ ശേഷമേ പുതിയ പാലമടക്കമുള്ളവയുടെ നിർമാണം ആരംഭിക്കാൻ സാധിക്കു. ഇതിനു കമ്പനി സാവകാശം തേടിയിട്ടുണ്ട്.

മണ്ണ് പരിശോധനാ റിപ്പോർട്ട് പരി​ഗണിച്ച ശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്നു എംഡ‍ി വിശദീകരിച്ചു. ഈ ശുപാർശ ദേശീയപാതാ വിഭാ​ഗവും അം​ഗീകരിച്ചിരുന്നു. പദ്ധതി വേ​ഗത്തിലാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടൽ തെറ്റിച്ചു എന്നാണ് കമ്പനി വിലയിരുത്തൽ. അപ്രോച്ച് റോഡിന്റെ വീതി കുറയുമെന്നതിനാൽ മണ്ണിട്ടുയർത്തിയുള്ള അടിത്തറയ്ക്കു വീതി കൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിനു ഇടയാക്കിയെന്നാണ് വിലയിരുത്തൽ.

കൺസൾട്ടൻസി പ്രതിനിധികളും യോ​ഗത്തിലുണ്ടായിരുന്നു. കെഎൻആർസിഎല്ലിനു പുറമേ മറ്റു ഭാ​ഗങ്ങളിൽ കരാറെടുത്തിട്ടുള്ള കമ്പനികളുടെ പ്രതിനിധികളും തിരുവനന്തപുരത്തെത്തിയ ചെയർമാനെ കണ്ടു. വിവിധ പദ്ധതികളുടെ പ്രൊജക്ട് ഡയറക്ടർമാരും യോ​ഗത്തിൽ പങ്കെടുത്തു. 20 പദ്ധതികളാണ് ആവലോ​കനം ചെയ്തത്.

പറവൂർ- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര- കൊല്ലം, കൊല്ലം- കടമ്പാട്ടുകോണം, കടമ്പാട്ടുകോണം- കൊല്ലം, തുറവൂർ- പറവൂർ റീച്ചുകളിൽ നിർമാണം വൈകുന്നത് യോ​ഗത്തിൽ ചർച്ചയായി. ജങ്ഷനുകളിലെ ഡിസൈനുകളിൽ പൊതുജനങ്ങളുടെ എതിർപ്പുകാരണം മാറ്റം വരുത്തിയതും മണൽക്ഷാമവും പദ്ധതി വൈകിപ്പിച്ചെന്ന മറുപടിയാണ് കരാറുകാർ നൽകിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള മേഖലകളിലെ നിർമാണ പുരോ​ഗതി ദേശീയപാതാ വിഭാ​ഗത്തിൽ സംസ്ഥാന ചുമതലയുള്ള ബോർഡ് അം​ഗം വെങ്കിട്ടരമണ ഇന്ന് പരിശോധിക്കും.

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായും സന്തോഷ് കുമാർ യാദവ് കൂടിക്കാഴ്ച നടത്തി. വീഴ്ചകളും നിർണ പുരോ​ഗതിയും അദ്ദേഹം വിശദീകരിച്ചു. അപാകങ്ങൾ വേ​ഗത്തിൽ പരിഹരിക്കാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. മഴി മാറിയാൽ നിർമാണ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.

കോഹ്‌ലിക്ക് കിരീടം, അയ്യര്‍ക്ക് മുന്നില്‍ ചരിത്ര നേട്ടം! ഐപിഎല്‍ ‘ഫൈനല്‍ ഷോ’ ഇന്ന്

കോഹ്‌ലിക്ക് കിരീടം, അയ്യര്‍ക്ക് മുന്നില്‍ ചരിത്ര നേട്ടം! ഐപിഎല്‍ ‘ഫൈനല്‍ ഷോ’ ഇന്ന്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍- IPL 2025) പുതിയ ചാംപ്യന്‍ ആരാകുമെന്ന് ഇന്നറിയാം. ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമില്ലാതെ പോയ രണ്ട് ടീമുകളിൽ ഒരു സംഘത്തിന്റെ നിര്‍ഭാഗ്യത്തിനു ഇന്ന് രാത്രി അവസാനം കുറിക്കപ്പെടും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- പഞ്ചാബ് കിങ്‌സ് ഗ്രാന്‍ഡ് ഫിനാലെ അതിനാല്‍ തന്നെ തീപാറുമെന്ന് രണ്ട് പക്ഷമുണ്ടാകില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി കരിയറിന്റെ സായാഹ്നത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലോകകപ്പടക്കമുള്ള നേട്ടങ്ങളമുണ്ട്. പക്ഷേ കരിയറില്‍ ഇന്നുവരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാനുള്ള യോഗം അദ്ദേഹത്തിനുണ്ടായിട്ടില്ല. ആ കുറവ് ഇന്ന് അഹമ്മദാബാദില്‍ പരിഹരിക്കപ്പെടുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.

മറുഭാഗത്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഒരു ചരിത്ര നേട്ടത്തിന്റെ വക്കില്‍ നില്‍ക്കുന്നു. രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ആദ്യ നായകനെന്ന അനുപമ റെക്കോര്‍ഡാണ് അയ്യരെ കാത്തു നില്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അയ്യര്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ആര്‍സിബി- പഞ്ചാബ് കലാശപ്പോരാട്ടം. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ അനായാസം തകര്‍ത്ത് നേരെ ഫൈനലുറപ്പിച്ചവരാണ് ആര്‍സിബി സംഘം. പഞ്ചാബ് ആകട്ടെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റെക്കോര്‍ഡ് ജയവുമായാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. രണ്ട് സംഘവും കത്തുന്ന ആത്മവിശ്വാസത്തില്‍.

കോഹ്‌ലിയും റോയല്‍സും

പ്രഥമ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായി എത്തിയ കോഹ്‌ലി മറ്റൊരു ഫ്രാഞ്ചൈസിയിലേക്കും പിന്നീട് പോയിട്ടില്ല. കഴിഞ്ഞ 18 സീസണുകളിലും ആര്‍സിബി മുഖം കോഹ്‌ലിയാണ്. ഒട്ടേറെ സീസണുകളില്‍ നായകനായിട്ടും പക്ഷേ കിരീടമില്ല. അകന്നു നില്‍ക്കുന്ന ആ കപ്പ് നെഞ്ചോട് ചേര്‍ക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിത്.

ഇത്തവണ ബാറ്റിങില്‍ കത്തും ഫോമിലുമാണ് കോഹ്‌ലി. ഇതുവരെയായി 614 റണ്‍സുകള്‍ താരം അടിച്ചു കഴിഞ്ഞു. ക്യാപ്റ്റന്‍ രജത് പടിദാര്‍, ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട് എന്നിവരെല്ലാം ബാറ്റിങില്‍ ഫോമായി നില്‍ക്കുന്നു.

ബൗളിങിലും ആര്‍സിബി വ്യത്യസ്തത പുലര്‍ത്തുന്നു. മികച്ച പേസും സ്പിന്നും ചേര്‍ന്നാണ് അവരുടെ ആക്രമണം. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് പേസ് കുന്തമുന. ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍ എന്നിവരും മികവില്‍ നില്‍ക്കുന്നു. ക്രുണാല്‍ പാണ്ഡ്യ, സൂയഷ് ശര്‍മ എന്നിവരാണ് സ്പിന്നര്‍മാര്‍.

അയ്യരും പഞ്ചാബും

മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലായിരുന്നുവെങ്കില്‍ ഇത്തവണ പഞ്ചാബിലാണ്. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോടു തോറ്റ അവര്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ശ്രേയസ് ബാറ്റിങില്‍ തിളങ്ങി റെക്കോര്‍ഡ് ചെയ്‌സ് നടത്തിയാണ് അവര്‍ ആധികാരിക വിജയവുമായി വരുന്നത്. 41 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്ന് ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും വലിയ റണ്‍ ചെയ്‌സിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചാണ് പഞ്ചാബ് എത്തുന്നത്.

603 റണ്‍സുമായി അയ്യര്‍ തന്നെയാണ് പഞ്ചാബിന്റെ നെടുംതൂണായി നില്‍ക്കുന്നത്. കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യര്‍ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായും ഫൈനല്‍ കളിച്ചിട്ടുണ്ട്. അന്ന് കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടിയാല്‍ അയ്യര്‍ മറ്റാര്‍ക്കും ഇല്ലാത്ത റെക്കോര്‍ഡ് നേട്ടത്തില്‍ സ്വന്തം പേരെഴുതി ചേര്‍ക്കും.

ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാംശ് ആര്യ എന്നിവര്‍ ചേര്‍ന്നു നല്‍കുന്ന തുടക്കം ഇത്തവണ പഞ്ചാബിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. ജോഷ് ഇംഗ്ലിസ്, നേഹല്‍ വധേര എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്താണ്. ബൗളിങില്‍ അര്‍ഷ്ദീപ് സിങാണ് മുന്നില്‍ നില്‍ക്കുന്നത്. താരം 18 വിക്കറ്റുകള്‍ വീഴ്ത്തി. സീസണില്‍ ഹാട്രിക്ക് വിക്കറ്റുകളുമായി ഫോമിലേക്ക് മടങ്ങിയെത്തിയ യുസ്‌വേന്ദ്ര ചഹലും പ്രതീക്ഷയാണ്.