by Midhun HP News | Jun 3, 2025 | Latest News, കേരളം
തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന ഭാഗത്ത് തൂണുകളിൽ ഉയർത്തി (വയഡക്ട്) പുതിയ പാത നിർമിക്കും. ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവിനോട് കരാർ കമ്പനിയായ കെഎൻആർസിഎൽ എംഡി നരസിംഹ റെഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തിനുള്ളിൽ പാലം പൂർത്തിയാക്കാൻ ചെയർമാൻ നിർദ്ദേശിച്ചു.
നിലവിൽ തകർന്നരിക്കുന്നത് പൊളിച്ചു മാറ്റിയ ശേഷമേ പുതിയ പാലമടക്കമുള്ളവയുടെ നിർമാണം ആരംഭിക്കാൻ സാധിക്കു. ഇതിനു കമ്പനി സാവകാശം തേടിയിട്ടുണ്ട്.
മണ്ണ് പരിശോധനാ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്നു എംഡി വിശദീകരിച്ചു. ഈ ശുപാർശ ദേശീയപാതാ വിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടൽ തെറ്റിച്ചു എന്നാണ് കമ്പനി വിലയിരുത്തൽ. അപ്രോച്ച് റോഡിന്റെ വീതി കുറയുമെന്നതിനാൽ മണ്ണിട്ടുയർത്തിയുള്ള അടിത്തറയ്ക്കു വീതി കൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിനു ഇടയാക്കിയെന്നാണ് വിലയിരുത്തൽ.
കൺസൾട്ടൻസി പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. കെഎൻആർസിഎല്ലിനു പുറമേ മറ്റു ഭാഗങ്ങളിൽ കരാറെടുത്തിട്ടുള്ള കമ്പനികളുടെ പ്രതിനിധികളും തിരുവനന്തപുരത്തെത്തിയ ചെയർമാനെ കണ്ടു. വിവിധ പദ്ധതികളുടെ പ്രൊജക്ട് ഡയറക്ടർമാരും യോഗത്തിൽ പങ്കെടുത്തു. 20 പദ്ധതികളാണ് ആവലോകനം ചെയ്തത്.
പറവൂർ- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര- കൊല്ലം, കൊല്ലം- കടമ്പാട്ടുകോണം, കടമ്പാട്ടുകോണം- കൊല്ലം, തുറവൂർ- പറവൂർ റീച്ചുകളിൽ നിർമാണം വൈകുന്നത് യോഗത്തിൽ ചർച്ചയായി. ജങ്ഷനുകളിലെ ഡിസൈനുകളിൽ പൊതുജനങ്ങളുടെ എതിർപ്പുകാരണം മാറ്റം വരുത്തിയതും മണൽക്ഷാമവും പദ്ധതി വൈകിപ്പിച്ചെന്ന മറുപടിയാണ് കരാറുകാർ നൽകിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള മേഖലകളിലെ നിർമാണ പുരോഗതി ദേശീയപാതാ വിഭാഗത്തിൽ സംസ്ഥാന ചുമതലയുള്ള ബോർഡ് അംഗം വെങ്കിട്ടരമണ ഇന്ന് പരിശോധിക്കും.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായും സന്തോഷ് കുമാർ യാദവ് കൂടിക്കാഴ്ച നടത്തി. വീഴ്ചകളും നിർണ പുരോഗതിയും അദ്ദേഹം വിശദീകരിച്ചു. അപാകങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. മഴി മാറിയാൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.
by Midhun HP News | Jun 3, 2025 | Latest News, കായികം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍- IPL 2025) പുതിയ ചാംപ്യന്‍ ആരാകുമെന്ന് ഇന്നറിയാം. ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമില്ലാതെ പോയ രണ്ട് ടീമുകളിൽ ഒരു സംഘത്തിന്റെ നിര്‍ഭാഗ്യത്തിനു ഇന്ന് രാത്രി അവസാനം കുറിക്കപ്പെടും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- പഞ്ചാബ് കിങ്‌സ് ഗ്രാന്‍ഡ് ഫിനാലെ അതിനാല്‍ തന്നെ തീപാറുമെന്ന് രണ്ട് പക്ഷമുണ്ടാകില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി കരിയറിന്റെ സായാഹ്നത്തിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലോകകപ്പടക്കമുള്ള നേട്ടങ്ങളമുണ്ട്. പക്ഷേ കരിയറില്‍ ഇന്നുവരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാനുള്ള യോഗം അദ്ദേഹത്തിനുണ്ടായിട്ടില്ല. ആ കുറവ് ഇന്ന് അഹമ്മദാബാദില്‍ പരിഹരിക്കപ്പെടുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.
മറുഭാഗത്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഒരു ചരിത്ര നേട്ടത്തിന്റെ വക്കില്‍ നില്‍ക്കുന്നു. രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ആദ്യ നായകനെന്ന അനുപമ റെക്കോര്‍ഡാണ് അയ്യരെ കാത്തു നില്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അയ്യര്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ആര്‍സിബി- പഞ്ചാബ് കലാശപ്പോരാട്ടം. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ അനായാസം തകര്‍ത്ത് നേരെ ഫൈനലുറപ്പിച്ചവരാണ് ആര്‍സിബി സംഘം. പഞ്ചാബ് ആകട്ടെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റെക്കോര്‍ഡ് ജയവുമായാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. രണ്ട് സംഘവും കത്തുന്ന ആത്മവിശ്വാസത്തില്‍.
കോഹ്‌ലിയും റോയല്‍സും
പ്രഥമ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായി എത്തിയ കോഹ്‌ലി മറ്റൊരു ഫ്രാഞ്ചൈസിയിലേക്കും പിന്നീട് പോയിട്ടില്ല. കഴിഞ്ഞ 18 സീസണുകളിലും ആര്‍സിബി മുഖം കോഹ്‌ലിയാണ്. ഒട്ടേറെ സീസണുകളില്‍ നായകനായിട്ടും പക്ഷേ കിരീടമില്ല. അകന്നു നില്‍ക്കുന്ന ആ കപ്പ് നെഞ്ചോട് ചേര്‍ക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിത്.
ഇത്തവണ ബാറ്റിങില്‍ കത്തും ഫോമിലുമാണ് കോഹ്‌ലി. ഇതുവരെയായി 614 റണ്‍സുകള്‍ താരം അടിച്ചു കഴിഞ്ഞു. ക്യാപ്റ്റന്‍ രജത് പടിദാര്‍, ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട് എന്നിവരെല്ലാം ബാറ്റിങില്‍ ഫോമായി നില്‍ക്കുന്നു.
ബൗളിങിലും ആര്‍സിബി വ്യത്യസ്തത പുലര്‍ത്തുന്നു. മികച്ച പേസും സ്പിന്നും ചേര്‍ന്നാണ് അവരുടെ ആക്രമണം. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് പേസ് കുന്തമുന. ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍ എന്നിവരും മികവില്‍ നില്‍ക്കുന്നു. ക്രുണാല്‍ പാണ്ഡ്യ, സൂയഷ് ശര്‍മ എന്നിവരാണ് സ്പിന്നര്‍മാര്‍.
അയ്യരും പഞ്ചാബും
മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയിലായിരുന്നുവെങ്കില്‍ ഇത്തവണ പഞ്ചാബിലാണ്. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോടു തോറ്റ അവര്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ശ്രേയസ് ബാറ്റിങില്‍ തിളങ്ങി റെക്കോര്‍ഡ് ചെയ്‌സ് നടത്തിയാണ് അവര്‍ ആധികാരിക വിജയവുമായി വരുന്നത്. 41 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്ന് ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും വലിയ റണ്‍ ചെയ്‌സിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചാണ് പഞ്ചാബ് എത്തുന്നത്.
603 റണ്‍സുമായി അയ്യര്‍ തന്നെയാണ് പഞ്ചാബിന്റെ നെടുംതൂണായി നില്‍ക്കുന്നത്. കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യര്‍ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായും ഫൈനല്‍ കളിച്ചിട്ടുണ്ട്. അന്ന് കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടിയാല്‍ അയ്യര്‍ മറ്റാര്‍ക്കും ഇല്ലാത്ത റെക്കോര്‍ഡ് നേട്ടത്തില്‍ സ്വന്തം പേരെഴുതി ചേര്‍ക്കും.
ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാംശ് ആര്യ എന്നിവര്‍ ചേര്‍ന്നു നല്‍കുന്ന തുടക്കം ഇത്തവണ പഞ്ചാബിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. ജോഷ് ഇംഗ്ലിസ്, നേഹല്‍ വധേര എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്താണ്. ബൗളിങില്‍ അര്‍ഷ്ദീപ് സിങാണ് മുന്നില്‍ നില്‍ക്കുന്നത്. താരം 18 വിക്കറ്റുകള്‍ വീഴ്ത്തി. സീസണില്‍ ഹാട്രിക്ക് വിക്കറ്റുകളുമായി ഫോമിലേക്ക് മടങ്ങിയെത്തിയ യുസ്‌വേന്ദ്ര ചഹലും പ്രതീക്ഷയാണ്.
by Midhun HP News | Jun 3, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. മൺചെരാതിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് അധ്യയനവർഷത്തിന് തുടക്കം കുറിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികളെ അക്ഷരമാല അണിയിച്ച് സ്വീകരിച്ചു.
അക്ഷരവൃക്ഷത്തിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളും വിശിഷ്ടാതിഥികളും അക്ഷരങ്ങൾ ചേർത്തു. നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് ജി.ജോയ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാരാജീവ്, വാർഡ് മെമ്പർ സദാശിവൻപിള്ള, പി.ടി.എ പ്രസിഡന്റ് സൈജു.ജി എന്നിവർ ആശംസകൾ അർപ്പിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സറ്റാഫ് സെക്രട്ടറി സ്വപ്നാവിജയൻ നന്ദി രേഖപ്പെടുത്തി.
by Midhun HP News | Jun 3, 2025 | Latest News, കേരളം
പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കൊടുന്തരപ്പുള്ളി സ്വദേശി സിജിൽ (33) ആണ് മരിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രി പൊലീസ് പിടികൂടി. കൊല്ലപ്പെട്ട സിജില്‍ കാപ്പാക്കേസ് പ്രതിയാണ്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അച്ഛനും മകനും തമ്മില്‍ പ്രശ്‌നം തുടങ്ങിയത്. വഴക്കിനിടെ ശിവനും സിജിലും തമ്മിൽ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് സിജിലിന്റെ കഴുത്തിൽ മുറിവേറ്റത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാൾ കൊണ്ടാണ് വെട്ടിയതെന്നാണ് വിവരം.പിടിവലിക്കിടെ സിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്.
മുറിവേറ്റ് ഇറങ്ങിയോടിയ സിജിലിനെ ഇതുവഴി ബൈക്കിലെത്തിയ പരിചയക്കാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംഭവത്തിൽ അച്ഛൻ ശിവൻകുട്ടിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. സിജിലിന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും ഇയാൾ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
by Midhun HP News | Jun 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യ അലോട്ട്‌മെന്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ ഇന്നു മുതല്‍ പ്രവേശനം നേടാം. ഇന്നു മുതല്‍ ജൂണ്‍ 5 (വ്യാഴാഴ്ച) വൈകീട്ട് അഞ്ചു വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയപരിധി. അലോട്ട്മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള വെബ്സൈറ്റില്‍ (hscap.kerala.gov.in) ലോഗിന്‍ ചെയ്താല്‍ അറിയാം.
ഇന്നലെ വൈകീട്ടാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ നിന്ന് അലോട്ട്മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കണം. അലോട്ട്മെന്റ് ലെറ്ററും മതിയായ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനൊപ്പം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനെടുക്കാം.
by Midhun HP News | Jun 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി കാലവര്‍ഷത്തിനു നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ (Rain) തുടരും. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കര്‍ണാടക തീരത്തും ഇന്ന് മത്സ്യബന്ധനം പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക.
Recent Comments