by Midhun HP News | Jun 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നു മത്സ്യബന്ധനത്തിനു പോയി ഉൾക്കടലിൽ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. വ്യാഴാഴ്ച രാത്രി ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞ ഫാത്തിമമാത എന്ന വള്ളത്തിലെ നാലുപേരെ മൂന്നാംദിവസം തമിഴ്‌നാട് ഭാഗത്തെ ഉൾക്കടലിലാണ് കണ്ടെത്തിയത്. എൻജിനുകൾ തകരാറിലായി കടലിൽ അകപ്പെട്ട മറ്റൊരു വള്ളത്തിലുണ്ടായിരുന്ന നാലുപേരെ ഫിഷറീസ് ബോട്ട് കണ്ടെത്തി തീരത്തെത്തിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെ മത്സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന വിവരം ലഭിച്ചതോടെയാണ് വിഴിഞ്ഞം തീരത്തെ ആശങ്കയൊഴിഞ്ഞത്. അതേസമയം മറിഞ്ഞ ‘അനു’ എന്ന വള്ളത്തിലുണ്ടായിരുന്ന പുല്ലുവിള സ്വദേശി സ്റ്റെല്ലസിനെ ഇതുവരെ കണ്ടെത്താനായില്ല. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.
എൻജിനുകൾ തകരാറിലായി കടലിൽ അകപ്പെട്ട സഹായമാത എന്ന വള്ളത്തെ കുളച്ചൽ ഭാഗത്തെ ഉൾക്കടലിലാണ് കണ്ടെത്തിയത്. വള്ളത്തിന്റെ ഉടമ റോബിൻസൺ, ഡേവിഡ്‌സൺ, ദാസൻ, യേശുദാസൻ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടവിവരം ഇവർ വെള്ളിയാഴ്ച വീട്ടിൽ അറിയിച്ചിരുന്നു. ബന്ധുക്കൾ മറ്റൊരു വള്ളത്തിൽ അന്വേഷിച്ചുപോയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ ഫിഷറീസ് വകുപ്പിന് ഇവർ ലൊക്കേഷൻ അയച്ചു. ഫിഷറീസിന്റെ ബോട്ടാണ് സ്ഥലം കണ്ടെത്തി വൈകീട്ട് നാലോടെ ഇവരെ തിരിച്ചെത്തിച്ചത്. ഫാത്തിമമാത എന്ന വള്ളത്തിലുണ്ടായിരുന്ന നാലുപേരെ രക്ഷപ്പെടുത്തി എന്ന വിവരം വിഴിഞ്ഞം തീരത്ത് ലഭിക്കുന്നത് ശനിയാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ്. കന്യാകുമാരിയിൽനിന്നു പോയ ട്രോളിങ്ബോട്ട് രാവിലെ 11-ഓടെയാണ് ഇവരെ കണ്ടെത്തിയത്.
ശക്തമായ തിരയിൽ മറിഞ്ഞ വള്ളത്തിന്റെ മുകളിൽ കയറിയിരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞത്തുനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളിലെ 17 പേരെയാണ് കാണാതായത്. ഇതിൽ പുല്ലുവിള സ്വദേശി പി. ആന്റണി വള്ളംമറിഞ്ഞ് മരിച്ചു. ഇതേ വള്ളത്തിലുണ്ടായിരുന്ന സ്റ്റെല്ലസിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ നീന്തിരക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവരെല്ലാം രക്ഷപ്പെട്ടു.
by Midhun HP News | Jun 1, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്‌ലൻഡിൽ നിന്നുള്ള ഒപാൽ സുചാത ചുങ്ശ്രീ തെരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ അവസാന എട്ടിൽ ഇടംപിടിക്കാതെ മിസ് ഇന്ത്യ നന്ദിനി ഗുപ്‌ത പുറത്തായി. മിസ് വേൾഡായി ഇന്ത്യയിൽ നിന്ന് മാനുഷി ചില്ലർ തെരഞ്ഞെടുക്കപ്പെട്ടത് എട്ട് വർഷം മുൻപാണ്. ഇന്ത്യയിൽ നിന്ന് മിസ്സ് വേൾഡ് പട്ടം അതിന് ശേഷം ആരും നേടിയിട്ടില്ല. ഹൈദരാബാദിലാണ് ഇത്തവണ മിസ് വേൾഡ് മത്സരങ്ങൾ നടന്നത്. ബ്രസീൽ, മാർട്ടിനിക്, എത്യോപ്യ, നമീബിയ, പോളണ്ട്, യുക്രെയിൻ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവസാന എട്ടിൽ എത്തിയത്.
by Midhun HP News | Jun 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകുന്നത്. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം.
റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, 1000ത്തിൽ കൂടുതൽ ചതുരശ്രയടിയുള്ള വീടിന്‍റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണൽസ് (ഡോക്‌ടര്‍, എൻജിനിയർ, അഭിഭാഷകൻ തുടങ്ങിയവർ), കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കർ സ്ഥലമുള്ളവർ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ പറ്റില്ല.
റേഷൻ കാര്‍ഡ് തരം മാറ്റലിന് ആവശ്യമായ രേഖകള്‍
1. പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
2. വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.
3. പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.
4. മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്
5. സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്.
6. വയസ്സ് പൂർത്തിയായ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്.
7. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
by Midhun HP News | Jun 1, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അവനവഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറിക്ക് ദേശീയ അക്രഡിറ്റേഷൻ ലഭിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോർജിൽ നിന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
വൈസ് ചെയർമാൻ തുളസീധരൻപിള്ള, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യാ സുധീർ, അവനവഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ വി.ബി വിജയകുമാർ എന്നിവർ പങ്കെടുത്തു. ദേശീയ അക്രഡിറ്റേഷൻ ബോർഡിൻ്റെ എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിച്ച ഏക സിദ്ധസ്ഥാപനവും അവനവഞ്ചേരി ഗവ സിദ്ധ ഡിസ്പെൻസറിയാണ്.
കൂടാതെ കായകൽപ്പ അവാർഡിന് വേണ്ടി പരിഗണിക്കപ്പെട്ട ഒരു സ്ഥാപനം കൂടിയാണ് അവനവഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറി. ഇത്രയും നേട്ടങ്ങൾ കൈവരിക്കാൻ അശ്രാന്തം പരിശ്രമിച്ച ഈ സിദ്ധ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി.ബി വിജയകുമാറിനെയും മറ്റ് ജീവനക്കാരെയും നഗരസഭ ചെയർപേഴ്സൺ അഭിനന്ദിച്ചു.
by Midhun HP News | Jun 1, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: 2025 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ സിപിഐഎം തച്ചൂർകുന്ന് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സിപിഐഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം. പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എസ്. കൃഷ്ണദാസ് സ്വാഗതം ആശംസിച്ചു. സിപിഐഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശ്രീലത പ്രദീപ്, റ്റി. റ്റി ഷാജി, ടി. ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ അനുപ്രിയ എ.എസ്, എസ്.ജെ പ്രാർത്ഥന, പ്രിജി പിഎസ്, അഭിൻ അർജുൻ, ആദർശ് വി.എൽ, സിബിഎസ്ഇ പരീക്ഷയിൽ 97.6% മാർക്ക് നേടിയ അഞ്ജന എ.ആർ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ നന്ദന എസ്.എം, സ്നേഹ എസ്പി തുടങ്ങിയവർക്ക് മൊമെന്റോ നൽകി ചടങ്ങിൽ ആദരിച്ചു. കൈരളി ബ്രാഞ്ച് സെക്രട്ടറി അരുൺ നന്ദി രേഖപ്പെടുത്തി.
by Midhun HP News | Jun 1, 2025 | Latest News, കേരളം
പരിസ്ഥിതി ദർശനങ്ങൾ ഭാവി തലമുറയുടെ വഴിവിളക്കാണെന്ന് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ. പരിസ്ഥിതി സംരക്ഷണ ചുമതല കുട്ടികൾ ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതാണ്. വിദ്യാർഥികൾ പൊതു സമൂഹത്തിന് പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകണം.പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരത്തിന് വേണ്ടുന്ന മാർഗദീപങ്ങൾ കുട്ടികൾ ആണെന്നും അദ്ദേഹം പറഞ്ഞു.
ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം.എഴുത്തുകാരനുംസംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയത്രി ബിന്ദു നന്ദന തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഡോക്യുമെൻ്ററി ആണ് ചായമൻസ – അത്ഭുതങ്ങളുടെ മായൻ. ചായമൻസയുടെ ഗുണങ്ങളും പ്രാധാന്യവും അവതരിപ്പിച്ചിരിക്കുന്ന ഈ ഡോക്യുമെൻ്ററി പ്രകൃതി സ്നേഹത്തിൻ്റെ ആശയം പകർന്നു നൽകുന്നു.
ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി,ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. ആര്യൻ എസ് ബി നായർ ആണ് സങ്കേതിക സഹായം. എരുവ അനൂപ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ .
ഭക്ഷണമായും ഔഷധമായും അലങ്കാരമായും ഉപയോഗിക്കാൻ കഴിയുന്ന അത്ഭുത സസ്യങ്ങളുടെ കലവറയാണ് പ്രകൃതി. അത് യഥാവിധം പ്രയോജനപ്പെടുത്താൻ കഴിയണം. ഇനിയും ഇത്തരം ഡോക്യുമെൻ്ററികൾ സംവിധാനം ചെയ്യുമെന്ന് ബിന്ദു നന്ദന പറഞ്ഞു. ഡോക്യുമെൻ്ററിക്ക് സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം, സംവിധായകൻ പ്രജേഷ് സെൻ, വിജീഷ് മണി, ശ്രീകണ്ഠൻ കരിക്കകം, അഡ്വ.ജി മധുസൂദനൻ പിള്ള, രാധാകൃഷ്ണൻ കുന്നുംപുറം, ആർ.കിരൺ ബാബു, രതീഷ് അനിരുദ്ധൻ, അജിൽ മണിമുത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
Recent Comments