വീട്ടില്‍ കയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; വാളയാര്‍ കേസ് പ്രതി അറസ്റ്റില്‍

വീട്ടില്‍ കയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; വാളയാര്‍ കേസ് പ്രതി അറസ്റ്റില്‍

പാലക്കാട് : വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാളയാര്‍ കേസിലെ അഞ്ചാം പ്രതി അട്ടപ്പളളം പാമ്പാംപളളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദാണ് (24) അറസ്റ്റിലായത്.

പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെയാണ് അരുണ്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാർ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്.

ക്ലാപ്പനയിൽ പനി ബാധിച്ച് എട്ടുവയസുകാരി മരിച്ചു

ക്ലാപ്പനയിൽ പനി ബാധിച്ച് എട്ടുവയസുകാരി മരിച്ചു

പനി പിടിച്ച് ചികിത്സയിലായിരുന്ന എട്ടുവയസുകാരി മരിച്ചു. കൊല്ലം ജില്ലയിലെ ക്ലാപ്പനയിലാണ് സംഭവം. ക്ലാപ്പന വരവിള പടിക്കൽ കിഴക്കതിൽ അനസിന്റെ മകൾ ഹംസിമ നസ്രിയാണ് (8) മരിച്ചത്.

പനി പിടിച്ചതോടെ ക്ലാപ്പനയിലെ സ്വകാര്യ ക്ലിനിക്കിൽ നിന്ന് മരുന്നുവാങ്ങി വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞിരുന്ന കുട്ടിക്ക് പെട്ടെന്ന് രോഗം മുർച്ഛിക്കുകയായിരുന്നു. കുട്ടിയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.

കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ക്ലാപ്പന ജുംഅ മസ്ജിദ് കബർ സ്ഥാനിൽ സംസ്‌കരിച്ചു. നൗഫിയയാണ് മാതാവ്. ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് രണ്ടാം ക്ലാസ് വിജയിച്ച വിദ്യാർത്ഥിനിയായിരുന്നു ഹംസിമ നസ്രി.

ഭാര്യയെ സംശയം, അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തി

ഭാര്യയെ സംശയം, അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തി

ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്.
അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്.

അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്ബുദ്ദീൻ. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് നജ്ബുദ്ദീൻ കാളികാവിൽനിന്നു മറ്റൊരു വിവാഹം കഴിച്ചു.

രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.കൊലപാതകം നടന്ന ദിവസം, അറവുശാലയിൽ സ്ഥിരമായി സഹായത്തിന് വരാറുള്ള പണിക്കാരെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല എന്നു പറഞ്ഞ് നജ്ബുദ്ദീൻ അറവിന് സഹായിക്കാൻ റഹീനയെയും കൂടെ കൂട്ടുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്കാണ് റഹീന നജ്ബുദ്ദീനോടൊപ്പം ബൈക്കിൽ കയറി അറവുശാലയിലേക്ക് പോയത്.

റഹീനയുടെ മാതാവ് സുബൈദയും സഹോദരി റിസാനയും വീട്ടിലുണ്ടായിരുന്നു. പിറ്റേന്ന് റഹീനയെ നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയതായിരുന്നു അവർ. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശൂർ, പാലക്കാട് , കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് കയ്യിലുള്ള പണം തീർന്നപ്പോൾ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പൊലീസ് പിടിയിലായത്.

മേയ് മാസത്തെ റേഷൻ വിതരണം 04.06.2025 (ബുധനാഴ്ച) വരെ നീട്ടിയിട്ടുണ്ട്

മേയ് മാസത്തെ റേഷൻ വിതരണം 04.06.2025 (ബുധനാഴ്ച) വരെ നീട്ടിയിട്ടുണ്ട്

(1) 2025 മേയ് മാസത്തെ റേഷൻ വിതരണം 04.06.2025 (ബുധനാഴ്ച) വരെ നീട്ടിയിട്ടുണ്ട്.

(2) 05.06.2025 (വ്യാഴാഴ്ച), 06.06.2025 (വെള്ളിയാഴ്ച) എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2025 ജൂൺ മാസത്തെ റേഷൻ വിതരണം 07.06.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(നിലവിലെ കലണ്ടർ അവധി പ്രകാരമാണ് റേഷൻ കടകൾക്കുള്ള അവധി ദിനവും ജൂണിലെ വിതരണം ആരംഭിക്കുന്ന ദിനവും പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ബക്രീദ് ദിനാവധിയ്ക്കനുസരിച്ച് റേഷൻ കടയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തി കൊണ്ടുള്ള സർക്കാർ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇതിൽ വ്യത്യാസം വരുന്നതാണ്.)

(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ജൂൺ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…

കൺസഷനും ഇനി ഡിജിറ്റലാകും…. കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് കെ ബി ഗണേഷ്‌കുമാർ

കൺസഷനും ഇനി ഡിജിറ്റലാകും…. കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് കെ ബി ഗണേഷ്‌കുമാർ

കൺസഷനും മറ്റും ഡിജിറ്റലാക്കുന്നതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കെഎസ്ആർടിസി മാവേലിക്കരയിൽ തുടങ്ങിയ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂളിൻറെയും ടെസ്റ്റിംഗ് ഗ്രൗണ്ടിൻറെയും ഉദ്ഘാടനം റീജിയണൽ വർക്ക് ഷോപ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന ലേണേഴ്‌സ് ആപ്പിലൂടെ 18 വയസുള്ളവർക്ക് ഡ്രൈവിങ് എളുപ്പത്തിൽ മനസിലാക്കാനാകുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.സ്വന്തം ഡ്രൈവിങ്ങിനാൽ അപകടം ഉണ്ടാകരുതെന്ന ബോധം നമുക്കുണ്ടാകണം. ലൈസൻസിൻറെ പ്രാധാന്യം ജനങ്ങൾ മനസിലാക്കണമെന്നും പുതു തലമുറയ്ക്ക് ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സ്റ്റേഷനുകളിലും ക്യാമറയെന്ന ലക്ഷ്യം നടപ്പാക്കുമെന്നും കെഎസ്ആർടിസിയിൽ നഷ്ടം കുറഞ്ഞുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിങ് സ്‌കൂളിലെ പുതിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ്, രക്ഷാ കർത്താവ് ഇനി സുരക്ഷാ കർത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്‌സ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മാവേലിക്കര നഗരസഭ അധ്യക്ഷൻ നൈനാൻ സി കുറ്റിശേരിൽ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, നഗരസഭ വൈസ് ചെയർപേഴ്‌സൺ കൃഷ്ണകുമാരി, നഗരസഭാഗം ആർ രാജേഷ്, കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ, ആർടിഒ എ കെ ദിലു, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ലക്ഷ്മി ചന്ദ്രൻ, ഡിപ്പോ എഞ്ചിനീയർ ജി കിഷോർ, എസ്ടിസി പ്രിൻസിപ്പൽ ആർ എസ് സലിംകുമാർ, മാവേലിക്കര എസ്ബിഐ ചീഫ് മാനേജർ വി ടി ശ്രീജ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികാഘോഷത്തിൻറെ ഭാഗമായാണ് ഗതാഗത വകുപ്പിന് മാവേലിക്കരയിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂൾ അനുവദിച്ചത്. എംഎൽഎയുടെ പ്രാദേശിക വികസന പദ്ധതിയിലാണ് കെഎസ്ആർടിസി മാവേലിക്കര റീജിയണൽ വർക്ക്ഷോപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പൂർത്തീകരിച്ചത്.

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷനെതിരെ എബിവിപി പരാതി നൽകി

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷനെതിരെ എബിവിപി പരാതി നൽകി

ന്യൂഡൽഹി: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ ദുബായിൽ വെച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തതിനെതിരെ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി. കുസാറ്റ് ബിടെക് അലുമിനി അസോസിയേഷനെതിരെ എബിവിപിയാണ് പരാതി നൽകിയത്.

അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിലാണ് ഷാഹിദ് അഫ്രീദി എത്തിയത്. പഹൽഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കെയാണ് ഷാഹിദ് അഫ്രീദി, മലയാളികൾ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയത്. ദുബായ് പാകിസ്ഥാൻ അസോസിയേഷൻ ഓഡിറ്ററിയത്തിൽ ആയിരുന്നു പരിപാടി. നേരത്തെതന്നെ ഇന്ത്യാ വിരുദ്ധ നിലപാടുകൾ ഉള്ളയാളാണ് അഫ്രീദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാൻ ഇന്ത്യക്ക് മേൽ ഐതിഹാസിക ജയം നേടിയെന്നവകാശപ്പെട്ട് പാകിസ്ഥാനിൽ റോഡ്ഷോ വരെ അഫ്രീദി നടത്തിയിരുന്നു.

ദുബായിലെ പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചയായി. ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണം എന്ന പേരിൽ പാക് മാധ്യമങ്ങളും ഇത് വാർത്തയാക്കി. ഇതോടെയാണ് രൂക്ഷമായ വിമർശനം സംഘാടകർക്കെതിരെ ഉയർന്നത്. സംഭവം വിവാദമായതോടെ മറ്റു പരിപാടികൾക്കായി എത്തിയ അഫ്രീദി അപ്രതീക്ഷിതമായി വേദിയിലേക്ക് എത്തുകയായിരുന്നു എന്ന വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. എന്നാൽ അതിരൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം സംഘാടകർക്കെതിരെ നടക്കുന്നത്.