ഇതുവരെ വിറ്റത് 42 ലക്ഷം ടിക്കറ്റുകള്‍; 12 കോടിയുടെ ഭാഗ്യശാലി ആര്?, വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ

ഇതുവരെ വിറ്റത് 42 ലക്ഷം ടിക്കറ്റുകള്‍; 12 കോടിയുടെ ഭാഗ്യശാലി ആര്?, വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന വിഷു ബംപര്‍ ലോട്ടറി 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്.

ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്‍കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉള്‍പ്പെടുന്നു.

പെരുമഴ തന്നെ; ഇന്ന് 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, കാറ്റിനും സാധ്യത

പെരുമഴ തന്നെ; ഇന്ന് 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍, മലപ്പുറം, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

വരും മണിക്കൂറില്‍ കാറ്റിനും സാധ്യത

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വരും മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.

* ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിര്‍ദേശങ്ങള്‍

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

* അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

സംസ്ഥാനത്ത് 430 കോവിഡ് കേസുകൾ; ഒരാഴ്ചക്കിടെ വീണ്ടും വർധന, 2 മരണം

സംസ്ഥാനത്ത് 430 കോവിഡ് കേസുകൾ; ഒരാഴ്ചക്കിടെ വീണ്ടും വർധന, 2 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (COVID 19) കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോ​ഗ ബാധിതരേറയും ഉള്ളത്.

തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൊല്ലം തലവൂർ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ രോ​ഗ ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡൽഹി (104), ​ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വിലയിരുത്തി.

സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗബാധ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചിരുന്നു.

വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവരിലേറെയും പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോ​ഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നു ആരോ​ഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രായമായവരും ​ഗർഭിണികളും ​ഗുരുതര രോ​ഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോ​ഗ്യ പ്രവർത്തകർ മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ഇടക്കിടെ സോപ്പുപയോ​ഗിച്ച് കൈ കഴുകണമെന്നും ആരോ​ഗ്യ വകുപ്പ് ശുപാർശ ചെയ്യുന്നു.

എല്ലാത്തരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇനി വോയ്‌സ് ചാറ്റ് സൗകര്യം ലഭ്യം; പുത്തന്‍ ഫീച്ചറിനെ കുറിച്ചറിയാം

എല്ലാത്തരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇനി വോയ്‌സ് ചാറ്റ് സൗകര്യം ലഭ്യം; പുത്തന്‍ ഫീച്ചറിനെ കുറിച്ചറിയാം

തിരുവനന്തപുരം: എല്ലാ ഗ്രൂപ്പ് ചാറ്റുകളിലും വോയ്‌സ് ചാറ്റ് സൗകര്യം അവതരിപ്പിച്ച് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഈ സവിശേഷത ഇപ്പോൾ ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ രസകരമാക്കാനാണ് വാട്‌സ്ആപ്പ് ഈ പുതിയ സവിശേഷത ചേർത്തത്. ഇപ്പോൾ അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ തന്നെ ഗ്രൂപ്പുകൾക്ക് ഒന്നിലധികം അംഗങ്ങളുമായി വോയ്‌സ് ചാറ്റുകൾ ഹോസ്റ്റ് ചെയ്യാൻ കഴിയും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ സവിശേഷത നിലവിലുണ്ടെങ്കിലും, വോയ്‌സ് ചാറ്റ് ഇത് വലിയ ഗ്രൂപ്പുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ, ഈ ഫീച്ചര്‍ എല്ലാ വലുപ്പത്തിലുമുള്ള ഗ്രൂപ്പുകൾക്കും ലഭ്യമാക്കിയിട്ടുണ്ട്.പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ഇപ്പോൾ ഒന്നിലധികം അംഗങ്ങൾക്ക് ഒരേസമയം ഒരു ക്വിക്ക് വോയ്‌സ് ചാറ്റിൽ ചേരാൻ അനുവദിക്കുന്നു.

ടെക്സ്റ്റ് ചാറ്റ് മതിയാകാത്ത സാഹചര്യങ്ങളിൽ ഈ സവിശേഷത മികച്ചതാണ്. ഉദാഹരണത്തിന്, ചർച്ച അടിയന്തിരമോ വളരെ സങ്കീർണ്ണമോ ആയിരിക്കുമ്പോൾ, ആളുകൾ ഒത്തുചേരേണ്ടിവരുമ്പോൾ, ഈ സവിശേഷത അതിന് നല്ലൊരു ഓപ്ഷനാണ്. കൂടാതെ, സംഭാഷണത്തിന് എല്ലാവരും ഗ്രൂപ്പ് കോളിൽ ഉണ്ടായിരിക്കേണ്ട ആവശ്യമില്ലാത്ത അവസരങ്ങൾക്കും ഇത് അനുയോജ്യമാണ്.

എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കും തത്സമയ വോയ്‌സ് സംഭാഷണങ്ങൾക്കായി ഒരു ഓഡിയോ ഹാംഗ്ഔട്ട് ആരംഭിക്കാനുള്ള കഴിവ് ഈ അപ്‌ഡേറ്റ് നൽകുന്നു എന്ന് കമ്പനി പറയുന്നു. അതേസമയം അംഗങ്ങൾക്ക് ഒരേസമയം ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും. നിലവിലുള്ള വോയ്‌സ് ചാറ്റിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്താതെ ഗ്രൂപ്പ് അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ചേരാനോ പുറത്തുപോകാനോ കഴിയും.

ഒരു ഗ്രൂപ്പിലെ ഏതൊരു അംഗത്തിനും ഇപ്പോൾ ചാറ്റിന്‍റെ അടിയിൽ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്‌ത് കുറച്ച് സെക്കൻഡുകൾ അമർത്തിപ്പിടിച്ചു കൊണ്ട് ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാൻ കഴിയും. പ്രധാനമായി, ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കുന്നത് ആരെയും റിംഗ് ചെയ്യുകയോ അറിയിക്കുകയോ ചെയ്യുന്നില്ല, ഇത് കുറഞ്ഞ തടസ്സ അനുഭവം നിലനിർത്തുന്നു. ഒരു പൂർണ്ണ കോളിലേക്ക് മാറുകയോ ചാറ്റ് ഇന്‍റർഫേസിൽ നിന്ന് പുറത്തുപോകുകയോ ചെയ്യാതെ തന്നെ, പങ്കെടുക്കുന്നവർക്ക് സംഭാഷണത്തിൽ നിന്ന് സ്വതന്ത്രമായി പ്രവേശിക്കാനോ പുറത്തുപോകാനോ ഈ ഫീച്ചർ അനുവദിക്കുന്നു.

ആരംഭിച്ചുകഴിഞ്ഞാൽ, ഗ്രൂപ്പ് ചാറ്റിന്‍റെ അടിയിൽ വോയ്‌സ് ചാറ്റ് പിൻ ചെയ്‌തിരിക്കും. ഇത് കോൾ നിയന്ത്രണങ്ങളിലേക്ക് എളുപ്പത്തിൽ ആക്‌സസ് നൽകുകയും നിലവിൽ ആരൊക്കെ പങ്കെടുക്കുന്നുവെന്ന് അംഗങ്ങൾക്ക് കാണാൻ സാധിക്കുകയും ചെയ്യുന്നു. പുതിയ ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ചേരാനാകും. വാട്‌സ്ആപ്പ് അതിന്‍റെ പ്ലാറ്റ്‌ഫോമിലെ മറ്റ് ആശയവിനിമയ രൂപങ്ങളെപ്പോലെ, വോയ്‌സ് ചാറ്റുകളും സ്ഥിരസ്ഥിതിയായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കാം. എന്നാൽ സമാനമായ വോയ്‌സ് ചാറ്റ് കഴിവുകൾ ഡിസ്കോർഡ്, ടെലിഗ്രാം, സ്ലാക്ക് തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്, അവിടെ ഒരു ഗ്രൂപ്പിലോ സെർവറിലോ ഉള്ള ഉപയോക്താക്കൾക്ക് ഔപചാരിക കോൾ ആരംഭിക്കാതെ തന്നെ നടന്നുകൊണ്ടിരിക്കുന്ന ഓഡിയോ സംഭാഷണങ്ങളിൽ ചേരാൻ സാധിക്കും.

വിളയിൽ റസിഡൻസ് അസോസിയേഷന്റെ 27 മത് വാർഷികം ഉദ്ഘാടനം ചെയ്തു

വിളയിൽ റസിഡൻസ് അസോസിയേഷന്റെ 27 മത് വാർഷികം ഉദ്ഘാടനം ചെയ്തു

വിളയിൽ റസിഡൻസ് അസോസിയേഷന്റെ 27 മത് വാർഷികം, അസോസിയേഷൻ പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. ഡോക്ടർ സുനിൽ രാജ് ബോധവൽക്കരണ ക്ലാസ് എടുത്തു. യോഗത്തിൽ എസ് സുകുമാരൻ നായർ (വൈസ് പ്രസിഡന്റ്) അദ്ധ്യ ക്ഷനായിരുന്നു.

ആർ മണികണ്ഠപിള്ള, വി മുരളീധരൻ നായർ (മുനിസിപ്പൽ കൗൺസിലർ), നിതിൻ (കൗൺസിലർ), സി ശ്രീകൃഷ്ണപിള്ള, വിളയിൽ സൊസൈറ്റി സെക്രട്ടറി എൽ ലത, വി ആർ എ ജനറൽ സെക്രട്ടറി എം ജി മനോജ്, ജോയിൻ സെക്രട്ടറി ജി രാമകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. യോഗാനന്തരം സ്നേഹവിരുന്നും ഓരോ കുട പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നൽകി.

ചെലവ് 9 കോടി; നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യല്‍റ്റി ആശുപത്രി നിര്‍മിക്കും

ചെലവ് 9 കോടി; നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യല്‍റ്റി ആശുപത്രി നിര്‍മിക്കും

തിരുവനന്തപുരം: പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യല്‍റ്റി ആശുപത്രി നിര്‍മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയില്‍ നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് 9 കോടി രൂപയോളം ചെലവഴിച്ച് ആശുപത്രി നിര്‍മിക്കുന്നത്. അധികഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

ആധുനിക മരുന്നിനൊപ്പം ആയുഷിനും പ്രാധാന്യം നല്‍കും. തീര്‍ഥാടന കാലത്ത് വിപുലമായ സ്‌പെഷ്യല്‍റ്റി സേവനങ്ങളൊരുക്കും. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്ന് നിലകളില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രിയാണ് സജ്ജമാക്കുക. ഒന്നാം നിലയില്‍ 12 കിടക്കകളുള്ള കാഷ്വാലിറ്റി സംവിധാനം, ഒപി വിഭാഗങ്ങള്‍, 7 കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, റിസപ്ഷന്‍, ലാബ്, സാംപിള്‍ കലക്ഷന്‍ സെന്റര്‍, നഴ്‌സസ് സ്‌റ്റേഷന്‍, ഇന്‍ജക്ഷന്‍ റൂം, ഇസിജി റൂം, ഡ്രെസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സ്‌റ്റോര്‍, പൊലീസ് ഹെല്‍പ് ഡെസ്‌ക്, ലിഫ്റ്റുകള്‍, അറ്റാച്ച്ഡ് ശുചിമുറികള്‍ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക.

രണ്ടാം നിലയില്‍ 8 കിടക്കകളുള്ള ഐസിയു, നഴ്‌സസ് സ്‌റ്റേഷന്‍, എല്ലാവിധ സൗകര്യങ്ങളുള്ള മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, എക്‌സ്‌റേ റൂം, 13 കിടക്കകളുള്ള വാര്‍ഡ്, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടേയും മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫിസ്, ശുചിമുറികള്‍ എന്നിവയാണ് ഒരുക്കുന്നത്. മൂന്നാം നിലയില്‍ 50 കിടക്കകളുള്ള ഡോര്‍മിറ്ററി സംവിധാനമുണ്ടാകും.