കുടുംബത്തിലെ 3 പേർക്ക് ഷോക്കേറ്റു; യുവതി മരിച്ചു

കുടുംബത്തിലെ 3 പേർക്ക് ഷോക്കേറ്റു; യുവതി മരിച്ചു

തൃശൂർ: വടക്കാഞ്ചേരിയിൽ ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്കും ഷോക്കേറ്റു. ഇരുവർക്കും പരിക്കുണ്ട്.

ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണം നടക്കുന്നതിനാൽ ഇവർ പുന്നപറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്പു ​ഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു.

ആശങ്ക കൂട്ടി ഇരട്ട ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളിലും മഴ കനക്കും, ജാഗ്രത

ആശങ്ക കൂട്ടി ഇരട്ട ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളിലും മഴ കനക്കും, ജാഗ്രത

തിരുവനന്തപുരം: കനത്തമഴ തുടരുന്ന കേരളത്തിന്റെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പുറമേ ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അറബിക്കടലില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇതിന്റെയും കേരളത്തില്‍ എത്തിയ കാലവര്‍ഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴയാണ് ലഭിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് അതിതീവ്രമഴ തുടരുന്നത്. കനത്തമഴയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മറ്റൊരു ന്യൂനമര്‍ദ്ദം അറബിക്കടലില്‍ രൂപംകൊണ്ടത്. ഇതിന്റെ സ്വാധീനം കൂടി മഴയില്‍ പ്രതിഫലിക്കുമെന്നും കാലാവസ്ഥ കേന്ദ്രം കണക്കുകൂട്ടുന്നു.

കേരളത്തിലും കര്‍ണാടക തീരങ്ങളിലുമാണ് നിലവില്‍ ശക്തമായ മഴ ലഭിക്കുന്നത്. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ തെലങ്കാന, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലും വരുംദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് കേരളത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്.

വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വക്കം ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനിൽകുമാർ. സഹകരണ സ്ഥാപനത്തിലെ അക്കൗണ്ടന്‍റ് ആണ്. അനിൽകുമാറിന് ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് പ്രാഥമികവിവരം.പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് അയൽക്കാര്‍ ദുരന്തം നടന്ന വിവരം അറിയുന്നത്. ഇവരെ നാല് പേരെയും വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആകാശിനും അശ്വിനും 20ഉം 25ഉം വയസാണ് പ്രായം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

ആലംകോട് കൊച്ചുവിളയിൽ മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ്‌ തകർന്നു

ആലംകോട് കൊച്ചുവിളയിൽ മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ്‌ തകർന്നു

ആലംകോട്: ശക്തമായ മഴയിലും കാറ്റിലുംആലംകോട് കൊച്ചുവിളയിൽ മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ആലംകോട് കൊച്ചുവിള തേഞ്ചേരിക്കോണത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ദാനിഷ് വില്ലയിൽ അനസിന്റെ വീടിന്റെ ഗേറ്റിനു മുകളിലേക്കാണ് മരം ഒടിഞ്ഞു ഇലക്ട്രിക് ലൈനോടുകൂടി പതിച്ചത്. അപകട സാധ്യത മുന്നിൽകണ്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ കഴിയുകയും കെ എസ് ഇ ബി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സംഘവും കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചു. തലനാരിഴയ്ക്കാണ് കുട്ടികൾ അടക്കം നാല് പേർ അപകടത്തിൽ നിന്നും അത്ഭുതകരമാ‌യി രക്ഷപ്പെട്ടത്. പ്രദേശത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കേരള ചരിത്രത്തിൽ ഇടം പിടിച്ച ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് അറിയാം….

കേരള ചരിത്രത്തിൽ ഇടം പിടിച്ച ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് അറിയാം….

നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത് 1965 മുതലാണ്. കഴിഞ്ഞ 60 വർഷത്തെ ചരിത്രത്തിൽ മൊത്തം 16 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ മണ്ഡലത്തിൽ നടന്നിട്ടുള്ളത്. ഈ 16 എണ്ണത്തിൽ രണ്ടെണ്ണം ഉപതിരഞ്ഞെടുപ്പുകളാണ്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത് മണ്ഡലത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പാണ്.

കേരള രാഷ്ട്രീയത്തിൽ നിലമ്പൂർ മണ്ഡലം പലപ്പോഴും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവിടുത്തെ ഉപതിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പ് പോലെ തന്നെ ശ്രദ്ധയാകർഷിക്കുന്നതാകും. ഇവിടെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകൾക്കും കേരള രാഷ്ട്രീയത്തിൽ വളരെയധികം പ്രത്യേകതൾ ഉണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകൾക്ക് കേരളത്തിലെ മറ്റ് ഉപതിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലങ്ങളേക്കാൾ വ്യത്യസ്തമായി ചരിത്രമാണുള്ളത്. ചോരയുടെയും പകയുടെയും ത്യാഗത്തിന്റെയും വിട്ടുവീഴ്ചയുടെയും കലഹത്തിന്റെയും ഒക്കെ കഥകൾ ഇതിൽ കാണാം. കഴിഞ്ഞ രണ്ട് ഉപതിരഞ്ഞെടുപ്പുകളും കേരള ചരിത്രത്തിൽ ഇടം പിടിച്ചതാണ്.

നിലവിൽ എൽ ഡി എഫ് സ്വതന്ത്രനായി ജയിച്ച പി വി അൻവർ സി പി എം നേതൃത്വവുമായി പിണങ്ങി എം എൽ എ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ വർഷം ജനുവരി 13 നാണ് പി വി അൻവർ എം എൽ എ സ്ഥാനം രാജിവച്ചത്. സി പി എം നേതൃത്വവും ഭരണ നേതൃത്വവുമായി തെറ്റിയ അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് എം എൽ എ സ്ഥാനം രാജിവച്ചത്. സ്വതന്ത്രനായി ജയിച്ച ശേഷം അയോഗ്യനാക്കാനാകുമെന്നും അത്തരമൊരു തീരുമാനം ഉണ്ടായേക്കാമെന്നും കരുതിയാണ് അൻവർ രാജിവച്ചതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2016 ലും 2021ലും അൻവറായിരുന്നു നിലമ്പൂരിൽ നിന്നും ജയിച്ചത്.

നിലമ്പൂർ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചത് സി പി എമ്മിലെ കെ. കുഞ്ഞാലിയായിരുന്നു. തോൽപ്പിച്ചത് കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിനെയും. 1967ലും കുഞ്ഞാലി ആര്യാടനെ തോൽപ്പിച്ചു. 1969 ജൂലൈ 26 ന് എതിരാളികളുടെ വെടിയേൽക്കുകയും ജൂലൈ 28 ന് കുഞ്ഞാലി മരണമടയുകയും ചെയ്തു. ഈ കേസിൽ രണ്ട് തവണ കുഞ്ഞാലിയോട് തോറ്റ ആര്യാടൻ മുഹമ്മദ് പ്രതിസ്ഥാനത്ത് വന്നു. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നാണ് 1970ൽ ഈ മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വരുന്നത്. അതായത് മണ്ഡലം രൂപീകരിച്ച് അഞ്ച് വർഷമാകുമ്പോൾ ആദ്യ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മണ്ഡലമാണ് നിലമ്പൂർ. മാത്രമല്ല, കേരള ചരിത്രത്തിൽ ഒരു എം എൽ എ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ആദ്യത്തേയായിരുന്നു. അതേതുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. കുഞ്ഞാലി കൊല്ലപ്പെട്ട് ആറ് മാസം കഴിഞ്ഞ് നടന്ന ഉപതെരഞ്ഞടുപ്പ് ഫലം 1970 ഏപ്രിൽ 21 ന് പുറത്തുവന്നപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച എം പി ഗംഗാധരൻ വിജയിച്ചു. സി പി എമ്മിലെ സി പി അബൂബക്കറിനെ തോൽപ്പിച്ചാണ് ഗംഗാധരൻ കന്നിയങ്കം ജയിച്ചത്.

പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പ് വരുന്നത് പത്ത് വർഷത്തിന് ശേഷം 1980 ലാണ്. അതിന് പിന്നിലുള്ള കഥയിലും കുഞ്ഞാലി വിടാതെ പിന്തുടരുന്നുണ്ട്. 1970 ലെ ഉപതെരഞ്ഞെടുപ്പിൽ അതിന് മുന്നിൽ രണ്ട് തെരഞ്ഞടുപ്പുകളിലും മത്സരിച്ച ആര്യാടൻ മുഹമ്മദിനെ മാറ്റി എം പി ഗംഗാധരനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചതും സീറ്റ് പിടിച്ചെടുത്തതും. 1977ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ ആദ്യമായി നിലമ്പൂരിൽ നിന്നും ജയിച്ചു. എന്നാൽ കോൺഗ്രസിലെ പിളർപ്പിന് ശേഷം 1980 ൽ നിലമ്പൂരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ടി കെ ഹംസയായിരുന്നു. കോൺഗ്രസിനെ ഇടതുമുന്നണിക്ക് വേണ്ടി എതിർത്തത് ആര്യാടനൊപ്പം കോൺഗ്രസിൽ നിന്നും വിട്ട് കോൺഗ്രസ് (യു) വിൽ ചേർന്ന സി ഹരിദാസ് ആയിരുന്നു. സി. ഹരിദാസിനായിരുന്നു ജയം.

ആദ്യമായി അധികാരത്തിലെത്തിയ ഇ കെ നായാനാർ മന്ത്രിസഭയിൽ കോൺഗ്രസ് യു വിന് ( കേരളത്തിലെ എ ഗ്രൂപ്പായി രൂപാന്തരപ്പെട്ടവിഭാഗം) മന്ത്രിസ്ഥാനം നൽകി. ആര്യാടൻ മുഹമ്മദ് അതിലൊരു മന്ത്രിയായി. ആര്യാടന് മത്സരിച്ച് എം എൽ എ ആകാൻ ഹരിദാസ് പത്ത് ദിവസത്തിനകം രാജിവച്ചു. ആ രാജിയിലൂടെ ഹരിദാസ് കേരള ചരിത്രത്തിൽ പ്രത്യേകത കൂടി നേടി. ഏറ്റവും കുറച്ചുകാലം എം എൽ എ ആയിരുന്ന വ്യക്തി എന്നതാണ് ആ പ്രത്യേകത. അതിന് പിന്നാലെ അദ്ദേഹം രാജ്യാസഭാംഗമായി.

ആര്യാടൻ 1980 ൽ പൊന്നാനി ലോകസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചതിനാലാണ് നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. ലോകസഭയിൽ തോറ്റ ആര്യാടനെയാണ് മന്ത്രിസഭയിലെടുത്തത്. ആര്യാടനെ തോൽപ്പിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത് അന്നത്തെ യുവതുർക്കിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള പരിവേഷത്തോടെ മത്സരിക്കാനെത്തിയ മുല്ലപ്പള്ളി പക്ഷേ, ആര്യാടനോട് തോൽക്കാനായിരുന്നു വിധി.

കുഞ്ഞാലിയോട് രണ്ട് തവണ തോൽക്കുകയും സിപി എമ്മിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു അതുവരെ ആര്യാടൻ മുഹമ്മദ്. സിപി എമ്മിനും തിരിച്ച് അങ്ങനെ തന്നെയായിരന്നു. കുഞ്ഞാലി വധക്കേസിൽ പ്രതിസ്ഥാനത്ത് വന്ന ആര്യാടനെതിരെ സി പി എം അതിശക്തമായ എതിർപ്പും ഉയർത്തിയിരുന്നു. ആ ആര്യാടൻ സി പി എം നേതൃത്വം നൽകുന്ന മുന്നണിയുടെ സ്ഥാനാർത്ഥിയായി അതേ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച കാഴ്ചയായിരുന്നു അന്നത്തേത്.

ആദ്യ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കിടയിൽ പത്ത് വർഷത്തെ ഇടവേളയായിരുന്നുവെങ്കിൽ മൂന്നാം ഉപതെരഞ്ഞെടുപ്പിൽ എത്തുമ്പോൾ അത്, ഏകദേശം 45 വർഷത്തിന് ശേഷമാണ്.

ഇങ്ങനെ, ചരിത്രത്തിൽ ഇടം പിടിച്ച പ്രത്യേകതകളുള്ള രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കാണ് ഇതിന് മുൻപ് നിലമ്പൂർ സാക്ഷ്യം വഹിച്ചത്. രണ്ട് ഉപതെരഞ്ഞെടുപ്പിൽ ഒന്നിൽ യു ഡി എഫിനും ഒന്നിൽ എൽ ഡി എഫിനും അനുകൂലമായി വിധിയെഴുതിയതാണ് നിലമ്പൂരിന്റെ ചരിത്രം.

കനത്ത മഴ വെല്ലുവിളി, ദൗത്യത്തിന് ഇന്‍ഫ്രാറെഡ് കാമറയും; എണ്ണപ്പാട എങ്ങനെ നീക്കം ചെയ്യും?

കനത്ത മഴ വെല്ലുവിളി, ദൗത്യത്തിന് ഇന്‍ഫ്രാറെഡ് കാമറയും; എണ്ണപ്പാട എങ്ങനെ നീക്കം ചെയ്യും?

കൊച്ചി: കേരള തീരത്തിനടുത്ത് അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3 മുങ്ങിയതിനെ തുടര്‍ന്നുണ്ടായ എണ്ണപ്പാട (oil spill) നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ആദ്യം വ്യാപിച്ച 2 നോട്ടിക്കല്‍ മൈല്‍ (3.7 കിലോമീറ്റര്‍) ചുറ്റളവില്‍ മാത്രം എണ്ണപ്പാട ഒതുക്കി നിര്‍ത്താനും തീരത്തേക്കു വ്യാപിക്കുന്നത് ഒഴിവാക്കാനുമുള്ള ശ്രമമാണു നടക്കുന്നത്. എന്നാല്‍, കനത്ത മഴയും ശക്തമായ കാറ്റും മൂലം കടല്‍ പ്രക്ഷുബ്ധമായതും കാഴ്ചാ പരിധി കുറഞ്ഞതും തീരസേനയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്.

കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ ഐസിജിഎസ് വിക്രം, സക്ഷം, സമര്‍ത്ഥ് എന്നിവയാണ് കപ്പല്‍ മുങ്ങിയ സ്ഥലത്തെത്തിയത്. എണ്ണപ്പാട നീക്കം ചെയ്യുന്ന പ്രവര്‍ത്തനം രാത്രിയും തുടരാന്‍ ഇന്‍ഫ്രാറെഡ് കാമറ ഉപയോഗിച്ചാണ് ദൗത്യം തുടരുന്നത്. കപ്പലിനു ചുറ്റും വ്യാപിച്ച എണ്ണപ്പാട പരമാവധി മാറ്റി കടല്‍ സുരക്ഷിതമാക്കാനാണ് ഇവരുടെ ശ്രമം. മുംബൈയില്‍ നിന്ന് സമുദ്ര പ്രഹരി എന്ന മലിനീകരണ നിയന്ത്രണ കപ്പലും അപകടസ്ഥലത്തേയ്ക്ക് വരുന്നുണ്ട്.

സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശത്തെത്തിയ ഐസിജിഎസ് സക്ഷം എണ്ണപ്പാട നീക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറിയാണ് കപ്പലുകള്‍ എണ്ണപ്പാട നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. കപ്പലുകളില്‍ നിന്നുള്ള വലിയ കുഴലുകളിലൂടെയാണ് ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറുന്നത്. ഇത് വെള്ളത്തില്‍ കലരുന്നതോടെ എണ്ണയുടെ ഒഴുക്ക് തടയാനാകും. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 1.5 മുതല്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ എണ്ണപ്പാട തെക്ക്- കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതായാണ് വിവരം. വെള്ളത്തിന് മുകളില്‍ ടാറിന് സമാനമായ കറുത്ത പാളിയായാണ് എണ്ണ പടരുന്നത്. ഈ എണ്ണ പൂര്‍ണമായി നീക്കിയില്ലെങ്കില്‍ മലിനീകരണത്തിന്റെ ആഘാതം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എണ്ണച്ചോര്‍ച്ചയുണ്ടായാല്‍ രണ്ടു തരത്തിലാണ് അതു കടല്‍വെള്ളത്തില്‍ വ്യാപിക്കുന്നത്. നേര്‍ത്ത എണ്ണപ്പാടയായും വളരെ ആഴത്തില്‍ വെള്ളത്തില്‍ എണ്ണ കലരുന്ന രീതിയിലും. വളരെ നേരിയ പാളിയായി ആണ് എണ്ണ കടലില്‍ വ്യാപിച്ചിട്ടുള്ളതെങ്കില്‍ ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറി എണ്ണയെ ഇല്ലാതാക്കുകയാണു ചെയ്യുക. എണ്ണയെ ചെറിയ കണികകളാക്കി വെള്ളത്തില്‍ ലയിപ്പിച്ചു കളയാന്‍ കഴിയുന്ന രാസപദാര്‍ഥമാണ് ഇത്. ചെറിയ കനത്തില്‍ എണ്ണ പടര്‍ന്നിട്ടുണ്ടെങ്കില്‍ ബൂം, സ്‌കിമ്മര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് എണ്ണ വലിച്ചെടുക്കണം.