കനത്ത മഴ; സംസ്ഥാനത്ത് ഡാമുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം

കനത്ത മഴ; സംസ്ഥാനത്ത് ഡാമുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം

കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദ്ദേശമുണ്ട്.

കണ്ണൂര്‍ പഴശി, ഇടുക്കി പാംബ്ല, മലങ്കര, എറണാകുളം ഭൂതത്താന്‍കെട്ട് ഡാമുകളാണ് തുറന്നത്. പഴശി ഡാമിന്റെ ഏഴ് ഷട്ടറുകളാണ് ഉയര്‍ത്തിയത്.

പാംബ്ല ഡാമിന്റെ ഒരു ഷട്ടറാണ് തുറന്നത്. 15 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു.

പാലക്കാട് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഡാം രാത്രി തുറന്നേക്കും.

അറ്റകുറ്റപ്പണിക്കിടെ ബസ് മുന്നോട്ടെടുത്തു; അടിയിൽപ്പെട്ട് മെക്കാനിക്കിന് ​ദാരുണാന്ത്യം

അറ്റകുറ്റപ്പണിക്കിടെ ബസ് മുന്നോട്ടെടുത്തു; അടിയിൽപ്പെട്ട് മെക്കാനിക്കിന് ​ദാരുണാന്ത്യം

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക്ക് അതേ ബസ് കയറി മരിച്ചു. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. വെസ്റ്റ്ഹിൽ പുത്തലത്ത് പി മോഹനൻ (62) ആണ് മരിച്ചത്.

ബ്രെയ്ക്ക് ശരിക്കുന്നതിനായി സ്റ്റാൻഡിലെ ട്രാക്കിനു പുറത്താണ് ബസ് നിർത്തിയിട്ടിരുന്നത്. ഈ സമയത്ത് മോഹനൻ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ട്രാക്ക് ഒഴിഞ്ഞതു കണ്ട് ഡ്രൈവർ ബസിൽ കയറി വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബസ് ഡ്രൈവർക്കെതിരെ കസബ പൊലീസ് കേസെടുത്തു. സുനന്ദയാണ് മരിച്ച മോഹനന്റെ ഭാര്യ. മക്കൾ: അനൂപ്, അനീഷ്, അശ്വതി. മരുമക്കൾ: ആമി, വി​ദ്യ, ശ്രീജിത്ത്.

കൊല്ലം തീരത്തടിഞ്ഞത് എട്ടെണ്ണം, കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; ജാഗ്രത ശക്തമാക്കണമെന്ന് അധികൃതര്‍

കൊല്ലം തീരത്തടിഞ്ഞത് എട്ടെണ്ണം, കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; ജാഗ്രത ശക്തമാക്കണമെന്ന് അധികൃതര്‍

കൊച്ചി : അറബിക്കടലില്‍ മുങ്ങിയ എം എസ് സി എല്‍സ 3 എന്ന കപ്പലിലേതെന്ന് കരുതുന്ന കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടുക്കുന്നു. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കല്‍ തീരത്ത് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ തീരത്തടിഞ്ഞത്. ഇതിന് പിന്നാലെ കൊല്ലം നീണ്ടകര പരിമണ് തീരത്ത് മൂന്ന് കണ്ടെയ്‌നറുകള്‍ കൂടി അടിഞ്ഞു. ശക്തികുളങ്ങര മദാമ്മ തോപ്പില്‍ 3 കണ്ടെയ്‌നറുകളുമാണ് അടിഞ്ഞത്. നിലവില്‍ എട്ട് കണ്ടെയ്‌നറുകള്‍ തീരമടിഞ്ഞതായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ തുറന്ന നിലയിലായിരുന്നു. എന്നാല്‍ സാധനങ്ങളൊന്നും കണ്ടെത്താനായില്ല. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്. ഈ മേഖലയില്‍ തീരത്തോട് ചേര്‍ന്ന് ഒഴുകി വരുന്ന കണ്ടയിനറുകള്‍ മല്‍സ്യത്തൊഴിലാളികളില്‍ ചിലര്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ടയിനറുകളില്‍ ചിലത് അമ്പലപ്പുഴയിലോ തോട്ടപ്പള്ളി ഭാഗത്തോ അടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ടെയ്‌നറുകള്‍ കൂടുതലായി തീരത്ത് എത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

രാത്രി വലിയ ശബ്ദത്തോടെയാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്നര്‍ കരയിലേക്ക് ഇടിച്ചു കയറിയത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു കണ്ടെയ്‌നര്‍. ഇതോടെ സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. തുറന്നനിലയിലായിരുന്ന കണ്ടെയ്നറില്‍ ഒന്നും കണ്ടെത്താനായില്ല. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എം എസ് സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയത്. ഏകദേശം 100ഓളം കണ്‍ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടാകും എന്നാണ് കരുതുന്നത്.

അതേസമയം, അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ് സി എല്‍സ മൂന്നില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ചയില്‍ മത്സ്യമേഖല കടുത്ത ആശങ്കയില്‍. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയില്‍ ആഘാതമുണ്ടാക്കും. ഇതു മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കപ്പലിലെ കണ്ടെയ്നറുകളില്‍ നിന്നുള്ള സാധനങ്ങള്‍ വെള്ളത്തില്‍ കലരുന്ന സാഹചര്യമുണ്ടായാല്‍ അപകട സാധ്യത ഏറും.

മഴ ശക്തം, ഇന്നും തുടരും; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ ശക്തം, ഇന്നും തുടരും; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് പെയ്തിറങ്ങിയത്.

കേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത നിലനില്‍ക്കുന്നതായും ഏറ്റവും പുതിയ മുന്നറിയിപ്പ് പറയുന്നു. ചൊവ്വാഴ്ചയോടെ ഇത് മഴ കൂടുതല്‍ വ്യാപകമാകുമെന്ന സൂചന നല്‍കി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം സാധ്യത. ജൂണ്‍ ആദ്യവാരംവരെ മഴ തുടരാനാണ് സാധ്യത.

അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആറ് മരണങ്ങളാണ് കാലവര്‍ഷ കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂര്‍, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

കേരള പോലീസ്  ഓഫീസേഴ്സ് അസോസിയേഷൻ വാക്കത്തോൺ സംഘടിപ്പിച്ചു

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വാക്കത്തോൺ സംഘടിപ്പിച്ചു

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ലഹരിക്കെതിരായ സന്ദേശമുയർത്തിക്കൊണ്ട് രാവിലെ 7.30 മണിക്ക് പോലീസ് ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ നിന്നും തമ്പാനൂർ വരെ വാക്കത്തോൺ സംഘടിപ്പിച്ചു.

റെയിൽവേസ് എസ് പി അരുൾ ആർ ബി കൃഷ്ണ ഐ പി എസ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. വാക്കത്തോൺ സമാപിച്ച തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പി ആർ പ്രതാപൻ നായർ ലഹരി വിരുദ്ധ സന്ദേശം നൽകി. കെപിഒഎ സംസ്ഥാന പ്രസിഡന്റ്‌ ആർ പ്രശാന്ത്, സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ വി ചന്ദ്രശേഖരൻ, ട്രാഫിക് എ സി ഷീൻ തറയിൽ, കെ എൽ നിഷാന്ത്,എസ് എസ് ജയകുമാർ, കെ എസ് ആനന്ദ്,ആർ കെ ജ്യോതിഷ് എന്നിവർ വാക്കത്തോണിന് നേതൃത്വം നൽകി.

വക്കം ഖാദറിന്റെ 108-ാമത് ജന്‍മദിനാഘോഷപരിപാടിക്ക് തുടക്കം കുറിച്ചു

വക്കം ഖാദറിന്റെ 108-ാമത് ജന്‍മദിനാഘോഷപരിപാടിക്ക് തുടക്കം കുറിച്ചു

വക്കം ഖാദര്‍ ധീര രക്തസാക്ഷിയുടെ 108-ാമത് ജന്‍മദിനം, സ്വാതന്ത്ര്യത്തിന് വേണ്ടി തൂലിക ചലിപ്പിച്ച മഹാകവി കുമാരനാശാന്‍ ദേശീയസ്മാരക ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വച്ച് ഇന്ന് ജന്‍മദിനാഘോഷപരിപാടിക്ക് തുടക്കം കുറിച്ചു. വക്കം ഖാദറിന്റെ രക്തസാക്ഷിത്വ ദിനമായ സെപ്റ്റംബര്‍ 10 വരെ നീണ്ട് നില്‍ക്കുന്ന രക്തസാക്ഷികളുടെ സ്മരണകള്‍ പുതിയ തലമുറക്ക് പകരുന്നതിന് വേണ്ടി വിവിധങ്ങളായ പരിപാടിക്ക് രൂപം നല്‍കി.

സമ്മേളനം വി.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ എം.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. +2, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ രക്തസാക്ഷി വക്കം ഖാദറിന്റെ നാമധേയത്തില്‍ ആദരിക്കലും ലഹരിക്കെതിരെ ജാഗ്രത സദസിന്റെ ഉദ്ഘാടനവും പ്രശാന്തന്‍കാണി ഐ.പി.എസ് നിര്‍വ്വഹിച്ചു. ലഹരിക്കെതിരെ അവാര്‍ഡ് ജേതാക്കളായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി 101പേരുടെ സ്ക്വാഡ് രൂപീകരിച്ചു.

പഞ്ചായത്ത് മെമ്പര്‍മാര്‍ അജയരാജ്.ബി.സി, ശ്രീചന്ദ്.എസ്,എം.എ.ഉറൂബ്, നാസര്‍.എ,സന്‍ജു നബീല്‍, സരിന്‍, മുനീര്‍.എസ്, ബിനു.എം.എസ്, സിയാം, നൈസാം, നിസാം കടവിളാകം, നസീര്‍ തോന്നയ്ക്കല്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥി അരുണ്‍രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.