തെങ്ങ് കടപുഴകി ഓടുന്ന സ്‌കൂട്ടറില്‍ വീണു, യാത്രക്കാരന് ദാരുണാന്ത്യം

തെങ്ങ് കടപുഴകി ഓടുന്ന സ്‌കൂട്ടറില്‍ വീണു, യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് യാത്രക്കാരന്‍ മരിച്ചു. വടകര കുന്നുമ്മായീന്റവിടെ മീത്തല്‍ പവിത്രന്‍ (64) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

വീട്ടില്‍ നിന്നും വില്യാപ്പള്ളി ടൗണിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇടവഴിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ തെങ്ങ് കടപുഴകി മുകളിലേക്ക് വീഴുകയായിരുന്നു. തെങ്ങിനും സ്‌കൂട്ടറിനും ഇടയില്‍ പെട്ടുപോയ പവിത്രനെ നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ച് മാറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു.

അച്ഛന്‍: ദാമോദരന്‍. അമ്മ: കുഞ്ഞിമാത. ഭാര്യ: റീത്ത. മക്കള്‍: ഐശ്വര്യ, അശ്വതി

റെഡ് അലര്‍ട്ട്: രണ്ടു ജില്ലകളില്‍ നാളെ അവധി

റെഡ് അലര്‍ട്ട്: രണ്ടു ജില്ലകളില്‍ നാളെ അവധി

കണ്ണൂര്‍: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് നാളെ (തിങ്കളാഴ്ച) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഉത്തരവിന് വിപരീതമായി ഇവ തുറന്നു പ്രവര്‍ത്തിക്കരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ ജില്ലയില്‍ ഇന്നും ( ഞായറാഴ്ച) നാളെയും ( തിങ്കളാഴ്ചയും) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായാണ് രണ്ടുദിവസവും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ജില്ലയില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.

കാസര്‍കോടും നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതി തീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് നാളെ (മെയ് 26 ) ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

ആദ്യം സുൽത്താൻ ബത്തേരിയിൽ; കെഎസ്ആർടിസിക്ക് വരുമാനം കൂട്ടാൻ ബസ് ടെർമിനലിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കുന്നു

ആദ്യം സുൽത്താൻ ബത്തേരിയിൽ; കെഎസ്ആർടിസിക്ക് വരുമാനം കൂട്ടാൻ ബസ് ടെർമിനലിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സർക്കാർ. വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള കെഎസ്ആർടിസി ബസ് ടെർമിനലിലാണ് തുറക്കുന്നത്. അടുത്ത മാസം ഈ ഔട്ട്ലെറ്റ് തുറക്കും.

ശേഷം അഞ്ച് സ്ഥലത്ത് കൂടി കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ ബെവ്കോ ഓട്ട്ലെറ്റ് തുടങ്ങും. നേരത്തെ ആൻ്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. കെഎസ്ആ‌‍ർടിസിക്ക് വരുമാന വർധനവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാരിൻ്റെ വാദം.

കെഎസ്ആ‍ർടിസിയുടെ കണ്ണായ സ്ഥലങ്ങളിൽ പണിത പല ടെർമിനുകളിലും സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. വാടകയിനത്തിൽ കൂടുതൽ വരുമാനമുണ്ടാക്കാനാണ് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ക്ക് സ്ഥലം നൽകാൻമുൻ കെ.എസ്.ആർ.ടി.സി എംഡിയായിരുന്ന ബിജു പ്രഭാകർ ശുപാർശ മുന്നോട്ട് വെച്ചത്. ബെവ്ക്കോയുമായി കെഎസ്ആ‍ർടിസി ചർച്ച നടത്തി. വിശാലമായ പ്രീമിയം ഔട്ട്‌ലെറ്റുകളായിരുന്നു ലക്ഷ്യം. ബസ് സ്റ്റാൻറുകൾ മദ്യപ കേന്ദ്രമാക്കി മാറ്റാൻ പോകുന്നുവെന്ന വ്യാപക ആരോപണങ്ങളെ തുടർന്ന് സർക്കാർ ചർച്ചകള്‍ നിർത്തിവച്ചു.

രണ്ട് സർക്കാർ സ്ഥാപനങ്ങള്‍ക്ക് ഒരേ പോലെ വരുമാനമുണ്ടാക്കുന്ന ശുപാർശ ഉപേക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ വീണ്ടും ചർച്ചകള്‍ തുടങ്ങി. ബെവ്ക്കോ എംഡി ഹർഷിത അത്തല്ലൂരി സർക്കാരിൻെറ അനുമതി തേടി. പദ്ധതി നടപ്പായാൽ വാടക വരുമാനം സർക്കാരിലേക്ക് തന്നെ എത്തും, അതിനാൽ സ്ഥലം നൽകണമെന്നായിരുന്നു ആവശ്യം. ഗതാഗത- എക്സൈസ് വകുപ്പുകള്‍ പച്ചകൊടി കാണിച്ചതോടെ ചർച്ചകള്‍ നടന്നു.

സുൽത്താൻ ബെത്തേരിയിൽ നിലവിൽ പ്രവർത്തിക്കുന്ന ബെവ്ക്കോ ഔട്ട്‌ലെറ്റാണ് ബസ് ടെർമിനിലേക്ക് മാറ്റുന്നത്. കെഎസ്ആ‍ർടിസി അനുവദിച്ച സ്ഥലത്ത് പണികള്‍ ഉടൻ തുടങ്ങും. ഒരു മാസത്തിനുള്ളിൽ ഔട്ട്‌ലെറ്റ് പ്രവർത്തിക്കും. മറ്റ് അഞ്ചു സ്ഥലങ്ങളിൽ കൂടി ഔട്ട് ലറ്റിന് സ്ഥലം നൽകാൻ കെഎസ്ആർടിസി തയ്യാറായിട്ടുണ്ട്. എക്സൈസിൻ്റെ അനുമതി ലഭിച്ചാൽ ഈ സ്ഥലങ്ങളിലും പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. പുതിയൊരു ഔട്ട്‌ലെറ്റ് തുടങ്ങുമ്പോള്‍ ബെവ്ക്കോയ്ക്ക് 30 കോടിയാണ് പ്രതിവർഷ ലാഭമുണ്ടാവുക. ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകള്‍ തുടങ്ങുന്നതിനിരെ എന്നും പ്രതിഷേധം ഉയരാറുണ്ട്. നഗരഹൃദയങ്ങളിൽ ബസ് ടെർമിനിലുകളിൽ ഔട്ട്‌ലെറ്റുകൾ വരുമ്പോൾ എന്താകുമെന്ന പ്രശ്നം ബാക്കിയുണ്ട്. ലാഭമാണ് ലക്ഷ്യമെങ്കിലും എതിർപ്പുകൾ ഉയരുമോ എന്ന ആശങ്ക ബാക്കിയാണ്.

ജെ പങ്കജാക്ഷി അമ്മ അന്തരിച്ചു

ജെ പങ്കജാക്ഷി അമ്മ അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം കുന്നത്ത് മുരളീഭവനിൽ (കെ.എൽ.ആർ.എ:132) പരേതനായ എൻ ചെല്ലപ്പൻ ആചാരിയുടെ സഹധർമ്മിണി ജെ പങ്കജാക്ഷി അമ്മ അന്തരിച്ചു.

മക്കൾ: മുരളീധരൻ സി, വിജയകുമാർ സി, പത്മകുമാരി പി., പ്രേംകുമാർ സി, അശോക് കുമാർ സി(ദുബായ്), ഷീല പി, കൃഷ്ണകുമാർ സി (ബിസിനസ്), പരേതനായ ഉദയകുമാർ സി.
മരുമക്കൾ: ഓമന റ്റി, അംബിക ജി, സിന്ധു റ്റി, സരിത ഡി, അനിൽ കുമാർ സി (റിട്ടയേർഡ് ഹൗസിംഗ് ബോർഡ്, കൊല്ലം), അനുകൃഷ്ണ, പരേതനായ ഗണേഷ്.

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരി​ഗണനയിൽ: സണ്ണി ജോസഫ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരി​ഗണനയിൽ: സണ്ണി ജോസഫ്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടി സുസജ്ജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സണ്ണി ജോസഫ്. യുഡിഎഫും സുശക്തമാണ്. തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഉണ്ടായപ്പോല്‍ തന്നെ കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും മണ്ഡലം കമ്മിറ്റികളും സുസജ്ജമാണ്. തെരഞ്ഞെടുപ്പ് യുഡിഎഫ് അനായാസം, മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ഉടന്‍ തന്നെയുണ്ടാകും. നേതാക്കളെല്ലാം പല സ്ഥലത്താണുള്ളത്. എല്ലാവരുമായും ഉടന്‍ ആശയവിനിമയം നടത്തും. സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് അന്തിമമായി അനുമതി നല്‍കേണ്ടത്. അതിന്റെ സാങ്കേതിക കാര്യങ്ങളെല്ലാം തീര്‍ത്താല്‍ എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ഫൈനലായിട്ടില്ല. അര്‍ഹതയുള്ള നിരവധി പേരുകളുണ്ട്. എല്ലാ പേരുകളും ഗൗരവത്തോടെ പരിഗണിക്കും. ജനങ്ങളുമായി നല്ല ബന്ധമുള്ള, മുന്‍ ജനപ്രതിനിധിയായിരുന്ന വ്യക്തിയാണ് പി വി അന്‍വര്‍. രാഷ്ട്രീയ അനുഭവസമ്പത്തുള്ള നേതാവാണ്. അദ്ദേഹത്തിന് യുഡിഎഫിനെ നല്ലരീതിയില്‍ സഹായിക്കാനാകും. അന്‍വറിന് പ്രധാനപ്പെട്ട റോള്‍ തന്നെയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. അതിനൊപ്പം അന്‍വറിന്റെ പങ്കാളിത്തവും യുഡിഎഫിന് മുതല്‍ക്കൂട്ടാകും. ഉപതെരഞ്ഞെടുപ്പ് മഴയ്ക്ക് മുമ്പേ നടത്താമായിരുന്നു. നേരത്തേ നടത്തേണ്ടതായിരുന്നു. ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് വൈകിയാണെങ്കിലും നടക്കുന്നത്. മഴയുണ്ടാകുന്നത് പ്രചാരണങ്ങളെയും കുറെയൊക്കെ ബാധിക്കും. എങ്കില്‍പ്പോലും നിലമ്പൂരിലെ പ്രബുദ്ധ വോട്ടര്‍മാര്‍ കാലാവസ്ഥയുടെ എല്ലാ പ്രതികൂല സാഹചര്യത്തെയും അവഗണിച്ചും യുഡിഎഫിന്റെ വിജയത്തിനു വേണ്ടി ശക്തമായി രംഗത്തിറങ്ങും. സണ്ണി ജോസഫ് പറഞ്ഞു.

ചൊവ്വാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദത്തിന് സാധ്യത, നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ചൊവ്വാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദത്തിന് സാധ്യത, നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും കാലവര്‍ഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വ്യാഴാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കും തീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്തെ ശേഷിക്കുന്ന ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പുള്ളത്. നാളെ ( തിങ്കളാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ ജാഗ്രതയുമാണ്. വ്യാഴാഴ്ച എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. സാധാരണയിലും എട്ടുദിവസം മുന്‍പേ എത്തിയ കാലവര്‍ഷം 2009 ന് ശേഷം( മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവര്‍ഷമാണ്്. മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനുമുകളില്‍ രത്നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മെയ് 27 -ഓടെ മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ കൂടി സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.