‘മനുസ്മൃതിയിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനകൾക്ക് വേടന്റെ ഭാഷയും നിറവും ദഹിക്കില്ല’

‘മനുസ്മൃതിയിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനകൾക്ക് വേടന്റെ ഭാഷയും നിറവും ദഹിക്കില്ല’

കൊല്ലം: വേടനുയർത്തുന്ന ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും ആ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന കലയും സംഘപരിവാറിന് അസഹിഷ്ണുത സൃഷ്ടിക്കുന്നുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി. റാപ്പർ വേടനെതിരായ ആർഎസ്എസ് സംഘപരിവാർ സംഘടനകളുടെ അധിക്ഷേപവും ആക്രമണവും ആസൂത്രിതമാണ്. മനുസ്മൃതിയിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനകൾക്ക് വേടന്റെ ഭാഷയും നിറവും ദഹിക്കില്ല. അതിന്റെ തെളിവാണ് വേടനെതിരായി തുടരുന്ന അധിക്ഷേപം. കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒരേസമയം ഇരക്കും വേട്ടക്കാരനുമൊപ്പം നിൽക്കുന്ന നിലപാടാണ് ഇടതുപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചു വരുന്നത്. ജാതിയുടെയും നിറത്തിന്റെയും പേരിൽ ശശികലയെ പോലുള്ളവർ വേടനെ വർഗീയ ചുവയോകൂടി അധിക്ഷേപിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ സർക്കാർ തയ്യാറാവുന്നില്ല എന്നുള്ളത് ഇവർ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന് വ്യക്തമാക്കുകയാണ്. കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.

തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമം നടക്കുകയാണെന്ന് വേടൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടൻ. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. റാപ്പ്‌ ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. വേടൻ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണത് എന്നും വേടൻ പറഞ്ഞു.

വരുന്നൂ കാലവർഷം; ഇന്നു മുതൽ മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്നൂ കാലവർഷം; ഇന്നു മുതൽ മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും. കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

കേരളത്തിലെ 12 ജില്ലകളിൽ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ മുതൽ വടക്കൻ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 26-ാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നു രാത്രി 08.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത്‌ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഇന്ദിരാഗാന്ധിക്ക് അധിക്ഷേപം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

ഇന്ദിരാഗാന്ധിക്ക് അധിക്ഷേപം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

പാലക്കാട്: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധിക്ഷേപിക്കും വിധം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണന് (42) എതിരെയാണ് നടപടി.

ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിക്കുന്ന പോസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍ പങ്കുവച്ചത്. മെയ് 16 ന് പങ്കുവച്ച പോസ്റ്റ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ എത്തിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഷൊർണൂർ പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.മനപൂർവമായി ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി പ്രവർത്തിച്ചു എന്നാണ് ഉണ്ണികൃഷ്ണനെതിരായ എഫ്ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 353(1)(ബി),192 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പരീക്ഷാഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

പരീക്ഷാഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോട്ടയം: അമ്മയ്ക്കൊപ്പം റോഡു മുറിച്ചു കടക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കാറിടിച്ചു മരിച്ചു. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി ടി രമേശിന്റെ മകൾ അഭിദ പാർവതി (18) ആണ് മരിച്ചത്. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയായിരുന്ന അഭിതയുടെ പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് അപകടം.

കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപികയായ അഭിദയുടെ അമ്മ കെ ജി നിഷയെ (47) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ചന്തക്കവല ഭാഗത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും.കലക്ടറേറ്റ് ഭാഗത്തു നിന്ന് എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കും

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കും

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. നാലു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശിപ്പിക്കും.

റവന്യൂ മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷനാകും. വാര്‍ഷികാഘോഷ സമാപനത്തിന് മുന്നോടിയായി ഇന്നുരാവിലെ 10.30 ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാതല യോഗത്തില്‍ വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംവദിക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 പേര്‍ പരിപാടിയില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും ജി ആര്‍ അനിലും അറിയിച്ചു.

ദേശീയപാത തകര്‍ന്നത് ഇന്ന് ഹൈക്കോടതിയില്‍; എന്‍എച്ച്എഐ റിപ്പോര്‍ട്ട് നല്‍കും

ദേശീയപാത തകര്‍ന്നത് ഇന്ന് ഹൈക്കോടതിയില്‍; എന്‍എച്ച്എഐ റിപ്പോര്‍ട്ട് നല്‍കും

കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലും ദേശീയപാത തകര്‍ന്നത് ഹൈക്കോടതി ഇന്നു പരിഗണിക്കും. റോഡുകള്‍ തകര്‍ന്നതില്‍ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഇന്നു റിപ്പോര്‍ട്ട് നല്‍കും. പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയും വെള്ളക്കെട്ടും സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദേശീയപാത തകര്‍ന്നതില്‍ ഹൈക്കോടതി എന്‍എച്ച്എഐയോട് റിപ്പോര്‍ട്ട് തേടിയത്. ഉച്ചയ്ക്ക് മൂന്നു മണിക്കാണ് കേസ് ഹൈക്കോടതി പരിഗണിക്കുക. മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്തിട്ടുണ്ട്.

ദേശീയപാത നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ദേശീയപാത തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മെയ് 19 നാണ് കൂരിയാട് ദേശീയപാത 66 ഇടിഞ്ഞു താണത്.

കേരള സര്‍ക്കാരിന് ഒരു പങ്കുമില്ല – മുഖ്യമന്ത്രി

‘ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അ മുതല്‍ ക്ഷ വരെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവര്‍ക്കതിന് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. അതില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ കേരള സര്‍ക്കാരിനോ ഇല്ല. എല്ലാം അവരുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട നപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.