by Midhun HP News | May 21, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ മുന്നറിപ്പുമാണുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത 4-5 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്കന്‍ കര്‍ണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി മെയ് 21 ഓടെ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
by Midhun HP News | May 21, 2025 | Latest News, കേരളം
ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ നുറുങ്ങ് സംഭാഷണമോ ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനശകലമോ ഇല്ലാതെ മലയാളിയുടെ ഒരു ദിവസം പോലും മുന്നോട്ട് നീങ്ങുന്നില്ല. ഇത്രയും ഇഴയടുപ്പമുള്ള ഒരു വൈകാരിക ബന്ധം മറ്റൊരു ചലച്ചിത്ര താരവുമായും മലയാളി ഒരുപക്ഷേ കാത്തുസൂക്ഷിക്കുന്നുമുണ്ടാവില്ല. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വരുമ്പോള്‍ തിയറ്ററുകളില്‍ സംഭവിക്കുന്നത് എന്തെന്ന് അവര്‍ ഒരിക്കല്‍ക്കൂടി കണ്ടറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്‍റെ മറ്റൊരു പിറന്നാള്‍ എത്തിയിരിക്കുകയാണ്. മലയാളികളുടെയും ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികളുടെയും പ്രിയ നടന്, താരത്തിന് ഇന്ന് 65-ാം പിറന്നാള്‍.
18-ാം വയസില്‍ സുഹൃത്തുക്കളുടെ കൂട്ടായ്‍മയില്‍ ഒരുങ്ങിയ, ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്ത തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ശങ്കര്‍ നായകനായ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷത്തിലൂടെ ഒരു പുതിയ നടന വൈഭവത്തെ മലയാളി ആദ്യമായി കണ്ടറിഞ്ഞു. അത് അവരുടെ പ്രിയം നേടിയെടുക്കാന്‍ ഏറെ വൈകിയില്ല. പടയോട്ടവും വിസയും അപ്പുണ്ണിയുമൊക്കെ തുടര്‍ വര്‍ഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. 26-ാം വയസിലാണ് മോഹന്‍ലാലിന് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ടി പി ബാലഗോപാലന് എംഎ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ.
സത്യന്‍ അന്തിക്കാടില്‍ നിന്ന് തുടങ്ങി പ്രിയദര്‍ശന്‍, ഭരതന്‍, പത്മരാജന്‍, ഐ വി ശശി, സിബി മലയില്‍, കമല്‍ തുടങ്ങി ഒരു സംഘം പ്രതിഭാധനരായ സംവിധായകരുടെ സാന്നിധ്യമാണ് മോഹന്‍ലാലും ഒപ്പം മമ്മൂട്ടിയും മലയാളികള്‍ക്ക് ഇത്രയും പ്രിയങ്കരരായി മാറിയതിന് ഒരു കാരണം. മനുഷ്യ ജീവിതത്തിന്‍റെ അത്രയും തലങ്ങള്‍ നന്നേ ചെറുപ്പത്തിലേ ബിഗ് സ്ക്രീനില്‍ എത്തിക്കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിച്ചു. നാല് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും പില്‍ക്കാലത്ത് അദ്ദേഹത്തെ തേടിയെത്തി.
മലയാളി ഏറ്റവുംധികം സ്നേഹിക്കുന്ന ചലച്ചിത്ര താരം മോഹന്‍ലാല്‍ ആണെന്ന് അടിവരയിടാന്‍ സാധിക്കുന്നത് അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ കൂടി കാണുമ്പോഴാണ്. മലയാളത്തില്‍ ആദ്യമായി 50 കോടി, 100 കോടി, 250 കോടി ക്ലബ്ബുകള്‍ ഒക്കെ തുറന്നത് മോഹന്‍ലാല്‍ ആണ്. വെറും ഒരു മാസത്തെ ഇടവേളയില്‍ തിയറ്ററുകളിലെത്തിയ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ (എമ്പുരാന്‍, തുടരും) ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 500 കോടിയോളം രൂപയാണ് എന്നതിലുണ്ട് മലയാളി ഈ നടന് നല്‍കുന്ന സ്നേഹക്കൂടുതലിന്‍റെ തെളിവ്.
by Midhun HP News | May 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യമെമ്പാടുമായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഞായറാഴ്ച ( മെയ് 25). കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. രാവിലെ 9.30 മുതല്‍ 11.30 വരെയും ഉച്ചക്കുശേഷം 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും കേരള സര്‍ക്കാരും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.
പരീക്ഷയില്‍ രണ്ട് ഒബ്ജക്ടീവ്-ടൈപ്പ് പേപ്പറുകള്‍ ഉള്‍പ്പെടുന്നു. ജനറല്‍ സ്റ്റഡീസ് (GS) പേപ്പര്‍ 1, സിവില്‍ സര്‍വീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (CSAT), പേപ്പര്‍ 2 എന്നിങ്ങനെയാണ് രണ്ട് പരീക്ഷകള്‍. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്ര മീമാംസ, സാമ്പത്തികശാസ്ത്രം, കറന്റ് അഫയേഴ്‌സ് തുടങ്ങിയ വിഷയങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ അറിവ് ആണ് പേപ്പര്‍ വണ്‍ വിലയിരുത്തുന്നത്. മറുവശത്ത്, സിവില്‍ സര്‍വീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ലോജിക്കല്‍ റീസണിങ്, വിശകലന കഴിവുകള്‍ എന്നിവ പരിശോധിക്കുന്നു.
യുപിഎസ് സി ഔദ്യോഗിക വെബ്സൈറ്റായ upsconline.gov.in-ല്‍ പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷകര്‍ അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ മുന്‍കൂട്ടി എടുത്ത് പ്രിന്റ് ചെയ്യേണ്ടതുണ്ട്.അന്തിമ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതുവരെ ഇ-അഡ്മിറ്റ് കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന ‘പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍’ ഉദ്യോഗാര്‍ത്ഥികള്‍ നന്നായി മനസിലാക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പരീക്ഷാ വേദിയിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കും
ആദ്യത്തെ സെഷന് രാവിലെ 9 മണിക്കും ഉച്ചകഴിഞ്ഞുള്ള സെഷന് ഉച്ചയ്ക്ക് 2 മണിക്കുമുള്ളില്‍ പരീക്ഷാഹാളില്‍ കയറണം.
ഗേറ്റ് അടച്ചതിനുശേഷം ഒരു ഉദ്യോഗാര്‍ഥിക്കും പ്രവേശനം അനുവദിക്കില്ല.
ഇ-അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വേദി ഒഴികെയുള്ള മറ്റൊരു വേദിയിലും പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ അനുവദിക്കില്ല
പ്രിന്റ് ചെയ്ത അഡ്മിറ്റ് കാര്‍ഡിനൊപ്പം സാധുവായ ഒരു ഫോട്ടോ ഐഡി (ആധാര്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്) കരുതുക
മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, പഠന സാമഗ്രികള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാ ഹാളിനുള്ളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ മാന്യമായി വസ്ത്രം ധരിക്കാനും പരീക്ഷാ വേദിയിലേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നു.
രജിസ്‌ട്രേഷന്‍ ഐഡി (RID) മറന്നുപോയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്, അവരുടെ ഇ-മെയില്‍ ഐഡിയും ജനനത്തീയതിയും ഉപയോഗിച്ച് വീണ്ടെടുക്കുന്നതിന് UPSC പോര്‍ട്ടലില്‍ ‘Forgot RID’ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.
by Midhun HP News | May 20, 2025 | Latest News, കേരളം
കൊച്ചി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തിരുവനന്തപുരം – ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്. തിരുവനന്തപുരം നോര്‍ത്ത് – ബംഗളൂരു എസ്എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. വൈകീട്ട് 7:30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെയോടെ ബെംഗളൂരുവിലെത്തുന്ന സര്‍വീസാണ് വരാന്‍ പോകുന്നത്.
പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ രേഖാമൂലമുള്ള ഉറപ്പാണ് ലഭിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് എറണാകുളം, പാലക്കാട് വഴിയുള്ള വന്ദേ ഭാരത് സര്‍വീസ് ആണ് മലയാളികള്‍ കാലങ്ങളായി ആഗ്രഹിക്കുന്നത്. നേരത്തെ വന്ദേ ഭാരത് ട്രെയിന്‍ കൊണ്ടുവരാനാണ് ശ്രമിച്ചതെങ്കില്‍ സ്ലീപ്പര്‍ ട്രെയിന്‍ ഇറങ്ങിയതോടെ അതിനായി കേരളം ആവശ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും സര്‍വീസ് ആരംഭിച്ച് ബംഗളൂരു വിശ്വേശ്വരയ്യാ ടെര്‍മിനലില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന തരത്തിലാകും വന്ദേ ഭാരത് സ്ലീപ്പറിന്റെ സര്‍വീസ് എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വൈകുന്നേരം 7:30ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ കോട്ടയം വഴി ബംഗളൂരുവില്‍ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം റെയില്‍വേ ബോര്‍ഡിലേക്ക് അന്തിമംഗീകരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. നേരത്ത എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് നടത്തിയ വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സമയക്രമത്തിലെ അപാകത മൂലം ബെംഗളൂരു – എറണാകുളം സര്‍വീസിന് താരതമ്യേന ആളുകള്‍ കുറവായിരുന്നു. എന്നാല്‍ ഈ സര്‍വീസ് നീട്ടാനോ, സ്ഥിരപ്പെടുത്താനോ റെയില്‍വേ തയ്യാറായിരുന്നില്ല.
തിരുവനന്തപുരത്തിനും ബംഗളൂരുവിനും ഇടയില്‍ രാത്രികാല വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടുകൂടി ബംഗളൂരുവില്‍ പഠനാവശ്യത്തിനും തൊഴിലിനുമായി പോകുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഇത് പ്രയോജനപ്പെടും. ട്രെയിന്‍ എത്രയും വേഗം യാഥാര്‍ഥ്യമാകുന്നതിനായി ഈ മാസം അവസാനം റെയില്‍വേ മന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ള കേന്ദ്ര റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും ആവശ്യം ഉന്നയിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
നേരത്തെ റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തിലും ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേഖാമൂലം ഉറപ്പ് ലഭിച്ചെന്ന എംപിയുടെ വാക്കുകള്‍. കോട്ടയം വഴിയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ പരിഗണിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
by Midhun HP News | May 20, 2025 | Latest News, കേരളം
കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത യുവാവ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ ചികിത്സയില്‍. എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു പറമ്പില്‍ സനില്‍ (49) ആണ് അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.
പനമ്പിള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലാണ് യുവാവ് കൃത്രിമമായി മുടിവച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെ തുടര്‍ന്ന് സനിലിന്റെ തലയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. ഫെബ്രുവരി 26, 27 തീയതികളിലാണ് യുവാവ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്. ദിവസങ്ങള്‍ക്കകം തലയില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടു.
വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്ഥാപന അധികൃതരെ അറിയിച്ചു. എന്നാല്‍ വേദന സംഹാരി ഗുളികകള്‍ നല്‍കി യുവാവിനെ സ്ഥാപനം മടക്കി അയയ്ക്കുകയയിരുന്നു. സ്ഥിതി വഷളായതോടെ സനില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ മുടിവച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തുകയായിരുന്നു.
തലയിലെ തൊലി നഷ്ടപ്പെടുകയും പഴുപ്പ് നിറയുകയും ചെയ്തു. യുവാവ് ഇതിനകം നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ഇപ്പോള്‍ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. പനമ്പള്ളി നഗറിലെ സ്ഥാപനത്തിനെതിരെ യുവാവ് നിയമ നടപടികള്‍ക്കൊരുങ്ങിയതോടെ ഉടമ ക്ലിനിക് പൂട്ടി മുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
by Midhun HP News | May 20, 2025 | Latest News, ജില്ലാ വാർത്ത
പിണറായി സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് യുഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ കരിങ്കൊടി കൂട്ടായ്മ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് യുഡിഎഫ് ചെയർമാൻ ഹാഷിം ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. ജയകുമാർ, ഡി സി സി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, മുൻ മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ അർഷാദ്, എം എച്ച് അഷ്‌റഫ്, നാസർ പേരേറ്റ് തുടങ്ങി കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കൾ പങ്കെടുത്തു.
Recent Comments