മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും; ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ചു

മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും; ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ചു

ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും. 194 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 24 മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. അഞ്ചിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. 2000 കോടി രൂപയുടെ വായ്പ സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്.

ജൂൺ 5നകം വിതരണം പൂർത്തിയാക്കും. ഇനി രണ്ടു മാസത്തെ കുടിശ്ശിക ബാക്കിയുണ്ട്. 60 ലക്ഷം പേർക്ക് കൃത്യമായി സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി നൽകുന്നുവെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

നെടുമങ്ങാട് അമ്മയെ മകൻ ചവിട്ടിക്കൊന്നു; ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിൽ

നെടുമങ്ങാട് അമ്മയെ മകൻ ചവിട്ടിക്കൊന്നു; ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിൽ

തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.

മകൻ മദ്യ ലഹരിയിൽ ആയിരുന്നു എന്ന് പോലീസ്. അമ്മയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. അമ്മയുമായുണ്ടായ വഴക്കിനിടയിൽ പ്രകോപിതനായ മകൻ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ സ്ഥിരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണികണ്ഠൻ തുടർച്ചയായി മദ്യപിക്കുന്നതിൽ ഓമനയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ. സംഭവത്തിൽ മണികണ്ഠനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

പേരൂര്‍ക്കടയില്‍ ദളിത് യുവതിക്ക് മാനസിക പീഡനമേറ്റ സംഭവം; എഎസ്‌ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു

പേരൂര്‍ക്കടയില്‍ ദളിത് യുവതിക്ക് മാനസിക പീഡനമേറ്റ സംഭവം; എഎസ്‌ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജകേസെടുക്കുകയും സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു.

സംഭവ ദിവസം സ്‌റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്നത് പ്രസന്നനായിരുന്നു. ബിന്ദുവിനോട് അസഭ്യം പറഞ്ഞതും ഈ ഉദ്യോഗസ്ഥനായിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിയില്‍ തൃപ്തിയുണ്ടെന്ന് ബിന്ദു പറഞ്ഞു. കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ബിന്ദു കുടിക്കാന്‍ വെള്ളം ചോദിച്ചു. ശുചിമുറിയില്‍ നിന്ന് കോരിക്കുടിക്കാനായിരുന്നു എഎസ്‌ഐ പ്രസന്നന്റെ മറുപടി.

പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ പ്രസാദിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഎസ്‌ഐ പ്രസന്നനാണ് തന്നെ മാനസികമായി ഉപദ്രവിച്ചതെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് ഒറ്റയടിക്ക് 1760 രൂപ കൂടി

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് ഒറ്റയടിക്ക് 1760 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 1760 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,440 രൂപയാണ്. ഗ്രാമിന് 220 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8710 രൂപയാണ്.

ഈ മാസം രണ്ടാം വാരത്തില്‍ 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. വീണ്ടും 70,000ന് മുകളിലെത്തിയെങ്കിലും വീണ്ടും വില ഇടിഞ്ഞു. ഇന്ന് വില 70,000 രൂപ കടന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് കാണുന്നത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.

ചിറയിൻകീഴ് പ്രവീൺ കുമാർ (47) അന്തരിച്ചു

ചിറയിൻകീഴ് പ്രവീൺ കുമാർ (47) അന്തരിച്ചു

ചിറയിൻകീഴ് പ്രവീൺ കുമാർ (47) അന്തരിച്ചു. തിട്ടയിൽമുക്ക് കൊച്ചു കുറുങ്ങൂർ വീട്ടിൽ പരേതരായ നാരായണൻ നായരുടേയും, വിശാലാക്ഷിയമ്മയുടേയും മകനാണ്. സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. ക്യാമറമാനായും
എ സി വിയിൽ എഡിറ്റർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട് .
സഹോദരി ലാലി.

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ലണ്ടന്‍: ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന്. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാര്‍ട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാര്‍ഹയാക്കിയത്.

കന്നഡയിലെഴുതിയ കഥാസമാഹാരം മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. ഇന്ത്യയില്‍ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്തകമാണിത്. സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ) സാഹിത്യകാരിയും പരിഭാഷകയും പങ്കിടും.

മറ്റു ഭാഷകളില്‍ നിന്ന് ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ക്കാണു ബുക്കര്‍ ഇന്റര്‍നാഷനല്‍ സമ്മാനം (55 ലക്ഷം രൂപ). 1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നും തെരഞ്ഞെടുത്ത കഥകളാണ് ഹാര്‍ട്ട് ലാംപിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്. മറ്റു ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ബ്രിട്ടനിലും അയല്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്.

സോള്‍വായ് ബാലിന്റെ ‘ഓണ്‍ ദ് കാല്‍ക്കുലേഷന്‍ ഓഫ് വോള്യം വണ്‍’, വിന്‍സന്റ് ദി ലക്വയുടെ ‘സ്‌മോള്‍ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടര്‍ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിന്‍ സെന്‍സോ ലാട്രോനികോയുടെ ‘പെര്‍ഫെക്ഷന്‍’, ആന്‍ സേറയുടെ ‘എ ലെപേഡ് സ്‌കിന്‍ ഹാറ്റ്’ എന്നിവയാണു ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവ.