ദേശീയപാതയില്‍ കൂടുതല്‍ ഇടങ്ങളില്‍ വിള്ളല്‍; അന്വേഷണത്തിന് വിദഗ്ധ സമിതി

ദേശീയപാതയില്‍ കൂടുതല്‍ ഇടങ്ങളില്‍ വിള്ളല്‍; അന്വേഷണത്തിന് വിദഗ്ധ സമിതി

കോഴിക്കോട്: മലപ്പുറം ജില്ലയിലെ കൂരിയാട്ട് ദേശീയപാത ഇടിഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ രൂപപ്പെട്ടു. കൂരിയാടിന് സമീപം തലപ്പാറയിലും കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുമാണ് റോഡില്‍ വിള്ളലുണ്ടായത്. കാസര്‍കോട് ചെമ്മട്ടം വലയിലും ദേശീയപാതയില്‍ വിള്ളലുണ്ടായിട്ടുണ്ട്.

തലപ്പാറയില്‍ ദേശീയപാതയില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്താണ് വിള്ളല്‍ രൂപപ്പെട്ടത്. ചെറിയ തോതില്‍ വിള്ളല്‍ കണ്ടെങ്കിലും വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ വിള്ളല്‍ കൂടിയതോടെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. സമീപത്തെ സര്‍വീസ് റോഡു വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്. സര്‍വീസ് റോഡിന്റെ സംരക്ഷണഭിത്തിക്കും വിള്ളലുണ്ട്.

കാസര്‍കോട്ടെ കാഞ്ഞങ്ങാട് മാവുങ്കാലിനു സമീപം കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞു താണു. മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴി രൂപപ്പെട്ടു. പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ്. ഇതേത്തുടര്‍ന്നാണ് റോഡ് ഇടിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

എന്നാല്‍ ദേശീയപാത നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയില്ലെന്ന് എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു. മഴ വെള്ളം നിറഞ്ഞതുമൂലം അടിത്തറയിലുണ്ടായ സമ്മര്‍ദ്ദമാണ് കാരണം. സമ്മര്‍ദ്ദം മൂലം വയല്‍ വികസിച്ച് വിള്ളലുണ്ടായി മണ്ണ് തെന്നിമാറി. നാട്ടുകാരുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുള്‍ ശര്‍മ്മ പറഞ്ഞു. ദേശീയപാത തകര്‍ന്നതില്‍ അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.

റോഡ് തകര്‍ന്ന സംഭവം അന്വേഷിക്കുന്നതിനായി ദേശീയപാത അതോറിറ്റി തന്നെ മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, ഇവര്‍ നാളെത്തന്നെ സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് പറഞ്ഞു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് റോഡ് ഇടിഞ്ഞതുമൂലമുള്ള ഗതാഗത തടസ്സം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാല്‍ വഴിതിരിച്ചുവിടുന്ന റൂട്ടുകളില്‍ പാര്‍ക്കിങ് ഒഴിവാക്കി യാത്ര സുഗമമാക്കാന്‍ പരിശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

‘നാടിനു നന്ദി, പ്രിയ ജനതയ്ക്ക് അഭിവാദ്യങ്ങള്‍’; നാലാം വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

‘നാടിനു നന്ദി, പ്രിയ ജനതയ്ക്ക് അഭിവാദ്യങ്ങള്‍’; നാലാം വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കൊച്ചി: ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റാന്‍ സാധിച്ചെന്ന അഭിമാനത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയുമാണ് സര്‍ക്കാരിന്റെ വാര്‍ഷികത്തെ എതിരേല്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, പി രാജീവ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ബി ഗണേഷ്‌കുമാര്‍, റോഷി അഗസ്റ്റിന്‍ എന്നിവരും പങ്കെടുത്തു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നാലു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും എന്നത് കണക്കിലെടുക്കുമ്പോള്‍ വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും നവയുഗം പത്താമത്തെ വര്‍ഷത്തിലേയ്ക്ക് കടക്കുകയാണെന്ന് പറയാം. അസാധ്യമെന്ന് കരുതി എഴുതിത്തള്ളിയ വികസനപദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയും വീടും ഭൂമിയും ഭക്ഷണവും ആരോഗ്യവും ഉള്‍പ്പെടെ ജനജീവിതത്തിന്റെ ഓരോ തലത്തിലും ക്ഷേമം ഉറപ്പുവരുത്തിയുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മഹാമാരികളും നമുക്കു മുന്നില്‍ വെല്ലുവിളികളുയര്‍ത്തി. പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ നാടിനായി നില്‍ക്കേണ്ടവര്‍ പലരും നമുക്കെതിരെ നിന്നു. വര്‍ഗീയ ശക്തികള്‍ ഭിന്നതകള്‍ സൃഷ്ടിച്ച് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഓരോ ആപല്‍ഘട്ടങ്ങളേയും ജനകീയ ജനാധിപത്യത്തിന്റെ മഹാമാതൃകകള്‍ ഉയര്‍ത്തി ജനങ്ങളും സര്‍ക്കാരും ഒന്നിച്ചു നിന്നു നേരിട്ടു.

ജീവിതനിലവാര സൂചികകളില്‍ മാത്രമല്ല വ്യവസായ സൗഹൃദാന്തരീക്ഷത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന് തെളിയിച്ചു. പശ്ചാത്തലസൗകര്യം, വ്യവസായം, സ്റ്റാര്‍ട്ടപ്പ്, ഉന്നത-പൊതുവിദ്യാഭ്യാസ മേഖലകള്‍, പൊതുആരോഗ്യ രംഗം, കൃഷി, ടൂറിസം, ഭക്ഷ്യപൊതുവിതരണം, ഭൂവിതരണം, ജനക്ഷേമ പദ്ധതികള്‍ തുടങ്ങി എല്ലാ രംഗങ്ങളിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച ഇക്കാലയളവില്‍ കേരളം കൈവരിച്ചു. എണ്ണമറ്റ ദേശീയ അന്തര്‍ദ്ദേശീയ അംഗീകാരങ്ങള്‍ നമ്മെ തേടിയെത്തി.

ഈ നേട്ടങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ഈ സര്‍ക്കാര്‍ അഞ്ചാമത്തെ വര്‍ഷത്തിലേയ്ക്ക് കടക്കുന്നത്. നാടിനെ ഭിന്നിപ്പിക്കുന്ന ശക്തികളെ അവഗണിച്ച് ജനങ്ങളും ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ്. ഓരോ വാര്‍ഷികാഘോഷ വേദിയിലും അലയടിച്ചെത്തുന്ന ജനസാഗരം ഈ സര്‍ക്കാര്‍ തുടരുമെന്നുള്ള ഉറച്ച പ്രഖ്യാപനമായി മാറുകയാണ്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും അവരുടെ പിന്തുണയും ഊര്‍ജ്ജവും പ്രചോദനവുമാക്കി അവര്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ പ്രതിബദ്ധതയോടെ സര്‍ക്കാര്‍ മുന്നോട്ടു പോകും. ഈ വാര്‍ഷികാഘോഷ വേളയില്‍ നാടിനു നന്ദി പറയുകയാണ്. പ്രിയ ജനതയ്ക്ക് അഭിവാദ്യങ്ങള്‍. മുഖ്യമന്ത്രി കുറിച്ചു.

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട
സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിലെ കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ.

പുതിയ ഒമിക്‌റോൺ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മേയ് 10 ന് കേസുകളിൽ 13.66 ശതമാനം വർധന രേഖപ്പെടുത്തി. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. കൃത്യമായി രോഗബാധിതരുടെ എണ്ണം ഹോങ്കോങ് പുറത്തുവിട്ടിട്ടില്ല.

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പാത്രങ്ങള്‍ കൊണ്ടാണ് തലയ്ക്ക് അടിച്ചത്.

ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. എല്ലാവര്‍ക്കും തലയ്ക്കാണു പരുക്ക്. വിഷയത്തില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

അടുത്തിടെ കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചിരുന്നുു.കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കിലായിരുന്നു ഈ സംഭവം. കട അടയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. കട അടച്ചെന്നും പൊറോട്ട ഇല്ലെന്നും കടയുടമ അമല്‍ കുമാര്‍ പറഞ്ഞു.ഇതോടെ ഭീഷണിയായി. കടയുടമയെ അടിച്ച ശേഷം ബൈക്കില്‍ കയറി പോയ യുവാവ് ഏറെ നേരത്തിന് ശേഷം സുഹൃത്തുമായി മടങ്ങിയെത്തിശേഷം കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കടയുടമയുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു.

അറ്റുപോയ വലംകൈ ‘സാക്ഷി’; ഇടംകൈ കൊണ്ട് ഒപ്പിട്ട് പാര്‍വതി ചുമതലയേറ്റു, ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

അറ്റുപോയ വലംകൈ ‘സാക്ഷി’; ഇടംകൈ കൊണ്ട് ഒപ്പിട്ട് പാര്‍വതി ചുമതലയേറ്റു, ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

കൊച്ചി: അപകടത്തില്‍ വലതു കൈ നഷ്ടമായിട്ടും പതറാതെ, പഠനത്തില്‍ മികവോടെ മുന്നേറി ഐഎഎസ് കൈപ്പിടിയിലൊതുക്കിയ പാര്‍വതി ഗോപകുമാര്‍ എറണാകുളം അസിസ്റ്റന്റ് കലക്ടര്‍. തിങ്കളാഴ്ച രാവിലെ കലക്ടര്‍ എന്‍ എസ്‌കെ ഉമേഷിനെ കണ്ടശേഷമാണ് പാര്‍വതി ചുമതലയേറ്റത്. അമ്പലപ്പുഴ സ്വദേശിനിയായ പാര്‍വതി 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 282-ാം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്.

ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അമ്പലപ്പുഴ കോമന അമ്പാടിയില്‍ കെ എസ് ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂള്‍ അധ്യാപിക ശ്രീകല എസ് നായരുടെയും മകളാണ് പാര്‍വതി. ഏഴാ ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് ഗോപകുമാറിനൊപ്പം ഇരുചക്രവാഹനത്തില്‍ ആലപ്പുഴ ചിറപ്പ് ഉത്സവം കാണാന്‍ പോകുമ്പോഴാണ് വാഹനാപകടത്തില്‍പ്പെട്ട് പാര്‍വതിയുടെ വലതുകൈ അറ്റത്.

മുട്ടിനു താഴെ വെച്ച് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടര്‍ന്ന്, കൃത്രിമക്കൈയുടെ സഹായത്തോടെയാണ് പിന്നീട് പഠനം തുടര്‍ന്നത്. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത് നിരാശപ്പെടാതെ ഇടതുകൈ കൊണ്ട് എഴുതാനും മറ്റും പഠിച്ചു. പ്ലസ്ടു ഹ്യുമാനിറ്റീസില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിച്ച പാര്‍വതി, ബംഗളൂരു നാഷണല്‍ ലോ സ്‌കൂളില്‍നിന്നാണ് 2021ല്‍ നിയമബിരുദം നേടിയത്. ആലപ്പുഴ കലക്ടര്‍ എസ് സുഹാസ്, സബ് കലക്ടര്‍ കൃഷ്ണ തേജ എന്നിവരുടെ ഓഫീസില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ചതോടെയാണ് പാര്‍വതിക്ക് ഐഎഎസ് മോഹം പൂവിട്ടത്.

രണ്ടാം ശ്രമത്തില്‍ ഐഎഎസ് പാര്‍വതിയുടെ കൂടെപ്പോന്നു. മസൂറിയിലെ പരീശീലനം പൂര്‍ത്തിയാക്കിയ പാര്‍വതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസിസ്റ്റന്റ് കലക്ടറായി നിയമിച്ചത്. പാര്‍വതി ചുമതലയേല്‍ക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ കുടുംബാംഗങ്ങളും കലക്ടറേറ്റില്‍ എത്തിയിരുന്നു. അച്ഛന്‍ ഡെപ്യൂട്ടി തഹസില്‍ദാറായി ജോലി ചെയ്യുന്ന ആലപ്പുഴ കലക്ടറേറ്റില്‍അസിസ്റ്റന്റ് കലക്ടറായി ചുമതലയേല്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ മാതൃജില്ല ലഭിക്കില്ലല്ലോ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. ആനുകാലികങ്ങളില്‍ ചില ചെറുകഥകളും എഴുതിയിട്ടുണ്ട്.

‘ചോദ്യം ചെയ്യലിനിടെ ഭക്ഷണം കഴിക്കാന്‍ പോയ ആള്‍ തിരിച്ചു വന്നില്ല, അനീഷിന്റേത് പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍’

‘ചോദ്യം ചെയ്യലിനിടെ ഭക്ഷണം കഴിക്കാന്‍ പോയ ആള്‍ തിരിച്ചു വന്നില്ല, അനീഷിന്റേത് പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍’

കൊച്ചി: കേസ് ഒതുക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചെന്ന ആരോപണം നിഷേധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പരാതിക്കാരനായ വ്യവസായി അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകളുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് അനീഷിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ഇഡി പറഞ്ഞു.

ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ മുഖ്യപ്രതിയായ കേസില്‍ മറ്റ് മൂന്നുപേരെ അറസ്റ്റുചെയ്ത് നടപടിക്രമങ്ങളുമായി വിജിലന്‍സ് മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഇ ഡിയുടെ വിശദീകരണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇ ഡി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച അനീഷ് ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങളും ഇഡി ഇതോടൊപ്പം പുറത്തു വിട്ടിട്ടുണ്ട്.

അനീഷിനെതിരെ കൊട്ടാരക്കര പൊലീസിലും ക്രൈംബ്രാഞ്ചിലുമായി അഞ്ച് കേസുകള്‍ നിലവിലുണ്ട്. 24 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. അനീഷിന് മൂന്ന് സമന്‍സുകള്‍ നല്‍കിയിരുന്നു. അതില്‍ ആദ്യ രണ്ടിനും ഇയാള്‍ ഹാജരായിരുന്നില്ല. മൂന്നാംതവണയാണ് ഹാജരായത്.

ഹാജരായ ഘട്ടത്തില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നു എന്നുപറഞ്ഞ് പുറത്തുപോയ അനീഷ് പിന്നീട് തിരിച്ചുവന്നില്ല. പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. അന്വേഷണവുമായി അനീഷ് ഒരുവിധത്തിലും സഹകരിച്ചിരുന്നില്ല. പിഎംഎല്‍എ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അടക്കം അനീഷ് ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും അനീഷിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ സംഭവങ്ങളെന്നും ഇഡി വ്യക്തമാക്കി.