by Midhun HP News | May 20, 2025 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ. നിരവധിപേർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്. ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാർ വിവിധ സ്ഥലങ്ങളിലെത്താൻ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ വെയിലും മഴയും സഹിച്ചാണ് ഇവിടെ നിൽക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം വരുന്നതോടെ റെയിൽവേ യാത്രക്കാരുൾപ്പെടെയുള്ളവർക്കും സമീപവാസികൾക്കും പ്രയോജനകരമാകും.
ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും നാട്ടുകാരും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ അധികൃതരിൽ നിന്നും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് യാത്രക്കാർ പറഞ്ഞു.
ബസ് കാത്തിരിപ്പ് കേന്ദ്രമെന്നത് യാത്രക്കാർക്കൊപ്പം റെയിൽവേയുടെയും ആവശ്യമാണെന്നിരിക്കെ, ബസ് സ്റ്റോപ്പിന് വാടക വേണമെന്ന റെയിൽവേയുടെ നിർദ്ദേശം എന്തുകൊണ്ടെന്നറിയാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. എം.പിക്കും എം.എൽ.എയ്ക്കും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. വി.ശശി എം.എൽ.എ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകുകയും എം.എൽ.എ ഫണ്ടിൽ നിന്ന് പണം അനുവദിക്കുകയും ചെയ്തിരുന്നു.
കാത്തിരിപ്പ് കേന്ദ്രം റെയിൽവേ പരിധിയിലുള്ള സ്ഥലത്ത് നിർമ്മിക്കേണ്ടതിനാൽ റെയിൽവേ അധികൃതർക്ക് എം.എൽ.എ അപേക്ഷ നൽകുകയായിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന് അനുകൂല മറുപടി കിട്ടിയെങ്കിലും സ്ഥലത്തിന്റെ അനവധി വർഷത്തെ വാടക ഒന്നിച്ച് അടയ്ക്കണമെന്നാണ് റെയിൽവേയുടെ നിർദ്ദേശം. അടിയന്തരമായി റെയിൽവേയും എം.എൽ.എയും നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
by Midhun HP News | May 20, 2025 | Latest News, കേരളം
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷികം കരിദിനമായി ആചരിക്കാനാണ് യുഡിഎഫ് തീരുമാനം. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കരിങ്കൊടികളുയര്‍ത്തി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രധാന നേതാക്കള്‍ എല്ലാം മണ്ഡലങ്ങളില്‍ കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമാകും.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മലപ്പുറത്ത് പ്രതിഷേധത്തിന്റെ ഭാഗമാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തിരുവനന്തപുരത്തും കരിദിനാചരണത്തിന്റെ ഭാഗമായി പങ്കെടുക്കും. സര്‍ക്കാരിന്റെ ഭരണപരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയും അടക്കം ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് പ്രതിഷേധിക്കുന്നത്.
ലഹരിമാഫിയക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കി കേരളത്തെ ലഹരിമരുന്നിന്റെ താവളമാക്കി ഇടതുസര്‍ക്കാര്‍ മാറ്റിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടതുസര്‍ക്കാരിന്റെ, ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള സമരവേലിയേറ്റങ്ങളുടെ തുര്‍ച്ചയാണ് കരിദിനമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
by Midhun HP News | May 20, 2025 | Latest News, കേരളം
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കഞ്ചിക്കോട് ചെല്ലന്‍കാവ് വെച്ചാണ് ആക്രമണം ഉണ്ടായത്. കര്‍ഷകനായ ചെല്ലന്‍കാവ് സ്വദേശി സുന്ദരന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
മാവിന്‍ തോട്ടത്തില്‍ വെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. ഇടുപ്പിനും തോളെല്ലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുമുന്നില്‍ കാട്ടാനയെ കണ്ട് ഓടിയപ്പോള്‍ പരിക്കേറ്റതാണെന്നാണ് വിവരം.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പനങ്കാവ് ഭാഗത്തു നിന്നും തുരത്തിയപ്പോള്‍ കാട്ടാന ചെല്ലന്‍കാവിലേക്ക് എത്തിയെന്നാണ് പറയപ്പെടുന്നത്. സുന്ദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
by Midhun HP News | May 20, 2025 | Latest News, കേരളം
കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മരണത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കൊലപാതകത്തിനു പിന്നിൽ ഭർതൃ വീട്ടിലെ പീഡനമാണോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തി സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സന്ധ്യ നിലവിൽ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.മകൾക്ക് ഭർതൃവീട്ടിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. പ്രശ്നങ്ങളെ തുടർന്നു സന്ധ്യ സ്വന്തം വീട്ടിൽ തന്നെയായിരുന്നു. കുഞ്ഞിനെ കൊല്ലാൻ മാത്രമുള്ള പ്രശ്നമുള്ളതായി അറിയില്ലെന്നും സന്ധ്യയുടെ അമ്മ പറയുന്നു. കുട്ടിയെ സന്ധ്യ മുൻപും ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് കുഞ്ഞിന്റെ അച്ഛൻ പറയുന്നത്.
കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് തിരച്ചിലിൽ നിർണായകമായത്. കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊന്നതാണെന്നു കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങൾ നേരിട്ടിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.
വീട്ടിലേക്ക് മകളുമായി പോകുമ്പോൾ ബസിൽ നിന്നു കാണാതായി എന്നാണ് സന്ധ്യ ആദ്യം മൊഴി നൽകിയത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നു പിന്നീട് തിരുത്തി പറഞ്ഞു. അതിനു ശേഷമാണ് ബന്ധുക്കളോടും പൊലീസിനോടും സന്ധ്യ പുഴയിലെറിഞ്ഞെന്നു കുറ്റസമ്മതം നടത്തിയത്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് തിരുവാങ്കുളത്തു നിന്നു ആലുവയ്ക്കു യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. അങ്കണവാടിയിൽ നിന്നു കുഞ്ഞിനെ കൂട്ടാനായാണ് സന്ധ്യ വീട്ടിൽ നിന്നു പോയത്. എന്നാൽ തിരിച്ചു വന്നപ്പോൾ കൂടെ കുഞ്ഞുണ്ടായിരുന്നില്ല.
വൈകീട്ട് നാല് മണിയോടെ മറ്റക്കുഴിയിൽ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നു ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസിൽ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നുമാണ് സന്ധ്യ ആദ്യം മൊഴി നൽകിയത്. പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്.
വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവിൽ അമ്മയിൽ നിന്നു പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. എട്ട് മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. അവർ അന്വേഷണവും തുടങ്ങി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി മറുപടി നൽകിയത്. തുടർന്നാണു പൊലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചിൽ ഇന്ന് പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു.
മൂഴിക്കുളം ഭാഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടി. ആലുവ ഡിവൈഎസ്പി പാലത്തിനു താഴെ പരിശോധിച്ച ശേഷം ആഴമുള്ള സ്ഥലമായതിനാൽ ആലുവയിൽ നിന്നുള്ള യുകെ സ്കൂബ ടീമിനെ വിളിക്കുന്നു. 12.45നാണ് സ്കൂബ ടീം എത്തിയത്. പിന്നീടാണ് മണിക്കൂറുകൾ നീണ്ട തിരച്ചിൽ ആരംഭിച്ചത്.
by Midhun HP News | May 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.
ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. തുടര്‍ന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിപ്പിക്കും.
ഇതുവരെ അപേക്ഷാ നടപടികൾ പൂർത്തികരിച്ചത് 4,44,112 പേരാണ്. എസ്എസ്എൽസിയിൽ നിന്ന് 4,15,027 പേരും സിബിഎസ്ഇയിൽ നിന്ന് 20,897 പേരും ഐസിഎസ്ഇയിൽ നിന്ന് 2,133 പേരും മറ്റിതര ബോർഡിൽനിന്നുള്ള 6,055 പേരുമാണ് അപേക്ഷ നൽകിയത്. മലപ്പുറത്താണ് കുടുതൽ അപേക്ഷകർ. 77,921 പേരാണ് അപേക്ഷ നടപടി പൂർത്തിയാക്കിയത്. വയനാട്ടിലാണ് അപേക്ഷകർ കുറവ്. 11574 പേരാണ് ഇതുവരെ അപേക്ഷിച്ചത്.
by Midhun HP News | May 20, 2025 | Latest News, കേരളം
കോഴിക്കോട്: മാവൂർ റോഡിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ 40 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ പ്രാഥമിക വിലയിരുത്തൽ. കൃത്യമായ കണക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും 40 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകാമെന്ന് ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ പറഞ്ഞു.
തീപിടിത്തത്തിൽ കത്തിനശിച്ച കാലിക്കറ്റ് ടെക്സ്റ്റൈൽസിന് അഗ്നി സുരക്ഷാ നിരാപേക്ഷപത്രം ( നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് -എൻഒസി) ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
” പ്രാഥമിക അന്വേഷണത്തിൽ, തീപിടിത്തത്തിന് പിന്നിൽ സംശയാസ്പദമായ ഒന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ഫോറൻസിക് സംഘത്തിന് മാത്രമേ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ കഴിയൂ. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ, രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലായി തീപിടിത്തമുണ്ടായിരുന്നു, — ഷോർട്ട് സർക്യൂട്ട് മൂലമാകാം,’’ മൂസ പറഞ്ഞു. അഗ്നിശമന സേനയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുന്നറിയിപ്പ് ലഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.
“വൈകുന്നേരം 5:05 ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. എന്നാൽ, കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല, വരാന്തയിൽ പോലും വസ്ത്രങ്ങൾ കൂട്ടിയിട്ടിരുന്നു, ഫയർ എക്സിറ്റ് മെറ്റൽ ഷീറ്റുകൾ ഉപയോഗിച്ച് അടച്ചിരുന്നു. തീ നിയന്ത്രണവിധേയമാക്കാൻ ഞങ്ങളുടെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം പാടുപെട്ടു. രാത്രി 10 മണിയോടെ തീ നിയന്ത്രണവിധേയമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഞങ്ങൾ തീ അണച്ച് മടങ്ങി,” അദ്ദേഹം വിശദീകരിച്ചു.
പ്രാഥമിക കണ്ടെത്തലുകളിൽ എന്തെങ്കിലും സംശയാസ്പദമായ കാര്യങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കസബ സർക്കിൾ ഇൻസ്പെക്ടർ കിരൺ സി. നായർ പറഞ്ഞു. “ഒരു വലിയ പ്രദേശം നശിച്ചു, മേൽക്കൂര തകർന്നു. അത്തരം സാഹചര്യങ്ങളിൽ അന്വേഷണം നടത്തുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്,” അദ്ദേഹം പറഞ്ഞു.
ബിസിനസ് തർക്കമാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന ആരോപണവും പൊലീസ് തള്ളിക്കളഞ്ഞു. മുൻ പങ്കാളിയായ പ്രകാശനും നിലവിലെ ഉടമയായ മുകുന്ദനും തമ്മിലുള്ള തർക്കമുണ്ടായിരുന്നുവെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കോഴിക്കോട് ടൗൺ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അഷ്‌റഫ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. തീപിടിത്തത്തിന്റെ ഉത്ഭവം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധരും അന്വേഷണം ആരംഭിച്ചു. എല്ലാ വകുപ്പുകളും തിങ്കളാഴ്ച വൈകുന്നേരത്തോടെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന് പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിച്ചു. വിശദമായ റിപ്പോർട്ട് ബുധനാഴ്ച ചീഫ് സെക്രട്ടറിക്ക് അയയ്ക്കും.
അതേസമയം, അനധികൃത പ്രവേശനം തടയാൻ പൊലീസ് കെട്ടിടത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വ്യാപാരികളെയും കടയുടമകളെയും പരിസരത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.
Recent Comments