ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്‌ലിന്‍ ദാസിന് ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്‌ലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം. റിമാന്‍ഡിലായി നാലാം ദിവസമാണ് ബെയ്‌ലിന്‍ ദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.

യുവതിയുടെ ആക്രമണത്തില്‍ ബെയ്ലിന്‍ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ അഭിഭാഷക മര്‍ദിച്ചപ്പോള്‍ കണ്ണട പൊട്ടി ബെയ്ലിന്റെ ചെവിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രകോപന പരമായ സാഹചര്യത്തിലായിരുന്നു ഓഫീസില്‍ വച്ച് ഇത്തരം ഒരു സംഭവം ഉണ്ടായത്. പെട്ടെന്നുള്ള പ്രകോപനത്തില്‍ ഉണ്ടായ സംഘര്‍ഷമാണ് കയ്യേറ്റത്തിന് കാരണം. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജൂനിയര്‍ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ജെ വി ശ്യാമിലി (26)യെ ബെയ്‌ലിന്‍ ദാസ് ഓഫീസില്‍ വച്ച് മര്‍ദിച്ചത്. ശ്യാമിലിയുടെ വലതുകവിള്‍ അടികൊണ്ട് ചതഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ബെയ്‌ലിന്‍ ദാസിനെ വ്യാഴാഴ്ച വൈകിട്ട് തുമ്പ സ്റ്റേഷന്‍കടവില്‍ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

തൃശൂര്‍: 2025ലെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക്. ജൂണ്‍ 10 ന് ഗുരുവായൂരില്‍ വെച്ച് നടക്കുന്ന നാലാമത് മാടമ്പ് സ്മൃതി പര്‍വ്വം – 2025 പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അവാര്‍ഡ് സമ്മാനിക്കും. ഡോക്ടര്‍ സുവര്‍ണ്ണാ നാലപ്പാട്ട്, ഗാന രചിയതാവ് ബി.കെ.ഹരിനാരായണന്‍, കവി സുധാകരന്‍ പാവറട്ടി, നടന്‍ മുരുകന്‍ എന്നീവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

അരനൂറ്റാണ്ടിലേറെയായി സംഗീതം പാടിച്ചും പാടിയും മലയാളിയുടെ മനസ്സില്‍ പാട്ടുകള്‍ നിറച്ച സംഗീത സംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. ശുദ്ധ സംഗീതത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, സിനിമാഗാനങ്ങളിലൊതുങ്ങാതെ സംഗീതത്തിന്റെ പല വഴികളിലൂടെ നടന്ന സംഗീതകാരനാണ് പിഎസ് വിദ്യാധരന്‍.

ജി. ദേവരാജന്‍ മാസ്റ്ററുടെ സഹായിയായാണ്ചലച്ചിത്ര രംഗത്തെത്തിയത്. ഇക്കാലയളവിലും സ്റ്റേജ് നാടകങ്ങള്‍ക്കു വേണ്ടിയും പാടുകയും സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. നിരവധി ഭക്തിഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഈണം നല്‍കിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1945 മാര്‍ച്ച് 6 ന് തൃശ്ശൂരിലെ ആറാട്ടുപുഴയില്‍ ശങ്കരന്റെയും തങ്കമ്മയുടെയും മൂത്ത മകനായാണ് ജനനം.

താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി; കെടിയു – ഡിജിറ്റല്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി

താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി; കെടിയു – ഡിജിറ്റല്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിച്ച കേരള ഗവര്‍ണറുടെ നടപടി തെറ്റെന്ന് ഹൈക്കോടതി. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയും നിയമിച്ച നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ പാനല്‍ മറികടന്നായിരുന്നു സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി.

സര്‍ക്കാര്‍ പാനല്‍ മറികടന്ന് ഗവര്‍ണര്‍ നടത്തിയ നിയമനം നിയമപരമല്ല. സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി പാലിക്കണം. എന്നാല്‍ രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ കാലാവധി 28ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ നിയമനത്തില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പാനലിന് പുറത്തുനിന്നും താല്‍ക്കാലിക വിസി നിയമിച്ച ചാന്‍സലറുടെ നടപടി സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ്. 2023 ഫെബ്രുവരിയിലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

സാങ്കേതിക സര്‍വകലാശാല നിയമപ്രകാരം താല്‍ക്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് ആകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിരുന്നു. എന്നിട്ടും ഉത്തരവ് മറികടന്ന് ഗവര്‍ണര്‍ നിയമനം നടത്തുകയായിരുന്നു.

ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും പ്രവേശനം ഇല്ല; ദേശീയപാത 66 ല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി

ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും പ്രവേശനം ഇല്ല; ദേശീയപാത 66 ല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി

കോഴിക്കോട്: കേരളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ആറുവരി പാതയായ ദേശീയപാത-66 ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനം ഉണ്ടാകില്ല. ഇക്കാര്യം വ്യക്തമാകുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പണി പൂര്‍ത്തിയായ ഭാഗങ്ങളില്‍ സ്ഥാപിച്ച് തുടങ്ങി. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, ട്രാക്ടര്‍, കാല്‍നടയാത്രക്കാര്‍ എന്നിവര്‍ ദേശീയ പാത ഉപയോഗിക്കരുത് എന്നാണ് സൂചനാ ബോര്‍ഡുകള്‍ പറയുന്നത്.

രാജ്യത്തെ അതിവേഗ പാതകളില്‍ നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഇതേ സാഹചര്യമാണ് ദേശീയ പാത 66 ലും ഉണ്ടാകുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ദേശീയ പാതയില്‍ വിലക്കുള്ള വാഹനങ്ങള്‍ സര്‍വീസ് റോഡ് ഉപയോഗിക്കേണ്ടിവരും.

അതേസമയം, കേരളത്തില്‍ ദേശീയ പാത അറുപത് മീറ്ററില്‍ നിന്നും 45 മീറ്ററായി ചുരുക്കി നിര്‍മിച്ചപ്പോള്‍ സര്‍വീസ് റോഡുകളും പാതകള്‍ക്കിടയിലെ പ്രദേശവുമാണ് ചുരുങ്ങിയത്. ഇതിനൊപ്പം നിയന്ത്രണം കൂടി നടപ്പാകുന്ന സാഹചര്യത്തില്‍ സര്‍വീസ് റോഡുകളില്‍ തിരക്ക് വര്‍ധിച്ചേക്കും എന്നാണ് വിലയിരുത്തല്‍.

19 സ്ട്രെച്ചുകളായാണ് കാസര്‍കോട് -തിരുവനന്തപുരം ദേശീയപാത 66 ന്റെ നിര്‍മാണം പുരോഗമിക്കുന്നത്. തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് റീച്ചുകളില്‍ മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇവിടങ്ങളിലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 400 മേല്‍പാലങ്ങളും അടിപ്പാതകളും ഉള്‍പ്പെടുന്ന കാസര്‍കോട് -തിരുവനന്തപുരം ദേശീയപാത 57815 കോടി രൂപ ചെലവിട്ട് ആറുവരിയായി സിഗ്നലുകളില്ലാതെയാണ് നിര്‍മിക്കുന്നത്.

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ദലിത് യുവതിക്ക് പീഡനം

ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ദലിത് യുവതിക്ക് പീഡനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ദലിത് യുവതി ബിന്ദു. കള്ളക്കേസില്‍ പൊലീസ് പീഡിപ്പിച്ചതിനെതിരെ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ വായിച്ചുപോലും നോക്കിയില്ലെന്ന് ബിന്ദു പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു. മാല കാണാതായാല്‍ വീട്ടുകാര്‍ പരാതി കൊടുക്കും. അപ്പോള്‍ പൊലീസ് പിടിക്കും. ഇതൊക്കെ കോടതിയിലാണ് പറയേണ്ടത്. അഭിഭാഷകനൊപ്പം പോയപ്പോഴായിരുന്നു ഈ ദുരനുഭവമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഇല്ലാത്ത മാല മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ പൊലീസ് മാനസികമായി പീഡിപ്പിച്ചത് മേയ് 13നായിരുന്നു. ജോലിക്ക് നിന്ന പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. എന്നാല്‍ സ്വര്‍ണമാല പിന്നീട് വീട്ടില്‍ നിന്ന് ലഭിക്കുകയായിരുന്നു. മാല മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസുകാരില്‍ നിന്നും 20 മണിക്കൂറോളം നേരം അതിക്രൂരമായ മാനസിക പീഡനമാണ് ഉണ്ടായതെന്ന് യുവതി പറഞ്ഞു.

‘ഒരു പൊലീസുകാരന്‍ അങ്ങേയറ്റം മോശമായ വാക്കുകള്‍ ഉപയോഗിച്ച് ചീത്തവിളിച്ചു. നാലുപൊലീസുകാര്‍ റൂമില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. പ്രസന്നന്‍ എന്ന പൊലീസുകാരനാണ് ഏറ്റവും മോശമായി പെരുമാറിയത്. ആഹാരവും വെള്ളവും തന്നില്ല. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമില്‍ പോയി കുടിക്കാനാണ് പറഞ്ഞത്. ജയിലിലാക്കുമെന്നും മക്കളെ കേസില്‍ കുടുക്കുമെന്നും പറഞ്ഞത് ഇപ്പോഴും എനിക്ക് താങ്ങാനാവുന്നില്ല. പതിനേഴും പതിനഞ്ചും വയസ്സുള്ള മക്കളാണ് ഉള്ളത്. എന്നെ കാണാന്‍ ഭംഗിയില്ല, കറുത്തവളാണ്. അതുകൊണ്ടാവാം പൊലീസ് എന്നോട് ക്രൂരമായി പെരുമാറിയതെന്ന് മനസിലായി’- ബിന്ദു പറഞ്ഞു.

പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ പൊലീസ് വിട്ടയച്ചത്. അതേസമയം, യുവതിയെ 20 മണിക്കൂര്‍ കസ്റ്റഡിയില്‍ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തിരുവന്തപുരം കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. മൂന്നു ദിവസം മാത്രമാണ് സ്ത്രീ ജോലിക്ക് നിന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് പൊലീസ് വിട്ടയച്ചതെന്നാണ് ആരോപണം.