by Midhun HP News | Sep 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ നവീകരണ പദ്ധതിയിൽ കേരളം ഒപ്പുവെക്കണമോ എന്ന വിഷയത്തിൽ ഭരണകക്ഷിയായ യുഡിഎഫിൽ കടുത്ത ഭിന്നത. പദ്ധതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി കരട് റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും, മുന്നണിക്കുള്ളിൽ അഭിപ്രായൈക്യം രൂപപ്പെടാത്തതിനാൽ അന്തിമ തീരുമാനത്തിന്റെ രാഷ്ട്രീയ ബാധ്യത ആര് ഏറ്റെടുക്കുമെന്ന ചോദ്യം സങ്കീർണ്ണമാകുന്നു.

കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം പങ്കാളിയാകുന്നതിനെ കോൺഗ്രസ് ഹൈക്കമാൻഡ് ശക്തമായി എതിർക്കുമ്പോൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തി ധാരണാപത്രത്തിൽ ഒപ്പുവെക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി വിഡി സതീശൻ.
മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതിയാണ് റിപ്പോർട്ടിന്റെ കരട് തയ്യാറാക്കിയത്. എന്നാൽ ഈ റിപ്പോർട്ടിൽ പദ്ധതി നടപ്പിലാക്കണമെന്നോ വേണ്ടെന്നോ ഉള്ള കൃത്യമായ ശുപാർശകളോ നിഗമനങ്ങളോ ഇല്ലെന്നാണ് വിവരം. പകരം വിഷയത്തിലെ നിലവിലെ വസ്തുതകളും സാമ്പത്തിക വശങ്ങളും മാത്രമാണ് ഉപസമിതി എടുത്തുപറഞ്ഞിട്ടുള്ളത്. രാഷ്ട്രീയ വിവാദം ഒഴിവാക്കാൻ ഉപസമിതി കരുതലോടെ ഒഴിഞ്ഞുമാറിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. പിഎം ശ്രീ കരാറിൽ ഒപ്പുവെച്ചാൽ സമഗ്ര ശിക്ഷ കേരളം’ വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട 1,540 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ലഭ്യമാകും. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണാധികാരവും അടിയറവ് വെക്കാതെ, ചർച്ചകളിലൂടെ കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ള സാധ്യത പരിശോധിക്കണമെന്നാണ് യുഡിഎഫിലെ ഭൂരിഭാഗം ഘടകകക്ഷികളുടെയും നിലപാട്.

ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ള വിഷയത്തിൽ തീരുമാനമെടുക്കാൻ ആദ്യവട്ട മന്ത്രിമാരെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്. മുന്നണി നേതൃത്വം നേരിട്ട് ഏറ്റെടുക്കാൻ മടിക്കുന്ന ഒരു തീരുമാനത്തിൽ എന്ത് നിലപാട് സ്വീകരിച്ചാലും അതിന്റെ രാഷ്ട്രീയ തിരിച്ചടി ഈ യുവ മന്ത്രിമാർ ഒറ്റയ്ക്ക് നേരിടേണ്ടി വരുമെന്ന ആശങ്കയാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നത്. വരും ദിവസങ്ങളിൽ യുഡിഎഫ് ഉന്നതാധികാര സമിതിയിലും മന്ത്രിസഭയിലും ഈ വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കും.


by Midhun HP News | Sep 3, 2026 | Latest News, സിനിമ
റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരത്തിളക്കം. വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളിൽനിന്നായി നാല് സുപ്രധാന പുരസ്കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകൻ ഋതുപർണ ഘോഷിന്റെ സ്മരണാർഥം കൽക്കത്തയിൽ സംഘടിപ്പിച്ച ഒൻപതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രമായി ‘തിയേറ്റർ’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോൾ, ശ്യാമപ്രകാശ് എം.എസ്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡിനും അർഹനായി. മലയാളത്തിൽനിന്ന് ഈ മേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രവും ഇതായിരുന്നു.
ദേശീയ പുരസ്കാര ജേതാവും ഓസ്കർ അവാർഡ് കമ്മിറ്റി അംഗവുമായ ശ്രീലേഖ മുഖർജി അധ്യക്ഷയായ പാനലാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ സംവിധായകരായ ശർമിഷ്ഠ മൈതി, രാജ്ദീപ് പോൾ, പ്രശസ്ത ബംഗാളി സംവിധായിക ജയശ്രീ ഭട്ടാചാര്യ, സൗണ്ട് ഡിസൈനർ ഒലീവിയ ദാസ്, സ്വതന്ത്ര സംവിധായകൻ സമൃത് റോ ചക്രബർത്തി എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച സംവിധായകനുള്ള പുരസ്കാരം സജിൻ ബാബുവിനാണ്. റഷ്യൻ സാംസ്കാരിക മന്ത്രാലയത്തിന്റെയും സെന്റ് പീറ്റേഴ്സ്ബർഗ് സർക്കാരിന്റെയും ലെൻഫിലിം സ്റ്റുഡിയോയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക ചിത്രമെന്ന നേട്ടവും തിയേറ്ററിനായിരുന്നു.

വിഖ്യാത റഷ്യൻ സംവിധായകൻ ആൻഡ്രെയ് ക്രവ്ചുക് അധ്യക്ഷനായ ജൂറിയാണ് വിധിനിർണയം നടത്തിയത്. റഷ്യൻ ഛായാഗ്രാഹകൻ ഇല്യാ ഡ്യൂമിൻ, നടൻ യൂറിയ ഗൽത്സേവ്, ഗായകനും സെന്റ് പീറ്റേഴ്സ്ബർഗ് ചൈനീസ് കൾച്ചറൽ സെന്റർ മേധാവിയുമായ പാൻ യിൻലൈ എന്നിവരായിരുന്നു ജൂറിയിലുണ്ടായിരുന്നത്. കഴിഞ്ഞമാസം റഷ്യയിൽ നടന്ന വെസ്റ്റേൺ ഗേറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്കാരം നേടിയിരുന്നു.

അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി തുടർച്ചയായി ലഭിക്കുന്ന ഈ അംഗീകാരങ്ങൾ ലോകസിനിമാവേദിയിൽ മലയാളത്തിന്റെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കുകയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

by Midhun HP News | Sep 3, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താൻ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ ‘ശുദ്ധികലശം’ നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് നിർദ്ദേശിക്കണമെന്ന് രാജ്യസഭാ നേതാവ് ജെപ. നദ്ദയോട് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംഭവം നടന്ന് 24 ദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സർക്കാർ തയ്യാറായിട്ടില്ലെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് രാജ്യസഭയിൽ നദ്ദ നൽകിയ ഉറപ്പ് ഓർമ്മിപ്പിച്ചാണ് ഖാർഗെ കത്തയച്ചത്.

ഓഗസ്റ്റ് എട്ടിനായിരുന്നു ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളനം നടന്നത്. ഖാർഗെ മടങ്ങിയതിന് തൊട്ടുപിന്നാലെ, വേദിയിൽ ചാണകവെള്ളം തളിച്ചും മന്ത്രോച്ചാരണങ്ങളോടെ പൂജകൾ നടത്തിയും വേദി ‘ശുദ്ധീകരിച്ചു’. തുടർന്ന് ഓഗസ്റ്റ് 13-ന് രാജ്യസഭയിൽ ഈ വിഷയം താൻ കടുത്ത വേദനയോടെ ഉന്നയിച്ചപ്പോൾ, ഇത്തരം പ്രവണതകളെ ബിജെപി ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും സഭാ നേതാവ് എന്ന നിലയിൽ ജെപി നദ്ദ ഉറപ്പുനൽകിയിരുന്നു.എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും ഈ ക്രൂരവും ഭരണഘടനാ വിരുദ്ധവുമായ പ്രവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ഒരു കേസ് പോലും എടുത്തിട്ടില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
മഹാദ് സത്യാഗ്രഹ കാലത്ത് കുടിവെള്ളം എടുത്തതിന്റെ പേരിൽ ബാബാസാഹേബ് ഡോ ബിആർ അംബേദ്കറോട് ജാതിക്കോമരങ്ങൾ കാണിച്ച അതേ മനോഭാവമാണ് ഹൽദ്വാനിയിലും അരങ്ങേറിയതെന്ന് ഖാർഗെ കത്തിൽ വ്യക്തമാക്കി. അന്ന് അംബേദ്കർ തൊട്ട കുളം 108 കുടം ചാണകവെള്ളവും ഗോമൂത്രവും തളിച്ച് ശുദ്ധീകരിച്ച ചരിത്രമുണ്ട്. ഹോമകുണ്ഡങ്ങളോ മന്ത്രോച്ചാരണങ്ങളോ നടത്തിയതുകൊണ്ട് ഇത്തരം ജാതീയമായ അയിത്താചരണങ്ങൾ പവിത്രമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഈ രോഷം വ്യക്തിപരമായ സ്ഥാനമാനങ്ങളെയോ കോൺഗ്രസ് അധ്യക്ഷ പദവിയെയോ മാത്രം മുൻനിർത്തിയുള്ളതല്ലെന്ന് ഖാർഗെ തുറന്നടിച്ചു. ഇത്തരം കടുത്ത വിവേചനങ്ങളും അവഹേളനങ്ങളും ദിനംപ്രതി അനുഭവിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണിത്. അതിനാൽ സഭയിൽ നൽകിയ വാക്ക് പാലിച്ച്, ഹൽദ്വാനിയിലെ സംഭവത്തിന് ഉത്തരവാദികളായ സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് നിർദ്ദേശിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.


by Midhun HP News | Sep 3, 2026 | Latest News, കേരളം
കൊച്ചി: മലയാള സിനിമയ്ക്ക് കൈത്താങ്ങാകാൻ ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ. സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമുകൾ താല്പര്യം പ്രകടിപ്പിക്കാത്ത മലയാള സിനിമകൾക്ക് സ്ട്രീമിങ് അവസരമൊരുക്കാൻ ആണ് സ്വന്തം പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ എത്തിയിരിക്കുന്നത്. ‘മൈ ടാക്കീസ്’ എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം നവംബറിൽ പ്രവർത്തനം ആരംഭിക്കും.

മലയാളത്തിൽ ഒരു വർഷം റിലീസിനെത്തുന്ന സിനിമകളുടെ 10 ശതമാനം പോലും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ എത്താറില്ല. സൂപ്പർതാര ചിത്രങ്ങൾ പോലും തിയറ്ററുകളിൽ പരാജയപ്പെട്ടാൽ ഒടിടി പ്ലാറ്റ്ഫോമുകൾ കയ്യൊഴിയും. ഈ സാഹചര്യത്തിൽ നിർമാതാക്കളെ സഹായിക്കാനാണ് ചേംബർ സ്വന്തം സ്ട്രീമിങ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു.

വിവിധ ചലച്ചിത്ര സംഘടനാ ഭാരവാഹികളായ സിബി മലയിൽ, ശ്വേത മേനോൻ, ബി രാകേഷ്, ബി ആർ ജേക്കബ്, എസ് എസ് ടി സുബ്രഹ്മണ്യം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലോഗോ പ്രകാശനം.


by Midhun HP News | Sep 3, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒറ്റയടിക്ക് 67 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ജൂണ്‍ മാസം തൊട്ട് നോക്കിയാല്‍ ഒരു ദിവസത്തെ ഏറ്റവും വലിയ മുന്നേറ്റമാണ് രൂപ ഇന്ന് രേഖപ്പെടുത്തിയത്.

പ്രവാസികള്‍ നടത്തുന്ന എഫ്‌സിഎന്‍ആര്‍ ഡെപ്പോസിറ്റില്‍ ഉണ്ടായ വര്‍ധനയാണ് രൂപയ്ക്ക് കരുത്തായത്. എഫ്‌സിഎന്‍ആര്‍ ഡെപ്പോസിറ്റ് ആയി 12700 കോടി ഡോളര്‍ ലഭിച്ചതായാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 9000 കോടി ഡോളര്‍ പ്രതീക്ഷിച്ച സ്ഥാനത്താണ് ഈ വര്‍ധനയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. അതിനിടെ ഓഹരി വിപണിയും നേട്ടത്തിലാണ്. തുടര്‍ച്ചയായി മൂന്ന് ദിവസം നഷ്ടം നേരിട്ട ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 314 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് കരുത്ത് പകര്‍ന്നത്. ഇന്നലെ 6688 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.

എണ്ണവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാവാതിരുന്നതും വിപണിയ്ക്ക് അനുകൂലമായി. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 95 ഡോളറിന് അരികില്‍ തന്നെയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.


by Midhun HP News | Sep 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനം വരള്‍ച്ചാഭീതി നേരിടുന്നു. 2024 ലും 2025 ലും 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മണ്‍സൂണ്‍ മഴയിലെ കുറവു മൂലം രാജ്യവും കടുത്ത വരള്‍ച്ചാഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്.

കാലവര്‍ഷക്കാലത്ത്, ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഇന്ത്യയില്‍ 603.7 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ 700.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഈ മഴക്കുറവ്. സെപ്റ്റംബര്‍ മാസത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ വരണ്ടതും ചൂടുള്ളതുമായിരിക്കും. ഇതോടെ ഈ മണ്‍സൂണ്‍ സീസണ്‍ വരള്‍ച്ചാ വിഭാഗത്തില്‍ പെടുത്താനുള്ള സാധ്യതയേറിയിരിക്കുകയാണ്. മണ്‍സൂണ്‍ പിന്‍വാങ്ങല്‍ സെപ്റ്റംബര്‍ 17 ന് ഉണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു.

സെപ്റ്റംബറില്‍ രാജ്യത്തുടനീളം മഴയുടെ തോത് സാധാരണയിലും താഴെയായിരിക്കും. ദീര്‍ഘകാല ശരാശരിയുടെ 91 ശതമാനത്തില്‍ താഴെ ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രത്തില്‍ നിലനില്‍ക്കുന്ന ശക്തമായ എല്‍നിനോ സാഹചര്യങ്ങളാണ് മഴ കുറയാന്‍ കാരണം. മഴ കുറയുന്നത് പകല്‍, രാത്രി സമയങ്ങളിലെ താപനില വര്‍ധനവിന് കാരണമാകുമെന്നും കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1901 ന് ശേഷം ഏറ്റവും ചൂടേറിയ ഓഗസ്റ്റാണ് ഇത്തവണ കടന്നുപോയതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.


Recent Comments