by Midhun HP News | Sep 3, 2026 | Latest News, കേരളം
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വീടിന് മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് മാറ്റി. കഴിഞ്ഞ ദിവസം അർധരാത്രി എആർ ക്യാംപിലെ പൊലീസുകാർ വാഹനവുമായി എത്തി കെട്ടിവലിച്ചാണ് ജീപ്പ് കൊണ്ടുപോയത്. കെഎൽ 01 ബിആർ 9569 എന്ന പൊലീസ് ജീപ്പ് പാണ്ട്യാലമുക്കിലെ വീടിനുമുന്നിൽ കൊണ്ടുവന്നിട്ടതിനു ശേഷം സ്റ്റാർട്ട് ചെയ്യാത്തതിനാൽ പ്രവർത്തന ക്ഷമമായിരുന്നില്ല.

അതേസമയം ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരെ കാവല്‍ ഡ്യൂട്ടിയിൽ നിന്നും മാറ്റിയിട്ടില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും ആളുകൾ എത്തിയതോടെയാണ്, വീടിനു മുന്നിൽ പൊലീസിന്റെ ജീപ്പ് കാവൽ ഒരുക്കിയത്. ഒരു എസ്ഐയും 2 പൊലീസുകാരുമാണ് ഒരു സമയം ഡ്യൂട്ടിക്കുണ്ടായിരുന്നത്. റോഡരികിൽ മതിലിനോടു ചേർത്തായിരുന്നു ജീപ്പ് സ്റ്റേഷൻ പ്രവർത്തിച്ചത്.

കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐ, 6 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടി ചെയ്തിരുന്നത്. പ്രാഥമികകൃത്യങ്ങൾക്കായി പൊലീസുകാർ സമീപത്തെ വീടുകളെയാണ് ആശ്രയിച്ചിരുന്നത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും വീടിനു മുന്നിൽ സുരക്ഷ വിന്യാസം തുടരുന്നതും, കട്ടപ്പുറത്തായ ജീപ്പും വലിയ ചർച്ച വിഷയമായിരുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാനായി പുതിയ ഷെഡ് നിർമ്മിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.


by Midhun HP News | Sep 3, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 305 രൂപയാണ് കൂടിയത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്ന് നില്‍ക്കുകയാണ്. എന്നാല്‍ ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് കുറഞ്ഞതുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. പണപ്പെരുപ്പ ഭീഷണി മറികടക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമോ എന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Sep 3, 2026 | Latest News, കേരളം
ജയസൂര്യ നായകനായ പുതിയ ചിത്രമാണ് ഓപ്പറേഷന്‍ ത്രാള്‍. വലിയ താരനിരയുമായെത്തുന്ന സിനിമയുടെ സംവിധാനം രതീഷ് വേഗയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഓപ്പറേഷന്‍ ത്രാളിന്റെ ടീസര്‍ സൗണ്ട് ഡിസൈന്‍ വിഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുമായി എത്തിയ സൗണ്ട് ഡിസൈനര്‍ അജയന്‍ അടാട്ടിനെതിരെ രതീഷ് വേഗ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ആയ ആര്‍എസ് വിക്കിയുടെ പോസ്റ്റിന് താഴെയാണ് അജയന്‍ അടാട്ട് കമന്റുമായെത്തുന്നത്. ആര്‍എസ്എസ് ചിത്രമാണ് ഓപ്പറേഷന്‍ ത്രാള്‍ എന്ന് ആരോപിക്കുന്നതായിരുന്നു അജയന്റെ കമന്റ്. പിന്നാലെ തന്നെ വിക്കി മറുപടി നല്‍കുന്നുണ്ട്. ”ഇങ്ങനെയാണോ സഹപ്രവര്‍ത്തകന്റെ വര്‍ക്കിന് നിങ്ങള്‍ മറുപടി നല്‍കുന്നത്?” എന്നായിരുന്നു വിക്കിയുടെ മറുപടി. പിന്നാലെ മറുപടിയുമായി സംവിധായകന്‍ രതീഷ് വേഗയുമെത്തുകയായിരുന്നു.

”ഇതുപോലൊരു കമന്റ് കണ്ടപ്പോള്‍ നിരാശ തോന്നി. പ്രത്യേകിച്ചും ഒരേ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ നിന്നും. ഒരു പ്രൊജക്ട് ഉണ്ടാക്കാനുള്ള കഠിനാധ്വാനവും പരിശ്രമവും എത്രത്തോളമാണെന്ന് നിങ്ങള്‍ക്ക് അറിയാമെന്നിരിക്കെ. വിമര്‍ശനങ്ങളെ എന്നും സ്വാഗതം ചെയ്യുന്നു. പക്ഷെ സഹപ്രവര്‍ത്തകരോട് കുറച്ചെങ്കിലും ബഹുമാനം വേണമെന്നാണ് വിശ്വസിക്കുന്നത്. ശരിക്കും സങ്കടം തോന്നുകയാണ് ഇത് കാണുമ്പോള്‍” എന്നായിരുന്നു രതീഷ് വേഗയുടെ പ്രതികരണം.

”നിങ്ങളില്‍ നിന്ന് ഇത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഈ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ഒരു ടെക്‌നീഷ്യനില്‍ നിന്നും ഇങ്ങനെയാണോ ഒരു പ്രതികരണം ഉണ്ടാകേണ്ടത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്ക് അറിയാം” എന്നാണ് സൗണ്ട് ഡിസൈനറായ എംആര്‍ രാജാകൃഷ്ണന്റെ പ്രതികരണം. മോനെ വളരെ മോശം എന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് തടത്തിലും മറുപടി നല്‍കിയിട്ടുണ്ട്. അജയന്‍ അടാട്ടിന്റെ കമന്റും മറുപടികളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഓപ്പറേഷന്‍ ത്രാള്‍. ദേശീയ സുരക്ഷയും എന്‍ഐഎ അന്വേഷണവും പ്രമേയമാകുന്ന ചിത്രമാണ് ഓപ്പറേഷന്‍ ത്രാള്‍. റിതിക സിങ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, വിനയ് റായ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

by Midhun HP News | Sep 3, 2026 | Latest News, കേരളം
പത്തനംതിട്ട: രണ്ടു പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. വകയാര്‍ മ്ലാന്തടം പുത്തന്‍വീട് എം ആര്‍ റാണി ലക്ഷ്മിയെയാണു (37) കോന്നി പൊലീസ് പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളില്‍ നിന്ന് പണം തട്ടിയെടുത്തതായി കാണിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഈ രണ്ടു പഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതിയില്‍ പുതിയ വീട് നിര്‍മിക്കുന്നതിനും നവീകരണത്തിനും അനുവദിച്ച തുക തട്ടിയെടുത്തെന്നാണു കേസ്. ഗുണഭോക്തൃ ലിസ്റ്റില്‍ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റിയതായി പൊലീസ് പറയുന്നു. സീതത്തോട്ടില്‍ 51.23 ലക്ഷം രൂപയുടെയും തണ്ണിത്തോട്ടില്‍ 2 ലക്ഷം രൂപയുടെയും തട്ടിപ്പു നടത്തിയതായാണു കേസ്.

തണ്ണിത്തോട്, സീതത്തോട് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തണ്ണിത്തോട് പൊലീസില്‍ പരാതി ലഭിച്ചതോടെ പണം തിരികെ നല്‍കി തടിയൂരാനും ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നു. പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഗുണഭോക്താക്കളാക്കി വ്യാജരേഖ ചമച്ചായിരുന്നു തട്ടിപ്പെന്നും പൊലീസ് പറയുന്നു. വീടുപണി പൂര്‍ത്തീകരിച്ചവര്‍ക്ക് പണം നല്‍കാന്‍ കാലതാമസം വന്നതോടെ പഞ്ചായത്ത് ഭരണസമിതികള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.


by Midhun HP News | Sep 3, 2026 | Latest News, കേരളം
കൊല്ലം: ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. രേഖ കെ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റിയത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.
പനിയും ശരീരവേദനയും ആയിട്ടെത്തിയ രോഗിയോടാണ് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണന്‍ കയര്‍ത്ത് സംസാരിച്ചത്. ‘പനിയും ശരീരവേദനയും എമര്‍ജന്‍സിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നു വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറാനല്ല, ഇത് തോന്നിവാസമാണ്’ എന്നൊക്കെയാണ് ഡോക്ടര്‍ പറഞ്ഞത്. രോഗിയോടും ഒപ്പമെത്തിയവരോടും ഡോക്ടര്‍ കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതോടെ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയത്. ഡോക്ടര്‍ക്ക് ഭാവിയില്‍ തുടര്‍ച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികള്‍ നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
by Midhun HP News | Sep 3, 2026 | Latest News, കേരളം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ 4 മുതൽ 10 മണി വരെ ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം സുഖ ദർശനമൊരുക്കാൻ ദേവസ്വം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്നേ ദിവസം വിഐപി / സ്‌പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും ദേവസ്വം ബോർഡ് അറിയിച്ചു.

അഷ്ടമിരോഹിണി ആഘോഷം: 36.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്
ഭഗവാന്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും.പ്രസാദ ഊട്ടിനു മാത്രമായി 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി നൽകാനും അനുമതി നൽകി. അഷ്ടമിരോഹിണി ആഘോഷ നടത്തിപ്പിനായി 36,82,000 രൂപയുടെ എസ്റ്റിമേറ്റിനും ദേവസ്വം അനുമതി നൽകിയിട്ടുണ്ട്.
വിശേഷാൽ കാഴ്ചശീവേലി
അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്യ്ക്കും രാത്രിയിലുമുള്ള വിശേഷാൽ എഴുന്നെള്ളിപ്പിന് ദേവസ്വം ഗജവീരൻ ഇന്ദ്ര സെൻ സ്വർണ്ണക്കോലമേറ്റും. ഗോപാലകൃഷ്ണൻ, വിനായകൻ എന്നീ ദേവസ്വം കൊമ്പൻമാർ പറ്റാനകളാകും. രാവിലെയുള്ള കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ ,ഗുരുവായൂർ സന്തോഷ് മാരാർ & പാർടി മേളം ഒരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും പഞ്ചവാദ്യത്തിന് തിമിലയിൽ ചോറ്റാനിക്കര നന്ദപ്പൻ മാരാരും സംഘവും. മദ്ദളം – കലാമണ്ഡലം കുട്ടി നാരായണൻ & പാർട്ടി, ഇടയ്ക്ക – പല്ലശ്ശന സുധാകരൻ & പാർട്ടി, കൊമ്പ്- പേരാമംഗലം വിജയൻ & പാർട്ടി, ഇലത്താളം – പാഞ്ഞാൾ വേലുക്കുട്ടി & പാർട്ടി എന്നീ കലാകാരൻമാർ അണിനിരക്കും. ഗുരുവായൂർ ശശി മാരാരും സംഘവും സന്ധ്യാതായമ്പക ഒരുക്കും. രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്ക – ഗുരുവായൂർ ശശി മാരാർ, നാദസ്വരപ്രദക്ഷിണം – നെൻമാറ കണ്ണൻ
വിശേഷാൽ പ്രസാദം ഊട്ട്
ഗുരുവായൂരപ്പന് നേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദം ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളി ഇഞ്ചി,പപ്പടം,മോര്, പാൽപായസം എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ ഭക്തർക്ക് ധന്യതയേകും.
പ്രസാദ ഊട്ട് 9 മണിക്ക് തുടങ്ങും
അഷ്ടമി രോഹിണി നാളിലെ വിശേഷാൽ പ്രസാദ ഊട്ട് രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും അതിന് സമീപമൊരുക്കുന്ന പന്തലിലും പ്രസാദംഊട്ട് നൽകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും. തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്കുളള ക്യൂ പട്ടര്കുളത്തിന് വടക്ക്ഭാഗത്തായി ഒരുക്കും. പ്രസാദ ഊട്ട് ഭക്തർക്ക് നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 150 പ്രഫഷണൽ വിളമ്പുകാരെ നിയോഗിക്കും.
ശയന പ്രദക്ഷണമില്ല; സ്‌പെഷ്യൽദർശനം നിയന്ത്രിക്കും
അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്‌പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലര മണി മുതൽ തുടങ്ങി അഞ്ചര മണിവരെയും വൈകിട്ട് 5 മുതൽ 6 വരെയുമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്ത് ദർശനം അനുവദിക്കും. ബാക്കിയുള്ള സമയങ്ങളിൽ പൊതു വരിസം വിധാനം മാത്രമാകും. ക്ഷേത്രത്തിൽ വിശേഷാൽ കാഴ്ച ശീവേലി നടക്കുന്നതിനാൽ ശയനപ്രദക്ഷിണത്തിനും ദർശനത്തിനും നിയന്ത്രണം ഉണ്ടാകും.

ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. എന്നാലേ ദർശനം കാത്തിരിക്കുന്ന ഭക്തർക്ക് സുഖദർശനം സാധ്യമാകൂ. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്‌പെഷ്യൽ ദർശനം അനുവദിക്കും. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യം മുതൽ ദർശനത്തിനുള്ള ക്യൂ ക്ഷേത്രത്തിലേക്ക് പതിവ് പോലെ ഫ്‌ളൈ ഓവർ വഴി വിടും. സീനിയർ സിറ്റിസൺ, ഭിന്നശേഷിക്കാർ എന്നിവരെ കൊടിമരം വഴി ദർശനത്തിന് അനുവദിക്കും.

അഷ്ടമിരോഹിണി അപ്പം വഴിപാട്
അപ്പവും പാൽപ്പായസവുമാണ് അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകൾ.എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 7.25 ലക്ഷം രൂപയാണ് അപ്പം എസ്റ്റിമേറ്റ് തുക. രശീതിന് 35രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 700 യുടെ അപ്പം (20 ശീട്ട്) ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും.ചെക്കോ,ഡിമാന്റ് ഡ്രാഫ്‌റ്റോ സ്വീകരിക്കില്ല. സെപ്റ്റംബർ 3ന് ഉച്ചതിരിഞ്ഞ് 3.30 മുതൽ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള കൗണ്ടർ വഴി അപ്പം വഴിപാട് ശീട്ടാക്കാൻ സൗകര്യം ഏർപ്പെടുത്തും. ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി (350 രൂപാ ) നിജപ്പെടുത്തിയിട്ടുണ്ട്. 10.8 ലക്ഷം രൂപയുടെ പാൽപായസം വഴിപാടിനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചിട്ടുണ്ട്.

Recent Comments