ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും കേരള ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടി ആറ്റിങ്ങൽ സ്വദേശിയായ മൂന്ന് വയസുകാരി

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും കേരള ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടി ആറ്റിങ്ങൽ സ്വദേശിയായ മൂന്ന് വയസുകാരി

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും കേരള ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടി ആറ്റിങ്ങൽ സ്വദേശിയായ മൂന്ന് വയസുകാരി. മൂന്ന് വയസ്സും മൂന്ന് മാസവും പ്രായമുള്ള ഉണ്ണി ആർച്ച എന്ന കൊച്ചു മിടുക്കിയാണ് അപൂർവ്വമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

ശരീരഭാഗങ്ങളും വിവിധ തൊഴിലുകളും തിരിച്ചറിയുക, ഇംഗ്ലീഷ് കവിതകൾ ചൊല്ലുക, 12 വ്യത്യസ്ത പ്രവൃത്തികൾ (actions) ചെയ്യുക, അഞ്ച് രൂപങ്ങൾ (shapes) ചിത്രങ്ങളുമായി പൊരുത്തപ്പെടുത്തുക എന്നിവയിലൂടെ ഈ കൊച്ചു പ്രതിഭ തന്റെ കഴിവ് തെളിയിച്ചു. കൂടാതെ, പത്ത് പേപ്പർ ബോക്സുകൾ ഉപയോഗിച്ച് ഗോപുരം നിർമ്മിക്കാനും ഇംഗ്ലീഷ് അക്ഷരമാല ഗാനം ആലപിക്കും. 25 പീസുകളുള്ള സോർട്ട് ആൻഡ് സ്റ്റാക്ക് ടവറും (Sort and Stack tower) വിജയകരമായി പൂർത്തിയാക്കി. ഇതിനെത്തുടർന്ന്, 2025 ഡിസംബർ 5-ന് International Book of Records കുട്ടിയ്ക്ക് “SUPER TALENTED KID” പദവി നൽകി ആദരിക്കുകയും “ONE IN A MILLION” ആയി അംഗീകരിക്കുകയും ചെയ്തു.

ഉണ്ണിക്കുട്ടന്റെയും അഭിരാമി ഉണ്ണിക്കുട്ടന്റെയും മകളാണ്. അംബികാകുമാരി ആർ. ആണ് കുട്ടിയുടെ അച്ചമ്മ. ഉണ്ണി ആർച്ച ചെമ്പൂർ ജി.എൽ.പി.എസ് സ്കൂളിലെ പ്ലേ ക്ലാസ് വിദ്യാർത്ഥിനിയാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി

കൊച്ചി: ബലാത്സംഗ പരാതി നല്‍കിയ ആദ്യയുവതിയുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഹൈക്കോടതി. രാഹുല്‍ അവിവാഹിതന്‍ ആയതിനാല്‍ യുവതിയുമായുള്ള ബന്ധം ധാര്‍മികമായും നിയമപരമായും തെറ്റല്ല. അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു.

“വിവാഹിതയായ ഒരു പങ്കാളിയുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധം നിയമപ്രകാരം അനുവദനീയമാണ്, അപ്പോൾ അവിവാഹിതനായ ഒരു പുരുഷൻ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ എന്താണ് തെറ്റ്? അത് കാരണം ഈ ജാമ്യം എങ്ങനെ നിരസിക്കാൻ കഴിയും,” എന്നും ഇന്ന് നടന്ന ഒരു വാദത്തിനിടെ കോടതി ചോദിച്ചു. ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി.

എന്നാല്‍ കുട്ടി വേണമെന്നും നിര്‍ബന്ധ ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രഥമ വിവര മൊഴികള്‍ പരാമര്‍ശിച്ചാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. ഇത് പ്രകാരമാണ് പരാതിക്കാരിക്ക് എതിരാകുന്ന വിധത്തില്‍ ചില ചോദ്യങ്ങള്‍ കോടതി ഉയര്‍ത്തുന്നത്. മൊഴികള്‍ പ്രകാരം പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുണ്ടായിരുന്നത് സമ്മതത്തോടെയുള്ള ബന്ധമായിരുന്നില്ലേ എന്നാണ് കോടതി ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍, പരാതിയില്‍ പറയുന്ന മാര്‍ച്ച് 17 ലെ സംഭവം ഗുരുതരമാണെന്ന സൂചനയും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് നിരീക്ഷിക്കുന്നു.

മാര്‍ച്ച് 17 ന് പാലക്കാട് പോയതിന് പരാതിക്കാരിക്ക് പ്രത്യേക കാരണങ്ങളുണ്ട്. എന്നാല്‍ അന്ന് യുവതിക്ക് മേല്‍ ബലപ്രയോഗം നടന്നു. വീഡിയോ ചിത്രീകരിച്ചത് കുറ്റകരമായ നടപടിയാണ്. അതിനെ പ്രത്യേകമായി പരിഗണിക്കണം. രാഹുല്‍ കുട്ടിവേണം എന്ന് ആവശ്യപ്പെട്ടു, യുവതിക്ക് താത്പര്യമില്ലാതിരുന്നിട്ടും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെയും ഡിജിറ്റല്‍ തെളികളുണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ, മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുല്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി നടപടി.

പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് എന്‍ഐഎ; സംസ്ഥാനത്ത് 20 ഇടങ്ങളില്‍ പരിശോധന

പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് എന്‍ഐഎ; സംസ്ഥാനത്ത് 20 ഇടങ്ങളില്‍ പരിശോധന

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന. എറണാകുളം, തൃശൂര്‍, പാലക്കാട് തുടങ്ങിയ മൂന്ന് ജില്ലകളിലായി ഇരുപതോളം ഇടങ്ങളിലായിരുന്നു പരിശോധന. എറണാകുളം ജില്ലയില്‍ മാത്രം എട്ട് ഇടങ്ങളില്‍ പരിശോധന നടന്നെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ 6 മണിയോടെ ആയിരുന്നു തെരച്ചില്‍ ആരംഭിച്ചത്. പരിശോധന നാല് മണിക്കൂറിലധികം നീണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരോധിത സംഘടനയുമായി ബന്ധപ്പെട്ട 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

പരിശോധനയില്‍ സുപ്രധാന തെളിവുകള്‍ കണ്ടെത്തിയതായും എന്‍ഐഎ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവില്‍ നിരോധിത സംഘടനയാണെങ്കിലും അതിന്റെ പ്രവര്‍ത്തനം തുടരുന്നെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന രഹസ്യ ശൃംഖലകളെ കണ്ടെത്താന്‍ പ്രവര്‍ത്തിച്ച് വരികയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

ഒളിവില്‍ കഴിയുന്ന ആറ് പ്രധാന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനായാണ് പരിശോധനയെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആലുവ സ്വദേശി അബ്ദുള്‍ വഹാബ് (28). പട്ടാമ്പി സ്വദേശിയായ അബ്ദുള്‍ റഷീദ് കെ (35), എടവനക്കാട് സ്വദേശി അയൂബ് ടിഎ (52) എന്നിവരെ ഉള്‍പ്പെടെയാണ് എന്‍ഐഎ തേടുന്നത്. 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളവരാണ് ഇവര്‍. പട്ടാമ്പി സ്വദേശിയായ മുഹമ്മദ് മന്‍സൂറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 3 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ആലങ്ങാട് സ്വദേശിയായ മുഹമ്മദ് യാസര്‍ അറഫാത്ത്, വളാഞ്ചേരി സ്വദേശിയായ മൊയ്തീന്‍കുട്ടി പി എന്നിവരെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായവും ഏജന്‍സി തേടിയിട്ടുണ്ട്.

കോളേജ് പ്രൊഫസര്‍ ടിജെ ജോസഫിനെതിരായ കൈവെട്ട് ആക്രമണവുമായി ബന്ധപ്പെട്ട വിശാലമായ നിലവില്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ സവാദ് അടുത്തിടെ അറസ്റ്റിലായിരുന്നു. തനിക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ കേരളത്തിലെയും തമിഴ്നാട്ടിലെയും പോപ്പുലര്‍ ഫ്രണ്ട് അനുകൂലികളുടെ വിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, ഓഫ് ലൈനായി അവസരം

വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, ഓഫ് ലൈനായി അവസരം

തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം. പ്രശ്‌നം പരിഹരിക്കാന്‍ ‘ഓഫ്ലൈന്‍’ (Offline) സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിച്ചു.

ഫോം 6, ഫോം 6എ എന്നിവയില്‍ പേര്‍ ചേര്‍ക്കാന്‍ ജനനസ്ഥലം ഇന്ത്യക്ക് പുറത്താണെന്ന് രേഖപ്പെടുത്താന്‍ ഓപ്ഷനുകള്‍ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്‌നം. ഇതാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ, വോട്ടര്‍ പട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ERONET, BLO App എന്നിവയില്‍ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമായി. ജനനസ്ഥലം വിദേശത്തായിട്ടുള്ള പ്രവാസികള്‍ക്ക് നാട്ടിലുള്ള ബന്ധുക്കള്‍ക്കളുടെ സഹായത്തോടെ ഓഫ് ലൈനായി ബിഎല്‍ ഒ വഴിയോ ഇആര്‍ഒ വഴിയോ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനായി അപേക്ഷിക്കാം. ബിഎല്‍ഒ ആപ്പ് വഴി അപേക്ഷകള്‍ സ്വീകരിക്കാനും രേഖകള്‍ പരിശോധിക്കാനും ബിഎല്‍ഒ-മാര്‍ക്ക് സാധിക്കും.

അപേക്ഷാഫോറത്തില്‍ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം. ഇതുവരെ ഫോം 6എ വഴി 1,37,162 പ്രവാസികള്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞുവെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

കൂടത്തായി കൊലപാതക പരമ്പര; പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും

കൂടത്തായി കൊലപാതക പരമ്പര; പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കുന്നത്. കേസില്‍ ഇതിനോടകം എല്ലാ സാക്ഷികളെയും പ്രോസിക്യൂഷന്‍ വിസ്തരിച്ച് കഴിഞ്ഞു. ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

കേസിലെ ഒന്നാം പ്രതി ജോളി 2011-ല്‍ തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടത്തായി കൊലപാതക പരമ്പര കേസില്‍ ആദ്യം വിചാരണ തുടങ്ങിയത് ഈ കേസിലാണ്.കേസിലെ വിചാരണ അവസാന ഘട്ടത്തിലെത്തിലാണ്.

2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വന്നത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് കേസ് ചര്‍ച്ചയായതും അന്വേഷണത്തിലേക്ക് നീങ്ങിയതും.

തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് എസ്‌ഐടി

തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും, ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്‌ഐടി വാദം.

എന്നാല്‍ സ്വര്‍ണക്കൊള്ളയില്‍ ഒരു പങ്കുമില്ലെന്നും, ആചാരങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് തന്ത്രിയുടെ വാദം. പാളികള്‍ പുറത്തു കൊണ്ടുപോകാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട്, തന്ത്രിയുടെ കൈയക്ഷരം പരിശോധിക്കാനാണ് എസ്‌ഐടി നീക്കം. അതിനിടെ, ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ തന്ത്രി കണ്ഠരര് രാജീവര് ഇന്ന് ജാമ്യ ഹര്‍ജി നല്‍കിയേക്കും.