by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: തന്റെ സഞ്ചാരത്തിനായി പൊതുജനങ്ങളെ വഴിയിൽ തടയുന്ന രീതി ഒഴിവാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. ഡിജിപിക്ക് നേരിട്ടാണ് സതീശൻ നിർദ്ദേശം നൽകിയത്. നിലവിലെ സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്നും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഓരോന്ന് വീതം മതി. വാഹനവ്യൂഹത്തിൽ ആകെ മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംവിധാനങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ജനരോഷത്തിനും കാരണമായിരുന്നു. സെഡ് പ്ലസ് (Z+) സുരക്ഷയുള്ള അദ്ദേഹത്തിനായി തലസ്ഥാന നഗരിയിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ സാധാരണക്കാരുടെ യാത്രകളെ സാരമായി ബാധിച്ചിരുന്നു. കിയ കാർണിവൽ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളും മൂന്ന് ഇന്നോവ ക്രിസ്റ്റകളും ആംബുലൻസും സ്ട്രൈക്കർ ഫോഴ്സും അടങ്ങുന്ന വലിയൊരു നിരയായിരുന്നു പിണറായി വിജയന് അകമ്പടി സേവിച്ചിരുന്നത്.
മുഖ്യമന്ത്രി വീട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് വരുമ്പോൾ പ്രധാന റോഡുകൾ അടയ്ക്കുകയും ഇടറോഡുകളിൽ നൂറു മീറ്റർ ഇടവിട്ട് പോലീസിനെ വിന്യസിക്കുകയും ചെയ്യുന്ന രീതി പതിവായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആവശ്യപ്രകാരമായിരുന്നു അഡ്വാൻസ് പൈലറ്റ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിലും സുരക്ഷ പൂർണ്ണമായി ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ഡിജിപി. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ നിശ്ചയിക്കുന്നത്. എങ്കിലും, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ പ്രോട്ടോക്കോൾ പോലീസ് തയ്യാറാക്കും.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് ജി കാർത്തികേയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. വികാരനിര്‍ഭര രംഗങ്ങളാണ് വീട്ടിലുണ്ടായത്. ജി കാര്‍ത്തികേയന്റെ പത്‌നി സുലേഖ ടീച്ചറെ കെട്ടിപ്പിടിച്ച വി ഡി സതീശന്‍ കണ്ണു നിറഞ്ഞ് വിതുമ്പി. സുലേഖ ടീച്ചര്‍ സതീശനെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് സുലേഖയുമായി വി ഡി സതീശന്‍ ആശയവിനിമയം നടത്തി.
കാര്‍ത്തികേയന്‍ സാറുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോയ ആളാണ് താന്‍. തിരിച്ചു വന്നപ്പോള്‍ 1996 ലും 2001 ലും നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്നും, എംഎല്‍എയായാല്‍ പാര്‍ട്ടിക്ക് നേട്ടമായിരിക്കുമെന്ന് എകെ ആന്റണിയേയും കെ കരുണാകരനേയും കണ്ടു പറഞ്ഞ് ബോധ്യപ്പെടുത്തിയ ആളാണ് കാര്‍ത്തികേയന്‍. ഇതെന്റെ കുടുംബമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
‘ഞാനാണ് ഈ വീട്ടിലെ മൂത്ത ആളെന്ന് ജി കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരിനാഥനോട് പറയാറുണ്ട്. സുലേഖ ടീച്ചറും എല്ലാക്കാലത്തും തന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്. കാര്‍ത്തികേയന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ് താന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ് ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ കുടുംബവും. ഇവിടെ വന്നില്ലെങ്കില്‍ പിന്നെ താനെവിടെ പോകാനാണെന്നും’ വിഡി സതീശന്‍ ചോദിച്ചു.
ഞങ്ങള്‍ക്ക് രണ്ടാണ്‍മക്കളാണുള്ളതെന്നും, അവരുടെ ചേട്ടനാണ് സതീശനെന്നും സുലേഖ ടീച്ചര്‍ പ്രതികരിച്ചു. നിങ്ങള്‍ക്കെല്ലാം സതീശന്‍ മുഖ്യമന്ത്രി ആയിരിക്കാം. എന്നാല്‍ എനിക്കും കാര്‍ത്തികേയന്‍ സാറിനും സതീശന്‍ ഞങ്ങളുടെ മൂത്ത മകനാണ്. സതീശന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് കാര്‍ത്തികേയനാണ്. അവന്‍ കേരളത്തിന്റെ ഭാവിയാണെന്ന് കാര്‍ത്തികേയന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെപ്പോലെ പാവങ്ങളെ ചേര്‍ത്തുപിടിക്കുന്ന, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, കേരളം എന്നെന്നും ഓര്‍ക്കുന്ന മുഖ്യമന്ത്രിയായി സതീശന്‍ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും സുലേഖ പറഞ്ഞു.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത്, ഒരു വിദ്വേഷ ക്യാംപെയ്ന്‍ സംസ്ഥാനത്ത് ഉണ്ടാക്കി കേരളത്തില്‍ വിഭജനം ഉണ്ടാക്കാനാണെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ കൂടെയുള്ള പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച കക്ഷിയാണ്. കെ കരുണാകരന്റെ കാലം മുതല്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. വിജയത്തില്‍ അവര്‍ക്കും പ്രധാന റോളുണ്ട്.
കേരളത്തില്‍ മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ ആ സ്‌പേസ് വര്‍ഗീയശക്തികള്‍ കയ്യടക്കും. അതിനെ തടുത്തു നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് മുസ്ലിം ലീഗ്. ലീഗിനെ എതിര്‍ക്കുന്നവര്‍ അതുകൂടി മനസ്സിലാക്കണം. വിദ്വേഷ പ്രചാരണത്തോട് ഒരു വിട്ടുവീഴ്ചയുമില്ല. മതേതര നിലപാടില്‍ ഒരു കോംപ്രമൈസുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ല, പിന്നെയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കോംപ്രമൈസ് ചെയ്യാന്‍ പോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളത്തെ ഭിന്നിപ്പിക്കാന്‍ ഒരു തരത്തിലും സമ്മതിക്കില്ല. വരാനിരിക്കുന്ന തലമുറകള്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഒരു കേരളം. അതു തകര്‍ക്കാന്‍ ഒരു ശക്തിയെയും സമ്മതിക്കില്ല. എന്തു വില കൊടുത്തും അതിനെ എതിര്‍ക്കും. സാമുദായനേതാക്കളുടെ ബാഗത്തു നിന്നും ഒരിക്കലും അത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്നാണ് തന്റെ അഭ്യര്‍ത്ഥന. അവര്‍ക്ക് വേണമെങ്കില്‍ വ്യക്തിപരമായി തന്നെ വിമര്‍ശിക്കാം. ഇത് മതേതര കേരളമാണ്. ഇതില്‍ ഒരു പോറല്‍ വീഴ്ത്താന്‍ പോലും സമ്മതിക്കില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് യോഗം ഇന്ന് ചേരും. കെസി വേണുഗോപാല്‍ ഇന്നെത്തും. രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി നേതൃത്വം എല്ലാവരുമായി കൂടിയാലോചിച്ച്, കോണ്‍ഗ്രസിന്റെ കാര്യം കൂടി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ താന്‍ പോയി കാണും. അദ്ദേഹം തന്റെ കൂടി നേതാവാണ്. മന്ത്രിസഭയില്‍ നല്ല ടീം ഉണ്ടാകും. ഒറ്റയ്ക്ക് ഒരാള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത പിണറായി വിജയനെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹത്തെ വാടക വീട്ടില്‍ പോയി ഉറപ്പായും കാണുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

by Midhun HP News | May 15, 2026 | Latest News, ദേശീയ വാർത്ത
ബീജിങ്: ഇറാന്‍ ‘അവസാനിച്ചു’ എന്നും നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒന്നെങ്കില്‍ ചര്‍ച്ചകളിലൂടെ കരാറിലെത്തണം അല്ലെങ്കില്‍ നാശത്തെ അഭിമുഖീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ആണവായുധം കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു. ‘അവര്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. അവര്‍ക്ക് ഒന്നുകില്‍ കരാറുണ്ടാക്കാം. അല്ലെങ്കില്‍ അവര്‍ നാമാവശേഷമാകും. ഇറാന്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഷി ജിന്‍പിങുമായി കൂടിക്കാഴ്ച കൂടി നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിഞ്ഞ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങും.
യുഎസും ഇറാനും തമ്മില്‍ കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ‘എന്തെങ്കിലും രീതിയില്‍ സഹായിക്കാന്‍ കഴിയുമെങ്കില്‍, സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എന്ന് ഷി ജിന്‍ പിങ് വാഗ്ദാനം ചെയ്തതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നത് ചൈനയും ആഗ്രഹിക്കുന്നില്ലെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഇറാനിലെ ഖാര്‍ഗ് ദ്വീപ് വെറും ‘നാലോ അഞ്ചോ മിനിറ്റിനുള്ളില്‍’ നിര്‍വീര്യമാക്കാന്‍ യുഎസിന് കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ അറിയിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഇറാനുള്ള ചൈനയുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇക്കാര്യം ഷിയുമായി ചര്‍ച്ച ചെയ്തതായും ഇറാനു സൈനിക ഉപകരണങ്ങള്‍ നല്‍കില്ലെന്ന് ഷി തനിക്ക് ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു. നിലവില്‍ ഇറാനിയന്‍ എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. ചൈനയുമായുള്ള തന്റെ ബന്ധം മികച്ചതാണെന്നും ഷി ജിന്‍പിങ് ശക്തനായ ഒരു നേതാവാണെന്നും ട്രംപ് ആവര്‍ത്തിച്ചു.
ഇറാനെതിരെയുള്ള സൈനിക നടപടികളെ ന്യായീകരിച്ച ട്രംപ്, വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളെ അപേക്ഷിച്ച് ഇത് വളരെ ചുരുങ്ങിയ സമയം മാത്രമേ എടുക്കൂ എന്ന് പറഞ്ഞു. ഇറാന്റെ നാവികസേനയെ തകര്‍ത്തതായും അവര്‍ക്ക് ഇപ്പോള്‍ വ്യോമസേനയോ വിമാനവിരുദ്ധ ശേഷിയോ ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, ആപ്പിള്‍ മേധാവി ടിം കുക്ക് തുടങ്ങിയ പ്രമുഖ സിഇഒമാരെയും സന്ദര്‍ശനത്തില്‍ ട്രംപ് കൂടെ കൂട്ടിയിരുന്നു. അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ താന്‍ ഷി ജിന്‍പിങ്ങിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അതിനോട് അനുകൂലമായി പ്രതികരിച്ചതായും ട്രംപ് പറഞ്ഞു. ടെക്‌സസ്, ലൂയിസിയാന, അലാസ്‌ക എന്നിവിടങ്ങളിലേക്ക് ചൈനീസ് കപ്പലുകള്‍ അയച്ചു തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.
കൂടാതെ, ചൈനീസ് വിപണികള്‍ തുറന്നു കൊടുക്കണമെന്നും അത് യുഎസ് കമ്പനികള്‍ക്കും ചൈനയ്ക്കും നല്ലതാണെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ 200 ബോയിങ്് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഷി ജിന്‍ പിങ് സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി. വ്യാപാരത്തിനായി ‘വിസ’ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചതായും വലിയ അളവില്‍ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചൈന വാങ്ങുമെന്നും ട്രംപ് പറഞ്ഞു.

by Midhun HP News | May 15, 2026 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് എച്ച്.എം അനീഷ് ജ്യോതി ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ ദിവ്യ കെ.ഐ, സബീത എസ്, ശ്രീജ ആർ. ശിവാനന്ദൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
80-ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പിൽ, ഒന്നാം ബാച്ചിന് ഗണിതശാസ്ത്ര അധ്യാപികയും ട്രെയിനെറുമായ ഉമ മഹേശ്വരി ക്ലാസുകൾ നയിയ്ക്കുന്നതിൽ നേതൃത്വം വഹിച്ചു.
by Midhun HP News | May 15, 2026 | Latest News, കേരളം
കൊല്ലം: ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആയൂർ റോഡുവിള അൻവർ മൻസിലിൽ അൻവർ ഷാ (23) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അജ്മൽ, അഫ്സൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലരാത്രി 8:45-ഓടെയാണ് അപകടം നടന്നത്. ആയൂർ ബാറിന് സമീപത്തെ റോഡിൽ നിന്നും എം.സി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കിൽ ആയൂർ ഭാഗത്തുനിന്നും ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൻവർ ഷാ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റ് രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Tourist Destinations
അൻവർ ഷായുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ചടയമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
Recent Comments