വന്ദേഭാരതില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ പഴകിയ ഭക്ഷണം പിടികൂടി

വന്ദേഭാരതില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ പഴകിയ ഭക്ഷണം പിടികൂടി

കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ, പഴകിയ ഭക്ഷണം പിടികൂടി. കൊച്ചി കടവന്ത്രയില്‍നിന്നാണ് ഭക്ഷണം പിടികൂടിയത്. ആരോഗ്യവിഭാഗം പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഭക്ഷണം അടച്ചുവെയ്ക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു. ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി.

സ്വകാര്യ വ്യക്തി കരാറെടുത്ത സ്ഥാപനമാണിത്. ഇവിടെ നിന്നാണ് ട്രെയിനിലടക്കം ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവിടെ നിന്നും തയ്യാറാക്കുന്ന ഭക്ഷണം കവറുകളിലാക്കിയാണ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്നത്. മുട്ട, സാമ്പാര്‍, ചപ്പാത്തി അടക്കമുള്ള പഴകിയ ഭക്ഷണമാണ് കണ്ടെത്തിയത്. ദുര്‍ഗന്ധം കാരണം നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. വൃത്തിഹീനമായി സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നു എന്ന പരാതിയിലാണ് കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യം വിഭാഗം പരിശോധനയ്‌ക്കെത്തിയത്.

അതിഥി തൊഴിലാളികളാണ് കാറ്ററിങ് സെന്ററിലെ പാചകകാര്‍. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും അടപ്പില്ലാതെ തുറന്നനിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സ്ഥാപനത്തിന് ലൈസന്‍സില്ല. നേരത്തെ മാലിന്യപ്രശ്‌നത്തിന്റെ പേരില്‍ പതിനായിരം രൂപ പിഴ ഈടാക്കിയിരുന്നയായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊഴിലാളികള്‍ താമസിക്കുന്ന ഇടത്തെ വൃത്തിഹീനമായ ചുറ്റുപാടിനെ പറ്റി നാട്ടുകാര്‍ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കിയിരുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം വിജയം

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം വിജയം

കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ മേഖലാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി 11 വര്‍ഷം ഒന്നാം സ്ഥാനത്ത് അപ്രമാദിത്വം തുടര്‍ന്നിരുന്ന തിരുവനന്തപുരത്തിന്റെ ജൈത്രയാത്ര അവസാനിപ്പിച്ച് വിജയവാഡ മേഖല. 2025ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ 99.60 ശതമാനം വിജയത്തോടെയാണ് വിജയവാഡ മേഖല തിരുവനന്തപുരത്തെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. 99.32 ശതമാനമാണ് തിരുവനന്തപുരത്തിന്റെ വിജയം.

2014 ല്‍ രൂപീകൃതമായതിനുശേഷം സ്ഥിരമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം രേഖപ്പെടുത്തിയിരുന്നത് തിരുവനന്തപുരമായിരുന്നു. 2024 ല്‍ ഇത് 99.91 ശതമാനമായിരുന്നു. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടെങ്കിലും ദേശീയ ശരാശരിയായ 88.39 ശതമാനത്തേക്കാള്‍ ഏറെ മുകളിലാണ് തിരുവനന്തപുരം മേഖല. സിബിഎസ്ഇ രാജ്യത്തെ 17 മേഖലകളായാണ് വിഭജിച്ചിരിക്കുന്നത്. 26,675 സ്‌കൂളുകള്‍ ഇതുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

97.39 ശതമാനം വിജയത്തോടെ ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. സ്ഥാപനങ്ങളില്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ 99.29 ശതമാനം വിജയത്തോടെ മുന്നിലാണ്. തൊട്ടുപിന്നില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ ആണ്. 99.05 ശതമാനം വിജയം. ദേശീയതലത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പെണ്‍കുട്ടികളുടെ വിജയശതമാനം 91.64 ശതമാനം ആണ്. ആണ്‍കുട്ടികളുടേത് 85.70 ശതമാനമാണ്. 5.94 ശതമാനം വ്യത്യാസം. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ 100 ശതമാനം വിജയം നേടിയത് ശ്രദ്ധേയമായി.

തിരുവനന്തപുരം മേഖലയില്‍ പരീക്ഷ എഴുതിയ 21,030 പെണ്‍കുട്ടികളില്‍ 20,938 പേരും വിജയിച്ചു. 20,188 ആണ്‍കുട്ടികളില്‍ 19,999 പേരാണ് വിജയിച്ചത്. തിരുവനന്തപുരം മേഖലയ്ക്ക് കീഴിലുള്ള ലക്ഷദ്വീപ് 100 ശതമാനം വിജയം നേടി.

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിങ് നടത്തും. ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പയിനില്‍ 15.5 ലക്ഷത്തോളം സ്ത്രീകള്‍ സ്‌ക്രീനിങ് നടത്തി. തുടര്‍പരിശോധനയും ചികിത്സയും ഉറപ്പാക്കി. 242 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു.

സ്തനാര്‍ബുദം, ഗര്‍ഭാശയ ഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകള്‍ക്കും സ്‌ക്രീനിങ്ങുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രി, ലാബുകള്‍ എന്നിവയും ക്യാമ്പയിനില്‍ സഹകരിക്കും. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യം. എപിഎല്ലിന് മിതമായ നിരക്ക് മാത്രമാണ് ഈടാക്കുക. ഭാരം കുറയല്‍, വിട്ടുമാറാത്ത ചുമ, ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസ്സം, ശരീരത്തിലെ മുഴകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മരണവാർത്ത മറച്ചുവെച്ചു, വേടന്റെ പരിപാടിയുടെ സംഘാടകർക്കെതിരെ മരിച്ച ടെക്നീഷ്യന്റെ കുടുംബം

മരണവാർത്ത മറച്ചുവെച്ചു, വേടന്റെ പരിപാടിയുടെ സംഘാടകർക്കെതിരെ മരിച്ച ടെക്നീഷ്യന്റെ കുടുംബം

തിരുവനന്തപുരം: കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ സംഗീതപരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ കുടുംബം. മഴപെയ്തു നനഞ്ഞു കിടന്ന പാടത്തായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ പരിപാടിയിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്നും മരിച്ച ലിജു ഗോപിനാഥിന്റെ കുടുംബം ആരോപിച്ചു.

ചിറയിന്‍കീഴ് സ്വദേശിയാണ് മരിച്ച ലിജു ഗോപിനാഥ്. എട്ടിന് നടക്കേണ്ട പരിപാടിക്കായി വൈകുന്നേരം നാലുമണിയോടെ സ്റ്റേജിന് സമീപത്തായി ഡിസ്‌പ്ലേവെയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ലിജുവിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് വളരെ വൈകിയ ശേഷമാണ് പ്രോഗ്രാം കാന്‍സല്‍ ചെയ്തതായി അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.

മരണത്തിന് ശേഷം സംഘാടകര്‍ കുടുംബത്തെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇവര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംഘാടകര്‍ ചിലര്‍ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ വേടന്‍ അന്ന് ഈ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ലിജു. ആവശ്യമായ നിയമനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ പരാതിയുമായി മുഖ്യമന്ത്രിയേയും ഉന്നത പോലീസ് മേധാവികളെയും വകുപ്പുകളെയും സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കി.

ഡിസ്‌പ്ലേക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചിരുന്ന കേബിളുകള്‍ എല്ലാം തന്നെ പാടത്ത് വെള്ളത്തിനടിയില്‍ ആയിരുന്നു. ഇതാണ് വൈദ്യുതാഘാതം ഏല്‍ക്കാന്‍ കാരണമെന്ന് കുടുംബം പ്രതികരിച്ചു.

പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍ അപേക്ഷിക്കാം, സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്, ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്‌മെന്റ്

പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍ അപേക്ഷിക്കാം, സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്, ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്‌മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും.ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.

വക്കം – കായിക്കര കടവ് പാലം നിർമാണം ഉടൻ ആരംഭിക്കും: ഒ. എസ്. അംബിക എം.എൽ.എ

വക്കം – കായിക്കര കടവ് പാലം നിർമാണം ഉടൻ ആരംഭിക്കും: ഒ. എസ്. അംബിക എം.എൽ.എ

വക്കം -കായിക്കര കടവ് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഒ എസ് അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. വക്കത്തെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കായിക്കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലം പ്രദേശവാസികളുടെ നിരവധി കാലത്തെ അഭിലാഷമായിരുന്നു.

കിഫ്ബി ഫണ്ടിൽ നിന്ന് 21 കോടി 21 ലക്ഷത്തി 32 ആയിരത്തി 770രൂപ അനുവദിച്ചാണ് പാലം നിർമ്മിക്കുന്നത്. അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഒരുകോടി 28 ലക്ഷത്തി അമ്പത്തിയാറായിരത്തി എഴുന്നൂറ്റി എഴുപത് രൂപയും അനുവദിച്ചിട്ടുണ്ട്. പാലം നിർമാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരെ നിശ്ചയിക്കുകയും സെലക്ഷൻനോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

സ്ഥലം ഏറ്റെടുക്കലിനുള്ള വില നിശ്ചയിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചു കഴിഞ്ഞു.മൂന്നുവശവും കായലുകളാൽ ചുറ്റപ്പെട്ട വക്കം പ്രദേശത്തെ നിർദിഷ്ട തീരദേശ പാതയിലെ കായിക്കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലം വലിയ സാധ്യതയാണ് ഈ പ്രദേശത്തിന് തുറന്നു നൽകുക.വക്കത്തിന്റെ കായലോര ടൂറിസം ഭംഗി ആസ്വദിക്കുന്നതിനും, പ്രാദേശിക ടൂറിസം വികസിക്കുന്നതിനും ഇത് സഹായകരമാകും.ഐ എൻ എ ഹീറോ വക്കം ഖാദറിന്റെ ജന്മനാടായ വക്കത്തെ മഹാകവി കുമാരനാശാൻറെ ജന്മനാടായ കായ്ക്കരയുമായി ബന്ധിപ്പിക്കുന്നു എന്ന സാംസ്കാരിക -ചരിത്ര പ്രാധാന്യവുംഈ പാലത്തിനുണ്ട്. നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ച് സാധ്യമായ പരമാവധി വേഗതയിൽ പൂർത്തിയാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും എന്ന് MLA വാർത്താ കുറിപ്പിൽ അറിയിച്ചു.