സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിൽ സ്ഥാപനങ്ങളിൽ പണിമുടക്ക് നോട്ടീസുകൾ നൽകി

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിൽ സ്ഥാപനങ്ങളിൽ പണിമുടക്ക് നോട്ടീസുകൾ നൽകി

ഫെബ്രുവരി 12 ൻ്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക! പണിമുടക്ക് നോട്ടീസുകൾ നൽകി തുടങ്ങി തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, വിത്ത് ബിൽ ഉപേക്ഷിക്കുക, ആണവോർജ്ജ മേഖലയെ സ്വകാര്യവൽക്കരിക്കുന്ന ” ശാന്തി ബിൽ 2025 ” പിൻവലിക്കുക, കർഷകദ്രോഹ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12 ന് നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി തൊഴിൽ സ്ഥാപനങ്ങളിൽ പണിമുടക്ക് നോട്ടീസുകൾ നൽകി തുടങ്ങി.

സഹകരണ മേഖലയിൽ ആറ്റിങ്ങൽ ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ സിഐടിയു ഭാരവാഹികളും യൂണിയൻ ഭാരവാഹികളുമായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം .മുരളി, ജി.വേണുഗോപാലൻ നായർ ,എസ്.രാജശേഖരൻ, ഗായത്രി ദേവി, ശിവൻപിള്ള,ആർ.അനിത, കെ.ബിബിൻ, എൻ.എച്ച് സീന എന്നിവർ ചേർന്ന് ബാങ്ക് സെക്രട്ടറിക്ക് പണിമുടക്ക് നോട്ടീസ് നൽകി.

വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക്; മ്യാൻമർ അതിർത്തിയിലെ ഭീകര ക്യാംപുകള്‍ തകർത്തു

വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക്; മ്യാൻമർ അതിർത്തിയിലെ ഭീകര ക്യാംപുകള്‍ തകർത്തു

ഡൽഹി: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും നടത്തിയെന്ന് സമ്മതിച്ച് ഇന്ത്യ. ഇന്ത്യാ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 2025 ജൂലൈ മാസത്തില്‍ നടത്തിയ ഓപ്പറേഷനെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിലാണ് ഔദ്യോഗിക സ്ഥിരീകരണം. ലഫ്റ്റനന്റ് കേണല്‍ ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സ്ഥിരീകരണം.

2025 ജൂലൈ 11നും 13നും ഇടയില്‍ ഇന്ത്യ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കം നടത്തിയത് കേണൽ ശ്രീകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു. അനവധി തീവ്രവാദികൾ കൊല്ലപ്പെട്ട ഈ ഓപ്പറേഷൻ്റെ വിശദവിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ കിഴക്കന്‍ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമിച്ചെന്ന് സ്വതന്ത്ര അസം എന്ന ആവശ്യവുമായി മ്യാൻമറിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇൻഡിപെൻഡൻ്റ് (ULFA- I) എന്ന തീവ്ര സംഘടന ജൂലൈ 13ന് പ്രസ്താവന ഇറക്കിയിരുന്നെങ്കിലും ഇന്ത്യ മൗനം പാലിച്ചു.

പിന്നാലെ സംഘടനയുടെ ലഫ്റ്റനന്റ് ജനറൽ നയൻ മെധി കൊല്ലപ്പെട്ടതായി സായുധഗ്രൂപ്പ് വെളിപ്പെടുത്തി. നയന്‍ മേധിയുടെ സംസ്കാരം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടാവുകയും ബ്രിഗേഡിയര്‍ ഗണേഷ് അസം, കേണല്‍ പ്രദീപ് അസം എന്നിവര്‍ കൊല്ലപ്പെട്ടതായും സംഘടന വ്യക്തമാക്കി. 9 ഭീകരരാണ് അന്ന് കൊല്ലപ്പെട്ടത്. എന്നാൽ അപ്പോഴും ഇന്ത്യ പ്രതികരണത്തിന് മുതിർന്നില്ല.

സൈനിക നടപടി യുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്ത സൈന്യം, രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഗ്രൂപ്പിന്റെ ക്യാംപ് ലക്ഷ്യമിട്ടു എന്നുമാത്രമാണ് ശൗര്യചക്ര ബഹുമതിക്കൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ദീപക്കിൻ്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി

ദീപക്കിൻ്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: ബസിനുള്ളിലെ വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തിട്ടുള്ളത്. നിലവില്‍ ഷിംജിത റിമാന്റിലാണ്.

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു; റിപ്പോര്‍ട്ട്

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു; റിപ്പോര്‍ട്ട്

കോട്ടയം: എസ്എന്‍ഡിപി- എസ്എസ്എസ് ഐക്യം പാളിയത് സംവരണ വിഷയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഐക്യം യാഥാര്‍ത്ഥ്യമായാല്‍ ഗുണം എസ്എന്‍ഡിപിക്ക് ആയിരിക്കുമെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ആകെയുള്ള 28 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തുവെന്നാണ് സൂചന.

ഐക്യം ഉണ്ടാക്കുന്നത് സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് തിരിച്ചടി ഉണ്ടാക്കും. ആത്യന്തികമായി ഗുണം ചെയ്യുക എസ്എന്‍ഡിപിക്കാണ്. അതിനാല്‍ ഐക്യത്തിന് കൈ കൊടുക്കേണ്ടതില്ലെന്ന് 25 പേര്‍ കര്‍ശന നിലപാട് സ്വീകരിച്ചു. യോഗം സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ശേഷിക്കുന്നവര്‍ നിലപാട് അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് ഐക്യത്തില്‍ നിന്നും പിന്മാറിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാനാകില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ല. മറ്റെല്ലാ സമുദായങ്ങളോടും എന്നതുപോലെ എസ്എന്‍ഡിപിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് എന്‍എസ്എസ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

എസ്എന്‍ഡിപി-എസ്എസ്എസ് ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുണ്ടെന്ന് പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ഐക്യത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചിരുന്നു. നേരത്തെയും സംവരണ വിഷയത്തില്‍ തട്ടിയാണ് എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യ ശ്രമങ്ങള്‍ തകര്‍ന്നിരുന്നത്.

ആലംകോട് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ആലംകോട് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ആലംകോട്: ആലംകോട് പള്ളിമുക്കിനു സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിമുക്ക് ആയംപള്ളി സലീന മൻസിലിൽ അബ്ദുൽ മജീദ് (73) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. മകനൊപ്പമാണ് അബ്ദുൽ മജീദ് താമസം. കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും നഗരൂർ പോലീസ് അറിയിച്ചു.

ചെറുന്നിയൂരിൽ സ്കൂൾ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചെറുന്നിയൂരിൽ സ്കൂൾ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചെറുന്നിയൂരിൽ സ്കൂൾ ജീവനക്കാരനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കവലയൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലർക്കും ചെറുന്നിയൂർ സ്വദേശിയുമായ വിപിനെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. കുടുംബവുമൊത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം. NGO യൂണിയൻ അംഗവും FSETO ചെറി മേഖലാ കമ്മിറ്റി അംഗവും നാടക നടനും പൊതുപ്രവർത്തകനും ആയിരുന്നു വിപിൻ. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മാർട്ടം നടപടികൾക്ക്‌ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.