മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: പൂർവ്വ സൈനിക സംഘർഷ സമിതി കേരള (പി.എസ്.എസ്.എസ്.കെ) ചിറയിൻകീഴ് താലൂക്ക് യൂണിറ്റും, ഇ.സി.എച്ച്. എസ്‌ കിളിമാനൂരും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അവനവഞ്ചേരിയിൽ നടന്ന ക്യാമ്പിൽ പൂർവ്വ സൈനികരും ആശ്രിതരും പങ്കെടുത്തു. ഇ.സി.എച്ച്.എസ് മെഡിക്കൽ ടീം ആംബുലൻസിൽ ഗൃഹസന്ദർശനം നടത്തി കിടപ്പു രോഗികൾക്ക് വൈദ്യ പരിചരണം നൽകി. തുടർന്ന് കൊച്ചാലുമ്മൂട്ടിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ഡോ. അനുഷ ബോധവൽക്കരണ ക്ലാസ് നടത്തി. ഇ.സി.എച്ച്.എസ് ഓഫീസർ ഇൻ ചാർജ് കേണൽ സുരേന്ദ്രൻ, സതീഷ് ആറ്റിങ്ങൽ, പ്രസാദ് ചന്ദ്രൻ മാമം, ബാബു പി.കെ തുടങ്ങിയവർ സംസാരിച്ചു.

ചരിത്രത്തിന്റെ ആവര്‍ത്തനം, വിഎസിന് ശേഷം ‘ജനവികാരം’ ഭരണസാരഥ്യം ഏല്‍പ്പിച്ച വിഡിഎസ്, സമാനതകളേറെ

ചരിത്രത്തിന്റെ ആവര്‍ത്തനം, വിഎസിന് ശേഷം ‘ജനവികാരം’ ഭരണസാരഥ്യം ഏല്‍പ്പിച്ച വിഡിഎസ്, സമാനതകളേറെ

കൊച്ചി: വി ഡി സതീശന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍, രണ്ടു പതിറ്റാണ്ടു മുമ്പത്തെ കേരള രാഷ്ട്രീയസാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. 2006 ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026 ല്‍ അത് കോണ്‍ഗ്രസായി മാറി. അന്ന് വി എസ് അച്യുതാനന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ സിപിഎം ശ്രമിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പിബി ഇടപെട്ട് വിഎസിന് സീറ്റ് നല്‍കുകയും, വിജയിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുകയും ചെയ്തു.

ഒരു ഭരണപരിചയവും ഇല്ലാതെയായിരുന്നു വിഎസ് അന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തന മികവും, അതിന്റെ തിളക്കത്തില്‍ ആര്‍ജ്ജിച്ച ജനകീയ പിന്തുണയുമായിരുന്നു വിഎസിന്റെ പ്രവര്‍ത്തനത്തില്‍ മികവായത്. സമാനമായ സ്ഥിതിവിശേഷമാണ് വിഡി സതീശനും. പഞ്ചായത്തില്‍ അടക്കം ഒരുതരത്തിലുള്ള മുന്‍ ഭരണപരിചയവും ഇല്ലാതെയാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടുണ്ടാക്കിയ ജനകീയ പരിവേഷമാണ് കൈമുതല്‍.

ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയതോടെ തകര്‍ന്നുപോയ കോണ്‍ഗ്രസിനെ വീണ്ടും കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു സതീശന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. നിയമസഭയിലും പുറത്തും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നില്‍ നിന്ന് നയിച്ച സതീശന്‍ പാര്‍ട്ടിയെ വീണ്ടും സമരോത്സുകരാക്കി. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് മികച്ച വിജയം നേടാന്‍ മുന്നില്‍ നിന്ന് നയിച്ചു. ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലും വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് വിജയത്തിലെത്തി.കോണ്‍ഗ്രസിന് 63 സീറ്റും യുഡിഎഫിന് 100 ലേറെ സീറ്റും ലഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പു മുതല്‍ വിഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നത്. യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ സതീശന്റെ പ്രവചനം അച്ചട്ടായി മാറി. ഒടുവില്‍ പ്രവര്‍ത്തന മികവിന് അംഗീകാരമായി മുഖ്യമന്ത്രി പദവും വിഡി സതീശനെ തേടിയെത്തി. പറവൂര്‍ മണ്ഡലത്തില്‍ നിന്നാണ് സതീശന്‍ നിയമസഭയിലെത്തിയത്. എറണാകുളത്തു നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് സതീശന്‍.

‘സന്തോഷമുള്ള തീരുമാനം, സതീശന് പൂര്‍ണപിന്തുണ’; അഭിനന്ദിച്ച് വേണുഗോപാല്‍

‘സന്തോഷമുള്ള തീരുമാനം, സതീശന് പൂര്‍ണപിന്തുണ’; അഭിനന്ദിച്ച് വേണുഗോപാല്‍

ഡല്‍ഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. 102 അംഗ ഭൂരിപക്ഷമെന്ന ജനങ്ങളുടെ വിധി അംഗീകരിക്കുന്നു. മുഖ്യമന്ത്രിയായ വിഡി സതീശനെ അഭിനന്ദിക്കുന്നു. ഇനി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

‘ഹൈക്കമാന്‍ഡ് തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസിന് 102 അംഗ ഭൂരിപക്ഷമെന്നത് കോണ്‍ഗ്രസിന്റെ സമകാലീന ചിത്രത്തില്‍ ഇല്ലാത്ത ഒന്നാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പമുള്ള യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലുണ്ടാകും. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് തീരുമാനിച്ച വി ഡി സതീശനെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും’ അദ്ദേഹം പറഞ്ഞു.

സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അറിയിക്കാനായി രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴാണ് ചെന്നിത്തല തന്റെ അതൃപ്തി വ്യക്തമാക്കിയത്. പാർട്ടിയിൽ എന്നും അച്ചടക്കം പാലിച്ചിട്ടും സീനിയോറിറ്റി മാനദണ്ഡമാക്കാത്തതിൽ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.

നിലവിലെ എം.എൽ.എമാരിൽ ഏറ്റവും സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡുമായി ഭരണരംഗത്ത് ചരിത്രം കുറിച്ച അദ്ദേഹം, മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ അവസാന നിമിഷം വരെ സജീവമായിരുന്നു. എന്നാൽ യുവനേതൃത്വത്തിന് മുൻഗണന നൽകാനുള്ള ഹൈക്കമാൻഡ് തീരുമാനമാണ് സതീശന് തുണയായത്.

നിർണ്ണായക നീക്കങ്ങൾ:

മന്ത്രിസഭയിലേക്കില്ല: പുതിയ മന്ത്രിസഭയിൽ അംഗമാകാനില്ലെന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.

യോഗം ബഹിഷ്കരിച്ചേക്കും: തീരുമാനത്തിൽ പ്രതിഷേധിച്ചു ഇന്ന് നടക്കുന്ന നിർണ്ണായകമായ നിയമസഭാകക്ഷി യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

പ്രതിപക്ഷ നേതാവായും കെ.പി.സി.സി പ്രസിഡന്റായും ആഭ്യന്തര മന്ത്രിയായും പാർട്ടിയെ നയിച്ച ചെന്നിത്തലയെ മാറ്റിനിർത്തിയത് വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗസംഘം പിടിയില്‍

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗസംഘം പിടിയില്‍

ഡല്‍ഹി: ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ സൈനിക് ഫാംസ് മേഖലയിലാണ് സംഭവം നടന്നത്.

ഹരിയാന ഫത്തേഹാബാദ് സ്വദേശി സുരേന്ദര്‍ (31), ഡല്‍ഹി കല്‍ക്കാജി സ്വദേശി കല്‍പന കുമാരി (40), ഫത്തേഹാബാദ് സ്വദേശികളായ കുല്‍ദീപ്, സുശീല്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ പ്രതിയായ സുരേന്ദര്‍ മഥുരയില്‍ പോസ്റ്റിങ് ലഭിച്ച, നിലവില്‍ സേവനത്തിലുള്ള സൈനികനാണ്. എന്നാല്‍ ഇയാള്‍ അവിടെ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

72കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയാണ് പ്രതികള്‍ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോകുകയും മര്‍ദിച്ചു കവര്‍ച്ച നടത്തിയത്. പ്രതികള്‍ വയോധികനെ വീട്ടില്‍ കയറി മര്‍ദിച്ച് പണവും ആഭരണങ്ങളും രേഖകളും കവര്‍ന്ന ശേഷം അദ്ദേഹത്തിന്റെ തന്നെ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും ഇത് ലഭിക്കാതെ വന്നതോടെ ഡല്‍ഹി-മുംബൈ ഹൈവേയ്ക്ക് സമീപം ഹരിയാനയില്‍ ഇയാളെ ഉപേക്ഷിച്ചു മടങ്ങി.

പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതികളായ കല്‍പനയും സുരേന്ദറും വിവാഹമോചിതരാണെന്ന് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 2025 നവംബറില്‍ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. മേയ് 2ന് വൈകിട്ട് ഇരയായ വയോധികന്‍ സൈനിക് ഫാംസിലെ വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം പരിചയക്കാരിയായ കല്‍പന അദ്ദേഹത്തെ കാണാനെത്തിയത്. എന്നാല്‍ ഇവര്‍ക്കൊപ്പം മറ്റ് പ്രതികളും വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയുമായിരുന്നു.

ടേപ്പ് ഉപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപ, ഡ്രോയറില്‍ ഉണ്ടായിരുന്ന 10,000 രൂപ, മൂന്ന് സ്വര്‍ണ മോതിരങ്ങള്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് അടങ്ങിയ പേഴ്‌സ് എന്നിവ സംഘം കവര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാറിലിരുത്തി മീററ്റ് ഭാഗത്തേക്ക് ഒന്നര മണിക്കൂറോളം സഞ്ചരിച്ചു. യാത്രയ്ക്കിടയില്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും, അപകടം പറ്റിയെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ സംഘടിപ്പിക്കാന്‍ വയോധികനെ കൊണ്ട് വിളിപ്പിക്കുകയും ചെയ്തു. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഹരിയാനയിലെ ഫിറോസ്പൂര്‍ ജിര്‍ക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാറിനേയും വയോധികനേയും ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

ദേശീയപാതയിലെ ഒരു ഡാബയില്‍ അഭയം പ്രാപിച്ച വയോധികന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് മേയ് 3ന് നെബ് സരായ് പൊലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് കവര്‍ച്ച ചെയ്ത തുകയും രണ്ട് സ്വര്‍ണമാലകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച എയര്‍ഗണും പൊലീസ് കണ്ടെടുത്തു.

വി ഡി സതീശനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥന, ശത്രുസംഹാരപൂജ

വി ഡി സതീശനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥന, ശത്രുസംഹാരപൂജ

ആലപ്പുഴ: കേരള മുഖ്യമന്ത്രി ആരാണെന്നതിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടെ, വി ഡി സതീശന്റെ പേരിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജ. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലാണ് സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തിയത്. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്.

സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയിലേക്ക് സതീശന് അനൂകൂലമായ തീരുമാനം ഉണ്ടാകുവാൻ വേണ്ടിയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. കഴിഞ്ഞ ദിവസം ആലുവ മഹാദേവ ക്ഷേത്രത്തിലും പ്രത്യേക പൂജകളും നടന്നിരുന്നു. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന് വേണ്ടി നടത്തിയത്.

സതീശനും വേമ്ടി ക്രിസ്ത്യൻ ദേവാലയങ്ങളിലും പ്രവര്‍ത്തകര്‍ വഴിപാടുകൾ നടത്തിയിട്ടുണ്ട്. കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിലും മർത്ത മറിയം വലിയ പള്ളിയിലുമാണ് സതീശന്‍റെ പേരിൽ വഴിപാട് നടത്തിയത്. ചെറിയ പള്ളിയിൽ ഒറ്റ കുർബാന സ്പെഷ്യലും, വലിയ പള്ളിയിൽ കെടാവിളക്കിനുമാണ് പണം അടച്ചത്.കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലും സതീശനും വേണ്ടി അനുയായികൾ പട്ടും തിരിയും നൽകി നേർച്ച നടത്തി. തഴവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നേർച്ച നടത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡുകളും കയ്യിലേന്തിയാണ് അനുയായികൾ എത്തിയത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദിൽ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്ത് നേതാവിനായി പ്രാർത്ഥിച്ചു.