by Midhun HP News | Jul 20, 2026 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുന്നത്.
കൊലപാതകം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സാക്ഷിവിസ്താരത്തിനും, വിശദമായ വാദത്തിനും ശേഷം ഇരട്ട കൊലപാതക കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ ഒരുങ്ങുമ്പോഴും, ബോയന്‍ നഗറിലെ മനസ്സുകളില്‍ ചെന്താമര ഉണ്ടാക്കിയ ഭയം കുറഞ്ഞിട്ടില്ല. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ചെന്താമരയെ പേടിച്ച് നിരവധി കുടുംബങ്ങള്‍ ജനിച്ച നാടും വീടും വിട്ട് ഇതര സ്ഥലങ്ങളിലേയ്ക്ക് താമസം മാറി.
വിധി പ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

by Midhun HP News | Jul 20, 2026 | Latest News, കേരളം
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയിലായി. മൂന്നു മാസത്തിനു ശേഷമാണ് റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഡോക്ടര്‍ റാം പിടിയിലാകുന്നത്. ഡോക്ടര്‍ റാമിനെ പൊലീസ് കണ്ണൂരിലെത്തിച്ചു.
നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ മുഖ്യപ്രതിയായ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ഡോ. റാം ഒളിവില്‍ താമസിക്കുന്നു എന്ന സൂചനയെത്തുടര്‍ന്ന് ആന്ധ്ര കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവന്നിരുന്നത്.
അതിനിടെ ഡോ. റാം ബംഗളൂരുവിലേക്ക് എത്തിയതായും സൂചന ലഭിച്ചു. ബംഗളൂരുവിലെ ഒരു ഫ്‌ലാറ്റില്‍ റാമിന്റെ ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. ഇവിടേക്ക് റാം എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം ബംഗളൂരുവിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കുടക് ഭാഗത്ത് ഡോക്ടര്‍ റാം എത്തിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കുടകില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം റാമിനെ വലയിലാക്കിയത്. ആന്ധ്രയിലെ ഗുണ്ടൂരിലും ചിറ്റൂരിലുമായാണ് ഡോക്ടര്‍ റാം ഒളിവില്‍ താമസിച്ചിരുന്നത്. ആന്ധ്രയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ഡോക്ടര്‍ റാമിന്റെ അടുത്ത ബന്ധുവാണ്. ഇയാളുടെ സംരക്ഷണയാണ് റാമിന് തുണയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 10 നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.

by Midhun HP News | Jul 20, 2026 | Latest News, കായികം
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമെന്ന ചിത്രം തെളിഞ്ഞപ്പോൾ തന്നെ ലയണൽ മെസിയും ലമീൻ യമാലും മൈതാനത്ത് നേർക്കനേർ വരുന്നതു കാണാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഫൈനൽ വിസിലിനു പിന്നാലെ മൈതാനത്ത് വച്ച് ഇരുവരും കെട്ടിപ്പെടിച്ചത് ഏറെ വൈകാരികത നിറഞ്ഞ മുഹൂർത്തമായി മാറുകയും ചെയ്തു. ആരാധകർക്ക് ഓർത്തു വയ്ക്കാവുന്ന ഒരു നിമിഷമായും ഇതു മാറി. മാത്രമല്ല രണ്ട് തലമുറയിലെ താരങ്ങളുടെ സംഗമമായും ഫൈനൽ മാറി.
39കാരനായ മെസിയും 19കാരനായ യമാലും ബാഴ്സലോണ, ലാ മാസിയ ബന്ധമുള്ളവർ കൂടിയാണ്. മാത്രമല്ല 2007ൽ യൂണിസെഫ് ഫോട്ടോഷൂട്ടിൽ കുഞ്ഞായ യമാലിനൊപ്പമുള്ള യുവ താരമായിരുന്ന മെസിയുടെ ചിത്രങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. 2007ല്‍ ബാഴ്‌സലോണയിലെ നൗകാംപ് സ്റ്റേഡിയത്തിൽ വെച്ച് പകര്‍ത്തിയ ഒരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. വെറും 20 വയസ് മാത്രം പ്രായമുള്ള ലയണല്‍ മെസി ബാത്ത് ടബ്ബിലെ വെള്ളത്തില്‍ കിടക്കുന്ന അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കുളിപ്പിക്കുന്നതായിരുന്നു ആ ചിത്രം. അന്ന് മെസിയുടെ കൈകളിലിരുന്ന് കളിച്ച ആ ചിരിത്തൂവല്‍ മറ്റാരുമല്ല ഇന്നത്തെ സ്പാനിഷ് സൂപ്പര്‍ താരം ലാമീന്‍ യമാലായിരുന്നു.
അതുകൊണ്ടു കൂടിയാണ് ഇരുവരുടേയും നേർക്കുനേർ പോരാട്ടം ശ്രദ്ധേയമായത്. അതിനു ശേഷമുള്ള കെട്ടിപ്പിടുത്തവും ആരാധകരുടെ മനം കവരുന്നതായത്. മത്സരത്തിൽ ഒരു ഗോളിനു സ്പെയിൻ അർജന്റീനയെ വീഴ്ത്തി രണ്ടാം ലോക കിരീടം ഉയർത്തിയിരുന്നു. പിന്നാലെയാണ് മൈതാനത്ത് തളർന്നിരുന്ന മെസിക്കരികിലേക്ക് യമാൽ എത്തിയത്. യമാൽ വരുന്നത് കണ്ട് സെമി എഴുന്നേൽക്കുന്നുണ്ട്. അതിനു ശേഷമാണ് ഇരുവരും കെട്ടിപ്പെടിച്ചത്. കുറച്ചു നേരം സംസാരിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായി മാറിയിട്ടുമുണ്ട്.
39കാരനായ മെസി തന്റെ മൂന്നാം ലോകകപ്പ് ഫൈനലാണ് കളിച്ചത്. യമാലാകട്ടെ കന്നി ലോകകപ്പ് ഫൈനലാണ് കളിച്ചത്. അതിൽ തന്നെ താരത്തിനു കിരീടം സ്വന്തമാക്കാനും സാധിച്ചു. അതും 19 വയസ് മാത്രമുള്ളപ്പോൾ. മത്സരത്തിൽ അധിക സമയത്തിന്റെ 106ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെയാണ് സ്പെയിൻ വിജയ ഗോൾ വലയിലിട്ടത്.

by Midhun HP News | Jul 20, 2026 | Latest News, കായികം
ലോക ചാമ്പ്യന്മാർ സ്പെയിൻ! അർജന്റീനയെ തകർത്ത് കിരീടം ചൂടി.ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോക ഫുട്ബോളിന്റെ രാജാക്കന്മാരായി. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലാണ് സ്പെയിൻ ചരിത്ര വിജയം സ്വന്തമാക്കിയത്.
പകരക്കാരനായി കളത്തിലിറങ്ങിയ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് സ്പെയിന് ലോകകിരീടം സമ്മാനിച്ചത്.
മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും സ്പെയിൻ വ്യക്തമായ ആധിപത്യം പുലർത്തിയപ്പോൾ, മറുഭാഗത്ത് ലയണൽ മെസ്സിയും കൂട്ടരും പൂർണ്ണമായി നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്.
വിഖ്യാതനായ പ്ലെയർ മെസ്സി പൂർണ്ണമായി കാഴ്ചക്കാരനാകുന്ന ഒരു വേൾഡ് കപ്പ് ഫൈനൽ ആണ് ഫുട്ബോൾ ലോകം കണ്ടത്. മെസ്സിയുടെ ചിറകിലേറി വീണ്ടുമൊരു കിരീടം നേടാം എന്നുള്ള ആരാധകരുടെ പ്രതീക്ഷകളെ പാടെ തകർക്കുന്ന രീതിക്കായിരുന്നു മൈതാനത്തെ അദ്ദേഹത്തിന്റെ പ്രകടനം.
ഒരു സമയത്ത് പോലും ബോളിന്മേൽ ആധിപത്യം സ്ഥാപിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, സ്പെയിന്റെ ഗോൾകീപ്പറിന് പലപ്പോഴും യാതൊരു പണിയും കൊടുക്കാതെ പോസ്റ്റിൽ ചാരി നിൽക്കേണ്ടി വരുന്ന അവസ്ഥയാണ് ഉണ്ടായത്.
സ്പെയിന്റെ കനത്ത പ്രതിരോധക്കോട്ടയ്ക്ക് മുന്നിൽ അർജന്റീനയ്ക്ക് ഒരൊറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ സാധിച്ചതുമില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മധ്യനിര താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി. തങ്ങളുടെ തനത് ശൈലിയിലുള്ള പാസിംഗ് ഗെയിമിലൂടെ കളം നിറഞ്ഞ സ്പെയിൻ പൂർണ്ണമായും അർഹിച്ച കിരീടനേട്ടമാണിത്.
by Midhun HP News | Jul 19, 2026 | Latest News, കേരളം
തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്.
എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു
by Midhun HP News | Jul 19, 2026 | Latest News, കേരളം
അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളംപേർ കബോഡിയയിൽ കുടുങ്ങി. പത്തൊൻപത് മലയാളികളും, ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടെ ഇരുപതോളം പേർ കമ്പോടിയൻ ജെയിലിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്കൾ.
ഇവരിൽ അഞ്ചോളം പേർ അഞ്ചുതെങ്ങ് സ്വദേശികളാണെന്നാണ് റിപ്പോർട്ട്‌കൾ. മാമ്പള്ളി സ്വദേശികളായ നാല് പേരും, ഒരു കൊച്ചുമേത്തൻ കടവ് സ്വദേശിയുമുൾപ്പെടെ അഞ്ച് പേരുണ്ടെന്നാണ് സൂചന. ഇവരൽ മാമ്പള്ളി സ്വദേശികളിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ബാക്കിയുള്ളവർ.
ഇവർ താമസിച്ചിരുന്ന അക്കോമഡേഷനിൽ കമ്പോഡിയൻ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ കഴിയുകയായിരുന്നവരെ പിടികൂടുകയായിന്നു. ഇവരെ ആദ്യം ഒരു ഷൽട്ടറിലേക്ക് മാറ്റുകയും പിന്നീട് കംബോഡിയിലെ ബന്റായ മീൻചേയ പ്രൊവിൻഷ്യൽ പ്രിസണിലേക്ക് മാറ്റുകയുമായിരുന്നു.
ഇവരിൽ നിന്നും മൊബൈൽ ഫോണുകളും മറ്റ് പാസ്പോർട്ട്‌കൾ ഉൾപ്പെടെയുള്ള രേഖകളും പിടിച്ചുവച്ചിരിക്കുന്നതായാണ് വിവരം. പിടിക്കപ്പെട്ടവരിൽ ചിലർ മറ്റ് ഫോണുകളിൽ നിന്ന് അഞ്ചുതെങ്ങിലെ ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് വിവരങ്ങൾ ബന്ധുക്കൾ അറിഞ്ഞത്. എന്നാൽ ഈ വിവരങ്ങൾ പരസ്യമാക്കാൻ ബന്ധുക്കൾ തയാറായിട്ടില്ല.
ഇത് രണ്ടാം തവണയാണ് അഞ്ചുതെങ്ങ് സ്വദേശികൾ കമ്പോടിയയിൽ കിടുങ്ങുന്നത്, വ്യാജ തൊഴിൽ റിക്രൂട്ട്മെന്റ് ഏജന്റിന്റെ ചതിയിൽപ്പെട്ട അഞ്ചോളം പേരാണ് അന്ന് കംബോഡിയയിൽ കുടുങ്ങിയത്. സൂപ്പർ മാർക്കറ്റിലെ ജോലിക്കായി കമ്പോടിയൻ വിസിറ്റ് വിസക്ക് രണ്ടര ലക്ഷം രൂപ കുടുങ്ങിയവർ, ഏജൻസിക്ക് നൽകിയതായും അന്ന്
ആരോപണം ഉയർന്നിരുന്നു. അന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെടുത്തി നടത്തിയ ഇടപെടലുകളാണ് ചതിയിൽപ്പെട്ടവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.
Recent Comments