സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.

കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

സ്വര്‍ണവില വീണ്ടും 73,000ന് മുകളില്‍; നാലുദിവസത്തിനിടെ ഉയര്‍ന്നത് 3000 രൂപ

സ്വര്‍ണവില വീണ്ടും 73,000ന് മുകളില്‍; നാലുദിവസത്തിനിടെ ഉയര്‍ന്നത് 3000 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് സൂചിപ്പിച്ച് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെ 73,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 73,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ ദിവസത്തിനിടെ 3000 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിട്ടതിന് തെളിവ് എവിടെ?; പാക് പ്രതിരോധമന്ത്രി

ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിട്ടതിന് തെളിവ് എവിടെ?; പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: അഞ്ച് ഇന്ത്യന്‍ ജെറ്റ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിഞ്ഞു. ഇതുസംബന്ധിച്ച വിശദീകരണം നല്‍കാന്‍ പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് സാധിച്ചില്ല. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പാകിസ്ഥാന്റെ കള്ളപ്രചാരണത്തിന്, തെളിവ് നിരത്താനാകാതെ പാക് പ്രതിരോധമന്ത്രി കുഴങ്ങിയത്.

അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന അവകാശവാദത്തിന് തെളിവ് എവിടെയെന്ന് സിഎന്‍എന്‍ അവതാരക ചോദിച്ചപ്പോള്‍, അത് സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ടെന്നായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ മറുപടി. ഈ വാര്‍ത്ത ഞങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ഇന്ത്യയുടെ അടക്കം എല്ലാ സോഷ്യല്‍ മീഡിയയിലുമുണ്ട്.

പാകിസ്ഥാന്‍ വെടിവെച്ചിട്ട ജെറ്റ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കശ്മീരിലാണ് വീണത്. അവരത് സമ്മതിച്ചിട്ടുണ്ട്. പാക് മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. എങ്കില്‍ ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിടാന്‍ ഏത് പോര്‍വിമാനമാണ് പാകിസ്ഥാന്‍ സൈന്യം ഉപയോഗിച്ചത്, എങ്ങനെയാണ് വെടിവെച്ചിട്ടത് എന്നിവ വെളിപ്പെടുത്തണമെന്ന് അവതാരക ആവശ്യപ്പെട്ടപ്പോള്‍ ഖ്വാജ ആസിഫ് മറുപടി നല്‍കിയില്ല.

ഇന്ത്യന്‍ ജെറ്റുകളെ വെടിവയ്ക്കാന്‍ പാകിസ്ഥാന്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഖ്വാജ ആസിഫിന്റെ മറുപടി. JF17 ഉം JF10 എന്നീ ചൈനീസ് വിമാനങ്ങള്‍ പാകിസ്ഥാന്റെ പക്കലുണ്ട്. പക്ഷേ അവ ഇപ്പോള്‍ പാകിസ്ഥാനില്‍ നിര്‍മ്മിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്നും വിമാനങ്ങള്‍ വാങ്ങാമെങ്കില്‍, പാകിസ്ഥാന് ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ അമേരിക്കയില്‍ നിന്നോ യുകെയില്‍ നിന്നോ വിമാനങ്ങള്‍ വാങ്ങാമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

നേരത്തെ ഒരു വിദേശചാനലിന് നല്‍കിയ അഭിമുഖത്തില്‍, പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഖ്വാജ ആസിഫ് നടത്തിയ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചായി മാറിയിരുന്നു. തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പിന്തുണയ്ക്കുകയും പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്തതിന്റെ ഒരു നീണ്ട ചരിത്രമാണ് പാകിസ്ഥാന് ഉള്ളത്. മൂന്നു പതിറ്റാണ്ടായി അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഈ വൃത്തികെട്ട ജോലി പാകിസ്ഥാന്‍ ചെയ്തുവരികയാണ് എന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്.

വോട്ടര്‍ പട്ടികയില്‍ പരാതി ഉണ്ടോ? തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം

വോട്ടര്‍ പട്ടികയില്‍ പരാതി ഉണ്ടോ? തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍ അപ്പീല്‍ നല്‍കാം. വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.

263 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍തോറും നടത്തിയ ഫീല്‍ഡ് സര്‍വേയ്ക്ക് ശേഷം അവകാശവാദങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചുകൊണ്ട് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കരട് വോട്ടര്‍ പട്ടിക ഏപ്രില്‍ 8 ന് പ്രസിദ്ധീകരിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി 789 ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിച്ചു.

എല്ലാ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഹരിച്ച ശേഷം, അന്തിമ വോട്ടര്‍ പട്ടിക അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മെയ് 5 ന് പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പകര്‍പ്പ് കൈമാറുകയും ചെയ്തു. 1950 ലെ ആര്‍ പി ആക്ട് സെക്ഷന്‍ 24 (എ) പ്രകാരം, ഇലക്ട്രല്‍ രജിസ്ട്രാര്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇപ്പോള്‍ ആര്‍ക്കും അപ്പീല്‍ നല്‍കാവുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തില്‍ തൃപ്തരല്ലെങ്കില്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു.

റജുലാ ബീവി (64) അന്തരിച്ചു

റജുലാ ബീവി (64) അന്തരിച്ചു

കടയ്ക്കാവൂർ: മണനാക്ക് കെ.വി ഹൗസിൽ മുഹമ്മദ് ബഷീറിന്റെ സഹധർമ്മിണി റജുലാ ബീവി (64) അന്തരിച്ചു.

മക്കൾ: അനീസ് എം, അനീസ എം, അഫ്സൽ എം (സി.പി.ഐ.എം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി)
മരുമക്കൾ: ഫാത്തിമ, റഷീദ്,നീന.

ലീലാമണിയമ്മ (72) നിര്യാതയായി

ലീലാമണിയമ്മ (72) നിര്യാതയായി

ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് സമീപം നാൽപ്പറത്തലയ്ക്കൽ, എൽ വി നിവാസിൽ (KSRA 226) പരേതനായ വിശ്വംഭര കുറുപ്പിന്റെ ഭാര്യ ലീലാമണിയമ്മ (72)
(Ex. Empl.സെക്രട്ടറിയേറ്റ്) നിര്യാതയായി.

മക്കൾ: രഞ്ജിത്ത് വി കുറുപ്പ്, മഞ്ജു വി കുറുപ്പ്, സഞ്ജിത്ത് വി കുറുപ്പ്

മരുമക്കൾ: സൗമ്യ മേനോൻ, അനിൽ ഉണ്ണിത്താൻ, അൻഷു