അച്ഛനെയും അമ്മയെയും സഹോദരിയേയും കൊന്ന് ‘സാത്താൻ ആരാധന’; നന്തൻകോട് കൂട്ടക്കൊലയിൽ വിധി വ്യാഴാഴ്ച

അച്ഛനെയും അമ്മയെയും സഹോദരിയേയും കൊന്ന് ‘സാത്താൻ ആരാധന’; നന്തൻകോട് കൂട്ടക്കൊലയിൽ വിധി വ്യാഴാഴ്ച

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി.

നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്‌നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് സമ്മേളനം  സംഘടിപ്പിച്ചു

കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു

കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക്
സമ്മേളനം ആറ്റിങ്ങൽ വക്കം നടരാജൻ ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം. മുരളി മുഖ്യപ്രഭാഷണം നടത്തി. തലൂക്ക് പ്രസിഡൻ്റ്റ് എം.കെ. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി എസ്. ഉമാചന്ദ്രബാബു, എ. ഇബ്രാഹിം കുട്ടി, വി. വിജയകുമാർ, എസ്. അജയഘോഷ്, വി. ഗിരിശൻ, കെ, വിജയൻ ത്രിവേണി, കെ. വിജയകുമാരൻ നായർ എന്നിവർ ആശംസാപ്രസംഗം നടത്തി.

എസ്. സുഗതൻ അനുശോചന പ്രമേയവും സംസ്ഥാന കമ്മിറ്റി അംഗം എ. അബ്ദുൽസലാം സംഘടന റിപ്പോർട്ടും
കാരവിളപ്രകാശ് പ്രവർത്തന റിപ്പോർട്ടും കെ. ചന്ദ്രശേഖരൻ നായർ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.
എസ്.രാജശേഖരൻ സ്വാഗതവും എൻ. ദേവദാസൻ നന്ദിയും രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റി അംഗം കെ.വിജയകുമാറിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .

എസ് . രാജശേഖരൻ (പ്രസിഡൻ്റ്), എസ്. സുഗതൻ (വൈസ് പ്രസിഡൻ്റ്), എൻ. ദേവദാസൻ (സെക്രട്ടറി), എൽ. മണിലാൽ (ജോ. സെക്രട്ടറി), കെ. ചന്ദ്രശേഖരൻ നായർ (ട്രഷറർ)

വ്യാപാരിയെ മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയുടെ വ​ജ്രാഭരണങ്ങൾ കവർന്നു

വ്യാപാരിയെ മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയുടെ വ​ജ്രാഭരണങ്ങൾ കവർന്നു

ചെന്നൈ: വ്യാപാരിയെ ഇടപാടിനെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേ​ഗം ഇടപെട്ട പൊലീസ് സംഭവത്തിൽ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാന​ഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്.

സംഭവത്തിൽ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങൾ കവർന്നത്.

വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ലണ്ടൻ രാജൻ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാർ പറഞ്ഞതു പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ നാല് പേരും ചേർന്നു ചന്ദ്രശേഖറിനെ മർദ്ദിച്ച ശേഷം കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

സമയം ഏറെയായിട്ടും ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകൾ മുറിയിലേക്ക് ചെന്നു. അപ്പോഴാണ് മുറിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത വടപളനി പൊലീസ് ഹോട്ടലിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നു പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. ശിവാകശി ടോൾ പ്ലാസയ്ക്കു സമീപത്തു നിന്നു തൂത്തുക്കുടി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പ്രതികൾ പിടിയിലായി.

ചങ്കിലാണ് തൃശൂര്‍, പൂരം ചിതറിക്കും, ആര്‍പ്പോ വിളിച്ച് കയറിക്കോ: സുരേഷ് ഗോപി

ചങ്കിലാണ് തൃശൂര്‍, പൂരം ചിതറിക്കും, ആര്‍പ്പോ വിളിച്ച് കയറിക്കോ: സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണത്തെ പൂരം ചിതറിക്കും. ആര്‍പ്പോ വിളിച്ച് എല്ലാവരും കയറിക്കോയെന്നും തൃശൂര്‍ പൂരത്തിനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ്. തൃശൂരിന്റെ സ്വന്തം എംപിയായ ശേഷമുള്ള ആദ്യ പൂരമാണിത്. മന്ത്രിസ്ഥാനമൊക്കെ ആടയാഭരണമാണ്. സ്ഥാനാര്‍ഥിയായിട്ട് മത്സര രംഗത്ത് നിന്നപ്പോഴും പൂരത്തിന് ആസ്വാദകനായാണ് എത്തിയത്. ഇപ്പോള്‍ ഉത്തരവാദിത്തം കൂടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സാംപിള്‍ വെടിക്കെട്ട് ഒന്നുമല്ല, വരാന്‍ പോകുന്നതേയുള്ളൂ. പൂരത്തെപ്പറ്റി പകുതിയില്‍ കൂടുതലും പറഞ്ഞുകേട്ട അറിവാണ്. മഠത്തില്‍വരവും വെടിക്കെട്ടും മാത്രമാണ് തനിക്ക് ആകെ പരിചയമുള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പൂരത്തിന് അഭിമാന നിമിഷം, പൂരത്തിന് എഴുന്നള്ളിയ പനമുക്കുംപ്പിള്ളി ധര്‍മ്മ ശാസ്താവിനെ സ്വീകരിച്ച് ലൂര്‍ദ്ദ് കത്തീഡ്രല്‍; മതസൗഹാര്‍ദ്ദം

തൃശൂര്‍ പൂരത്തിന് അഭിമാന നിമിഷം, പൂരത്തിന് എഴുന്നള്ളിയ പനമുക്കുംപ്പിള്ളി ധര്‍മ്മ ശാസ്താവിനെ സ്വീകരിച്ച് ലൂര്‍ദ്ദ് കത്തീഡ്രല്‍; മതസൗഹാര്‍ദ്ദം

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ അഭിമാന നിമിഷമായി മതസമന്വയം. തൃശൂര്‍ പൂരത്തിന്റെ ഘടക പൂരമായ കിഴക്കുംപാട്ടുകര പനമുക്കുംപ്പിള്ളി ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള പൂരത്തിന് ലൂര്‍ദ്ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സഹ വികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്‌മോന്‍ ചെമ്മണ്ണൂര്‍ തുടങ്ങിയവരും സ്വീകരണച്ചടങ്ങില്‍ പങ്കാളികളായി.

വര്‍ഷംതോറും പതിവുള്ള സ്വീകരണ പരിപാടി ഇക്കുറിയും മുടങ്ങിയില്ല. ദേശക്കാര്‍ക്ക് ദാഹജലവും ആനകള്‍ക്ക് പഴങ്ങളും നല്‍കി. ചടങ്ങുകള്‍ക്ക് ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, തോമസ് കോനിക്കര, ഭക്ത സംഘടനാ, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒറ്റയടിക്ക് വര്‍ധിച്ചത് 2000 രൂപ, തിരിച്ചുകയറി സ്വര്‍ണവില; 72,000ന് മുകളില്‍

ഒറ്റയടിക്ക് വര്‍ധിച്ചത് 2000 രൂപ, തിരിച്ചുകയറി സ്വര്‍ണവില; 72,000ന് മുകളില്‍

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. രണ്ടുദിവസത്തിനിടെ 2160 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.