by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ അഭിമാന നിമിഷമായി മതസമന്വയം. തൃശൂര്‍ പൂരത്തിന്റെ ഘടക പൂരമായ കിഴക്കുംപാട്ടുകര പനമുക്കുംപ്പിള്ളി ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള പൂരത്തിന് ലൂര്‍ദ്ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സഹ വികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്‌മോന്‍ ചെമ്മണ്ണൂര്‍ തുടങ്ങിയവരും സ്വീകരണച്ചടങ്ങില്‍ പങ്കാളികളായി.
വര്‍ഷംതോറും പതിവുള്ള സ്വീകരണ പരിപാടി ഇക്കുറിയും മുടങ്ങിയില്ല. ദേശക്കാര്‍ക്ക് ദാഹജലവും ആനകള്‍ക്ക് പഴങ്ങളും നല്‍കി. ചടങ്ങുകള്‍ക്ക് ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, തോമസ് കോനിക്കര, ഭക്ത സംഘടനാ, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
by Midhun HP News | May 6, 2025 | Latest News, കേരളം
കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. രണ്ടുദിവസത്തിനിടെ 2160 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂർ പൂരത്തിന്റെ 228 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മേളം കൊട്ടിക്കയറാൻ സ്ത്രീകളും. പൂരത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണെന്ന വിമർശനം നേരത്തെയുണ്ട്. എന്നാൽ ഇത്തവണ ആ വിമർശനത്തിനു മാറ്റം വരികയാണ്. കണിമംഗലം ശാസ്താവ് എഴുന്നള്ളുമ്പോൾ ജിതിൻ കല്ലാട്ട് നയിക്കുന്ന പാണ്ടി മേളത്തിന്റെ മുൻനിരയിൽ ചെണ്ടയുമായി രണ്ട് വനിതകളുമുണ്ടാകും. കുടുംബത്തിന്റെ പിന്തുണയുമായി ചരിത്രമെഴുതാൻ ഒരുങ്ങുകയാണ് അശ്വതിയും അർച്ചനയും.
പുരുഷൻമാർ അടക്കി വാഴുന്ന മേള നിരയിലേക്ക് എത്തുന്ന അർച്ചന ജിതിന്റെ ഭാര്യയാണ്. കഴിഞ്ഞ ഒന്നര വർഷമായി ചെണ്ട അഭ്യസിക്കുന്നു. അശ്വതിയാകട്ടെ 7 വർഷമായി താള വാദ്യങ്ങളുടെ ലോകത്ത് സഞ്ചരിക്കുന്നു.
കുട്ടിക്കാലം മുതൽ തൃശൂർ പൂരം കാണുന്നുണ്ട്. മേളത്തിന്റെ താളവും പൂരത്തോടുള്ള സ്നേഹവും എപ്പോഴും രക്തത്തിലുണ്ട്. കുട്ടിക്കാലത്ത് ചെണ്ട പഠിക്കാൻ തങ്ങൾക്കു അവസരം ലഭിച്ചില്ല. മകൻ ചെണ്ട പഠിക്കാൻ ആരംഭിച്ചപ്പോൾ അവന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി താനും പഠനം ആരംഭിക്കുകയായിരുന്നുവെന്നു അശ്വതി പറഞ്ഞു.
അർച്ചനയും തന്റെ കുട്ടി പഠിക്കാൻ തുടങ്ങിയപ്പോഴാണ് ചെണ്ട പഠനം ആരംഭിച്ചത്. ഭർത്താവായ ജിതിൻ തന്നെയാണ് ഗുരുനാഥൻ. അശ്വതി പഠിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും മേളം പഠിക്കാൻ ശ്രമിക്കണമെന്ന് തോന്നിയതെന്നും അർച്ചന പറയുന്നു.
തൃശൂർ പൂരത്തിനു കൊട്ടാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അശ്വതിയും അർച്ചനയും. പൂരത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ ജിതിനാകട്ടെ ഇരുവരേയും ഒപ്പം കൂട്ടാനായത് അഭിമാനകരമായ നേട്ടമായും കാണുന്നു.
by Midhun HP News | May 6, 2025 | Latest News, കേരളം
കോഴിക്കോട്: വീട്ടിലെ കിണറ്റില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ കളിക്കുന്നതിനിടെയായാണ് നാലുവയസുകാരി ജുഹുവിന്റെ കണ്ണില്‍ ഒരു അസാധാരണമായ മത്സ്യം ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടിയുടെ കൗതകം കണ്ടാണ് ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത്. ഒടുവില്‍ ഈ ആന്വേഷണം പുതിയ ശാസ്ത്രീയ വെളിപ്പെടുത്തലിലേക്ക് നയിച്ചു. കോഴിക്കോട് നടവണ്ണൂരിലെ വല്ലോറമലയിലെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഈ ഭൂഗര്‍ഭ മത്സ്യത്ത കണ്ടെത്തിയത്
തന്റെ പേരില്‍ ഒരു മത്സ്യം അറിയപ്പെടുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ മൂന്നാം ക്ലാസുകാരി ജൂഹു. ജൂഹു എന്നു വിളിക്കുന്ന ധന്‍വി ധീര എന്ന പെണ്‍കുട്ടി നാലു വയസ്സുള്ള സമയത്താണ് ബക്കറ്റിലെ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ മത്സ്യത്തെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് അമ്മയായ അശ്വിനി ലാലുവിനെ ഇത് അറിയിക്കുകയും അവര്‍ക്ക് ഈ മത്സ്യത്തോട് തോന്നിയ ഒരു കൗതുകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ ബി പ്രപദീപിനോട് പങ്കുവെക്കുകയും ചെയ്തു. ഈ കൗതുകമാണ് പുതിയ മത്സ്യത്തെ കണ്ടെത്താനുള്ള വഴിത്തിരിവായത്.
നടുവണ്ണൂരിലെ വല്ലോറ മലയില്‍, മലോല്‍ കാര്‍ത്യായനി അമ്മയുടെ വീട്ടിലെ കിണറില്‍നിന്നാണ് അശ്വിനി ലാലുവും, പരിസരത്തെ വീട്ടുകാരും ആവശ്യത്തിനുള്ള വെള്ളം പമ്പ് ഉപയോഗിച്ച് ടാങ്കിലേക്ക് അടിക്കാറുണ്ടായിരുന്നത്. ഈ കിണറില്‍നിന്നാണ് ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. ഈ കിണറിലേക്ക് അടിയൊഴുക്കായി വെള്ളം വരുകയും അതേപോലെ കിണറില്‍നിന്ന് താഴോട്ട് നീര്‍ച്ചാല്‍ ആയി വെള്ളം പോവുകയും ചെയ്യുന്നുണ്ട്.
കെവികെയിലെ ഡോ. ബി. പ്രദീപും, കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കെആര്‍ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യത്തെ പറ്റിയുള്ള ഗവേഷണം നടത്തിയത്. തുടര്‍ന്ന് ഈ മത്സ്യം പുതിയ ഇനം മത്സ്യമാണെന്ന് കണ്ടെത്തി. മത്സ്യത്തെ ആദ്യമായി കണ്ടെത്തിയ കുഞ്ഞ് ജൂഹുവിനോടുള്ള ബഹുമാനാര്‍ഥം ഈ മത്സ്യത്തിന് പാന്‍ജിയോ ജുഹുവേ എന്ന് പേര് നല്‍കി. ഈ മത്സ്യത്തെ പറ്റിയുള്ള ഗവേഷണ പ്രബന്ധം ഇന്ത്യന്‍ ജനല്‍ ഓഫ് ഫിഷറീസ് 2025 ജനുവരി-മാര്‍ച്ച് ലക്കത്തില്‍ ‘ദക്ഷിണേന്ത്യയില്‍നിന്ന് ഒരു പുതിയ ഇനം ട്രോഗ്ലോബൈറ്റിക് ഈല്‍ലോച്ചിനെ കണ്ടെത്തി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. കെആര്‍ ശ്രീനാഥ്, ഡോ. ബി പ്രദീപ്, ഡോ. കെആര്‍ അജു, ഡോ. സന്ധ്യ സുകുമാരന്‍, ഡോ. വില്‍സണ്‍ സെബാസ്റ്റൈന്‍, ഡോ. ആല്‍വിന്‍ ആന്റോ, ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ഇപ്പോള്‍ കണ്ടുപിടിച്ച പാന്‍ജിയോ ജുഹുവക്ക് മുമ്പേ കണ്ടെത്തിയ ഇനങ്ങളെ അപേക്ഷിച്ച് മുതുകിലെ ചിറകുണ്ട്. ഇത് കൂടാതെ ഇവയുടെ കണ്ണുകളും വലുതാണ്. അതിനാല്‍ മറ്റ് രണ്ട് ഇനങ്ങളില്‍നിന്ന് ഈ മത്സ്യം വ്യത്യസ്തമാണെന്ന് ഡോ. ശ്രീനാഥ് പറഞ്ഞു.
ഡോ. പ്രദീപിന്റെ അഭിപ്രായത്തില്‍ 2021 മുതല്‍ പ്രത്യേകിച്ച് മഴക്കാലത്ത് ഈ കിണറ്റില്‍നിന്നും സമീപപ്രദേശങ്ങളിലെ മറ്റു ചില കിണറുകളില്‍നിന്നും ഈ മത്സ്യത്തെ കണ്ടതായി ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍നിന്ന് രണ്ട് വ്യത്യസ്ത തരം ഭൂഗര്‍ഭ മത്സ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന് സമ്പന്നമായ ഭൂഗര്‍ഭ ആവാസവ്യവസ്ഥയുണ്ടെന്നും അതില്‍ ഇനിയും കണ്ടെത്തപ്പെടാത്ത നിരവധി ജീവികള്‍ ഉണ്ടെന്നും സൂചന നല്‍കുന്നു. ഈ ഭൂഗര്‍ഭ ആവാസവ്യവസ്ഥയെയും അതില്‍ വസിക്കുന്ന അതുല്യമായ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തില്‍ വളരെ അനിവാര്യമാണ് -അദ്ദേഹം പറഞ്ഞു.
by Midhun HP News | May 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുന്നത്. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ ആണ് കേസിലെ പ്രതി.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം പൊലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന്‍ കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റി കൊലപ്പെടുത്തും ദൃശ്യങ്ങളില്‍ വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്. പ്രതി ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവശേഷം ഒളിവില്‍ പോയ പ്രിയരഞ്ജനെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
by Midhun HP News | May 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. മാഹി സ്വദേശിയായ ഘാന വിജയന്‍ നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തനിക്കെതിരായി അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് വിജയന്റെ പരാതി. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. നാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന് ജാമ്യത്തിന് അപേക്ഷിക്കാനാവൂ. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Recent Comments