സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി ആറ്റിങ്ങൽ ബസ് സ്റ്റാൻഡ്

സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി ആറ്റിങ്ങൽ ബസ് സ്റ്റാൻഡ്

സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആറ്റിങ്ങൽ നഗരസഭാ ബസ് സ്റ്റാൻഡിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം അകലെ. അനുയോജ്യമായ മറ്റൊരിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിലെ ബസ് സ്റ്റാൻഡ് നവീകരിക്കാനുള്ള പദ്ധതിയും യാഥാർഥ്യമായില്ല. പുതിയ ബസ്‌ സ്റ്റാൻഡ് നിർമിക്കുന്നതിന് 2000-ൽ മാമത്തെ ഭൂമിയിൽ ബോർഡ് സ്ഥാപിച്ചിരുന്നു. 2005-ൽ വക്കം പുരുഷോത്തമൻ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം നിർമിച്ചു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിലായതോടെ സ്റ്റാൻഡ് മാറ്റം അനിശ്ചിതത്വത്തിലായി.

ദേശീയപാതയോട് ചേർന്നുള്ള നഗരസഭാ ഭൂമിയിൽ 1957ൽ നിർമിച്ചതാണ് ഇപ്പോഴത്തെ ബസ് സ്റ്റാൻഡ് . 2239.74 ചതുരശ്രമീറ്റർ വിസ്തൃതിയിലായിരുന്നു നിർമാണം. സ്റ്റാൻഡ് ആരംഭിച്ച കാലത്ത് 18 ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ ഇരുനൂറോളം ബസുകൾ ആറ്റിങ്ങൽ നഗരസഭ ബസ് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. ഇടവേളയില്ലാത്ത സർവീസുകൾ കാരണം വൻ തിരക്കാണ്. അതനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.

ആദ്യകാലത്ത് ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരുന്നു.അതിന്റെ അറ്റകുറ്റപ്പണികൾ അഞ്ച് വർഷം മുൻപ് നടത്തിയെങ്കിലും കെട്ടിടം നാശത്തിന്റെ വക്കിലാണ്. ഇവിടത്തെ ഈ ട്രാഫിക് പരിഷ്കരണം അശാസ്ത്രീയമാണെന്ന പരാതിയുമുണ്ട്. ഇത് ദേശീയപാതയിലുൾപ്പെടെ പലപ്പോഴും വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ടെന്നാണ് ആക്ഷേപം.

വാക്സീനെടുത്തിട്ടും പേവിഷബാധ; ഏഴ് വയസുകാരിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാക്സീനെടുത്തിട്ടും പേവിഷബാധ; ഏഴ് വയസുകാരിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേറ്റ കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ ഏഴു വയസ്സുകാരിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടുമുറ്റത്തുവച്ച് പട്ടി കടിച്ചത്. അന്നുതന്നെ ആന്‍റീ റാബിസ് സിറവും കുട്ടിക്ക് നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാ‌ക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബം. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ പേവിഷബാധയേറ്റ് മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം ആവർത്തിക്കുന്നത്. ഏപ്രിലിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. അതിൽ വാക്സീനെടുത്തവരും ഉൾപ്പെട്ടിരുന്നു.

ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

കൊച്ചി: ആമസോണ്‍ ഇ- കൊമേഴ്‌സിന്റെ കളമശേരിയിലെ ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ ഡേഡ്‌സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തി. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഐഎസ്‌ഐ മാര്‍ക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകള്‍ ഒട്ടിക്കാത്തതുമായ ഉല്‍പന്നങ്ങള്‍ ഇവയില്‍ പെടുന്നുവെന്നാണ് വിവരം.

ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് വ്യാപകമായി ദുരുപയോഗിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്പന്നങ്ങളില്‍ ഒട്ടിച്ച ലേബലുകള്‍ എളുപ്പം പൊളിഞ്ഞുപോകുന്നതും മുദ്രകള്‍ ശരിയായി പതിയാത്തതുമായിരുന്നു.

കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും. 2 വര്‍ഷം വരെ തടവും നിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ നേടിയ തുകയുടെ 10 മടങ്ങ് പിഴയും ഇടാക്കാവുന്ന കുറ്റമാണു പ്രതികള്‍ക്കെതിരെ ചുമത്തുക.

വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് 20കാരന് ദാരുണാന്ത്യം

വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് 20കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് 20കാരന്‍ മരിച്ചു. വര്‍ക്കല അയിരൂര്‍ ഇലകമണ്‍ കുന്നുംപുറം ലക്ഷംവീട്ടില്‍ രാജേഷ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് സംഭവം. കുടുംബാംഗങ്ങളുമൊത്ത് രാജേഷ് വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ശക്തമായ ഇടിമിന്നല്‍ ഉണ്ടായത്. ഇടിമിന്നലേറ്റ് യുവാവ് നിലവിളിച്ചതോടെ കുടുംബാംഗങ്ങള്‍ പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ രക്ഷിക്കാനായില്ല. കൂലി ജോലി ചെയ്യുന്ന ആളാണ് മരിച്ച രാജേഷ്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണുള്ളത്.

പാകിസ്ഥാന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കണം, ഐഎംഎഫിനെയും ലോകബാങ്കിനെയും സമീപിക്കാന്‍ ഇന്ത്യ

പാകിസ്ഥാന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കണം, ഐഎംഎഫിനെയും ലോകബാങ്കിനെയും സമീപിക്കാന്‍ ഇന്ത്യ

ഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ നീക്കങ്ങളുമായി ഇന്ത്യ. പാകിസ്ഥാന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കാന്‍ അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യോടും ലോകബാങ്കിനോടും ഇന്ത്യ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാനെതിരെ ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണം എന്ന് ആവശ്യപ്പെടും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിക്കുന്നുവെന്ന ആരോപണത്തില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്, എഫ്എടിഎഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതികള്‍ക്കായി പതിനൊന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. അനന്ത്‌നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചില്‍. ഭീകരരുടെ ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചോ എന്നതിലും അന്വേഷണം നടക്കുകയാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പറയാത്തതില്‍ ലജ്ജിക്കുന്നു; പറയാന്‍ ഉദ്ദേശിച്ചത് അതെന്ന് തരൂര്‍

ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പറയാത്തതില്‍ ലജ്ജിക്കുന്നു; പറയാന്‍ ഉദ്ദേശിച്ചത് അതെന്ന് തരൂര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചില്ലെന്നും ഇതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും തരൂര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. കേരളം ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത് ഉമ്മന്‍ചാണ്ടിയാണെന്നും തരൂരിന്‍റെ കുറിപ്പില്‍ പറയുന്നു

‘വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു – അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ല’, തരൂര്‍ എക്സില്‍ കുറിച്ചു.

ഇന്നലെയായിരുന്നു വിഴിഞ്ഞം തുറമുഖം രാജ്യത്തിന് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നാള്‍വഴിയെക്കുറിച്ച് വിവരിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ അനുമതിയടക്കം വാങ്ങുകയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ശശിതരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നത്.