by Midhun HP News | Mar 16, 2026 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിയില്‍ തലശേരി ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവുണ്ടായിരിക്കുന്നത്. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പി പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കണമെന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തില്‍ പ്രശാന്തന്‍ ഗോള്‍ഡ് ലോണ്‍ പണയം വെച്ച് ലഭിച്ച തുകയാണ് കൈക്കൂലിയായി നല്‍കിയതെന്ന് ആരോപിച്ചിരുന്നു. ഈ രേഖകള്‍ അന്വേഷണത്തിന്റെ ഭാഗമാക്കണം. പള്ളിക്കുന്നില്‍ ഒക്‌ടോബര്‍ ആറാം തീയതി പ്രശാന്തനും നവീന്‍ ബാബുവും കൂടിക്കാഴ്ച നടത്തിയെന്നതില്‍ കൂടുതല്‍ വിവങ്ങള്‍ അന്വേഷിക്കണം. എഡിഎം കൈക്കൂലിക്കാരനാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു, കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍, മൊഴി എന്നിവ ഉള്‍പ്പെടെ രേഖപ്പെടുത്തണം ഇത്തരം കാര്യങ്ങളിലാണ് തുടരന്വേഷണം വേണമെന്ന് കോടതി ഉത്തവിട്ടിരിക്കുന്നത്.
കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോണ്‍ കോള്‍ രേഖകള്‍, ചാറ്റുകള്‍ എന്നിവ എസ്‌ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കണം, പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
2024 ഒക്ടോബര്‍ 15-നാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കലക്ടറേറ്റില്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോള്‍ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീര്‍ത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തന്‍ ആരോപിച്ചിരുന്നു.

by Midhun HP News | Mar 16, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിങ്‌വിയെ കേസില്‍ ഹാജരാകാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയത്. പുനഃപരിശോധന ഹര്‍ജിയില്‍ ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌റും, കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാല കൃഷ്ണന് വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിങ്‌വി ആയിരുന്നു.

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേട്ടത് 2019 ഫെബ്രുവരി 6 ന് ആയിരുന്നു. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായിരുന്നത് സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ആയിരുന്നു. യുവതി പ്രവേശനത്തിനെ അനുകൂലിക്കുന്നുവെന്നും എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ടെന്നുമാണ് ദ്വിവേദി അന്ന് കോടതിയില്‍ വാദിച്ചത്.
ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം എഴുതി നല്‍കുന്നതിന് കൂടുതല്‍ സമയം ബോര്‍ഡിന് വേണ്ടി ആവശ്യപ്പെട്ട് കൊണ്ടാണ് സിങ്‌വി ഇന്ന് കോടതിയില്‍ ഹാജരായത്. സിങ്വിക്ക് ഒപ്പം സ്റ്റാന്‍ഡിങ് കൗണ്‍സല്‍ പി എസ് സുധീറും ഹാജരായി. ഇവരുടെ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് വാദം എഴുതി നല്‍കുന്നതിനുള്ള സമയ പരിധി അടുത്ത തിങ്കളാഴ്ച്ച വരെ നീട്ടി. എല്ലാ കക്ഷികള്‍ക്കും ഇത് ബാധകം ആയിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2019 ഫെബ്രുവരി ആറാം തീയതി സുപ്രീംകോടതിയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്താണ് അഭിഷേക് മനു സിങ്‌വി വാദം ഉന്നയിച്ചത്. അന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ സിങ്‌വി അതിന് മുമ്പ് ബോര്‍ഡിന് വേണ്ടിയും ഈ കേസില്‍ ഹാജരായിരുന്നു.

by Midhun HP News | Mar 16, 2026 | Latest News, കേരളം
തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ വിട്ട് നാട്ടിക മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സി സി മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. നാട്ടികയില്‍ സുനില്‍ ലാലൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാനാണ് ധാരണ. കോണ്‍ഗ്രസ് പിന്തുണ തേടി സിസി മുകുന്ദന്‍ ഡല്‍ഹിയില്‍ പോയി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇടതു വോട്ടുകള്‍ സി സി മുകുന്ദന്‍ പിടിച്ചാല്‍ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
സിറ്റിങ്ങ് എംഎല്‍എയായിരുന്ന സി സി മുകുന്ദനെ തഴഞ്ഞ് ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം. നാട്ടികയില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് ‘പേയ്മെന്റ് സീറ്റ്’ ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
കോണ്‍ഗ്രസ് കൈവിട്ട സി സി മുകുന്ദനെ കൂടെ കൂട്ടാന്‍ ബിജെപി തീരുമാനിച്ചു. അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന, സിപിഐ മുന്‍ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ആണ് മുകുന്ദനെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് മുകുന്ദന്‍ ബിജെപി ഓഫീസിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കും. നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുകുന്ദന്‍ മത്സരിക്കുമെന്നാണ് സൂചന.
ആംആദ്മി പാര്‍ട്ടി നേതാക്കളും മുകുന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപിയുടെ വോട്ടുകള്‍ക്ക് പുറമെ, നിലവിലെ എംഎല്‍എയായിരുന്ന സ്വാധീനത്തില്‍ മുകുന്ദന്‍ നേടുന്ന വോട്ടുകളും തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. പട്ടികജാതി സംവരണമണ്ഡലമായ നാട്ടിക, ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്.


by Midhun HP News | Mar 16, 2026 | Latest News, ദേശീയ വാർത്ത
പാട്‌ന: സ്റ്റേജ് ഷോയ്ക്കിടെ നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ ഭോജ്പുരി ഗായകന്‍ ധനഞ്ജയ് ശര്‍മ്മയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം. സ്‌റ്റേജ് ഷോ നടന്നുകൊണ്ടിരിക്കേ നര്‍ത്തകിയെ ഗായകന്‍ സ്റ്റേജിന് താഴെ നിന്ന കാണികള്‍ക്കിടയിലേക്ക് എടുത്ത് എറിയികുയായിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ഗായകനെതിരെ രൂക്ഷവിര്‍മശനങ്ങളാണ് ഉയരുന്നത്.
ബിഹാറിലാണ് സംഭവം. എന്നാല്‍ ബിഹാറില്‍ എവിടെയാണെന്നോ എപ്പോഴാണ് സംഭവം നടന്നതെന്നോ വ്യക്തമല്ല. സംഭവം വിവാദമായതോടെ വിഡിയോക്ക് പിന്നിലെ വസ്തുതയെന്തെന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രചരിച്ച വിഡിയോ പരിശോധിച്ച് വേണ്ട വിവരങ്ങള്‍ ശേഖരിച്ച് നടപടിയെടുക്കാന്‍ അധികൃതര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഗായകനെതിരെ നിരവി ആള്‍ക്കാര്‍ രംഗത്ത് എത്തി. ധനഞ്ജയ് വേദിയില്‍ പാട്ടുപാടുന്നതിനിടെ സ്റ്റേജ് ആക്ടില്‍ പങ്കെടുത്ത നര്‍ത്തകിയെ എടുത്ത് താഴെ കാണികര്‍ക്ക് നേരെ എറിയുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നര്‍ത്തകിക്ക് മാനഹാനി വരുത്തുന്നതും സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്നതുമായ പ്രവൃത്തിയാണിതെന്നും ഗായകനെതിരെ കര്‍ശന നടപടി വേണമെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. വലിയ ക്രൂരതയാണ് ഗായകന്‍ കാണിച്ചതെന്നും ക്രിമനല്‍ കുറ്റമാണിതെന്നും പലരും അഭിപ്രായപ്പെട്ടു.


by Midhun HP News | Mar 16, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോള്‍ സഞ്ജുവിനെ പ്രശംസിച്ച് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ തന്നെ എത്തിയിരിക്കുകയാണ്. തകര്‍പ്പന്‍ ഫോമിലായിരിക്കുമ്പോള്‍ പവര്‍പ്ലേയില്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ സഞ്ജുവിന് കരുത്തുണ്ടെന്നാണ് ഗംഭീറിന്റെ പ്രശംസ. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീറിന്റെ വാക്കുകള്‍.
സഞ്ജു സാംസണ്‍ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ലോകകപ്പില്‍ ഫൈനലുള്‍പ്പടെ ഇന്ത്യയുടെ അവസാന മൂന്നു മത്സരങ്ങളിലും സഞ്ജു അര്‍ധ സെഞ്ചറികള്‍ നേടിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് പവര്‍പ്ലേ ഓഫറുകളില്‍ 92 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജു നേടിയിരുന്നു.
‘സഞ്ജുവിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. സഞ്ജുവിന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. സഞ്ജു ബാറ്റിങ് തുടര്‍ന്നാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യം ടീമിന്റെ ജിം സെഷനില്‍ ഞാനാണു പറഞ്ഞത്. ഞങ്ങള്‍ രണ്ടു പേരും ജിമ്മില്‍ പരിശീലനത്തിലായിരുന്നു. നോക്കാം എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഒരു പരിശീലകനും താരവും തമ്മിലുള്ള സംസാരമല്ല അവിടെയുണ്ടായത്. പരിശീലന സമയങ്ങളിലാണു ഞങ്ങള്‍ കൂടുതലും സംസാരിച്ചത്.’ ഗംഭീര്‍ വ്യക്തമാക്കി.
‘കൂടുതല്‍ പേരും പറയുന്നത് ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകയ്യന്‍മാര്‍ ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ്. എന്നാല്‍ അതല്ല കാര്യം, ടോപ് ഓര്‍ഡര്‍ കൂടുതല്‍ സ്‌ഫോടനാത്മകമായി ബാറ്റിങ് ചെയ്യണമെന്നതിനാലാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനില്‍ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്നത്. ഓഫ് സ്പിന്നര്‍മാരെ നേരിടാന്‍ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളില്‍ പരമാവധി സ്‌കോര്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ ഇറക്കുന്നത്.’ ഗംഭീര്‍ പറഞ്ഞു.


by Midhun HP News | Mar 16, 2026 | Latest News, ജില്ലാ വാർത്ത
ചാത്തന്നൂർ: ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി. പ്രതികൾ പോലിസ് കസ്റ്റഡിയിൽ.
കൊട്ടിയം നടുവിലക്കര ദിലീപ് ഭവൻ ദിലീപ് (42)ആണ് മരിച്ചത്. പ്രതികളായ
കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30)നെയും ഭാര്യയെയുമാണ്
കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ട് വന്ന ദിലീപിന്റെ ദേഹത്ത് പാടുകൾ കണ്ടത് കൊണ്ട് മെഡിക്കൽ കോളേജ് അധികൃതർ പോലീസിനെ അറിയിക്കുകയും മെഡിക്കൽ കോളേജിൽ എത്തിയ പോലീസ്, ആശുപത്രിയിൽ കൊണ്ട് വന്നയാളെയും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് പോലീസ് പ്രതിയുമായി ഉളിയനാട് കെ പി ഗോപാലൻ മെമ്മോറിയൽ ലൈബ്രറിയ്ക്ക് സമീപത്ത് കനാലിന് സമീപമുള്ള വാടകവീട്ടിൽ എത്തുകയും തുടർന്ന് നടന്ന തെളിവെടുപ്പിൽ കൊലപാതകം നടന്നതെന്നു പ്രതി സമ്മതിച്ചു.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്….. കല്ലുവാതുക്കൽ സ്വദേശിയായ പ്രതിയുടെ ഭാര്യയ്ക്ക് മരിച്ചയാൾ ഫോണിൽ സ്ഥിരമായി മെസ്സേജ് അയച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം പറഞ്ഞു തീർക്കുവാൻ വേണ്ടി ഫോണിൽ ഉളിയനാടുള്ള കൂട്ടുകാരന്റെ വാടക വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദ്ധനത്തിൽ അവശനായി വീണ ദിലീപിനെ പ്രതികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് പോലിസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരുന്നു.
വാടകവീട് പൂട്ടി പോലിസ് സീൽ ചെയ്തു. മരിച്ച ദിലീപിന്റെ മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം പോസ്റ്റ്‌മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.


Recent Comments