‘രോഹിത് ശർമ ഇനിയും കളിക്കും, വിരമിക്കില്ല’

‘രോഹിത് ശർമ ഇനിയും കളിക്കും, വിരമിക്കില്ല’

മുംബൈ: മുൻ ഇന്ത്യൻ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശർമയുടെ വിരമിക്കൽ വാർത്തകൾ തള്ളി ബിസിസിഐ. ഞായറാഴ്ച ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ഏകദിന മത്സരം രോഹിത് ശർമയുടെ ഇന്ത്യൻ ജേഴ്സിയിലെ അവസാന മത്സരമാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ പോരാട്ടം മുൻ നായകന്റെ ഇന്ത്യക്കായുള്ള അവസാന മത്സരമായിരിക്കില്ലെന്ന എന്ന കാര്യത്തിൽ ബിസിസിഐ വ്യക്തത വരുത്തി. രോഹിത് ശർമ ഇപ്പോഴും ഇന്ത്യയുടെ ഏകദിന പദ്ധതികളുടെ മുൻനിരയിൽ തന്നെയുണ്ടെന്ന് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി.

2027ലെ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സെലക്ടർമാർ ഓരോ ഏകദിന ടീം തിരഞ്ഞെടുപ്പും സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങിയതോടെയാണ് രോഹിത്തിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഉയർന്നുവന്നത്. ഈ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ടീമിൽ അദ്ദേഹത്തിന് സ്വയമേവ സ്ഥാനം ലഭിക്കില്ലെന്ന വാർത്തകളും പുറത്തു വന്നിരുന്നു. പിന്നാലെയാണ് വിശദീകരണം. രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐ യാതൊരുവിധ തീരുമാനവും എടുത്തിട്ടില്ലെന്നും ദേവജിത് സൈകിയ വ്യക്തമാക്കി.

‘രോഹിത് ശർമയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്സിൽ രോഹിത് കളിക്കുന്നത് അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന തരത്തിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു.’

‘രോഹിത് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിര സാന്നിധ്യമാണ്. ടീമിന്റെ പദ്ധതികളിൽ ഉൾപ്പെടുന്നിടത്തോളം കാലം അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരും. ലളിതമായി പറഞ്ഞാൽ ലോർഡ്സിലെ ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല’- പിടിഐയോട് സംസാരിക്കവെ സൈകിയ പറഞ്ഞു.

2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാകുന്ന സാഹചര്യത്തിൽ സെലക്ടർമാർ ഓരോ കളിക്കാരന്റെയും ഫോമും ഫിറ്റ്നസും വിലയിരുത്താൻ താത്പര്യപ്പെടുന്നുണ്ടെന്നും അതിനാൽ രോഹിത് ശർമയ്ക്ക് ഇനി ടീമിൽ സ്ഥാനം ഉറപ്പായിരിക്കില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മികച്ച പ്രകടനങ്ങളിലൂടെ ടീമിലെ സ്ഥാനം അർഹിക്കുന്നിടത്തോളം കാലം രോഹിത്തിന് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറന്നുതന്നെ കിടക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 300 മത്സരങ്ങൾ തികയ്ക്കുന്ന എട്ടാമത്തെ താരം എന്ന നാഴികക്കല്ലിലേക്ക് എത്തുവാൻ രോഹിത് ശർമയ്ക്ക് ഇനി വെറും 13 മത്സരങ്ങൾ കൂടി മതി.

ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ രാവിലെ നല്‍കി; പിഎസ് സി പരീക്ഷ റദ്ദാക്കി

ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ രാവിലെ നല്‍കി; പിഎസ് സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: ചോദ്യപേപ്പര്‍ മാറി നല്‍കിയതിനെത്തുടര്‍ന്ന് പിഎസ് സി പരീക്ഷ മാറ്റിവെച്ചു. ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ആലപ്പുഴയില്‍ ഇന്ന് നടന്ന പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കേണ്ട പരീക്ഷയാണ് റദ്ദാക്കിയത്.

സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കിയെന്നാണ് പിഎസ് സി അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം നല്‍കേണ്ട ചോദ്യപേപ്പര്‍ രാവിലത്തെ പരീക്ഷയ്ക്ക് നല്‍കുകയായിരുന്നു.

ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന എല്‍ജിഎസ്, സ്റ്റോര്‍മാന്‍ പരീക്ഷകളാണ് റദ്ദാക്കിയത്. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയായിരുന്നു നടക്കേണ്ടിയിരുന്നത്. പിഎസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. പരീക്ഷാ ക്രമക്കേടുകളില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ട്രെയിനില്‍ ടിക്കറ്റെടുക്കാത്തതിന് 7,000 രൂപ പിഴ; നിയമ ലംഘനങ്ങളില്‍ കര്‍ശന നടപടിയുമായി റെയില്‍വെ

ട്രെയിനില്‍ ടിക്കറ്റെടുക്കാത്തതിന് 7,000 രൂപ പിഴ; നിയമ ലംഘനങ്ങളില്‍ കര്‍ശന നടപടിയുമായി റെയില്‍വെ

തിരുവനന്തപുരം: ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ വന്‍ പിഴ. ജന വിശ്വാസ് നിയമ പ്രകാരം ടിക്കറ്റെടുക്കാതെ യാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയാണ് നേരിടേണ്ടിവരും. കഴിഞ്ഞ ദിവസം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ വ്യക്തിക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയുമാണ് വിധിച്ചത്.

പരിശോധനയ്ക്കിടെ ടിക്കറ്റില്ലെന്നു കണ്ടെത്തിയെങ്കിലും യാത്രക്കവാരന്‍ 600 രൂപ പിഴ അടയ്ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കൊല്ലം ആര്‍പിഎഫ് സ്റ്റേഷനിലേക്കു കൈമാറി. ആര്‍പിഎഫ് 1989ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 137, 145(ബി), 146 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കൊല്ലം സ്പെഷല്‍ ക്ലാസ് റെയില്‍വേ മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി.

കേസ് പരിഗണിച്ച സ്പെഷല്‍ ക്ലാസ് റെയില്‍വേ മജിസ്ട്രേട്ട് ജസ്റ്റിന്‍ മാര്‍ട്ടിന്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിക്കുകയായിരുന്നു.

2026ലെ ജന്‍ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 500 രൂപയാണ്. ജനറല്‍ കോച്ചില്‍ പിടിക്കപ്പെട്ടാല്‍ അടക്കേണ്ട ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂയാണ്. സ്ലീപ്പര്‍ കോച്ചില്‍ (200 കി.മീ) പിഴത്തുക 780 രൂപയാണ് നിലവില്‍. 1989ലെ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 137, 138 പ്രകാരമാണ് ഉയര്‍ന്ന പിഴ ബാധകമാകുന്നത്.

ഇനി സാധുവായ ടിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാര്‍ അധിക ചാര്‍ജിനൊപ്പം യഥാര്‍ഥ യാത്രാനിരക്കും നല്‍കേണ്ടി വരുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. കുറഞ്ഞ പിഴ 500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്തവര്‍ റെയില്‍വേ ആക്ട് പ്രകാരം കുറ്റക്കാരായി കണ്ടെത്തിയാല്‍ കോടതി നടപടികളും ആറുമാസം വരെ തടവും നേരിടേണ്ടി വരാം.

മദ്യപിച്ച് ട്രെയിനില്‍ കയറി ബഹളമുണ്ടാക്കിയാല്‍ 1000 രൂപ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാം. പുകവലിച്ചാല്‍ 2000 രൂപയാണ് പിഴ. പിഴയടയ്ക്കാതെ കോടതിയില്‍ എത്തിയാല്‍ 5000 രൂപ വരെ പിഴ ലഭിക്കാം. വനിതകളുടെ കോച്ചില്‍ അതിക്രമിച്ചു കയറിയാല്‍ 2000-5000 രൂപ വരെ പിഴ ചുമത്തും. കോച്ചുകളുടെ മുകളിലും ചവിട്ടുപടിയിലും ഇരുന്നു യാത്ര ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ 2000 രൂപ പിഴ നല്‍കണം.

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബർ ചെകുത്താന് മർദനം

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബർ ചെകുത്താന് മർദനം

കൊച്ചി: ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ഇടപ്പള്ളിയിൽ വച്ചായിരുന്നു ചെകുത്താന് നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു.

സംഭവത്തിൽ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി അജു ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ ‘അമ്മ’യുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത 192, 296 (ബി) കെ പി ആക്റ്റ് 2011- 120 (0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വിഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്. അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. തുടർന്നാണ് സി​ദ്ദിഖ് പരാതി നൽകിയത്.

ഡി. വിജയൻ (63) അന്തരിച്ചു

ഡി. വിജയൻ (63) അന്തരിച്ചു

കൊടുവഴന്നൂർ: തോട്ട വാരം നെടിയവിളവീട്ടിൽ ഡി. വിജയൻ (63) (അഹമ്മദാബാദ്) (സി.പി.ഐ.എം കൊട്ടിയോട് ബ്രാഞ്ച് അംഗം രാജുവിന്റെ അളിയൻ) അന്തരിച്ചു. ഭാര്യ പരേതയായ ആർ ജയശ്രീ.
മകൻ വരുൺ വിജയ്.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്

1000 പുതിയ ബയോ-സിഎൻജി പ്ലാന്റുകളുമായി മാരുതി സുസുക്കി

1000 പുതിയ ബയോ-സിഎൻജി പ്ലാന്റുകളുമായി മാരുതി സുസുക്കി

ഡൽഹി: ഇന്ത്യയുടെ ഭാവി ഇന്ധന സുരക്ഷ ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾ ചെന്നെത്തി നിൽക്കുന്നത് രാജ്യത്ത് ഏറ്റവും സുലഭമായി ലഭിക്കുന്ന ഒരു കാർഷിക അവശിഷ്ടത്തിലാണ് – ചാണകം. ചാണകം വെറുതെ ജീർണ്ണിച്ചു പോകാൻ അനുവദിക്കാതെ, അതിനെ കാറുകളും ഓട്ടോറിക്ഷകളും ഓടിക്കാനുള്ള കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ആക്കി മാറ്റുന്ന വൻകിട പദ്ധതിക്ക് വാഹന ഭീമന്മാരായ സുസുക്കി തുടക്കം കുറിച്ചു കഴിഞ്ഞു. വിദേശത്തുനിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാനും ഒപ്പം കാർഷിക അവശിഷ്ടങ്ങളെ സമ്പത്താക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഇന്ത്യയുടെ ഊർജ്ജ രംഗത്ത് വലിയ വിപ്ലവത്തിനാണ് തിരികൊളുത്തുന്നത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള 1000 പുതിയ ബയോ-സിഎൻജി പ്ലാന്റുകൾ സ്ഥാപിക്കാൻ ഇന്ത്യയും ജപ്പാനും തമ്മിൽ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു.

ലാഭകരമായ ഗുജറാത്ത് മോഡൽ; കിലോഗ്രാമിന് വെറും 80 രൂപ

ഗുജറാത്തിൽ പ്രവർത്തിക്കുന്ന ‘ബനാസ് സുസുക്കി ബയോ-സിഎൻജി’ പ്ലാന്റ് പ്രതിദിനം ഏകദേശം 88 ടൺ ചാണകമാണ് സംസ്കരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡയറി കോഓപ്പറേറ്റീവുകളിൽ ഒന്നായ ബനാസ് ഡയറിയും സുസുക്കിയും സംയുക്തമായാണ് ഈ സംരംഭം നടത്തുന്നത്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ്ജ ഇന്ധനം കിലോഗ്രാമിന് വെറും 80 രൂപയ്ക്കാണ് ($0.93) വിൽക്കുന്നത്. ഇത് ഇന്ത്യയിലെ പല നഗരങ്ങളിലെയും പെട്രോൾ വിലയേക്കാൾ 20 രൂപയോളം കുറവാണ്.

മേഖലയിലെ 16 ഗ്രാമങ്ങളിലെ കർഷകരാണ് ഈ പ്ലാന്റിലേക്ക് ചാണകം എത്തിച്ചു നൽകുന്നത്. ഒരു കിലോയ്ക്ക് ഒരു രൂപ വീതം കർഷകർക്ക് ഇതിലൂടെ അധിക വരുമാനം ലഭിക്കുന്നുണ്ട്. പ്രതിദിനം 600 മുതൽ 700 വരെ വാഹനങ്ങളാണ് ഈ പ്ലാന്റിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തുന്നത്. ഗ്യാസ് നിർമ്മാണത്തിന് ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങൾ മികച്ച ജൈവവളമാക്കി മാറ്റി കർഷകർക്ക് തന്നെ തിരികെ നൽകുകയും ചെയ്യുന്നു.

ടെസ്‌ല മോഡൽ ആവാസവ്യവസ്ഥ; പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ത്യയുടെ നീക്കവും
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ആഭ്യന്തര സംഘർഷങ്ങളും യുദ്ധപ്രതിസന്ധികളും ആഗോള ഇന്ധന വിപണിയെ ബാധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ തങ്ങളുടെ ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാൻ അടിയന്തര നീക്കം ആരംഭിച്ചത്. ഇന്ധന വിതരണക്കാർ കൂടുതൽ സിഎൻജി ഉൽപ്പാദിപ്പിക്കുന്നത് വരെ കാത്തുനിൽക്കാതെ, സ്വന്തമായി ഒരു ഇന്ധന ആവസവ്യവസ്ഥ നിർമ്മിച്ചെടുക്കാനാണ് സുസുക്കി ശ്രമിക്കുന്നത്. മുൻപ് ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്കായി രാജ്യാന്തര തലത്തിൽ ‘സൂപ്പർചാർജർ നെറ്റ്‌വർക്ക്’ സ്ഥാപിച്ചതിന് സമാനമായ വിപ്ലവകരമായ നീക്കമാണിത്.

ബയോ ഗ്യാസ് ഉൽപ്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇവർക്ക് ഉയർന്ന സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. എങ്കിലും, രാജ്യത്തുടനീളം 1000 പുതിയ പ്ലാന്റുകൾ സ്ഥാപിക്കുക എന്നത് അത്ര എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ബയോ ഗ്യാസ് ഉൽപ്പാദനം രാജ്യത്തെ ആകെ ആവശ്യകതയുടെ ചെറിയൊരു ശതമാനം മാത്രമാണ്. ചാണകം ശേഖരിക്കാനുള്ള ശൃംഖല, വൻകിട സംസ്കരണ പ്ലാന്റുകൾ, വിതരണ സംവിധാനങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആവശ്യമായി വരും. എന്നിരുന്നാലും, ഈ വെല്ലുവിളികളെ മറികടക്കാൻ കഴിഞ്ഞാൽ ഇന്ത്യയുടെ ഗതാഗത മേഖലയുടെ ഭാവി മാറ്റിയെഴുതാൻ ചാണകത്തിന് സാധിക്കും.