by Midhun HP News | Apr 29, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം നിലച്ച മട്ടിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. ഐഎസ് ഇപ്പോള്‍ സജീവമല്ല. ആളുകളെ ഭീകരവാദത്തിലേക്ക് എത്തിക്കുന്നതിനുള്ള നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്, കേരള ഭീകരവിരുദ്ധ സ്ക്വാഡ് മുന്‍ തലവന്‍ കൂടിയായ കമ്മിഷണര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ കൊച്ചി ഡലലോഗ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ ആശയങ്ങളുള്ള ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്. ഇത്തരം വിഭാഗങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. എന്നാല്‍ ഐഎസിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. എന്നുവച്ച് അതിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്തെന്നു പറയാനുമാവില്ലെന്ന് കമ്മിഷണര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുകളും സജീവമല്ല. ഭീകരവാദ ആശയം പ്രചരിപ്പിക്കുകയും തക്കം പാര്‍ത്തിരുന്ന് അടിക്കുകയും ചെയ്യുന്നവരെയാണ് സ്ലീപ്പര്‍ സെല്ലുകള്‍ എന്നു പറയുന്നത്. എങ്കിലും കുറെപ്പേര് ഇപ്പോഴും നിരീക്ഷണത്തിണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് കേസുകളില്‍ അറസ്റ്റിലായ ചില വ്യക്തികള്‍ ഇപ്പോഴും എറണാകുളത്തുണ്ട്. മാവോയിസം ഒരു പ്രത്യയശാസ്ത്രമാണ്. അതിനെ ഇല്ലായ്മ ചെയ്യാനാവില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 18 പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡറുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാടുകള്‍ ഇപ്പോള്‍ ഏതാണ്ട് മാവോയിസ്റ്റ് മുക്തമായിട്ടുണ്ട്. എന്നാല്‍ നഗരങ്ങളില്‍ ഇപ്പോഴും മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവരുണ്ട്. മറ്റു ചില സംഘടനകളുടെ മറവിലും സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ടുമൊക്കെയാണിത്. ഇതെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്- കമ്മിഷണര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ പ്രധാനമായും പൊലീസ് നേരിടുന്ന വെല്ലുവിളി മയക്കുമരുന്നാണ്. ഭൂരിപക്ഷം ആളുകള്‍ വാടകയ്ക്കായിരിക്കും താമസിക്കുന്നുണ്ടാകുക. പഴയ കേസുകള്‍ പരിശോധിക്കുമ്പോള്‍ പലരുടേയും വിലാസം തെറ്റായിരിക്കാം. പലരും താമസം മാറി പോയിട്ടുണ്ടാകും. മൂന്നു നാല് വര്‍ഷം സമയമെടുക്കും പലപ്പോഴും വിചാരണ പൂര്‍ത്തിയാകാന്‍. കൊച്ചിയിലെ ഗുണ്ടാപ്രവര്‍ത്തനം തടയുന്നതിനായുള്ള സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്. അതനുസരിച്ച് 600 പേരെ മാപ്പ് ചെയ്ത് അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയിലെ ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ശരിയായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത്തരം റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാന്‍ സാധിക്കൂ. വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമേ റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാന്‍ സാധിക്കൂ. മയക്കു മരുന്ന് കേസില്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോട്ടീസ് നല്കി വിട്ടയക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Apr 29, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍. പുനെയില്‍ സ്ഥിരതാമസമാക്കിയ ശ്രീജിത്ത് രമേശന്റെ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പഹല്‍ഗാമില്‍ ആക്രമണത്തിന് നാലുദിവസം മുമ്പ് പകര്‍ത്തിയ ദൃശ്യത്തിലാണ് ഭീകരരുടെ ചിത്രങ്ങള്‍ പതിഞ്ഞത്.
ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരുടെ രേഖാ ചിത്രങ്ങളും ഫോട്ടോകളും സുരക്ഷാ സേനപുറത്തുവിട്ടതിന് പിന്നാലെയാണ് ഇവരെ ശ്രീജിത്ത് തിരിച്ചറിഞ്ഞത്. വിവരം എന്‍ഐഎയെ അറിയിക്കുകയും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
ഏപ്രില്‍ 18ന് ശ്രീജിത്ത് രമേശന് കുടുംബവുമായി കശ്മീരില്‍ അവധി ആഘോഷത്തിനെത്തിയതായിരുന്നു. ഈ സമയത്ത് കുടുംബവുമായുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അതുവഴി കടന്നുപോയ ഭീകരരും ഫോണില്‍ പതിഞ്ഞത്. പഹല്‍ഗാം ടൗണില്‍ നിന്ന് ഏഴര കിലോമീറ്റര്‍ മാറി ബേതാബ് വാലിയെന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഇവിടെവെച്ച് മകളുടെ ഡാന്‍സ് വിഡിയോ ചിത്രീകരിക്കുന്നതിനിടെ ആകസ്മികമായി അതുവഴി കടന്നുപോയ ഭീകരര്‍ കാമറയില്‍ പതിയുകയായിരുന്നു.
ഭീകരരുടെ രേഖാചിത്രങ്ങളുമായിസാമ്യമുള്ളതിനാല്‍ ശ്രീജിത്ത് എന്‍ഐഎയെ ബന്ധപ്പെടുകയും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. എന്‍ഐഎ ഇദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പഹല്‍ഗാം താഴ്വരയ്ക്കൊപ്പം മറ്റു സ്ഥലങ്ങളും ആക്രമണത്തിനായി ഭീകരര്‍ തെരഞ്ഞെടുത്തിരുന്നുവെന്നാണ് സംശയിക്കുന്നത്. അന്നേദിവസം ആയിരത്തോളം ടിക്കറ്റുകളാണ് പഹല്‍ഗാമില്‍ വിറ്റുപോയത്.
by Midhun HP News | Apr 29, 2025 | Latest News, കേരളം
കൊച്ചി: ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 71,840 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. 8980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷം ഏപ്രില്‍ 23 മുതലാണ് വില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കാന് കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | Apr 29, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
by Midhun HP News | Apr 29, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കെഎസ്ഇബി. അതിരപ്പിള്ളി പദ്ധതി ടൂറിസം പദ്ധതിയായി പരിഷ്കരിക്കാനും ആദിവാസി സ്കൂള്‍, ആദിവാസി ഗ്രാമം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് കെഎസ്ഇബി ഉന്നതതല യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നത്.
പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആദിവാസി സമൂഹത്തിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു പതിറ്റാണ്ട് മുമ്പ് നിര്‍ത്തിവച്ചിരുന്നതാണ് 163 മെഗാവാട്ട് അതിരപ്പിള്ളി പദ്ധതി.
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഹ്യൂമന്‍ സെറ്റില്‍മെന്റ്സ് (സി-എര്‍ത്ത്) മലങ്കര അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ബാണാസുരസാഗര്‍ അണക്കെട്ട് എന്നിവിടങ്ങളിലെ ടൂറിസം വികസനത്തെക്കുറിച്ച് 2025 ജനുവരി 17 ന് ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നിര്‍ദേശം ഉയര്‍ന്നതായി, ഏപ്രില്‍ 24 ന് കെഎസ്ഇബി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് 8 ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഡയറക്ടര്‍ (ജനറേഷന്) ആണ് ഈ നിര്‍ദ്ദേശം അവതരിപ്പിച്ചത്. മാര്‍ച്ച് 19 ന് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗം അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് അനുമതി നല്‍കാനുള്ള പ്രമേയം പാസാക്കി. സി-എര്‍ത്തിന്റെ നിര്‍ദ്ദേശം പഠിക്കാന്‍ കെഎസ്ഇബി ഒരു ചീഫ് എഞ്ചിനീയറെ നിയമിച്ചു. ഏപ്രില്‍ 28 ന് കെഎസ്ഇബി ആസ്ഥാനത്ത് നടന്ന യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ടൂറിസം, വൈദ്യുതി ഉല്പാദന പദ്ധതി എന്ന നിലയില്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് കെഎസ്ഇബി ഒരു പ്രായോഗികതാ പഠനം നടത്തിവരികയാണെന്ന് കെഎസ്ഇബി ചെയര്മാന് ബിജു പ്രഭാകര്‍ പ്രസ്താവനയില്‍ അറിയിച്ചു. ‘പഠനത്തിന്റെ അടിസ്ഥാനത്തില്‍, കെഎസ്ഇബി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പദ്ധതി അവതരിപ്പിക്കും. ഉയര്‍ന്നുവരുന്ന ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് അന്വേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം.’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 70 ശതമാനവും നിറവേറ്റാന്‍ കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് അതിരപ്പള്ളി പദ്ധതി പുനഃപരിശോധിക്കാന്‍ കെഎസ്ഇബി നിര്‍ബന്ധിതരായതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പീക്ക്-അവര്‍ ഡിമാന്‍ഡ് 5,800 മെഗാവാട്ട് ആണെങ്കിലും, ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 1,800 മെഗാവാട്ട് മാത്രമേ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സോളാര്‍ പവര്‍ പ്രോജക്ടുകളില്‍ നിന്ന് ബോര്‍ഡിന് ഏകദേശം 1,500 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും, പകല്‍ സമയത്ത് മാത്രമേ ഇത് ലഭ്യമാകൂ, പീക്ക്-അവര്‍ ഡിമാന്‍ഡ് നിറവേറ്റാന്‍ ഇത് സഹായിക്കുന്നില്ല. ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതോടെ, അമിത വിലയ്ക്ക് പുറത്തു നിന്നും വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി നിര്‍ബന്ധിതരാകുന്നുവെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
ആദ്യ നിര്‍ദ്ദേശം അനുസരിച്ച്, അതിരപ്പിള്ളി പദ്ധതിക്ക് 4 എംസിഎം വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ടാകും, ഇത് 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കും. 40 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള നാല് ജനറേറ്ററുകള്‍ പദ്ധതിയിലുണ്ടാകും. അതിരപ്പിള്ളി വെള്ളച്ചാട്ടം സജീവമായി നിലനിര്‍ത്താന്‍, വെള്ളച്ചാട്ടത്തിന് മുകളില്‍ 3 മെഗാവാട്ട് ഉത്പാദന യൂണിറ്റ് സ്ഥാപിക്കും. വൈദ്യുതി ഉല്‍പ്പാദനത്തിനു ശേഷം തുറന്നുവിടുന്ന വെള്ളം അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ സജീവമായി നിലനിര്‍ത്തും. പുറത്തുവിടുന്ന വെള്ളം അതിരപ്പിള്ളി റിസര്‍വോയറില്‍ സംഭരിച്ച് വൈദ്യുതി ഉല്പാദനത്തിനായി ഉപയോഗിക്കും. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നത് വര്‍ഷം മുഴുവനും അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളിലെ ജലപ്രവാഹം ഉറപ്പാക്കാന്‍ സഹായിക്കും. കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) 2001, 2005, 2007 വര്‍ഷങ്ങളില്‍ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയിരുന്നു. പുതിയ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി ഇനി ഒരു ഡിപിആര്‍ തയ്യാറാക്കി MoEF&CC യുടെ പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ച ശേഷം, പരിസ്ഥിതി അനുമതിക്കുള്ള നടപടിക്രമങ്ങള്‍ ബോര്‍ഡ് വീണ്ടും ചെയ്യേണ്ടതുണ്ട്. 1979 ലാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യം ഉയര്‍ന്നു വരുന്നത്. 163 മെഗാവാട്ടാണ് പദ്ധതിയുടെ കപ്പാസിറ്റി. പൊകലപ്പാറയില്‍ ഡാം നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടത്. ജനറേഷന് യൂണിറ്റ് കണ്ണന്‍കുഴിയില്‍ സ്ഥാപിക്കാനുമാണ് നിര്‍ദേശം ഉണ്ടായിരുന്നത്.
by Midhun HP News | Apr 29, 2025 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെയും മോഡല്‍ കെ സൗമ്യയെയും എക്സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഈ കേസില്‍ നേരത്തെ പിടിക്കപ്പെട്ട തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് എക്സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. നിലവില്‍ ആര്‍ക്കെതിരെയും തെളിവില്ലെന്നും, വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ് അശോക് കുമാര്‍ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യലിന് ശേഷം തൊടുപുഴയിലെ ഡീ അഡിക്ഷന് സെന്ററിലേക്ക് എക്സൈസ് കൊണ്ടുപോവും. ലഹരിക്ക് അടിമയാണെന്ന് മനസ്സിലായെന്നും, ഷൈനിന്റെ കൂടി ആവശ്യ പ്രകാരമാണ് മാറ്റുന്നതെന്നും എക്സൈസ് അറിയിച്ചു. ലഹരി മുക്ത കേന്ദ്രത്തില്‍ ഷൈന്‍ ടോം ചാക്കോ ചികിത്സ തേടുന്നതിന്റെ രേഖകള്‍ നേരത്തെ മാതാപിതാക്കള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയിരുന്നു.
മാധ്യമങ്ങള്‍ക്ക് നന്ദി എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നടന് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. ഷൈനും ശ്രീനാഥുമായുള്ള പരിചയത്തെ കുറിച്ചാണ് എക്സൈസ് തന്നോട് ചോദിച്ചതെന്നും, ലഹരി ഇടപാടില്‍ ബന്ധമില്ലെന്നും മോഡല്‍ സൗമ്യ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു. തസ്ലീമയുമായി പരിചയം ഉണ്ടെങ്കിലും സാമ്പത്തിക ഇടപാടില്ലെന്നും സൗമ്യ പറഞ്ഞു.
Recent Comments