ചരിത്രനേട്ടം;പതിനാലാം വയസ്സില്‍ സെഞ്ച്വറി; ജയ്പൂരില്‍ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ചരിത്രനേട്ടം;പതിനാലാം വയസ്സില്‍ സെഞ്ച്വറി; ജയ്പൂരില്‍ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ജയ്പൂര്‍: ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാന്റെ പതിനാലുകാരന്‍ പയ്യന്‍ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗം ഏറിയ രണ്ടാം സെഞ്ച്വറിയാണ് ഇത്. 37 പന്തില്‍ നിന്ന് യൂസഫ് പത്താന്‍ നേടിയ സെഞ്ച്വറിയാണ് സൂര്യവംശി മറികടന്നത്. 30 പന്തില്‍ നിന്ന് സെഞ്ച്വറി നേടി ഗെയ്ല്‍ ആണ് ഇനി സൂര്യവംശിക്ക് മുന്നിലുള്ളത്.

പതിനേഴ് പന്തില്‍ നിന്ന് താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും വൈഭവ് സ്വന്തം പേരില്‍ എഴുതി. നിക്കോളാസ് പൂരന്‍ പതിനെട്ട് പന്തില്‍ നിന്ന് നേടിയ ഫിഫ്റ്റി ഇതോടെ പഴങ്കഥയായി. 38 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് താരം പുറത്തായത്. പതിനൊന്ന് സിക്‌സറുകളും ഏഴ് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. പ്രസിദ്ധ് കൃഷ്ണയാണ് വൈഭവിനെ പുറത്താക്കിയത്.

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ഗുജറാത്തിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മുന്‍നിര ബാറ്റര്‍മാരുടെ മികവില്‍ രാജസ്ഥാനെതിരെ നാലുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എടുത്തു. 50 പന്തില്‍ നാലു സിക്‌സും അഞ്ച് ഫോറുമുള്‍പ്പെടെ 84 റണ്‍സെടുത്താണ് നായകന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. സായ് സുദര്‍ശന്‍ 39 റണ്‍സെടുത്തു. ശുഭ്മന്‍ ഗില്‍ സായ് സുദര്‍ശന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 62 ബോളില്‍ 93 റണ്‍സെടുത്തു.

തുടര്‍ന്നെത്തിയ ജോഷ് ബട്‌ലറുമായി ചേര്‍ന്ന് 38 പന്തില്‍ 74 റണ്‍സ് കൂട്ടുകെട്ടും ശുഭ്മന്‍ ഗില്‍ പടുത്തുയര്‍ത്തി. വാഷിങ്ടന്‍ സുന്ദര്‍ 13 റണ്‍സെടുത്തും രാഹുല്‍ തെവാത്തിയ ഒന്‍പതു റണ്‍സെടുത്തും പുറത്തായി. ജോസ് ബട്‌ലര്‍ 50 റണ്‍സോടെയും ഷാറുഖ് ഖാന്‍ അഞ്ച് റണ്‍സോടെയും പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി മഹീഷ് തീക്ഷണ രണ്ടു വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അക്ഷയതൃതീയ: ഗുരുവായൂരില്‍ ബുധനാഴ്ച വിവാഹ ബുക്കിങ് 140 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം

അക്ഷയതൃതീയ: ഗുരുവായൂരില്‍ ബുധനാഴ്ച വിവാഹ ബുക്കിങ് 140 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും. വെശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നത്. നാളെ അക്ഷയതൃതീയ ആണ്.

സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി കൂടുതല്‍ മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും.വരനും വധുവുമടങ്ങുന്ന വിവാഹസംഘങ്ങള്‍ക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള റിസപ്ഷന്‍ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങി പ്രത്യേക പന്തലില്‍ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്റെ ഊഴമാകുമ്പോള്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിലേക്കും അവിടെ നിന്നും കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കും.

വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേര്‍ക്കേ പ്രവേശനം ഉണ്ടാകു. ക്ഷേത്രത്തില്‍ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.അനിയന്ത്രിതമായ തിരക്ക് ഉണ്ടാകുന്ന പക്ഷം ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനു ദേവസ്വം ഏര്‍പ്പെടുത്തുന്ന ദര്‍ശന നിയന്ത്രണങ്ങളോട് ഭക്തജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയനും അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയനും അഭ്യര്‍ത്ഥിച്ചു.

ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്

ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനമുണ്ടാകും.

സിനിമ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്.

പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാന്‍, ഒന്നുമുതല്‍ പൂജ്യം വരെ സിനിമകള്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.

വേടന്റേത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണം: മന്ത്രി എ കെ ശശീന്ദ്രന്‍

വേടന്റേത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണം: മന്ത്രി എ കെ ശശീന്ദ്രന്‍

കൊച്ചി: റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് കോടതിയില്‍ തെളിയിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. വേടനെതിരെ ( ഹിരണ്‍ ദാസ് മുരളി) ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന റെയ്ഡിനിടെയാണ് വേടന്‍ ഉള്‍പ്പെടയുള്ളവരെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചത്. ആ ഘട്ടത്തില്‍ കൈവശം ഉണ്ടായിരുന്ന ചെയിനില്‍ പുലിപ്പല്ല് ഉള്ളക്കാര്യം പൊലീസാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത ശേഷം വേടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കും. ശിക്ഷാനടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോടതിയാണ്. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്ന് വേടന്‍ കോടതിയില്‍ തെളിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ തന്നെ വേടന്‍ ഫോറസ്റ്റ് വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും മന്ത്രി അറിയിച്ചു. വനം വകുപ്പിന്റെ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലയിലേത് യഥാര്‍ഥ പുലിപ്പല്ലാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. പുലിപ്പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാളാണെന്നും ചെന്നൈയില്‍വച്ചാണ് കൈമാറിയതെന്നുമാണ് വേടന്റെ മൊഴി. ഇയാള്‍ മലേഷ്യയില്‍ സ്ഥിരതാമസക്കാരനാണെന്നും മൊഴിയിലുണ്ട്.

പുലിപ്പല്ല് കഴിഞ്ഞ വര്‍ഷമാണ് കൈമാറിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. രഞ്ജിത്ത് എന്നയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം.

കേസിനെ അതീവ ഗൗരവമായാണ് വനം വകുപ്പ് കാണുന്നത്. ഇന്നലെ രാത്രി തന്നെ ഇയാള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടന്‍ മറുപടി നല്‍കിയത്. വേടന്‍ എന്നു വിളിക്കുന്ന ഹിരണ്‍ ദാസ് മുരളിയും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ആറ്റിങ്ങലിൽ ബസിനു തീ പിടിച്ചു

ആറ്റിങ്ങലിൽ ബസിനു തീ പിടിച്ചു

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് മാമം പാലം ബസ്റ്റോപ്പിൽ വച്ച് തീ പിടിച്ചു. 30 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാർ സുരക്ഷിതർ ആണ്. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.

പ്രവാസി ഐഡി കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കി

പ്രവാസി ഐഡി കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കി

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇന്‍ഷുറന്‍സ് തുക. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ഇനി മുതല്‍ പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കും. മെഡിക്കല്‍ കോഴ്‌സുകളിലേക്ക് എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് അവരുടെ സ്‌പോണ്‍സറുടെ തിരിച്ചറിയല്‍ രേഖയായി നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് സമര്‍പ്പിക്കാമെന്നും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.

പ്രവാസി ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നീ സേവനങ്ങളുടെ നിരക്കുകളും പുതുക്കിയിട്ടുണ്ട്. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയുടെ പുതിയ നിരക്ക് ജിഎസ്ടി ഉള്‍പ്പെടെ 408 രൂപ വീതമാണ്(പഴയ നിരക്ക് 372 രൂപ വീതം). പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസിയുടെ പുതിയ നിരക്ക് ജിഎസ്ടി ഉള്‍പ്പെടെ 661 രൂപയാണ്(പഴയ നിരക്ക് 649 രൂപ). 2025 ഏപ്രില്‍ ഒന്നു മുതല്‍ ഐഡി കാര്‍ഡ്/ എന്‍പിആര്‍ഐ പോളിസി എടുക്കുന്ന പ്രവാസിക്ക് അപകടമരണം സംഭവിക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപയും ഇന്ത്യയ്ക്ക് അകത്തുനിന്നാണെങ്കില്‍ 30,000 രൂപയും ധനസഹായം ലഭിക്കും.കാര്‍ഡുകള്‍ അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും sso.norkaroots.kerala.gov.in സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9567555821, 04712770543.