by Midhun HP News | Apr 28, 2025 | Latest News, കേരളം
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശിയായ നാരായണ ദാസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഒളിവില്‍ പോകുകയായിരുന്നു.
ചാലക്കുടി പോട്ട സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയാണ് നാരായണദാസ്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ചാലക്കുടി നഗരത്തില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്ന ഷീല സണ്ണിയുടെ ഇരുചക്ര വാഹനത്തില്‍നിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തി എന്നാരോപിച്ച് 2023 ഫെബ്രുവരി 27നാണ് ഇവരെ ജയിലിലടച്ചത്.
കുറ്റം ചെയ്യാതെ ഷീല സണ്ണി 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. പിന്നീട് അന്വേഷണത്തില്‍ കേസ് വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. നാരായണദാസ് എന്നയാളാണ് ഷീല സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
കേസിലെ മുഖ്യപ്രതി നാരായണദാസിനെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പ്രതികരിച്ചു. ആർക്കു വേണ്ടിയാണ് തന്നെ കേസിൽ കുടുക്കിയതെന്ന് അറിയണം. തന്റെ ബാഗിലും സ്കൂട്ടറിലും ലഹരിമരുന്ന് വെച്ചയാളെ പിടികൂടണമെന്നും ഷീല സണ്ണി ആവശ്യപ്പെട്ടു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഷീല സണ്ണി പുതിയ പാർലർ തുടങ്ങിയെങ്കിലും ആളുകൾ സംശയദൃഷ്ടിയോടെ കണ്ടതിനാൽ അത് അടച്ചുപൂട്ടേണ്ടി വന്നു. തുടർന്ന് നാടുവിട്ട ഷീല ഇപ്പോൾ ചെന്നൈയിൽ ഡേ കെയറിൽ ആയയായി ജോലി ചെയ്യുകയാണ്.
by Midhun HP News | Apr 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതിനിടെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
by Midhun HP News | Apr 28, 2025 | Latest News, കേരളം
കൊച്ചി: ട്രാഫിക് നിയമം ലംഘിച്ചു എന്ന് കാണിച്ച് പലരുടെയും വാട്സ്ആപ്പ് നമ്പറിലേക്ക് മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് നടത്തിയ തട്ടിപ്പിൽ നിരവധിപ്പേരാണ് കുടുങ്ങിയത്. ഇത്രയുംനാൾ ഇംഗ്ലീഷിൽ വ്യാജസന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. ഇപ്പോൾ മലയാളത്തിലും സന്ദേശം അയച്ച് തട്ടിപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിൽ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്.
‘Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ്ആപ്പ് നമ്പറിലേക്ക് മലയാളത്തിൽ മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് Details,പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.’- മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.
കുറിപ്പ്:
വ്യാജനാണ് പെട്ടു പോകല്ലെ.
Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്.
നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.
ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് Details,പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.
മോട്ടോർ വാഹന വകുപ്പോ, പോലിസോ സാധാരണയായി വാട്ട്സ് അപ്പ് നമ്പറിലേക്ക് നിലവിൽ ചലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർ സി യിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാൻ സൈറ്റ് വഴി അയക്കാറുള്ളത്.
ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി Check Pending transaction എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ,ചലാൻ നമ്പറോ നൽകിയാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ പെൻ്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്.
ഏതെങ്കിലും തരത്തിൽ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.
by Midhun HP News | Apr 28, 2025 | Latest News, കേരളം
ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ നീക്കവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍ ഒന്നാണ് കോള്‍ മെര്‍ജിങ് തട്ടിപ്പ്.
കോള്‍ മെര്‍ജിങ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഒടിപി വഴി ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റ് സുരക്ഷിത പ്ലാറ്റ്ഫോമുകളിലേക്കോ അനധികൃതമായി ആക്സസ് നേടിയാണ് കോള്‍ മെര്‍ജിങ് തട്ടിപ്പ് നടക്കുന്നത്.
തട്ടിപ്പ് രീതി എങ്ങനെ?
ആദ്യം അപ്രതീക്ഷിതമായി കോള്‍ വരും. മ്യൂച്ചല്‍ ഫ്രണ്ടില്‍ നിന്നോ മറ്റൊരു വിശ്വസനീയമായ ഉറവിടത്തില്‍ നിന്നോ താങ്കളുടെ നമ്പര്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരന്‍ ഫോണ്‍ വിളിക്കുക.
ഉടന്‍ തന്നെ കോള്‍ മെര്‍ജ് ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും.
കോള്‍ മെര്‍ജിങ് കഴിഞ്ഞാല്‍ ഉപഭോക്താവ് അറിയാതെ തന്നെ, ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒരു ഓട്ടോമേറ്റഡ് ഒടിപി വെരിഫിക്കേഷന്‍ കോളുമായി കണക്റ്റ് ആവുന്നു.
സ്ഥിരീകരണത്തിന് ആവശ്യമാണെന്ന് പറഞ്ഞ് ഒടിപി പങ്കിടാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഒടിപി പങ്കിടുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ്
സ്വയം എങ്ങനെ രക്ഷപ്പെടാം?
അജ്ഞാതരായ ആളുകളുമായി കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. പരിചയമില്ലാത്ത ആരെങ്കിലും കോളുകള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, ഉടന്‍ നിരസിക്കുക. ഒരിക്കലും അറിയാത്ത ആളുമായി ഒടിപി അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുത്.
ആരെങ്കിലും ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടാല്‍ അവരുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്കിലേക്ക് നേരിട്ട് വിളിക്കുക.
കോളുകളിലൂടെ ബാങ്കുകള്‍ ഒരിക്കലും ഒടിപി ആവശ്യപ്പെടില്ല എന്ന കാര്യം ഓര്‍ക്കുക. ഫോണ്‍ കോളിലൂടെ ഒടിപി ആവശ്യപ്പെടുന്നത് തട്ടിപ്പ് ആണെന്ന് തിരിച്ചറിയുക
അപ്രതീക്ഷിതമായി ഒടിപി ലഭിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ 1930 (ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍) എന്ന നമ്പറില്‍ വിളിച്ചും ബാങ്കിനെ വിളിച്ചും വിവരം കൈമാറുക.
ചോര്‍ന്ന ഡാറ്റാബേസുകളില്‍ നിന്നോ സോഷ്യല്‍ മീഡിയയില്‍ നിന്നോ ഫിഷിംഗ് ശ്രമങ്ങള്‍ വഴിയോ ആകാം തട്ടിപ്പുകാര്‍ പലപ്പോഴും നമ്പറുകള്‍ നേടുന്നത്. കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിടുമ്പോള്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. വിളിക്കുന്നയാളുടെ ഐഡന്റിറ്റിയില്‍ ഉറപ്പുണ്ടെങ്കില്‍ മാത്രം കോളുകള്‍ മെര്‍ജ് ചെയ്യുക. സംശയമുണ്ടെങ്കില്‍, കോള്‍ അവസാനിപ്പിച്ച് സ്വതന്ത്രമായി പരിശോധിക്കുക.
by Midhun HP News | Apr 28, 2025 | Latest News, കായികം
മുംബൈ: മുംബൈ – ലഖ്‌നൗ പോരാട്ടത്തില്‍ ബുംറയെ സിക്‌സര്‍ പറത്തിയ രവി ബിഷ്‌ണോയിയുടെ ആഘോഷം വൈറല്‍. ലക്‌നൗവിന്റെ മറുപടി ബാറ്റിങ്ങില്‍ പതിനെട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ബിഷ്‌ണോയിയുടെ സിക്‌സ്. ലോങ് ഓണിനു മുകളിലൂടെ ബുംറയുടെ പന്ത് ഗാലറിയിലെത്തിച്ച ബിഷ്‌ണോയയുടെ ആഹ്ലാദ പ്രടകടനം മൈതാനത്തും ചിരി പടര്‍ത്തി.
ലഖ്‌നൗവിന് ജയിക്കാന്‍ 12 പന്തില്‍ 61 റണ്‍സ് ആവശ്യമായ ഘട്ടത്തിലാണ് വാലറ്റക്കാരന്റെ ബാറ്റില്‍ നിന്ന് സിക്‌സ് പിറന്നത്. അപ്രതീക്ഷിതമായ ഷോട്ട് തന്നെയായിരുന്നു. പന്ത് ഗാലറിയിലേക്ക് വീണതോടെ ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളും ഞെട്ടി. ബുംറയെ നോക്കിയായിരുന്നു താരത്തിന്റെ ആഘോഷം. ബിഷ്‌ണോയിയുടെ പ്രകടനം കണ്ട് ബുംറയും ചിരിച്ചു.
മത്സരത്തില്‍ സ്‌പെഷലിസ്റ്റ് ബാറ്ററായ ഋഷഭ് പന്തിനേക്കാള്‍ മികച്ച ബാറ്റിങ് പ്രകടനമായിരുന്നു രവി ബിഷ്‌ണോയിയുടേത്.രണ്ടു പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് നാലു റണ്‍സ് മാത്രമെടുത്തു പുറത്തായപ്പോള്‍, രവി ബിഷ്‌ണോയി 14 പന്തില്‍ 13 റണ്‍സെടുത്തു. മത്സരത്തില്‍ 54 റണ്‍സ് വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. മുംബൈ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 20 ഓവറില്‍ 161 റണ്‍സെടുത്തു പുറത്തായി.
by Midhun HP News | Apr 28, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മണൽ നീക്കത്തിനായി കണ്ണൂർ അഴീക്കലിൽ നിന്നെത്തിച്ച ശേഷികൂടിയ ചന്ദ്രഗിരി ഡ്രജർ മുതലപ്പൊഴി അഴിമുഖ ചാലിൽ എത്തിച്ചു.
വെള്ളിയാഴ്ച മുതലപ്പൊഴിയിലെത്തിച്ച് കടലിൽ തുടർന്ന ഡ്രജറിനെ മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് പൊഴിമുഖത്തേക്ക് കയറ്റിയത്. ഡ്രജർ പൊഴിക്കുള്ളിലേക്ക് കയറ്റുന്നതിനിടെ തൊഴിലാളിക്ക് പരിക്കേറ്റു. വേലിയേറ്റ സമയം കൂടി കണക്കിലെടുത്ത് ഇന്നലെ രാവിലെ പത്തിനൊന്ന് മണിയോടെയാണ് ഡ്രജറിനെ പൊഴിക്കുള്ളിലേക്ക് കയറ്റിയത്.
കായലിൽ നിന്നുള്ള ഒഴുക്ക് ശക്തമായതിനാൽ ഡ്രജർ രണ്ടുദിവസം മുതലപൊഴി കടലിൽ നങ്കൂരമിട്ടിരുന്നു. മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് കയർ കെട്ടിവലിച്ചാണ് ഡ്രജറിനെ പൊഴിയിലേക്ക് പ്രവേശിപ്പിച്ചത്. കയർ കെട്ടുന്നതിനിടെയുണ്ടായ തിരമാലയിൽപ്പെട്ട് കടലിൽ വീണ് തൊഴിലാളിക്ക് പരിക്കേറ്റു. പെരുമാതുറ സ്വദേശി ഷഹീറിനാണ് പരിക്കേറ്റത്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തുറമുഖത്ത് മണലടിഞ്ഞ് മത്സ്യബന്ധനം രണ്ടാഴ്ചയായി തടസ്സപ്പെട്ടിരുന്നു. പൊഴിമുറച്ചാണ് ഡ്രജറിനെ അകത്തേക്ക് പ്രവേശിപ്പിച്ചത്. പൊഴി മുറിച്ചതോടെ താങ്ങുവല വള്ളങ്ങൾ ഉൾപ്പെടെ പൊഴിമുഖം വഴി മത്സ്യബന്ധനത്തിന് പോയി തുടങ്ങി. കട്ടർ സെക്ഷൻ ഡ്രജറായ ചന്ദ്രഗിരിക്ക് മണൽ, ചരൽ, ചെറിയ പാറ കഷ്ണങ്ങൾ അടക്കം നീക്കം ചെയ്യാനാകും. കൂടാതേ 10 മീറ്റർ വരെ ആഴത്തിലും മണിക്കൂറിൽ 400 ക്യൂബിക് മീറ്റർ മണൽ ചന്ദ്രഗിരിക്ക് നീക്കം ചെയ്യാൻ കഴിയും. ഡ്രജറിന്റെ മണൽ നീക്കം ആരംഭിക്കണമെങ്കിൽ ക്രെയിൻ ഉപയോഗിച്ച് സോയിൽ പൈപ്പുകൾ യോജിപ്പിക്കേണ്ട പ്രവർത്തികളാണ് പ്രധാനമായും ഇനി പൂർത്തിയാക്കേണ്ടത്. ഇതിന് കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും എന്നാണ് അധികൃതർ നൽകുന്ന വിവരം. ഡ്രജർ പ്രവർത്തനക്ഷമമായാൽ രണ്ട് ഷിഫ്റ്റുകളിലായി മുഴുവൻ സമയവും വിനിയോഗിച്ച് മണൽ നീക്കം ചെയ്യും. കുഴിച്ചെടുക്കുന്ന മണൽ തീരശോഷണമുള്ള താഴമ്പള്ളി ഭാഗത്ത് നിക്ഷേപിക്കും. നിലവിൽ മുതലപ്പൊഴിയിലുള്ള മിനി ഡ്രജർ ഉപയോഗിച്ചും മണൽ നീക്കം തുടരും. മത്സ്യബന്ധനത്തിന് തടസ്സമില്ലാതെ മണൽ നീക്കം നടത്താണ് തീരുമാനം
Recent Comments