by Midhun HP News | Apr 26, 2025 | Latest News, കേരളം
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയത്ത് വീട്ടില്‍ എന്‍ എ അരുണാണ് (35) അറസ്റ്റിലായത്. ഇയാള്‍ ഡിവൈഎഫ്‌ഐ വൈക്കം ടിവി പുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗമാണ്. ഹരിപ്പാട് സ്വദേശികളായ 8 പേര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്‌നഫോട്ടോയാക്കി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. വീട്ടമ്മമാരുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോയാണ് പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിച്ച വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അരുണ്‍ ആണെന്ന് കണ്ടെത്തി. 10 മുതല്‍ 15 പേര്‍ വരെയുള്ള ഫെയ്‌സ് ബുക്ക് ഗ്രൂപ്പുണ്ടാക്കിയാണ് ഇതു പ്രചരിപ്പിച്ചത്. അരുണ്‍ 2020 മുതല്‍ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.
ഇയാളുടെ ഫോണില്‍ ആയിരത്തിലധികം മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് വരെ ഇയാള്‍ ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. വൈക്കത്ത് സ്റ്റേഷനറി കടയില്‍ സെയില്‍സ് മാനേജരാണ് പ്രതി. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്‌ഐമാരായ ഷൈജ, അനന്തു, സിപിഒമാരായ സുരേഷ്, എ. നിഷാദ്, സജാദ്, പ്രദീപ് ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ആലപ്പുഴയിലെ സൈബര്‍ പൊലീസ് ടീമുമാണ് അന്വേഷണം നടത്തിയത്.
by Midhun HP News | Apr 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയും ഇടിമിന്നലും 29 വരെ തുടരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനില
ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്.
by Midhun HP News | Apr 26, 2025 | Latest News, കേരളം
തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാലു പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.
ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് സർദേശം നൽകി.
by Midhun HP News | Apr 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച വയനാട് കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും ശനിയാഴ്ച മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും (വെള്ളിയാഴ്ചയും ശനിയാഴ്ചയും) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Apr 25, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവല്ലയ്ക്കും ചങ്ങനാശേരിയ്ക്കും ഇടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ(ഏപ്രില്‍ 26 ശനിയാഴ്ച) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. രാത്രി 9.05ന് കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു ട്രെയിന്‍ പൂര്‍ണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തും.
തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരുഹംസഫര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.40ന് പുറപ്പെടുന്ന 16629 മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന 16347 മംഗലാപുരം എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന 16343 അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കോട്ടയത്തിനു പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക.
ഈ 4 ട്രെയിനുകള്‍ക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും. ഏപ്രില്‍ 26ന് മധുരയില്‍നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലം സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ഏപ്രില്‍ 27ന് രാവിലെ ഗുരുവായൂര്‍ സ്‌റ്റേഷനില്‍നിന്ന് പുറപ്പെടേണ്ട മധുര എക്‌സ്പ്രസ് കൊല്ലം സ്‌റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക.
by Midhun HP News | Apr 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീ.
ഐടി പാര്‍ക്കുകളിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും ഓരോ മദ്യ ഷോപ്പുകള്‍ തുടങ്ങാനാണ് ഇപ്പോള്‍ അനുമതിയായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായിട്ടാണ് നടപടി.ഐടി പാര്‍ക്കുകളിലെ പ്രത്യേക കെട്ടിടത്തിലാണ് മദ്യ ഷോപ്പുകള്‍ തുറക്കേണ്ടത്. ജീവനക്കാര്‍ക്ക് മാത്രമാണ് ഷോപ്പുകളില്‍ പ്രവേശനം ഉണ്ടാകാന്‍ പാടുള്ളൂ.
കമ്പനികളുടെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം. ഔദ്യോഗിക അതിഥികള്‍ക്ക് മദ്യം നല്‍കാന്‍ പ്രത്യേക അനുമതി വേണം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ.
എഫ്എല്‍ 9 ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുള്ളു. ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈ ഡേകളിലും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തനസമയം. ഒരു ഐടി പാര്‍ക്കില്‍ ഒരു മദ്യശാലയെന്നതാണ് നിബന്ധന. ഐടി പാര്‍ക്കുകളില്‍ മദ്യശാലയ്ക്ക് അനുമതി നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിയമസഭ സമിതിയും തീരുമാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
Recent Comments