by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ ആയിരുന്ന കസ്തൂരിരംഗന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.2003 മുതല്‍ 2009 വരെ രാജ്യസഭ അംഗമായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യശില്‍പ്പിയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനായിരുന്നു.
കസ്തൂരിരംഗന്‍ ബഹിരാകാശ കമ്മീഷന്റെ ചെയര്‍മാനായും ബഹിരാകാശ വകുപ്പില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറിയായും 9 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ അദ്ദേഹം ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പുതുതലമുറ ബഹിരാകാശ പേടകങ്ങളായ ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് സിസ്റ്റം, ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍, ശാസ്ത്രീയ ഉപഗ്രഹങ്ങള്‍ എന്നിവയുടെ വികസനത്തിന് മേല്‍നോട്ടം വഹിച്ചു. ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I, II എന്നിവയുടെ പ്രോജക്ട് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെഎന്‍യു ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ അഭിമാനകരമായ വിക്ഷേപണ വാഹനങ്ങളായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ , ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) എന്നിവയുടെ വിജയകരമായ വിക്ഷേപണവും പ്രവര്‍ത്തനക്ഷമമാക്കലും ഉള്‍പ്പെടെ നിരവധി പ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കിയത്. ഇദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മശ്രീ(1982), പത്മഭൂഷണ്‍(1992), പത്മ വിഭൂഷണ്‍(2000) എന്നി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
1940 ഒക്ടോബര്‍ 24 ന് എറണാകുളത്ത് സി എം കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനായാണ് കസ്തൂരിരംഗന്‍ ജനിച്ചത്. കസ്തൂരിരംഗന്റെ പൂര്‍വ്വികര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരും പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയവരുമാണ്.
by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാകിസ്ഥാനെതിരെ നയതന്ത്രതലത്തില്‍ നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരില്‍ വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം വിടുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ തങ്ങില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പഹല്‍ഗാമില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഏപ്രില്‍ 27 മുതല്‍ പാക് പൗരന്‍മാരുടെ വിസ റദ്ദാക്കുന്നതായും രാജ്യത്തുള്ള പാകിസ്ഥാന്‍കാര്‍ എത്രയും വേഗം മടങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരിട്ട് വിളിച്ച് സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഓരോ സംസ്ഥാനങ്ങളിലും താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്താനും അവരെ നാടുകടത്താനും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും നാടുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെത്താനായി പാക് പൗരന്മാര്‍ക്ക് നല്‍കിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കിയിരിക്കുകയാണ്. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്ഥനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകളും റദ്ദാക്കി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക.
മാത്രമല്ല, വിസയ്ക്കായുള്ള എല്ലാ അപക്ഷകളും നിരസിക്കും. പാകിസ്ഥാനികള്‍ക്കു നല്‍കിയിട്ടുള്ള സാധുതയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. വിസ റദ്ദാകുന്ന തീയതിക്കുള്ളില്‍ എല്ലാ പാകിസ്ഥാന്‍ പൗരന്മാരും രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, പാകിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
by Midhun HP News | Apr 25, 2025 | Latest News, കേരളം
കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചലച്ചിത്ര താരം ഉഷ ഹസീനയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
നടി ഉഷാ ഹസീനയെ കൂടാതെ ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു.
നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
സ്വകാര്യബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്. ജനുവരി 24ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേൽപിക്കൽ, കലാപം , ലഹള, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ അപകടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഉൾപ്പെട്ടിട്ടുള്ളവർ, വ്യാജരേഖ ചമയ്ക്കൽ, ലഹരിമരുന്നു കേസുകളിൽ ഉൾപ്പെട്ടവർ, അബ്കാരി കേസുകളിൽ ഉൾപ്പെട്ടവർ, വാഹനമോഷണം, ഭവനഭേദനം തുടങ്ങിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടവർ എന്നിവരെ കെഎസ്ആർടിസി, സ്വകാര്യബസുകളിൽ കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കാൻ പാടില്ല. അതിർത്തി തർക്കം, കുടുംബക്കോടതി വ്യവഹാരങ്ങൾ എന്നീ കേസുകളിൽപെട്ടവർക്ക് നിയമനം കൊടുക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് സർക്കുലർ.
by Midhun HP News | Apr 25, 2025 | Latest News, കായികം
കൊച്ചി: ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷമാണ് ടീം പ്രഖ്യാപനം. മെയ് 27 മുതൽ 31 വരെ ദക്ഷിണ കൊറിയയിലാണ് പോരാട്ടം.
സ്റ്റാർ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഏഷ്യൻ പോരിൽ പങ്കടുക്കുന്നില്ല. ഫെഡറേഷൻ പ്രഖ്യാപിച്ച പട്ടികയിൽ നീരജ് ഇല്ല. ഫെഡറേഷൻ കപ്പ് ദേശീയ അത്‌ലറ്റിക്സ് വിജയത്തിലൂടെ നിരവധി താരങ്ങൾ യോഗ്യത നേടിയിട്ടുണ്ട്. യോഗ്യതാ മാർക്ക് കടക്കാനാവാത്തവരുടെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. പോരാട്ടത്തിൽ ഇന്ത്യയുടെ 4-400 വനിതാ റിലേ ടീം പങ്കെടുക്കില്ല. ചൈനയിൽ മെയ് 10, 11നു നടക്കുന്ന ലോക അത്‍ലറ്റിക്സ് പോരാട്ടത്തിൽ ഇന്ത്യയുടെ പുരുഷ, മിക്സഡ് റിലേ ടീമുകൾ പങ്കെടുക്കും.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ പോലീസിൽ നിന്ന് പടിയിറങ്ങി. മലപ്പുറത്ത് എംഎസ്‌പി അസി. കമാൻഡന്റ് ആയ വിജയന് പൊലീസ് സേന യാത്രയയപ്പ് നൽകി. ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന് സല്യൂട്ട് സ്വീകരിച്ചതോടെ കേരള പൊലീസ് ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. മലപ്പുറത്തു നിന്ന്, അതും ജീവിതത്തിൻ്റെ ഭാഗമായി മാറിയ എംഎസ്പിയിൽ നിന്ന് പിറന്നാൾ ദിനത്തിൽ യാത്രയയപ്പ് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് അദ്ദേഹം.
1987ൽ പതിനെട്ട് വയസ്സ് പൂർത്തിയായപ്പോൾ പൊലീസ് കോൺസ്‌റ്റബിളായി ജോലിയിൽ പ്രവേശിച്ചു. 1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻബഗാനിലേക്ക് കളിക്കാൻ പോയി. 1992ൽ പൊലീസിൽ തിരിച്ചെത്തി. അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ്റെ നിർബന്ധത്തിലാണ് തിരിച്ചെത്തിയതെന്ന് പ്രസംഗത്തിൽ അനുസ്മരിച്ചു.
1993ൽ വീണ്ടും പൊലീസ് വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്‌റ്റ് ബംഗാൾ, ജെസിടി മിൽസ് ഫഗ്‌വാര, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ് ക്ലബ്ബുകളിൽ കളിച്ചു.1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. 2000–-2004 കാലത്ത് ഇന്ത്യൻ ക്യാപ്റ്റൻ. 2006ൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിൽനിന്ന് ഇറങ്ങിയതോടെ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന് വിടവാങ്ങി. എഎസ്‌ഐ ആയാണ് തിരികെ പൊലീസിൽ പ്രവേശിക്കുന്നത്. 2021ൽ എംഎസ്‌പി അസി. കമാൻഡന്റ് ആയി. 2002ൽ അർജുനയും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. പോലിസിൽ നിന്നിറങ്ങിയാലും ഫുട്ബോൾ മൈതാനത്ത് കാണാമെന്നു പറഞ്ഞാണ് വിജയൻ പടിയിറങ്ങുന്നത്.
Recent Comments