നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു; ഞെട്ടലോടെ കന്നഡ സിനിമാ ലോകം

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു; ഞെട്ടലോടെ കന്നഡ സിനിമാ ലോകം

ബം​ഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് നടന്റെ കുടുംബാം​ഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ ‘മിലാന’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.

യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. ഡിആർ ക്രിയേഷൻസ് എന്ന ബാനറിൽ നിരവധി ടെലിവിഷൻ പരമ്പരകളും നിർമിച്ചിട്ടുണ്ട്. സീ കന്നഡയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഹിറ്റ്‌ലർ കല്യാണയിലെ നായക വേഷത്തിലൂടെയാണ് ദിലീപ് തിളങ്ങിയത്.അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. കമ്പട മാനെ എന്ന ടെലി ഫിലിമിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ യാത്ര ആരംഭിച്ചത്. ജനനി, അർധ സത്യ, രംഗോലി, കുംകുമ ഭാഗ്യ, മാംഗല്യ, മലേബില്ലു, പ്രീതിഗാഗി, രഥസപ്തമി എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

24 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ- ടെലിവിഷൻ രം​ഗത്തെ നിരവധി പേരാണ് നടന്റെ വിയോ​ഗത്തിൽ അനുശോചനമറിയിക്കുന്നത്. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം.

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്.

നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചെറിയൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മാര്‍ച്ച് 24ന് രാത്രി അണുബാധയെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു.

വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. നാലും, ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദിൽ മിറാഷ്, അഫ്സലിൻ്റെ ഭാര്യയുടെ സഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ എന്നവരാണ് മരിച്ചത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്ന്?

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്ന്?

ന്യൂഡല്‍ഹി: രാജ്യത്തെ 22 ലക്ഷം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്നെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേരളത്തിലെ ഒരു കോളജില്‍ എംബിബിഎസ് പഠിക്കുന്ന ചുരുവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി മെയ് ഒന്നിന് സിക്കറിലെ ഒരു സുഹൃത്തിന് ചോദ്യബാങ്ക് അയച്ചതായാണ് പ്രാഥമിക അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്.

മെയ് 2 ന്, സുഹൃത്ത് സിക്കറിലെ ഒരു പിജി അക്കോമഡേഷന്‍ ഓപ്പറേറ്റര്‍ക്ക് ചോദ്യബാങ്ക് കൈമാറിയതായും തുടര്‍ന്ന് അദ്ദേഹം അത് അവിടെ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പങ്കിട്ടതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ രേഖ പിന്നീട് വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ കൗണ്‍സിലര്‍മാര്‍ക്കും ഇടയില്‍ പ്രചരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

മെയ് 3 ന് നടന്ന പരീക്ഷയ്ക്ക് ശേഷം, പരീക്ഷയ്ക്ക് മുമ്പ് ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് സംശയാസ്പദമായ ചോദ്യബാങ്ക് ലഭിച്ചതായി ആരോപിച്ച് സിക്കാറിലെ ഒരു പിജി ഓപ്പറേറ്ററാണ് ഉദ്യോഗ് നഗര്‍ പൊലീസ് സ്റ്റേഷനിലും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലും (എന്‍ടിഎ) പരാതി നല്‍കുന്നത്. മെയ് 6-ന് ഉത്തരസൂചികയും പരീക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.

ഇതോടെ യഥാര്‍ത്ഥ ചോദ്യപേപ്പറിനോട് വളരെയധികം സാമ്യമുള്ള ഒരു ചോദ്യശേഖരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കുമിടയില്‍ ശക്തമായി. പരീക്ഷ നടന്ന് നാല് ദിവസത്തിന് ശേഷം, മെയ് 7-ന്, ക്രമക്കേടുകള്‍ നടന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതായി എന്‍ടിഎ സമ്മതിച്ചു. രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ പുറത്തുവന്നതെന്ന് ഏജന്‍സി വ്യക്തമാക്കി.

ഏകദേശം അതേ സമയത്തുതന്നെ കേസ് അന്വേഷിക്കുന്ന രാജസ്ഥാന്‍ പൊലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്.ഒ.ജി ) സിക്കറിലും ജുന്‍ജുനുവിലും എത്തി. തുടര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുരുഗ്രാമിലെ ഡോക്ടറാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പ്രധാനകണ്ണിയെന്നാണ് അന്വേഷണസംഘം പറയുന്നത്. നാസിക്കിലെ പ്രിന്റിങ് പ്രസ്സില്‍ നിന്നാകാം ചോദ്യപ്പേപ്പര്‍ ചോര്‍ന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.മെയ് 3-ന് പരീക്ഷ നടത്തുന്നതിന് മുമ്പ് തന്നെ, ‘ഗസ് പേപ്പര്‍’ എന്ന പേരില്‍ 150 പേജുള്ള ഒരു രേഖ സിക്കര്‍, ജുന്‍ജുനു ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചതായി ആരോപിക്കപ്പെടുന്നു. ഈ രേഖയില്‍ 410 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്, അതില്‍ 135 എണ്ണം യഥാര്‍ത്ഥ പരീക്ഷാ പേപ്പറുമായി കൃത്യമായി പൊരുത്തപ്പെടുന്നവയായിരുന്നു. ഉത്തരങ്ങളുടെ ക്രമം, ഭാഷ, ചിഹ്നങ്ങള്‍, കോമകള്‍, ഫുള്‍സ്റ്റോപ്പുകള്‍ എന്നിവയില്‍ പോലും പരീക്ഷാ പേപ്പറുമായി വളരെയധികം സാമ്യമുണ്ടായിരുന്നു.

‘നഷ്ടത്തിൽ ഓടാൻ വയ്യ’; എയർ ഇന്ത്യ സർവീസ് വെട്ടിച്ചുരുക്കുന്നു, പ്രവാസികൾ ആശങ്കയിൽ

‘നഷ്ടത്തിൽ ഓടാൻ വയ്യ’; എയർ ഇന്ത്യ സർവീസ് വെട്ടിച്ചുരുക്കുന്നു, പ്രവാസികൾ ആശങ്കയിൽ

ഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില വൻ തോതിൽ വർധിച്ചതോടെ എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. ഇന്ധന പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് സർവീസുകൾ കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

ജൂൺ മുതൽ മൂന്ന് മാസക്കാലയളവിൽ നൂറോളം സർവീസുകൾ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഡൽഹിയിൽ നിന്ന് ഷിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ പൂർണ്ണമായും നിർത്തിവെച്ചതായാണ് വിവരം. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലും കുറവ് എയർ ഇന്ത്യ വരുത്തിയിട്ടുണ്ട്.കുറഞ്ഞ ചെലവിൽ നാട്ടിൽ എത്താൻ കഴിയുന്ന തരത്തിലുള്ള എയർ ഇന്ത്യയുടെ സർവീസ് ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ യാത്രകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ തീരുമാനം എടുത്തതോടെ ആശങ്കയിലാണ് പ്രവാസികൾ.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിൽ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില മെയ് 8 ആയപ്പോഴേക്കും 162.89 ഡോളറായി ഉയർന്നു.

പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പല സർവീസുകളും റദ്ദാക്കാൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ തീരുമാനിച്ചത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് രംഗത്തെത്തിയിട്ടുണ്ട്.

‘മുഖ്യമന്ത്രിക്കും മുന്‍പ് മിന്നല്‍ മാജിക്ക് എത്തുമോ?’; സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലേക്ക്, വില 400 രൂപ

‘മുഖ്യമന്ത്രിക്കും മുന്‍പ് മിന്നല്‍ മാജിക്ക് എത്തുമോ?’; സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലേക്ക്, വില 400 രൂപ

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും പുതിയ മദ്യബ്രാന്റായ ‘മിന്നല്‍ മാജിക്ക്’ ഈ മാസം വിപണിയിലെത്തും. ബിവറേജസ് കോര്‍പ്പറേഷന്റെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയാകും വിതരണം.

കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിന്റെ തന്നെ മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാന്റി ഉല്‍പാദിപ്പിക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയാണ് വില. പാലക്കാട്ടെ മലബാര്‍ ഡിസ്ലറിയിലാണ് ‘മിന്നല്‍ മാജിക്ക്’ ഉല്‍പാദിപ്പിക്കുന്നത്. പ്രതിദിനം 900 കെയിസ് മദ്യമുണ്ടാക്കാനാണ് ബെവ്‌കോയുടെ ലക്ഷ്യം.കേരളസര്‍ക്കാരിന്റെ പുതിയ മദ്യ ബ്രാന്റിന് പേരു നിര്‍ദേശിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ആദ്യം ‘മലബാര്‍ മിസ്റ്ററി’ എന്നു പേരു നല്‍കിയിരുന്നെങ്കിലും പിന്നീടത് ‘മിന്നല്‍ മാജിക്ക്’ എന്നു മാറ്റുകയായിരുന്നു. എംഎം എന്ന ചുരുക്കപ്പേരിലാണ് ബ്രാന്റ് അറിയപ്പെടുന്നത്.

ഈ മാസം അവസാനത്തോടെ മിന്നല്‍ മാജിക് ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ വിതരണം ആരംഭിക്കുന്ന കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല.