മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ച്‌ ആരാധനാലയത്തെക്കുറിച്ച്‌ വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബര്‍മാര്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണം ഉണ്ടായ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

യാതൊരു പരിശീലനവുമില്ലാതെയാണ് പലരും മൊബൈലും മൈക്കുമായി മാധ്യമ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് നടക്കുന്നത്. ഇത്തരക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ മാധ്യമ പരിശീലനമോ ധാര്‍മിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ, നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ഓര്‍മിപ്പിച്ചു.

ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും സമൂഹത്തിന് ആപത്താണ്. ഇത്തരക്കാര്‍ ആളുകളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തെറ്റിദ്ധാരണാജനകമായ കഥകള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുമെന്ന് കോടതി പറഞ്ഞു. കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെയുള്ള വാര്‍ത്തകളും വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതും സമൂഹത്തില്‍ വലിയ ഭിന്നതകള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
മാധ്യമസ്വാതന്ത്ര്യം ഒരിക്കലും ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിനോ, ഭീഷണിപ്പെടുത്തലിനോ, പൊതുസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനോ ഉള്ള മറയാക്കി മാറ്റരുതെന്നും ഇതിനായി അനുയോജ്യമായ ഒരു നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

‘ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

‘ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

ടെഹ്‌റാന്‍: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് അന്ത്യ ശാസനവുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസങ്ങളിൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ സമ്പൂർണ ആക്രമണത്തിലേക്ക് കടക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉന്നത ഉദ്യോഗസ്ഥനും പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവുമായ മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി.

അതിനിടെ, ഇറാനെതിരെ തുടർച്ചയായ ഏഴാം ദിവസവും അമേരിക്ക വ്യോമാക്രമണങ്ങൾ നടത്തി. ദക്ഷിണ ഇറാനിലെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, രണ്ട് പ്രധാന പാലങ്ങള്‍ എന്നിവയ്ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിന് സമീപത്തെ നിരീക്ഷണ ടവർ അമേരിക്ക തകർത്തതിന് പിന്നാലെ, പേർഷ്യൻ ഗൾഫ് മേഖലയിലെ പ്രധാന തുറമുഖങ്ങൾ ആക്രമിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സൈനിക ക്യാംപുകളെ ലക്ഷ്യമിട്ട് ഇറാൻ വെള്ളിയാഴ്ച മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.

അതേ സമയം, ഹോർമുസിലൂടെ കടന്ന് പോകുന്ന കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണം തുടരുകയാണ്. ഹോർമുസ് ഇടനാഴിയിലൂടെ സഞ്ചരിച്ചിരുന്നു തായ് കപ്പൽ ഇറാൻ ആക്രമിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 560 രൂപ കൂടി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 560 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,05,080 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കൂടിയത്. 13,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക അമേരിക്കയില്‍ ഒഴിഞ്ഞത് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയിരുന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വില മാറിയ ശേഷമുണ്ടായ ഇടിവ് സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്നു. ഇടവേളയ്ക്ക് ശേഷം വില ഉയര്‍ന്നതോടെ നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു

വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിച്ചുകൊണ്ട് കേരളത്തെ ഒരു ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള വന്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി ‘കേരള ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ എന്ന പേരില്‍ ഒരു പ്രത്യേക ഏജന്‍സി രൂപീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. പ്രത്യേക ഫണ്ടിന്റെ പിന്തുണയോടെ രൂപീകരിക്കുന്ന ഈ മിഷന്‍, കേരളത്തിലെ ക്യാംപസുകളില്‍ മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും വിദ്യാര്‍ഥികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ‘ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ പറഞ്ഞു.

ഉന്നതപഠനത്തിനായി വിദ്യാര്‍ഥികള്‍ സംസ്ഥാനം വിട്ടുപോകുന്ന പ്രവണത ഘട്ടംഘട്ടമായി മാറ്റിയെടുക്കുക കൂടിയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഒരു വിദ്യാഭ്യാസ ഹബ്ബ് എന്ന നിലയില്‍ കേരളത്തിന്റെ ഖ്യാതി വളരുകയും ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ഥികള്‍ നമ്മുടെ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങുകയും ചെയ്യും. ഇതുവഴി കേരളത്തിലെ വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നത് കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കുമുള്ള കുടിയേറ്റമെങ്കിലും കുറയ്ക്കാന്‍ സഹായിക്കുമെന്ന് മന്ത്രി പറയുന്നു.

2024ല്‍ പുറത്തുവിട്ട കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം സംസ്ഥാനത്ത് നിന്ന് 2.5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വിദേശത്തും 2.15 ലക്ഷം വിദ്യാര്‍ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലും ഉന്നതപഠനം നടത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഒഴുക്ക് തടയാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഉപദേശക സമിതിയായ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനായിരിക്കും മിഷന്റെ മേല്‍നോട്ട ചുമതല. പദ്ധതിക്ക് കീഴില്‍, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തുനിന്നുമുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്ക് വീതം കേരളത്തില്‍ ഉന്നതപഠനം നടത്തുന്നതിനായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. ഇവര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം ലഭിക്കും. വിദേശ വിദ്യാര്‍ഥികള്‍ക്കായി ഫെലോഷിപ്പ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനും കൗണ്‍സില്‍ പദ്ധതിയിടുന്നുണ്ട്.

അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണം ശക്തമാക്കുന്നതിനായി, വിദേശത്ത് ജോലി ചെയ്യുന്ന കേരളീയരായ മുതിര്‍ന്ന പ്രൊഫസര്‍മാരെയും ഗവേഷകരെയും പത്തോളം രാജ്യങ്ങളില്‍ കേരളത്തിന്റെ ‘അക്കാദമിക് അംബാസഡര്‍മാരായി’ നിശ്ചയിക്കും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദേശത്ത് പരിചയപ്പെടുത്താനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും ഇവര്‍ പ്രവര്‍ത്തിക്കും.

ഈ സംരംഭം വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് മാത്രമല്ല, ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ളതാണെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അച്യുത്ശങ്കര്‍ എസ്. നായര്‍ പറഞ്ഞു. ക്യാംപസുകളില്‍ വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എത്തുന്നത് ആശയവിനിമയ ശേഷി, ക്ലാസ്‌റൂം ഇടപെടലുകള്‍, മൊത്തത്തിലുള്ള അക്കാദമിക അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉയര്‍ന്ന അക്കാദമിക നിലവാരവും ആഗോള തലത്തിലുള്ള ബോധനരീതികളും സ്വീകരിക്കാന്‍ അധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രേരണയാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാലയില്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു സെമസ്റ്റര്‍ നീളുന്ന ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാം വിജയകരമായി നടപ്പാക്കിയ തന്റെ അനുഭവം അച്യുത്ശങ്കര്‍ പങ്കുവച്ചു. അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങള്‍ സാധ്യമാണെന്നതിന് മികച്ച ഉദാഹരണമാണിത്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള മികച്ച കേന്ദ്രമാക്കി മാറ്റുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍ക്കും ഫെലോഷിപ്പുകള്‍ക്കുമൊപ്പം ഇത്തരം ഹ്രസ്വകാല ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാമുകളും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞു കയറി. ഒരു വിദ്യാര്‍ത്ഥി മരിച്ചു. മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റു.

മുണ്ടൂരിന് സമീപം ഒമ്പതാം മൈലിന് സമീപം ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അപകടം ഉണ്ടായത്. യുവക്ഷേത്ര കോളജിലെ നാലു വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ നടന്നു പോകുകയായിരുന്നു.

ഇതിനിടെയാണ് ആശുപത്രി മാലിന്യവുമായി വന്ന ലോറി കുട്ടികള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അതുവഴി നടന്നുപോയ മറ്റൊരു കാല്‍നടയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.

രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോൽവി

രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോൽവി

കാർഡിഫിലെ സോഫിയ ഗാർഡൻസിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇംഗ്ലണ്ട് ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ടിന് ഇന്ത്യയ്ക്ക് ഒപ്പമെത്താനായി.

ഇംഗ്ലണ്ട് 44.1 ഓവറിൽ ആറ് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇന്ത്യ 44 ഓവറിൽ 233 റൺസിന് എല്ലാവരും പുറത്തായിരുന്നു.
ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ഗസ് അറ്റ്കിൻസണും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ഇന്ത്യയെ കുറഞ്ഞ സ്കോറിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 44.1 ഓവറിൽ 235/6 എന്ന നിലയിൽ വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 99 റൺസ് നേടിയ ജോ റൂട്ടിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ലണ്ടനിലെ ലോർഡ്സിൽ ജൂലൈ 19ന് നടക്കും.