ബില്ലുകള്‍ക്ക് സമയപരിധി: തമിഴ്നാട് കേസിലെ വിധി ബാധകമാക്കണമെന്ന് കേരളം, എതിര്‍ത്ത് കേന്ദ്രം; ഹര്‍ജി മെയ് ആറിനു പരിഗണിക്കും

ബില്ലുകള്‍ക്ക് സമയപരിധി: തമിഴ്നാട് കേസിലെ വിധി ബാധകമാക്കണമെന്ന് കേരളം, എതിര്‍ത്ത് കേന്ദ്രം; ഹര്‍ജി മെയ് ആറിനു പരിഗണിക്കും

ഡല്‍ഹി: ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ സുപ്രീംകോടതി വിധി കേരളത്തിനും ബാധകമാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍. എന്നാല്‍ ഈ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സമയപരിധി വിധി ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടമരണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു.

തമിഴ്നാട് ഗവര്‍ണറുടെ കേസില്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് അടുത്തിടെ പുറപ്പെടുവിച്ച വിധിന്യായത്തില്‍ കേരളത്തിന്റെ കേസ് ഉള്‍പ്പെടില്ല. ചില ‘വസ്തുതാപരമായ വ്യത്യാസങ്ങള്‍’ ഉള്ളതിനാല്‍ കേരളത്തിന്റെ കേസ് ആ വിധിയില്‍ ബാധകമാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. തുടര്‍ന്ന് കേരളത്തിന്റെ കേസും ബാധകമാകുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളസര്‍ക്കാരും ടിപി രാമകൃഷ്ണന്‍ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത്. ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന അപേക്ഷ കേരളം പിന്‍വലിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് ബില്ലുകള്‍ വിടുന്നതിനുള്ള സമയപരിധി നിശ്ചയിച്ചതിനാലാണ് തീരുമാനം. ഹര്‍ജികള്‍ മെയ് മാസം ആറിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്.

തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 2021 മുതല്‍ ഇതുവരെ കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുരത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ നാലുവര്‍ഷമായി പീഡനം തുടരുകയായിരുന്നു.

കൂടാതെ, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്നും കുട്ടിയോട് ഇവര്‍ ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങള്‍ വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ 19 വയസ്സുള്ള യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി അന്വേഷിച്ച പൊലീസ് സംഭവം സത്യമാണെന്ന് കണ്ടെത്തുകയും സത്യഭാമയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയെ റിമാന്‍ഡ് ചെയ്തു.

ഏഴുവര്‍ഷം മുന്‍പ് മകന്റെ ദുരൂഹ മരണം, സിബിഐ അന്വേഷണം തുടങ്ങി ഒരു മാസമാകുമ്പോള്‍ ദമ്പതികളുടെ കൊലപാതകം

ഏഴുവര്‍ഷം മുന്‍പ് മകന്റെ ദുരൂഹ മരണം, സിബിഐ അന്വേഷണം തുടങ്ങി ഒരു മാസമാകുമ്പോള്‍ ദമ്പതികളുടെ കൊലപാതകം

കോട്ടയം: മകന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി ഒരു മാസം മാത്രം തികയുമ്പോഴാണ് കോട്ടയത്ത് മാതാപിതാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവാതുക്കലില്‍ കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകന്‍ ഗൗതം ഏഴുവര്‍ഷം മുന്‍പാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കാറിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. 2017 ജൂണ്‍ മൂന്നാം തീയതിയാണ് ഗൗതമിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടുമുന്‍പത്തെ ദിവസം സുഹൃത്തിനെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞ് ഗൗതം കാര്‍ എടുത്ത് പുറത്തു പോയി. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. തുടക്കംമുതല്‍ തന്നെ മകന്റെ മരണത്തില്‍ മാതാപിതാക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് ആണ് കേസ് അന്വേഷിച്ചത്.

തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഗൗതം ആത്മഹത്യ ചെയ്തതാണ് എന്നതായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ കത്തി ഉപയോഗിച്ച് ഗൗതം ആത്മഹത്യ ചെയ്തു എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഇതിനെതിരെ വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിച്ച് ഒരു മാസം മാത്രം തികയുമ്പോഴാണ് ഗൗതമിന്റെ മാതാപിതാക്കളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗതം എന്‍ജിനിയറിങ് ബിരുദധാരിയായിരുന്നു. തിരുവനന്തപുരത്ത് ഐടി സ്ഥാപനം നടത്തിയിരുന്ന ആളാണ്.

അസം സ്വദേശി കസ്റ്റഡിയില്‍

തിരുവാതുക്കല്‍ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസം സ്വദേശി അമിത് കസ്റ്റഡിയില്‍. വീട്ടില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് ഇതിന് പിന്നിലെന്ന സംശയമാണ് പൊലീസിന് ഉള്ളത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട്ടുജോലിക്കാരി വരുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം ഇതര സംസ്ഥാന തൊഴിലാളിയെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഫോണ്‍ മോഷണക്കേസില്‍ അമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത കാലത്താണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. വീടിന് ചുറ്റും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സിസിടിവി കാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല. അതിനാല്‍ ഇത് ആസൂത്രിതമായ കൊലപാതകമാണ് എന്നാണ് പൊലീസ് പറയുന്നത്.

വീട്ടില്‍ മോഷണശ്രമം നടന്നിട്ടില്ല. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു.

വീടിന്റെ കിടപ്പുമുറിയിലും ഹാളിലുമായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.

അമ്മിക്കല്ല് കൊണ്ട് പിന്‍വാതില്‍ തകര്‍ത്താണ് അക്രമി അകത്തുകയറിയിരിക്കുന്നത് എന്നും പൊലീസ് പറയുന്നു. വാതിലിനോട് ചേര്‍ന്ന് തന്നെ അമ്മിക്കല്ല് കണ്ടെത്തിയിട്ടുണ്ട്. കോടാലി കൊണ്ടാണ് ഇരുവരെയും അക്രമി ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. കോടാലി കൊണ്ട് വിജയകുമാറിനെയാണ് ആദ്യം വെട്ടിയത്. ശബ്ദം കേട്ടത്തെിയ ഭാര്യ മീരയെ പിന്നാലെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാജ്യത്ത് കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സി; യുപിഎസ് സി കണക്കുകള്‍ ഇങ്ങനെ

രാജ്യത്ത് കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സി; യുപിഎസ് സി കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: രാജ്യത്ത് കൂടുതല്‍ നിയമനശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സിയെന്ന് യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്റെ കണക്കുകള്‍. യുപിഎസ് സി പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററില്‍, സംസ്ഥാന പിഎസ് സികള്‍ 2024 ജനുവരി മുതല്‍ ജൂണ്‍ വരെ നല്‍കിയ നിയമനശുപാര്‍ശകളുടെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതനുസരിച്ച് കേരള പിഎസ് സി 18,051 നിയമന ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് പിഎസ്സികള്‍ എല്ലാം കൂടി നല്‍കിയ ശുപാര്‍ശകള്‍ – 30,987 എണ്ണം മാത്രമാണ്. രാജ്യത്തെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വരുന്ന കേരളത്തില്‍, സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനങ്ങള്‍ രാജ്യത്തെ ആകെ പിഎസ്സി നിയമനങ്ങളുടെ 36 ശതമാനം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് 2016-21 കാലയളവില്‍ 1.61 ലക്ഷം നിയമനങ്ങളും 2021-25 കാലയളവില്‍ (2025 ജനുവരി വരെ) 1.11 ലക്ഷം നിയമനങ്ങളും നടത്തിയെന്നാണ് കണക്കുകള്‍. യുപിഎസ് സി പുറത്തു വിട്ട പട്ടിക പ്രകാരം കേരളത്തില്‍ ഗ്രൂപ്പ് എ കാറ്റഗറിയില്‍ പട്ടികജാതിയില്‍ നിന്നും 1442 പേര്‍, പട്ടിക വര്‍ഗം- 843, ഒബിസി- 5959, ജനറല്‍ വിഭാഗം 9807 പേര്‍ (ആകെ 18,051 പേര്‍) എന്നിങ്ങനെയാണ് നിയമനം നല്‍കിയിട്ടുള്ളത്. ഗ്രൂപ്പ് ബി, സി തസ്തികകളില്‍ നിയമനം നല്‍കിയിട്ടില്ല. പട്ടിക പ്രകാരം അരുണാചല്‍ പ്രദേശില്‍ ഒരു നിയമനം പോലും നടത്തിയിട്ടില്ല. ആന്ധ്രപ്രദേശില്‍ ആകെ ആറു നിയമനം മാത്രമാണ് നടത്തിയിട്ടുള്ളത്. ഗോവയില്‍ 35 ഉം, ഝാര്‍ഖണ്ഡില്‍ 47 ഉം, സിക്കിമില്‍ 86 ഉം നിയമനങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ 611 നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ജനസംഖ്യയില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 753 നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്.

മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം; മൂന്നു വയസ്സുകാരി മരിച്ചു

മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം; മൂന്നു വയസ്സുകാരി മരിച്ചു

തൃശൂര്‍: ഹോട്ടലില്‍ നിന്നും മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ മൂന്നു വയസ്സുകാരി മരിച്ചു. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് സംശയം.

ശനിയാഴ്ച വിദേശത്തു നിന്ന് എത്തിയ ഹെന്‍ട്രിയെ കൂട്ടിക്കൊണ്ടുവരാന്‍ കുടുംബം നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍ നിന്ന് മസാലദോശ കഴിച്ചിരുന്നു.

വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി കുത്തിവെയ്‌പെടുത്ത് വീട്ടിലേക്ക് മടങ്ങി. തുടര്‍ന്നും ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒലിവിയയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

മിഹിറിന്‍റെ ആത്മഹത്യ; റാഗിങ് നടന്നതിന് തെളിവില്ല, മരണകാരണം കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ്

മിഹിറിന്‍റെ ആത്മഹത്യ; റാഗിങ് നടന്നതിന് തെളിവില്ല, മരണകാരണം കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ്

കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യയ്ക്ക് കാരണം റാഗിങ്ങ് അല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ റാഗിങ് നടന്നതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം റാഗിങ് അല്ലെന്നും കുടുംബ പ്രശ്നങ്ങളാണെന്നും പുത്തന്‍കുരിശ് പൊലീസ് ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃപ്പൂണിത്തുറ ചോയ്‌സ് പാരഡൈസ് ഫ്‌ലാറ്റില്‍ താമസിക്കുന്ന സലീം-റജ്‌ന ദമ്പതികളുടെ മകന്‍ മിഹിര്‍ അഹമ്മദ് (15) ജനുവരി 15നാണ് ഫ്‌ലാറ്റിന്റെ 26-ാം നിലയില്‍ നിന്ന് ചാടി മരിച്ചത്. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മിഹിര്‍ അഹമ്മദ് വൈകിട്ട് സ്‌കൂളില്‍ നിന്നെത്തിയ ശേഷം 3.50 ഓടെ താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

സ്‌കൂളില്‍ മിഹിര്‍ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണമാവശ്യപ്പെട്ട് മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞത്. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ സ്‌കൂളിനെതിരെ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിങ് അല്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.