മാര്‍പാപ്പയുടെ വിയോഗം: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ കലാപരിപാടികള്‍ മാറ്റിവെച്ചു

മാര്‍പാപ്പയുടെ വിയോഗം: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ കലാപരിപാടികള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ ഇന്നത്തെയും നാളത്തെയും വയനാട്, കാസര്‍കോട് ജില്ലകളിലെ കലാപരിപാടികള്‍ മാറ്റിവെച്ചു. ഇന്നത്തെ വയനാട്ടിലെ പ്രദര്‍ശന ഉദ്ഘാടന പരിപാടിയും മാറ്റിവെച്ചിട്ടുണ്ട്.

മാര്‍പാപ്പയുടെ വിയോഗത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടാനും, ഔദ്യോഗിക വിനോദപരിപാടികളെല്ലാം മാറ്റിവെക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാര്‍പാപ്പ ദിവംഗതനായത്. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്.

മയക്കുമരുന്ന് ഇടപാട്; 16 സ്ത്രീകൾ നിരീക്ഷണത്തിൽ

മയക്കുമരുന്ന് ഇടപാട്; 16 സ്ത്രീകൾ നിരീക്ഷണത്തിൽ

കൊച്ചി: സംസ്ഥാനത്ത് മയക്കു മരുന്നു ഇടപാടുകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പ് നിരീക്ഷണം കടുപ്പിക്കുന്നു. മയക്കുമരുന്ന് കേസുകളിൽ ആവർത്തിച്ച് കുറ്റവാളികളാകുന്ന 16 സ്ത്രീകൾ എക്സൈസ് നിരീക്ഷണത്തിൽ. എൻ‌ഡി‌പി‌എസ്, അബ്കാരി ആക്റ്റുകൾ പ്രകാരം പതിവ് കുറ്റവാളികൾക്കെതിരായ നടപടിയുടെ ഭാഗമായി ഇവരെ നിരീക്ഷിച്ചുവരികയാണ്.

ഒന്നിലധികം എൻ‌ഡി‌പി‌എസ് നിയമ ലംഘനങ്ങൾക്ക് ആവർത്തിച്ച് കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 497 പേരാണ് സംസ്ഥാനുള്ളത്. ഇവരിൽ 16 പേർ സ്ത്രീകളാണ്. ഓരോരുത്തരും 2 മുതൽ 11 വരെ മയക്കുമരുന്ന് വിൽപ്പന കേസുകളിൽ ഉൾപ്പെട്ടവരാണ്.

പാലക്കാട് സ്വദേശിയായ കവിതയാണ് ഏറ്റവും കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന്. 11 എൻ‌ഡി‌പി‌എസ് കേസുകളിൽ കുറ്റക്കാരിയാണ് കവിത. കാസർക്കോട് സ്വദേശിയായ കൃതിക്കെതിരെ ഒൻപത് കേസുകളും പാലക്കാട് സ്വദേശിയായ സുമിത്ര എന്ന സ്ത്രീക്കെതിരെ ആറ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊല്ലത്ത് നിന്നുള്ള ആറ് സ്ത്രീകളും പാലക്കാട് നിന്നുള്ള മൂന്ന് സ്ത്രീകളും തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകളും കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സ്ത്രീയും പട്ടികയിൽ ഉൾപ്പെടുന്നു. വർഷം തോറും ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയാണെങ്കിലും എറണാകുളത്ത് നിന്നുള്ള ഒരു സ്ത്രീയും പട്ടികയിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.

കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്ന് എന്നിവയുമായി ആവർത്തിച്ച് പിടിക്കപ്പെടുന്നവരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പട്ടിക വകുപ്പ് സൂക്ഷിക്കുന്നതായി ഒരു മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാൽ മയക്കുമരുന്ന് റാക്കറ്റുകൾ പല സ്ത്രീകളേയും കാരിയേഴ്സായി ഉപയോഗിക്കുകയാണ്. ഈ വ്യക്തികളെ എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ താമസ സ്ഥലം, തൊഴിലിടം എന്നിവയെല്ലാം നിരീക്ഷണത്തിലുണ്ട്.

2023 ലും 2024 ലും എക്സൈസ് വകുപ്പ് സംസ്ഥാനത്ത് യഥാക്രമം 8,104 ഉം 8,160 ഉം എൻ‌ഡി‌പി‌എസ് കേസുകൾ രജിസ്റ്റർ ചെയ്തു. അനധികൃത മദ്യ ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട അബ്കാരി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ 20 സ്ത്രീകൾ ആവർത്തിച്ചുള്ള കുറ്റവാളികളുടെ പട്ടികയിൽ ഉണ്ട്.

കൊല്ലത്ത് നിന്നുള്ള ഒൻപത് സ്ത്രീകളും, തിരുവനന്തപുരത്ത് നിന്നുള്ള മൂന്ന് സ്ത്രീകളും, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകളും, പത്തനംതിട്ട, വയനാട്, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സ്ത്രീകളുമാണ് ഈ പട്ടികയിലുള്ളത്. അബ്കാരി നിയമപ്രകാരം ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ മൊത്തം എണ്ണം 500 ആണ്.

രണ്ട് പട്ടികയിലും ഉൾപ്പെട്ട മൂന്ന് സ്ത്രീകളുണ്ട്. കൊല്ലത്ത് നിന്നുള്ള മൂന്ന് സ്ത്രീകളാണ് എൻ‌ഡി‌പി‌എസ്, അബ്കാരി ആക്ട്‌ വകുപ്പുകൾ പ്രകാരം കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ സ്ത്രീകൾ മയക്കുമരുന്ന് വിൽപ്പനയിലും സാമ്പത്തിക നേട്ടത്തിനായി നിയമവിരുദ്ധമായി മദ്യം ഉണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ആവർത്തിച്ചു കുറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു എക്സൈസ് വ്യക്തമാക്കി.

ഇനി പണമില്ലാതെ യാത്ര ചെയ്യാം; നൂറ് രൂപയ്ക്ക് ട്രാവല്‍ കാര്‍ഡ്; ഡിജിറ്റല്‍ ഇടപാടുമായി കെഎസ്ആര്‍ടിസി

ഇനി പണമില്ലാതെ യാത്ര ചെയ്യാം; നൂറ് രൂപയ്ക്ക് ട്രാവല്‍ കാര്‍ഡ്; ഡിജിറ്റല്‍ ഇടപാടുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്ത് കെഎസ്ആര്‍ടിസി ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നു. ചില്ലറയും നോട്ടുമില്ലാതെ ഇനി ധൈര്യമായി ബസ്സില്‍ കയറാം. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോലുള്ള കൂടുതല്‍ വിപ്ലകരമായ ട്രാവല്‍ കാര്‍ഡുകള്‍ വീണ്ടും അവതരിപ്പിച്ചാണ് കെഎസ്ആര്‍ടിസിയുടെ ഡിജിറ്റിലൈസേഷന്‍ ഡ്രൈവ് ആരംഭം.

മെയ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിറ്റലൈസേഷന്‍ ഡ്രൈവ് ആരംഭിക്കുമെനന്ന് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. തുടക്കത്തില്‍ ചലോ ആപ്പുമായി സഹകരിച്ച് കെഎസ്ആര്‍ടിസി ഒരു ലക്ഷം റീ ചാര്‍ജ് ചെയ്യാവുന്ന ട്രാവല്‍ കാര്‍ഡുകളാണ് പുറത്തിറക്കുക. തിരുവവന്തപുരം, കൊല്ലം ജില്ലകളില്‍ ഇതിനകം ഈ കാര്‍ഡുകള്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഇതിനകം തന്നെ ഈ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. ട്രാവല്‍ കാര്‍ഡുകള്‍ സംസ്ഥാനത്തുടനീളം ഘട്ടംഘട്ടമായി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടച്ച് സ്‌ക്രീനുകള്‍, വേഗതയേറിയ പ്രോസസ്സിംഗ് സംവിധാനങ്ങള്‍ എന്നിവയുള്ള പുതിയ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ കെഎസ്ആര്‍ടിസി ഇതിനകം ഈ രണ്ട് ജില്ലകളിലും വിതരണം ചെയ്തിട്ടുണ്ട്. മേയ് അവസാനം മുതല്‍ യാത്രാ കാര്‍ഡുകള്‍ ഘട്ടം ഘട്ടമായി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

100 രൂപയ്ക്ക് ട്രാവല്‍ കാര്‍ഡ് വാങ്ങാം. ഏറ്റവും കുറഞ്ഞ റീചാര്‍ജ് തുക 50 രൂപയും പരമാവധി 2000 രൂപയുമാണ്. കാര്‍ഡുകള്‍ കൈമാറ്റം ചെയ്യാവുന്നതാണ്. ട്രാവല്‍ കാര്‍ഡുകളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, യാത്രക്കാര്‍ ബന്ധപ്പെട്ട യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും.

ബസില്‍ വിതരണം ചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനില്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തും. റിസര്‍വേഷനില്ലാത്ത ബസുകളില്‍ പോലും എത്ര സീറ്റ് ഒഴിവുണ്ടെന്നും ഒരോ സ്ഥലത്ത് നിന്നും എത്ര ടിക്കറ്റുകള്‍ നല്‍കുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. തിരക്കുള്ളതും കുറഞ്ഞതുമായ പാതകള്‍ കണ്ടെത്തി ബസുകള്‍ വിന്യസിക്കാനാകും. ചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെ യാത്രാ വിവരവും തത്സമയം അറിയാം. സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈല്‍ ഫോണില്‍ ലഭിക്കും.

മാര്‍പാപ്പയുടെ വിയോഗം: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ കലാപരിപാടികള്‍ മാറ്റിവെച്ചു

മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വിശ്വാസികളുടെ പ്രവാഹം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരവും അന്ത്യ ചടങ്ങുകളും അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് തീരുമാനിക്കും. ഇതിനായി കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം ഇന്ന് ചേരും. മാര്‍പാപ്പയുടെ ഭൗതികദേഹം നാളെ മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പ്രധാന ഹാളിലാകും പൊതുദര്‍ശനം.

മൃതദേഹം ഇപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പൊതു ദര്‍ശനത്തിന് വെക്കുന്ന ഹാളിലേക്ക് ഭൗതിക ദേഹം മാറ്റും. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കും. രാത്രി 8 മണിക്ക് ( ഇന്ത്യന്‍ സമയം രാത്രി 11.30 ) ശുശ്രൂഷ തുടങ്ങും. മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് വത്തിക്കാന്റെ ഭരണചുമതല താല്‍ക്കാലികമായി കര്‍ദിനാള്‍ കെവിന്‍ ഫെരെലിന് നല്‍കിയിട്ടുണ്ട്. നയ തീരുമാനങ്ങള്‍ ആവശ്യമായി വന്നാല്‍ കര്‍ദിനാള്‍ സഭ ചേര്‍ന്ന് തീരുമാനമെടുക്കും.

മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. രാത്രിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മാര്‍പാപ്പയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു.

സ്വര്‍ണവില 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 2200 രൂപ; ഗ്രാം വില 10,000 കടക്കുമോ?

സ്വര്‍ണവില 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 2200 രൂപ; ഗ്രാം വില 10,000 കടക്കുമോ?

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 74000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. 74,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 275 രൂപയാണ് വര്‍ധിച്ചത്. 9290 രൂപ ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഉടന്‍ തന്നെ ഗ്രാം വില 10000 കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഈ മാസം 12നാണ് സ്വര്‍ണവില 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപയാണ് വര്‍ധിച്ചത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇത്തവണയും തൃശൂര്‍ പൂരം വിളംബരത്തിന് എറണാകുളം ശിവകുമാര്‍

ഇത്തവണയും തൃശൂര്‍ പൂരം വിളംബരത്തിന് എറണാകുളം ശിവകുമാര്‍

തൃശ്ശൂര്‍: തൃശൂര്‍ പൂരം വിളംബരത്തിന് ഇത്തവണയും കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തന്നെ. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന കൊമ്പന്‍ തെക്കേ ഗോപുരനട തുറന്നിടുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. ബോര്‍ഡ് അംഗങ്ങളുടെയും ഘടകകക്ഷേത്ര പ്രതിനിധികളുടെയും യോഗത്തിന്റെതാണ് തീരുമാനം. മേയ് അഞ്ചിനാണ് പൂര വിളംബരം. ആറിനാണ് തൃശൂര്‍ പൂരം.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് ശിവകുമാര്‍ പൂരത്തിന് വിളമ്പരമേകുന്നത്. നേരത്തെ ഗജവീരന്‍മാരിലെ സൂപ്പര്‍ താരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നിര്‍വഹിച്ചുപോന്നിരുന്ന ദൗത്യമായിരുന്നു ഇത്. രാമചന്ദ്രന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയതോടെ ഈ നിയോഗം ശിവകുമാറിലേക്കെത്തിയത്. കൊച്ചിന്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാര്‍.