വളര്‍ത്തുനായ വീട്ടുവളപ്പില്‍ കയറിയതില്‍ തര്‍ക്കം, യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

വളര്‍ത്തുനായ വീട്ടുവളപ്പില്‍ കയറിയതില്‍ തര്‍ക്കം, യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തൃശൂര്‍: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കോടശ്ശേരി മാരാംകോട് സ്വദേശി ഷിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ (69) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സമീപത്തെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിലെ വാഴകൾ നായകൾ നശിപ്പിച്ചിരുന്നു. നായകളുടെ ഉടമസ്ഥതയെ ചൊല്ലി ഇരുവരും തർക്കമുണ്ടായി. ഇതിനിടെ അന്തോണി പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന വാൾ കൊണ്ട് ഷിജുവിനെ വെട്ടുകയായിരുന്നു.

തലയിലും കഴുത്തിലും ദേഹത്തും വെട്ടേറ്റ ഷിജു സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. അവിവാഹിതനായ ഇയാൾ ഒറ്റക്കാണ് താമസം. അമ്മ: പരേതയായ മേരി. സഹോദാരങ്ങൾ: ജിഷോ, ഷിൻ്റോ.

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.

നാലു വയസുകാരന്‍റെ മരണത്തില്‍ കടുത്ത നടപടി, കോന്നി ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍

നാലു വയസുകാരന്‍റെ മരണത്തില്‍ കടുത്ത നടപടി, കോന്നി ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലം മാറ്റും. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.

ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്‍റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ അനിൽകുമാർ, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി, സുമയ്യ, ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു.

അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് വെള്ളിയാഴ്ച മരിച്ചത്. കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.

അഭിരാമിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യത്തിൽ യൂത്ത് കോൺഗ്രസും ആനക്കൂട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.നാലു വയസുകാരൻ അഭിരാമിന്‍റെ സംസ്കാരം നാളെ ഉച്ചയ്ക്ക് കടമ്പനാട്ടെ വീട്ടുവളപ്പിൽ നടക്കും.

തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര്‍ ചികിത്സ തേടി

തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര്‍ ചികിത്സ തേടി

തിരുവനന്തപുരം: മണക്കാടിൽ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടു.

സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാമ്പിളുകൾ വിദ​ഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേടായ മാംസമോ ചേരുവകൾ വൃത്തിഹീനമായി കൈകാര്യം ചെയ്തതോ ആകാം ബാക്ടീരിയ വളർച്ചയ്ക്ക് കാരണമായതെന്നാണ് സംശയം.

കിംസ്, പിആർഎസ്, എസ്പി ഫോർട്ട്, അൽ ആരിഫ് ആശുപത്രികളിലാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതി അറസ്റ്റിൽ

കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതി അറസ്റ്റിൽ

തിരുവനന്തപുരം കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ആനയറ കോവൂർ അമ്പൂ ഭവനിൽ ബീന(44)യാണ് പിടിയിലായത്.

സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നഴ്സിങ്ങിനും മറ്റ് കോഴ്സുകൾക്കും അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് ഇവർ തട്ടി എടുത്തത്.

ഇവർക്കെതിരെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും മറ്റ് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കല്ലമ്പലം എസ് എച്ച് ഒ പ്രൈജു, ഗ്രേഡ് എസ്.ഐ സുനിൽ, എ.എസ്.ഐ ബിന്ദു
എസ് സി പി ഒ മാരായ അസീം, ഷിജാസ് എന്നിവരിൽപെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഷൈനിന്റെ പണമിടപാടുകള്‍ പരിശോധിക്കുന്നു; ലഹരിയുമായി ബന്ധമെന്ന സംശയത്തില്‍ പൊലീസ്

ഷൈനിന്റെ പണമിടപാടുകള്‍ പരിശോധിക്കുന്നു; ലഹരിയുമായി ബന്ധമെന്ന സംശയത്തില്‍ പൊലീസ്

കൊച്ചി: ലഹരി കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉള്‍പ്പെടെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ ലഹരിയുമായി ബന്ധമുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഷൈന്‍ ടോം ചാക്കോയുടെ ചില ഇടപാടുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2000 മുതല്‍ 5000 രൂപ വരെയുള്ള ഇടപാടുകളിലാണ് അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നത്. സമീപകാലത്ത് ഇത്തരത്തില്‍ നടന്ന 14 ഓളം പണമിടപാടുകളെ കുറിച്ച് വിശദമായ പരിശോധിക്കാന്‍ ആണ് പൊലീസ് നീക്കം. പലര്‍ക്കും കടമായി നല്‍കിയ പണം എന്നാണ് ഇടപാടുകളെ ഷൈന്‍ വിശദീകരിക്കുന്നത്. ഇക്കാര്യം പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഫോണും മുടിയുടെ സാമ്പിളുകളും ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പൊലീസ് പരിശോധനയ്ക്കിടെ ഷൈന്‍ ഓടി രക്ഷപ്പെട്ട കൊച്ചിയിലെ ഹോട്ടലില്‍ ഉണ്ടായിരുന്ന താരത്തിന്റെ സഹായിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അഹമ്മദ് മുര്‍ഷാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ ഷൈന്‍ വളരെക്കാലമായി മെത്താംഫെറ്റാമൈനും കഞ്ചാവും ഉപയോഗിച്ചിരുന്നതായി സമ്മതിച്ചതായും, ഒരിക്കല്‍ ഒരു ലഹരിവിമുക്ത പരിപാടിയില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തിയതായി കൊച്ചി സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാം പ്രതികരിച്ചിരുന്നു. മൂന്ന് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ സാന്നിധ്യത്തിലാണ് നടനെ ചോദ്യം ചെയ്തത്.

ലഹരി ഉപയോഗിച്ചെന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഷൈന്‍ ടോം ചാക്കോയെ ശനിയാഴ്ച തന്നെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. പുറത്തിറങ്ങിയ ഷൈന്‍ മാധ്യമങ്ങള്‍ മുഖം കൊടുക്കാതെ തിരികെ പോവുകയായിരുന്നു. ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷന്‍ 29 വ്യവസ്ഥ ചെയ്യുന്നു.