പ്രത്യാശയുടെ ഉയിര്‍പ്പ്; ലോകം ഈസ്റ്റര്‍ ആഘോഷത്തില്‍

പ്രത്യാശയുടെ ഉയിര്‍പ്പ്; ലോകം ഈസ്റ്റര്‍ ആഘോഷത്തില്‍

കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും ഉയിര്‍പ്പ് ശുശ്രൂഷകളും നടന്നു. കേരളത്തിലെ പള്ളികളില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ പങ്കാളികളായി.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ നേതൃത്വം നല്‍കി. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തില്‍ ആയിരുന്നു ശുശ്രൂഷ. ഓര്‍ത്തഡോക്‌സ് സഭയിലെ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളിയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കും. ആ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു. പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിര്‍ത്താന്‍ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ലെന്ന സന്ദേശമാണ് ഈസ്റ്റര്‍ മുന്നോട്ടുവെക്കുന്നത്. നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും തുല്യരായി സന്തോഷത്തോടെ വാഴുന്ന നല്ലൊരു നാളെ സ്വപ്നം കാണുന്ന നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം നവകേരളം കെട്ടിപ്പടുക്കാനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ എന്നും ആദ്ദേഹം നേര്‍ന്നു.

പീഡാനുഭവങ്ങള്‍ക്കും കുരിശ് മരണത്തിനും ശേഷമുള്ള ഉയിര്‍പ്പിന്റെ പെരുന്നാളാണ് ഈസ്റ്റര്‍. ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രതീക്ഷയും സ്വപ്നവുമെല്ലാം ക്രിസ്തുവായി മാറുന്നൊരു കാലമാണ് ഉയിര്‍പ്പിന്റെ പെരുന്നാള്‍. മനുഷ്യന്‍ ചെയ്തു കൂട്ടിയ എല്ലാ പാപങ്ങളുടെയും മോചനത്തിനായി മനുഷ്യ പുത്രന്‍ സ്വയം ബലിയര്‍പ്പിച്ച് ക്രൂശിതനായതിന്റെ ഓര്‍മ്മകള്‍ കൂടിയാണിത്. ജീവിതത്തില്‍ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസമാണ് ഈ ഉയിര്‍പ്പിന്റെ പെരുന്നാള്‍ നല്‍കുന്നത്. നിങ്ങള്‍ പ്രത്യാശയുള്ളവരായിരിക്കണം, കാരണം നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നയാള്‍ വിശ്വസ്തനാണ്. എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഈസ്റ്റര്‍ ആശംസ.

ശസ്ത്രക്രിയ മൊബൈലിൽ പകർത്തി, ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

ശസ്ത്രക്രിയ മൊബൈലിൽ പകർത്തി, ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി. കഴിഞ്ഞ ആഴ്ചയായിരുന്നു അരുൺ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയത്.

ഇത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് അരുൺ.

പോഷകാഹാര കിറ്റില്‍ പഞ്ചസാര വേണ്ട, കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

പോഷകാഹാര കിറ്റില്‍ പഞ്ചസാര വേണ്ട, കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

ഡല്‍ഹി: കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും നല്‍കുന്ന പോഷകാഹാരവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം. ഈ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്ക് നല്‍കുന്ന പോഷകാഹാരത്തില്‍ പഞ്ചസാര (സംസ്‌കരിച്ച പഞ്ചസാര) , കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, നിറങ്ങള്‍, വേറിട്ട രുചികള്‍ എന്നിവ ഉപയോഗിക്കരുതെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും അംഗന്‍വാടികള്‍ വഴി നല്‍കുന്ന പോഷകാഹാര കിറ്റുകളിലും മൂന്ന് മുതല്‍ ആറു വയസ് വരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികളില്‍ നല്‍കുന്ന ഭക്ഷണത്തിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര, ഉപ്പ്, മറ്റ് വസ്തുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് വനിതാ-ശിശു വികസന മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പഞ്ചസാര ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര മാത്രം ഉപയോഗിക്കാവുന്നതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അമിതമായ കലോറി ശരീരത്തില്‍ എത്തുന്നത് തടയുന്നതിനായി ശര്‍ക്കരയുടെ ഉപയോഗം പരിമിതപ്പെടുത്തണം. മൊത്തം ഊര്‍ജ്ജത്തിന്റെ അഞ്ചുശതമാനത്തില്‍ താഴെയായി ശര്‍ക്കരയുടെ അളവ് പരിമിതപ്പെടുത്തണമെന്ന് വനിതാ- ശിശു വികസന ഡെപ്യൂട്ടി സെക്രട്ടറി ജ്യോതിക പറഞ്ഞു.

എല്ലാ പ്രായക്കാര്‍ക്കും നല്‍കുന്ന ഭക്ഷണത്തില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കണം. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം ഒഴിവാക്കണമെന്ന ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം പാലിക്കണം. ഉപ്പിന്റെ ഉപയോഗവും പരിമിതപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ച് ഷൈന്‍ ടോം ചാക്കോ; ഇടപാടുകാരനുമായി ബന്ധം

ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ച് ഷൈന്‍ ടോം ചാക്കോ; ഇടപാടുകാരനുമായി ബന്ധം

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിലേക്ക് നയിച്ചതില്‍ നിര്‍ണായകമായത് ഫോണ്‍ വിളികള്‍. ലഹരി ഇടപാടുകാരന്‍ സജീറിനെ തേടിയാണ് ഡാന്‍സാഫ് സംഘം അന്ന് ഹോട്ടലില്‍ എത്തിയത്. ചോദ്യം ചെയ്യലില്‍ സജീറിനെ അറിയാമെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും സമ്മതിച്ചെങ്കിലും ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിന് സാധിച്ചില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് നടന്റെ അറസ്റ്റ് എറണാകുളം നോര്‍ത്ത് പൊലീസ് രേഖപ്പെടുത്തിയത്. നടനെ ചോദ്യം ചെയ്യുന്നതിനായി 36 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിരുന്നു. നടന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ലഹരി ഇടപാടുകാരനുമായുള്ള ബന്ധം ആദ്യ നിഷേധിച്ചെങ്കിലും ഫോണ്‍ വിളി വിവരങ്ങള്‍ കാണിച്ചതോടെയാണ് സജീറിനെ അറിയാമെന്ന് നടന്‍ സമ്മതിച്ചത്. തുടര്‍ച്ചയായ ചോദ്യങ്ങളില്‍ നടന്‍ പതറി. ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി എന്തിനെന്ന് വിശദീകരിക്കാന്‍ പോലും നടന് സാധിച്ചില്ല എന്നാണ് വിവരം.

ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ പൊലീസ്, ഷൈന്‍ ഇറങ്ങി ഓടിയ ദിവസം മാത്രം സജീറുമായി 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആ ദിവസം ലഹരി ഉപയോഗിക്കുകയോ, കൈവശം വെയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഷൈന്‍ നല്‍കിയ മൊഴി.

നിലവില്‍ താരത്തിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗം സമ്മതിച്ചതിനെ തുടര്‍ന്നാണ് സെക്ഷന്‍ 27 ചുമത്തിയത്. സംഘം ചേര്‍ന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതോടെയാണ് ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നതിന് ചുമത്തുന്ന സെക്ഷന്‍ 29 പ്രകാരവും കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കും.

വൈദ്യ പരിശോധനയുടെ ഭാഗമായി മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയും നടത്തും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാലുദിവസം വരെയുള്ള കാര്യങ്ങള്‍ സാമ്പിളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ലഹരി ഉപയോഗം കണ്ടെത്താന്‍ ആന്റി ഡോപ്പിങ് ടെസ്റ്റും നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ മറ്റു നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധനയില്‍ ലഹരി ഉപയോഗം തെളിഞ്ഞാല്‍ എത്രനാള്‍ ലഹരി ഉപയോഗിച്ചിരുന്നു?, താരത്തിന് ലഹരി എവിടെ നിന്നാണ് ലഭിക്കുന്നത്?, ഇതിന് പിന്നില്‍ ആരെല്ലാം ഉണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനുള്ള അന്വേഷണവുമായി പൊലീസിന് മുന്നോട്ടുപോകാന്‍ സാധിക്കും.

സംസ്ഥാനത്ത് ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആശാ വര്‍ക്കര്‍മാരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

ആശാ വര്‍ക്കര്‍മാരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ ഒരു സുപ്രധാന ആവശ്യം കൂടി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2022 മാര്‍ച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്.

വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നതും ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

അതിനിടെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.