ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിൽക്കുന്ന മുഖ്യകണ്ണികള്‍ കൊച്ചിയില്‍ പിടിയില്‍

ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിൽക്കുന്ന മുഖ്യകണ്ണികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മുഖ്യ കണ്ണികള്‍ പിടിയില്‍. കുണ്ടന്നൂര്‍ സ്വദേശി സച്ചിന്‍, ഒഡീഷ സ്വദേശി ദുര്യോധന മാലിക് എന്നിവരാണ് പിടിയിലായത്. സച്ചിന്‍ കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.

അഞ്ചു കിലോ കഞ്ചാവും 28,000 രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ദുര്യോധന മാലിക് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എസിപി അബ്ദുള്‍ സലാം പറഞ്ഞു. മാലിക് സ്വന്തമായി ഒഡീഷയില്‍ കഞ്ചാവ് കൃഷി നടത്തുകയാണ്. ഇത് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച് സച്ചിന് കൈമാറുന്നതിനിടെയാണ് പിടിയിലായത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ പിടികൂടുന്നത്. കൊച്ചിയിലെ സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തിന്റെ തലവന്‍ അമല്‍ജോഷി എന്നയാളെ കഴിഞ്ഞമാസം രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളുടെ സംഘത്തിലെ രണ്ടാമനാണ് സച്ചിനെന്ന് പൊലീസ് സൂചിപ്പിച്ചു.

വനിതാ സിപിഒ: സമരത്തിനിടെ 45 പേര്‍ക്ക് അഡ്വൈസ് മെമ്മോ, റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് ദിവസം കൂടി

വനിതാ സിപിഒ: സമരത്തിനിടെ 45 പേര്‍ക്ക് അഡ്വൈസ് മെമ്മോ, റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് ദിവസം കൂടി

തിരുവനന്തപുരം: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം തുടരുന്നതിനിടെ 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിരിക്കുന്നത്. സമരം ചെയ്യുന്നവരില്‍ മൂന്ന് പേര്‍ക്കുള്‍പ്പെടെയാണ് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 268 നിയമനം മാത്രമാണ് ഈ ലിസ്റ്റില്‍ നിന്നും ഇതുവരെ നടത്തിയിട്ടുള്ളത്. ലിസ്റ്റിന്റെ കാലാവധി നാളെ പുര്‍ത്തിയാവും. കേരള പോലീസ് അക്കാദമിയില്‍ വിവിധ കാരണങ്ങളാല്‍ ഒഴിഞ്ഞ് പോയതും ചിലര്‍ മറ്റ് ജോലികള്‍ക്ക് പോയതുമായ ഒഴിവിലേക്കാണ് ഇപ്പോള്‍ അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 815 ഉദ്യോഗാര്‍ത്ഥികളെയാണ് നിയമിച്ചിരുന്നത്.

അതേസമയം, അഡ്വൈസ് മെമ്മോ ലഭിക്കാത്തവര്‍ സമരം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് നിയമനം ലഭിക്കാവുന്ന സാഹചര്യത്തിലുള്ള ഒഴിവുകള്‍ നിലവിലുണ്ടെന്നും അവ റിപ്പോര്‍ട്ട് ചെയ്യാന്‍ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

18 ദിവസത്തിനിടെ എത്തിയത് മൂന്നര ലക്ഷത്തിലേറെ പേര്‍, ഏറ്റവും കൂടുതല്‍ വിഷുദിനത്തില്‍; ശബരിമല നട ഇന്ന് അടയ്ക്കും

18 ദിവസത്തിനിടെ എത്തിയത് മൂന്നര ലക്ഷത്തിലേറെ പേര്‍, ഏറ്റവും കൂടുതല്‍ വിഷുദിനത്തില്‍; ശബരിമല നട ഇന്ന് അടയ്ക്കും

പത്തനംതിട്ട: മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് (വെള്ളിയാഴ്ച) ശബരിമല നടയടയ്ക്കും. ഇന്ന് രാത്രി 10ന് ആണ് നടയടയ്ക്കുന്നത്. ഇത്തവണ പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷുമഹോത്സവത്തിനും മേടമാസ പൂജകള്‍ക്കുമായി മൂന്നര ലക്ഷത്തിലേറെ പേര്‍ എത്തിയതായാണ് ദേവസ്വം ബോഡിന്റെ കണക്ക്.

വിഷുദിവസത്തില്‍ കണിദര്‍ശനത്തിനും പൂജകള്‍ക്കും വേണ്ടിയാണ് കൂടുതല്‍ ഭക്തര്‍ എത്തിയത്. 46,645 പേര്‍ വിഷുദിവസം ദര്‍ശനം നടത്തി. പൈങ്കുനി ഉത്ര ഉത്സവത്തിനുവേണ്ടി ഏപ്രില്‍ ഒന്നിനാണ് നടതുറന്നത്.

രണ്ടിന് ഉത്സവത്തിന് കൊടിയേറി. 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിച്ചു. വെര്‍ച്വല്‍ ക്യൂവും പമ്പയില്‍ സ്പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിരുന്നു. ഭക്തരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടിട്ടും ഒരു പരാതിപോലും ഇല്ലാതെ ഉത്സവവും മേടമാസ പൂജയും പൂര്‍ത്തീകരിക്കാനായതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടില്‍?, കൊച്ചിയിലും തൃശൂരിലും ഇല്ല?; ഹോട്ടലില്‍ നിന്ന് വെള്ള കാറില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടില്‍?, കൊച്ചിയിലും തൃശൂരിലും ഇല്ല?; ഹോട്ടലില്‍ നിന്ന് വെള്ള കാറില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ടവര്‍ അവസാന ലൊക്കേഷന്‍ തമിഴ്‌നാട്ടില്‍ നിന്നായത് കൊണ്ട് കേരളം വിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍ നടനെ കണ്ടെത്താന്‍ സാധിച്ചില്ല. പരിശോധന തുടരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്ന് കടന്നുകളഞ്ഞത് ബൈക്കിലാണെന്നാണ് പൊലീസ് പറയുന്നത്. ബൈക്കില്‍ നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന.

അവിടെ നടന്‍ മുറിയെടുത്തിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അവിടെ കുറെ നേരം ചെലവഴിച്ച ശേഷം നടന്‍ പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി അവിടെ നിന്നും പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു കാറിലാണ് അദ്ദേഹം അവിടെ നിന്നും കടന്നുകളഞ്ഞത്. അത് ഒരു ഓണ്‍ലൈന്‍ ടാക്‌സിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഹോട്ടലില്‍ ബൈക്കിലെത്തിയ നടന്‍ മണിക്കൂറുകള്‍ക്കകം കാറില്‍ തിരിച്ചുപോയെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്ക് തൊട്ടുപിന്നാലെ മറ്റൊരു ഹോട്ടലിലേക്ക് നടന്‍ പോയി എന്ന് പൊലീസ് പറയുന്ന സമയവുമായി ഒത്തുപോകുന്നതാണ് ദൃശ്യങ്ങള്‍. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പതിയാതിരിക്കാന്‍ നടന്‍ ശ്രദ്ധിച്ചിരുന്നതായും സംശയിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി ഹോട്ടലിന് പുറത്തുനിര്‍ത്തിയ ശേഷമാണ് നടന്‍ അതില്‍ കയറി പോയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഷൈന്‍ അവിടെ നിന്ന് പോയത് ഒരു വെള്ള കാറിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെ തന്നെ നടന്‍ കൊച്ചി വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നടന്‍ കേരളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോയിരിക്കാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പൊലീസ് അന്വേഷണം തുടരുന്നത്.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.

പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് കൈവശമുണ്ടായതിനാലാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുണ്ട്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി.

വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; കേരളത്തിന് അഭിമാന നിമിഷം

വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; കേരളത്തിന് അഭിമാന നിമിഷം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. രാവിലെ 11 നാണ് ഔദ്യോഗിക ചടങ്ങ്. ഇതു സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചതായി തുറമുഖമന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

വിജിഎഫ് കരാര്‍ ഒപ്പിടല്‍കൂടി പൂര്‍ത്തിയാക്കിയതോടെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം വേഗത്തിലായത്. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളരുകയാണ്. 2024 ജൂലൈ 13നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. ഡിസംബര്‍ മൂന്നു മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ 263 കപ്പല്‍ എത്തി. 5.36 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. പ്രതിമാസം ഒരു ലക്ഷം ടിഇയു എന്ന നേട്ടവും സ്വന്തമാക്കി.

ഇന്ത്യയിലെത്തിയതില്‍ ഏറ്റവും വലിയ കപ്പല്‍ എംഎസ്സി തുര്‍ക്കി വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തു. എംഎസ്സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സര്‍വീസായ ജേഡ് സര്‍വീസും ആരംഭിച്ചു. കരാറിനേക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് നിലവിലെ ധാരണ. 2034 മുതല്‍ തന്നെ വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തിയാകും.

ഡി ഗോപകുമാർ (58) അന്തരിച്ചു

ഡി ഗോപകുമാർ (58) അന്തരിച്ചു

ആറ്റിങ്ങൽ: മാമം പാറക്കാട് കൃഷ്ണ ഭവനിൽ ഡി ഗോപകുമാർ (58) (മുൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ബാലരാമപുരം പുതിച്ചൽ മേലെ കുഞ്ചു വീട് കുടുംബാഗമാണ്.

ഭാര്യ: രജനി
മകൾ: ഗൗരി
മരുമകൻ: ബോറിസ്.