രണ്ടു കിലോയിലധികം സ്വര്‍ണം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രിലിലെ ഭണ്ഡാര വരവ് 5.99 കോടി രൂപ

രണ്ടു കിലോയിലധികം സ്വര്‍ണം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രിലിലെ ഭണ്ഡാര വരവ് 5.99 കോടി രൂപ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഇതുവരെയുള്ള ഭണ്ഡാരം എണ്ണല്‍ ഇന്നലെ (ഏപ്രില്‍ 17) പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5.99 കോടി രൂപ. 2കിലോ 269ഗ്രാം 200മി.ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. വെള്ളിയായി ലഭിച്ചത് 9കിലോഗ്രാം 870 ഗ്രാമാണ്.

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 32 ഉം നിരോധിച്ച ആയിരം രൂപയുടെ 9ഉം അഞ്ഞൂറിന്റെ 43 കറന്‍സിയും ലഭിച്ചു. ഇന്‍ഡ്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇക്കാലയളവില്‍ ഇ- ഭണ്ഡാരങ്ങള്‍ വഴി 4.08 ലക്ഷം രൂപയാണ് ലഭിച്ചത്.

കിഴക്കേ നട എസ്ബിഐ ഇ- ഭണ്ഡാരം വഴി 242183രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ- ഭണ്ഡാരം വഴി 18142രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ- ഭണ്ഡാരം വഴി 110529രൂപയും ഐസിഐസിഐ ഇ- ഭണ്ഡാരം വഴി 37398 രൂപയും ഉള്‍പ്പെടെ ആകെ 4,08252 രൂപ ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ; യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ വരുന്നു

തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ; യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ വരുന്നു

ദുബായ്: ദുബായിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സയും ആരോഗ്യ സംരക്ഷണവും ലഭിക്കുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ ആരംഭിക്കുന്നതായി യുഎഇ ഹെല്‍ത്ത് പ്രഖ്യാപിച്ചു. യുഎഇ, ഇന്ത്യ സര്‍ക്കാരുകളുടെ പിന്തുണയോടെയുള്ള ഒരു സംയുക്ത ജീവകാരുണ്യ സംരംഭമായിരിക്കും ഇത്.

ദുബായ് ഹെല്‍ത്തും മലയാളി വ്യവസായികളായ ഫൈസല്‍ കോട്ടികൊള്ളന്‍, സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, രമേശ് രാമകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമേ താരിഖ് ചൗഹാന്‍, നിലേഷ് വേദ് എന്നി അഞ്ചു വ്യവസായികളും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഈ സംരംഭത്തിന് രൂപം നല്‍കിയത്.

ആരോഗ്യ സംരക്ഷണവും സാമൂഹിക ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം പങ്കിട്ട കാഴ്ചപ്പാടാണ് ഇതില്‍ പ്രതിഫലിപ്പിക്കുന്നത്. ദുബായ് സോഷ്യല്‍ അജണ്ട 33 യുമായി യോജിച്ചാണ് ഈ പദ്ധതിയെന്ന് ദുബായ് ഹെല്‍ത്തിന്റെ സിഇഒ അമര്‍ ഷെരീഫ് പറഞ്ഞു. കാരുണ്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംരംഭം നിലവില്‍ വന്നാല്‍ യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ പരിചരണത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായി നിലക്കൊള്ളും.

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (വെള്ളിയാഴ്ച) മദ്യശാലകള്‍ക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധി ബാധകമാണ്.

ഇന്ന് ദുഃഖ വെള്ളി; പള്ളികളിൽ പ്രത്യേക പ്രാർഥന

ഇന്ന് ദുഃഖ വെള്ളി; പള്ളികളിൽ പ്രത്യേക പ്രാർഥന

കൊച്ചി: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂർ മല കയറാൻ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമങ്ങൾക്ക് കാർമികത്വം വഹിക്കും.

ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാ‍ർമികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കും.

മനുഷ്യരാശിയുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം കൂടിയാണ് ഇന്ന്. ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ഈ ദിനം പൂർണമായും ദൈവത്തിന് സമർപ്പിക്കുന്നു.

ടീം രഹസ്യങ്ങള്‍ ചോര്‍ത്തി? അഭിഷേക് നായരേയും, ടി ദിലീപിനേയും ബിസിസിഐ പുറത്താക്കി

ടീം രഹസ്യങ്ങള്‍ ചോര്‍ത്തി? അഭിഷേക് നായരേയും, ടി ദിലീപിനേയും ബിസിസിഐ പുറത്താക്കി

മുംബൈ: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തില്‍ കടുത്ത നടപടിയുമായി ബിസിസിഐ. ഇന്ത്യന്‍ ടീം സഹ പരിശീലകന്‍ അഭിഷേക് നായര്‍, ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് എന്നിവരെ പുറത്താക്കി. ഇരുവര്‍ക്കുമൊപ്പം ട്രെയിനര്‍ സോഹം ദേശായിയേയും പിരിച്ചു വിട്ടു.

ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലേയറ്റപ്പോള്‍ സഹ പരിശീലകനായി അഭിഷേകിനായാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ചുമതലയേറ്റ് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ അഭിഷേക് പുറത്തായി. ദിലീപ്, സോഹം എന്നിവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ടീമിനൊപ്പമുണ്ട്. മൂന്ന് വര്‍ഷം കാലാവധി കഴിഞ്ഞതിനാല്‍ പിരിച്ചുവിടുന്നു എന്നാണ് ഇരുവര്‍ക്കും നല്‍കിയ നോട്ടീസില്‍ പറയുന്നത് എന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഡ്രസിങ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയതടക്കമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയതിനാലാണ് ബിസിസിഐ നടപടിയെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പറഞ്ഞിട്ടില്ല.

പുറത്താക്കപ്പെട്ടവര്‍ക്കു പകരം പുതിയ ആരേയും സ്ഥാനത്തേക്ക് എടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ പരിശീലക സംഘത്തിലെ അംഗങ്ങളായ സിതാംശു കൊട്ടക്, റയാന്‍ ടെന്‍ഡോഷെ എന്നിവര്‍ പുറത്താക്കപ്പെട്ടവരുടെ ചുമതലകള്‍ അധികമായി വഹിക്കും. സോഹത്തിനു പകരം അഡ്രിയാന്‍ ലി റൗക്‌സിനെ നിയമിച്ചേക്കും. ഐപിഎല്‍ കഴിഞ്ഞാല്‍ അഡ്രിയാന്‍ ടീം ക്യാംപിലെത്തും.

പരമ്പരയില്‍ ഇന്ത്യ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. പരമ്പരയ്ക്കിടെ ഡ്രസിങ് റൂമില്‍ കോച്ചും താരങ്ങളും തമ്മില്‍ നടന്ന സംഭാഷങ്ങള്‍ ചോര്‍ന്നിരുന്നു. ഇത് മാധ്യമങ്ങളില്‍ വന്നതോടെ വലിയ വിവാദവുമായി. എന്നാല്‍ പുറത്തു വന്ന കാര്യങ്ങളില്‍ സത്യമില്ലെന്നും എല്ലാം മാധ്യമ സൃഷ്ടികളാണെന്നുമായിരുന്നു ഗംഭീര്‍ പറഞ്ഞത്. കോച്ചും താരങ്ങളും തമ്മില്‍ നടക്കുന്ന സംഭാഷങ്ങള്‍ ഡ്രസിങ് റൂമില്‍ തന്നെ നില്‍ക്കണമെന്നും പുറത്തു വിടരുതെന്നുമുള്ള കര്‍ശന താക്കീതും ഗംഭീര്‍ താരങ്ങള്‍ക്കു നല്‍കിയിരുന്നു.

ഡ്രസിങ് റൂമില്‍ സത്യസന്ധരായ ആളുകള്‍ ഉള്ള കാലത്തോളം ഇന്ത്യന്‍ ടീം സുരക്ഷിതമായിരിക്കുമെന്നു ഗംഭീര്‍ അന്നു പ്രതികരിച്ചിരുന്നു. താരങ്ങള്‍ മികച്ച പ്രകടനം നടത്തുകയും സത്യസന്ധതു പുലര്‍ത്തുകയും വേണമെന്നും ഗംഭീര്‍ വ്യക്തമാക്കി. ടീമിനു വേണ്ടിയാണ് കളിക്കേണ്ടത്. വ്യക്തിഗത പ്രകടനത്തിനു അതിനു ശേഷം മാത്രമേ സ്ഥാനമുള്ളു എന്ന കാര്യം ഓസ്‌ട്രേലിയയില്‍ വച്ച് തന്നെ താരങ്ങളോട് ഗംഭീര്‍ അസന്നിഗ്ധമായി തന്നെ വ്യക്തമാക്കുകയും ചെയ്തു.

അതിനിടെ സര്‍ഫറാസ് ഖാനാണ് ടീം രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതെന്നു ആരോപണമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഗംഭീറും സര്‍ഫറാസും തമ്മില്‍ വാക്കേറ്റമുണ്ടയെന്നും അന്നു പ്രചരിച്ചു. എന്നാല്‍ ഇതെല്ലാം ടീം മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു.

മുനമ്പത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

മുനമ്പത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ബിഷപ്പുമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഈസ്റ്ററിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

വഖഫ് ഭേദഗതിയില്‍ ബിജെപി പറഞ്ഞു പറ്റിച്ചെന്ന വികാരം ക്രൈസ്തവ സഭ നേതൃത്വത്തിനിടയില്‍ ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. മുനമ്പം പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വഖഫ് ബില്ലിന് കെസിബിസി അടക്കം പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ മുനമ്പം വിഷയം പരിഹരിക്കാന്‍ ഇനിയും നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചിരുന്നു.

ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോര്‍ഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. മുനമ്പം സമരസമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും, നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമാകാത്തതില്‍ നിരാശയുണ്ടെന്നും സിറോ മലബാര്‍ സഭ പ്രതികരിച്ചിരുന്നു.