by Midhun HP News | Apr 17, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. വിജ്ഞാപനം ചെയ്ത വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുത്. കലക്ടര്‍മാര്‍മാര്‍ക്ക് പ്രവര്‍ത്തനം തുടരാം. എന്നാല്‍ തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. വഖഫ് ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും ഇപ്പോള്‍ നിയമനം നടത്തരുത്. നിയമനം നടത്തിയാല്‍ അത് അസാധുവാകുമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
വഖഫ് ആയി ഇതിനകം വിജ്ഞാപനം ചെയ്ത ഭൂമിയുടെ സ്വഭാവം മാറ്റരുതെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡുകള്‍ രൂപീകരിക്കുന്നത് കേന്ദ്രസര്‍ക്കാരല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. വഖഫ് നിയമവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറുപടി നല്‍കാന്‍ ഏഴു ദിവസത്തെ സമയം അനുവദിക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി.
ഒരാഴ്ചക്കുള്ളിൽ വഖഫ് ബോർഡിലേക്കോ സെൻട്രൽ കൗൺസിലിലേക്കോ ഒരു നിയമനവും നടത്തില്ലെന്നും വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയിൽ ഒരു മാറ്റവും വരാൻ പോകുന്നില്ലെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞു. അടുത്ത ഒരാഴ്ചക്കുള്ളിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി നൽമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. വഖഫ് നിയമം നേരിട്ടോ പരോക്ഷമായോ സ്റ്റേ ചെയ്യാൻ പാടില്ല. ജനങ്ങളുടെ ആവശ്യം കേട്ടതിന് ശേഷമാണ് നിയമം രൂപീകരിച്ചത്. വിശദമായ വാദം സ്റ്റേയുടെ കാര്യത്തിൽ വേണമെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കും. നൂറുകണക്കിന് ഹര്‍ജികളാണ് കോടതിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചു ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കും. കേന്ദ്രം മറുപടി നല്‍കി അഞ്ചുദിവസത്തിനകം ഈ ഹര്‍ജിക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നതുവരെ, ഏതെങ്കിലും സംസ്ഥാനം വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് ഭൂമി സംബന്ധിച്ച് സുപ്രീംകോടതിയിൽ ലഭിച്ച നൂറോളം ഹർജികളിൽ എല്ലാത്തിലും വാദം കേൾക്കൽ പറ്റില്ലെന്ന് കോടതി പറഞ്ഞു. ഇതിൽ അഞ്ച് ഹര്‍ജികൾ കേള്‍ക്കാമെന്നും അറിയിച്ചു. വിശദവാദത്തിന് നോഡൽ കൗൺസിലർമാരെ നിയോഗിക്കും. നിയമ ഭേദഗതിയിൽ വിശദവാദം തുടരും. നിലവിൽ കോടതി തീരുമാനമാകുന്നത് വരെ ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. മേയ് 5ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.
by Midhun HP News | Apr 17, 2025 | Latest News, കേരളം
മലപ്പുറം: തന്റെ പരാതിയില്‍ പറഞ്ഞ നടന്റെ പേര് വെളിപ്പെടുത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തി നടി വിന്‍സി അലോഷ്യസ്. ആര്‍ക്കൊക്കെയാണ് പരാതി നല്‍കിയതെന്ന് തനിക്ക് ബോധ്യമുണ്ട്. എങ്ങനെയാണ് പുറത്തു വന്നതെങ്കിലും, ആരാണ് പുറത്തു വിട്ടതെങ്കിലും അത് ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് ചെയ്തിട്ടുള്ളത്. എനിക്ക് പറയാനുള്ളത് പറഞ്ഞ് മുന്നോട്ടു പോയാല്‍ മതിയെന്ന കാര്യമാണ് ഇപ്പോള്‍ തോന്നുന്നത് എന്നും വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു
പരാതി നല്‍കിയത് അത് സ്വകാര്യമായി സൂക്ഷിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ്. പരാതിയിലെ വ്യക്തിയുടെ പേര് മാധ്യമങ്ങളിലോ പൊതു സമൂഹത്തിലേക്കോ പോയാല്‍, ആ വ്യക്തിയ്ക്ക് അപ്പുറം ആ സിനിമയുടെ ഭാവി, അദ്ദേഹത്തെ വെച്ച് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്ന സിനിമകള്‍, നിര്‍മ്മാതാക്കള്‍ ഇവരെയൊക്കെ ബാധിക്കും. ഊഹിക്കാവുന്നവര്‍ക്ക് അതാരെന്ന് ഊഹിക്കാവുന്നതാണ്.
എന്നാല്‍ വ്യക്തമായ പേരു പറയുമ്പോള്‍, ആ വ്യക്തി അഭിനയിക്കുന്ന സിനിമകളെ, അതില്‍ പ്രവര്‍ത്തിക്കുന്ന നിഷ്‌കളങ്കരായ, നിസ്സഹായരായ കുറേ ആളുകളെ ബാധിക്കും. അതുകൊണ്ടാണ് പേരു പുറത്തു വിടരുതെന്ന് താന്‍ പറഞ്ഞത്. പേര് പുറത്തു വിടുമ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും പരാതി നല്‍കിയ ഫിലിം ചേംബറും എത്രത്തോളമാണ് സിനിമയുടെ അവസ്ഥയെ മനസ്സിലാക്കിയിട്ടുള്ളതെന്ന് അറിയില്ല.
സിനിമയില്‍ അഞ്ചുവര്‍ഷമായിട്ട് നില്‍ക്കുന്ന എന്റെ ബോധം പോലും പേര് ലീക്കാക്കിയവര്‍ക്ക് ഇല്ലേയെന്നേ ചോദിക്കാനുള്ളൂ. കുറ്റകരമായ വ്യക്തിയെ പൊതുസമൂഹത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ എളുപ്പമാണ്. പൊതുസമൂഹം അറിയേണ്ടതുമാണ്. പക്ഷെ ആരും ചിന്തിക്കാത്ത കുറേ ആളുകളുടെ ജീവിതം ഇയാളെ വെച്ച് എടുത്ത സിനിമയിലുണ്ട് എന്ന കാര്യം ഓര്‍ക്കണം. അവരെ നമ്മള്‍ പരിഗണിക്കണം. അതു പരിഗണിക്കാതെ എടുത്ത മോശം നിലപാടായിപ്പോയി എന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.
ഇതാരാണോ ലീക്ക് ചെയ്തത് അവരുടെ പിന്നാലെയൊന്നും താന്‍ പോകാന്‍ പോകുന്നില്ല. പരാതിയുടെ സ്വകാര്യത നഷ്ടപ്പെടുത്തിയത് വളരെ മോശമായിപ്പോയി എന്നു മാത്രമാണ് പറയുന്നത്. സിനിമാസംഘടനകളുടെ വിശ്വാസ്യത നഷ്ടമായി. അത്രയും വിശ്വസിച്ചാണ് പരാതി നല്‍കിയത്. സ്വയമേ ഒരു തീരുമാനമെടുത്ത്, ആരെയും ഉപദ്രവിക്കാതെ മുന്നോട്ടു പോകാമെന്നുള്ള തീരുമാനത്തിലായിരുന്നു. അറിഞ്ഞുകൊണ്ട് താന്‍ നല്‍കിയ പരാതി, അയാള്‍ക്ക് നെഗറ്റിവിറ്റി വരുമ്പോള്‍ ആ സിനിമകളെയൊക്കെ ബാധിക്കും. എത്ര നല്ല സിനിമയാണെങ്കിലും ഒടിടിയോ ചാനലോ എടുക്കാനുണ്ടാകില്ല. അത് മനസ്സിലാക്കാനുള്ള ബോധം പോലും പേര് പുറത്തു വിട്ടവര്‍ക്കില്ലേയെന്ന് വിന്‍സി ചോദിച്ചു.
പേര് പുറത്തു വിടരുതെന്ന് പരാതി നല്‍കിയ സമയത്ത് പറഞ്ഞപ്പോള്‍, ഞാനും സിനിമ ഫാമിലിയിലെ അംഗമല്ലേ, എന്നു ചോദിച്ചയാളാണ് എന്റെ അറിവില്‍ പേര് പുറത്തു വിട്ടിട്ടുള്ളത്. വളരെ മോശമായിപ്പോയി. പൊലീസിനെയോ ആരെയും സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നടപടികള്‍ എടുക്കേണ്ടവര്‍ എടുത്തോട്ടെ. ഇനി എനിക്ക് എന്തു മോശം സംഭവിച്ചാല്‍ പോലും എന്റെ നിലപാടുമായി മുന്നോട്ടു പോകും. അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുകയേ ചെയ്യൂ. പരാതിക്കും എംപവര്‍മെന്റിനും താനില്ലെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.
by Midhun HP News | Apr 17, 2025 | Latest News, കേരളം
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വിഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.
പാലക്കാട് നഗരസഭയുടെ വികസന പദ്ധതിക്ക് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ബിജെപിയും എംഎല്‍എയും തമ്മിലുള്ള പോരിന് കാരണം. പദ്ധതിക്ക് ആര്‍എസ്എസ് നേതാവിന്റെ പേരിടാന്‍ അനുവദിക്കില്ലെന്ന് എംഎല്‍എ വ്യക്തമാക്കിയിരുന്നു.
ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. അതിനിടെ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് മാര്‍ച്ചും വ്യക്തി അധിഷ്ഠിതമായ പ്രകോപനപരമായ പ്രസംഗങ്ങളും ഒഴിവാക്കണമെന്ന് പൊലീസ് വിളിച്ച സര്‍വകക്ഷിയോഗം നിര്‍ദേശിച്ചു.
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലക്കാട് നഗരസഭയിലെ ബിജെപി ഭരണ സമിതി ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗെവാറിന്റെ പേരിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധ രംഗത്തുള്ള കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തി ചരിത്രം. തിരുവനന്തപുരം നഗരസഭയില്‍ റോഡിന് ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള ബിജെപി പ്രമേയം പാസായത് കോണ്‍ഗ്രസിന്റെയും ഒപ്പം മുസ്ലിം ലീഗിന്റെയും പിന്തുണയില്‍. 1992 -93 കാലത്താണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് മുന്നിലുള്ള പ്രധാന റോഡിനെ ഡോക്ടര്‍ ഹെഡ്‌ഗെവാര്‍ റോഡ് എന്നു നാമകരണം ചെയ്തത്.
പാലക്കാട്ടെ നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗെവാറിന്റ പേര് നല്‍കിയത് ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ബിജെപി ജില്ലാ നേതൃത്വവും തമ്മില്‍ പരസ്യപോരും ഇരു പാര്‍ട്ടികളും തെരുവില്‍ കടുത്ത പ്രതിഷേധവും നടത്തുകയാണ്. എന്നാല്‍ ഇതേ കോണ്‍ഗ്രസിന്റെ പരിപൂര്‍ണ പിന്തുണയോടെ ബിജെപി നേതൃത്വം ഹെഡ്‌ഗേവാറിന്റെ പേര് ഒരു റോഡിന് ഇടാനുള്ള പ്രമേയം തിരുവനന്തപുരം നഗരസഭയില്‍ കൊണ്ട്‌വരികയും സിപിഎം എതിര്‍പ്പ് മറികടന്ന് പാസാക്കുകയും ചെയ്യുകയായിരുന്നു, അന്ന്. ബിജെപി പ്രമേയം പാസാവുന്നത് ഉറപ്പ് വരുത്തിയത് മുസ്‌ലിം ലീഗിന്റെ കൂടി പിന്തുണയായിരുന്നു.
സിപിഎമ്മിന്റെ രണ്ട് പ്രമുഖ നേതാക്കള്‍ യുഡിഎഫ്, ബിജെപി പക്ഷത്തേക്ക് കൂറുമാറിയതിനും രണ്ട് യുഡിഎഫ് കണ്‍സിലര്‍മാരെ സിപിഎം തട്ടികൊണ്ട് പോവുന്നതിനും സാക്ഷ്യം വഹിച്ച 1988-1993 കാലഘട്ടത്തിലെ തിരുവനന്തപുരം നഗരസഭയുടെ ഭരണസമതി കാലത്താണ് കോലിബി സഖ്യം ഡോക്ടര്‍ ഹെഡ്‌ഗെവാര്‍ റോഡ് എന്ന പേര് തിരുവനന്തപുരത്ത് ആറാട്ടിന് മുമ്പ് പള്ളി വേട്ട നടക്കുന്ന ഫോര്‍ട്ട് ഹൈസ്‌ക്കൂള്‍ മുതല്‍ വാഴപ്പിളളി ജംഗ്ഷന്‍ വരെയുള്ള റോഡിന് (ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടക്ക് മുന്നിലുള്ള പ്രധാന റോഡ്) നല്‍കുന്ന പ്രമേയം പാസാക്കി നല്‍കിയത്. ഈ റോഡിലാണ് ആര്‍എസ്എസ് കാര്യാലയം സ്ഥിതിചെയ്യുന്നത്.
1988 ല്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണസമിതിയാണ് തിരുവനന്തപുരം നഗരസഭാ ഭരണം പിടിച്ചത്. ആകെ 50 വാര്‍ഡുകളാണ് അക്കാലത്ത് നതിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉണ്ടായിരുന്നത്. സിപിഎമ്മിനെ കൂടാതെ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷവും ആറംഗങ്ങളുള്ള ബിജെപിയും രണ്ടംഗങ്ങളുള്ള മുസ്‌ലിംലീഗും സഭയിലുണ്ടായിരുന്നു.
അക്കാലത്ത് മേയര്‍ പദവി കാലാവധി ഒരു വര്‍ഷം ആയിരുന്നതിനാല്‍ അഞ്ച് വര്‍ഷം അഞ്ച് മേയര്‍മാര്‍ അധികാരമേല്‍ക്കുകയായിരുന്നു പതിവ്. 1988 ല്‍ സി ജയന്‍ബാബുവിനെ മേയറാക്കാന്‍ സിപിഎം തീരുമാനിച്ചു. പാര്‍ട്ടിയിലെ അതികായരായിരുന്ന സ്റ്റാന്‍ലി സത്യനേശന്‍, എംപി പത്മനാഭന്‍ എന്നിവരുടെ പിടിയില്‍ നിന്ന് നഗസഭാ ഭരണത്തെ മോചിപ്പിച്ചുകൊണ്ടുള്ള തീരുമാനം അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദന്റ കൂടിയായിരുന്നു. 1989-1990 ല്‍ സിപിഐയുടെ മകസ്‌വെല്ലും 1990-1991 ല്‍ സിപിഎമ്മിന്റ നെടുങ്കാട് കരുണാകരന്‍ നായരും മേയറായി. ഇതിനിടെ ഹെഡ്‌ഗെവാറിന്റെ ജന്‍മശതാബ്ദി വര്‍ഷമായ 1988 ല്‍ റോഡ് നാമകരണത്തിനായി ബിജെപിയുടെ കോട്ടയ്ക്കകം കൗണ്‍സിലര്‍ വെങ്കട്ടരാമന്‍ പ്രമേയാനുമതി തേടിയെങ്കിലും സിപിഎം ഭരണസമിതി അവതരണ അനുമതി പോലും നല്‍കാതെ അവഗണിക്കുകയായിരുന്നു. ‘ഞങ്ങള്‍ ആ പ്രമേയം പരിഗണനയ്ക്ക് പോലും എടുക്കേണ്ടന്ന തീരുമാനം ആണ് എടുത്തത്,’ ്അക്കാലത്ത് കൗണ്‍സിലറായിരുന്ന ജില്ലയിലെ പ്രധാന സിപിഎം നേതാവ് കരമന ഹരി സമകാലിക മലയാളത്തോട് പറഞ്ഞു. ‘കേരളവും തീരുവനന്തപുരവും ആയി ബന്ധമില്ലാത്ത ഒരാളുടെ പേരില്‍ റോഡ് നാമകരണം ചെയ്യാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞു,’- അദ്ദേഹം ഓര്‍ക്കുന്നു.
എന്നാല്‍ 1991ല്‍ സ്റ്റാന്‍ലി സത്യനേശനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പേരൂര്‍ക്കട സദാശിവന്റ ഭാര്യ കൂടിയായ ലളിത സദാശിവനെ മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ചു. സിപിഎമ്മില്‍ സ്റ്റാന്‍ലി സത്യനേശന്റെ അതൃപ്തി മനസിലാക്കിയ ബിജെപി കൗണ്‍സിലര്‍ എംഎസ് കുമാര്‍ കരുക്കള്‍ നീക്കി. ‘ഞങ്ങള്‍ സ്റ്റാന്‍ലിയെ ബന്ധപ്പെട്ടു,’ എംഎസ് കുമാര്‍ സമകാലിക മലയാളത്തോട് പറഞ്ഞു. ‘കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ വാഴോട്ട്‌കോണം രവിയുമായും മുസ്‌ലിംലീഗിന്റെ ബീമാപള്ളി റഷീദ് അടക്കം രണ്ട് കൗണ്‍സിലര്‍മാരുമായി സംസാരിച്ചു ധാരണയിലെത്തി. മേയര്‍ തെരഞ്ഞെടുപ്പിന്റെ ദിവസം വരെ രണ്ട് നാള്‍ സ്റ്റാന്‍ലി സത്യനേശനെയും സി.പി.എം പാങ്ങോട് കണ്‍സിലര്‍ കൃഷ്ണന്‍കുട്ടിയെയും ഞങ്ങള്‍ ആര്‍എസ്എസ് സംരക്ഷണത്തില്‍ സുരക്ഷിതമായ ഒരു വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചു. ഇകെ നായനാര്‍ സര്‍ക്കാര്‍ ആയിരുന്നു ഭരണത്തില്‍. സിപിഎം അവരുടെ സംഘടനാ ശേഷിയും ഭരണത്തിലെ പിടിയും വെച്ച് നാട് മുഴുവന്‍ തപ്പിയെങ്കിലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഇന്നും ആ വീട് ഏതെന്ന് ഞാന്‍ പറയില്ല,’ അദ്ദേഹം പറഞ്ഞു.
മേയര്‍ തെരഞ്ഞെടുപ്പിന്റെ അന്ന് കോണ്‍ഗ്രസ് ബിജെപി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായ സ്റ്റാന്‍ലിയെയും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായ കൃഷ്ണന്‍ കുട്ടിയെയും കൗണ്‍സില്‍ ഹാളില്‍ ഹാജരാക്കാനുള്ള ചുമതല പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് പിറകുവശത്ത് അന്ന് ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്ത പ്രവര്‍ത്തകരെയാണ് ഏല്‍പ്പിച്ചത് -എംഎസ് കുമാര്‍ പറഞ്ഞു. വോട്ടെടുപ്പില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ആറ് പേര്‍ സിപിഎം പക്ഷത്ത് നിന്ന് കൂറുമാറി സ്റ്റാന്‍ലിക്ക് അനുകൂലമായി വോട്ട് ചെയതത് സിപിഎം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു. ആരൊക്കെയാണ് കൂറുമാറി വോട്ട് ചെയ്തതെന്ന് പാര്‍ട്ടിക്ക് ഒരിക്കലും കണ്ടുപിടിക്കാനും കഴിഞ്ഞില്ല.
1992 ല്‍ അടുത്ത മേയര്‍ തെരഞ്ഞെടുപ്പിലും കോലിബി സഖ്യം സിപിഎമ്മിനെ ഞെട്ടിച്ചു. സിപി.എമ്മിന്റ മറ്റൊരു പ്രമുഖ നേതാവായ എംപി പത്മനാഭനെ അടര്‍ത്തി എടുത്ത് കൂറുമാറ്റി മേയറാക്കാന്‍ എംഎസ് കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞു. ഡെപ്യുട്ടി മേയറായി ശാന്തമ്മയെയും അവര്‍ വിജയിപ്പിച്ചു. പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ കൂറുമാറിയതോടെ സി.പിഎം പരാജയം രുചിച്ചു. തുടര്‍ന്നാണ് ഭരണസമിതിയുടെ അവസാന വര്‍ഷമായ 1992-1993 ല്‍ ബിജെപി കൗണ്‍സിലറും സിപിഎമ്മിനെ തറപറ്റിച്ച രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയയാളുമായ എംഎസ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് മുന്നിലുള്ള പ്രധാന റോഡിനെ ഡോക്ടര്‍ ഹെഡ്‌ഗെവാര്‍ റോഡ് എന്ന് നാമകരണം ചെയ്യണമെന്ന പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. സി.പി.എം ഉള്‍പടെ ഇടതുപക്ഷം എതിര്‍ത്തുവെങ്കിലും കോണ്‍ഗ്രസിന്റെയും മുസ്‌ലീംലീഗിന്റെയും മുഴുവന്‍ അംഗങ്ങളുടെയും ബി.ജെ.പിയുടെയും പിന്തുണയോടെ പ്രമേയം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. പ്രമേയം പാസായ ശേഷം, കൂറുമാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയ എംഎസ് കുമാറിന് സുപ്രധാനമായ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവിയും ലഭിച്ചു.
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ വീണ്ടും വിപ്ലവഗാനം ആലപിച്ച് ഗസല്‍ ഗായകനായ അലോഷി ആദം.ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയാണ് വിവാദത്തിലായത്.
സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി. വിപ്ലവഗാനം പാടുമ്പോള്‍ അലോഷിയെ പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഏഴാം തീയതി ക്ഷേത്രത്തില്‍ ഒരു ഗസല്‍ പ്രോഗ്രാം നടക്കാന്‍ പോകുന്നുവെന്നും അതില്‍ വിപ്ലവഗാനം ആലപിക്കാന്‍ സാധ്യത ഉണ്ടെന്നും കാണിച്ച് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് എസ്പി ഉറപ്പുനല്‍കിയിരുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വിപ്ലവഗാനം ആലപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കടക്കല്‍ പൊലീസ് അലോഷിക്കെതിരെ കേസെടുത്തിരുന്നു.
by Midhun HP News | Apr 17, 2025 | Latest News, കേരളം
കൊച്ചി: ജയന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം ശരപഞ്ജരം സിനിമ ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രം 4 കെ മികവോടെ ഈ മാസം 25 നാണ് തിയറ്ററുകളിലെത്തുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത് ജിപി ബാലന്‍ നിര്‍മ്മിച്ച ചിത്രം റോഷിക എന്റര്‍പ്രൈസസ് ആണ് തീയറ്ററിലെത്തിക്കുന്നത്.
പ്രേക്ഷകപ്രീതി നേടിയ ചിത്രം ജയന്‍ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമാണ്.പുതുമയാര്‍ന്ന പ്രമേയവും ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ടും സമ്പന്നമായ ചിത്രത്തില്‍ ജയന്‍, ഷീല, സത്താര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ശങ്കര്‍, ശരത്ത് ബാബു, നെല്ലിക്കോട് ബാസ്‌കരന്‍, പി കെ അബ്രഹാം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 30 ലക്ഷത്തോളം രൂപ ചെലവിട്ടാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നതെന്നും ജയന്റെ മീന്‍ എന്ന സിനിമയും ദൃശ്യമികവോടെ വീണ്ടും ഇറക്കുമെന്നും വിതരണക്കാര്‍ പറഞ്ഞു.
Recent Comments