സ്വര്‍ണവില 71,000 കടന്നു; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1600 രൂപ

സ്വര്‍ണവില 71,000 കടന്നു; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1600 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 840 രൂപ വര്‍ധിച്ചതോടെ ആദ്യമായി 71000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് 71,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് ഉയര്‍ന്നത്. 8920 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില രണ്ട് ദിവസത്തിനുള്ളില്‍ താഴ്‌ന്നെങ്കിലും വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഇന്നലെ മാത്രം 760 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

‘ആ പേരുകള്‍ സംഗീതവുമായി ബന്ധപ്പെട്ടത്’; ഹിന്ദി തലക്കെട്ട് വിവാദത്തില്‍ ശിവന്‍കുട്ടിക്ക് എന്‍സിഇആര്‍ടിയുടെ മറുപടി

‘ആ പേരുകള്‍ സംഗീതവുമായി ബന്ധപ്പെട്ടത്’; ഹിന്ദി തലക്കെട്ട് വിവാദത്തില്‍ ശിവന്‍കുട്ടിക്ക് എന്‍സിഇആര്‍ടിയുടെ മറുപടി

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് നല്‍കിയതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി. സംഗീതവുമായി ബന്ധപ്പെട്ട പേരുകളാണ് തലക്കെട്ടായി ഹിന്ദിയില്‍ നല്‍കിയതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

മൃദംഗ്, സന്തൂര്‍ അടക്കമുള്ള ഹിന്ദി തലക്കെട്ടുകള്‍ സംഗീത പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ സംഗീത പാരമ്പര്യം ഒന്നാണെന്നും എന്‍സിആര്‍ടി പറയുന്നു. പുതിയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ തലക്കെട്ടുകളില്‍ മാറ്റം വരുത്തിതതെന്നാണ് വിശദീകരണം. ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ക്ക് മാത്രമല്ല മാത്തമാറ്റിക്‌സ് പാഠപുസ്തകങ്ങളിലും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ടി വ്യക്തമാക്കി.

‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ഇത് ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണമാണ്. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കാനും പ്രതിജ്ഞാബദ്ധമാണെന്ന്’ മന്ത്രി വ്യക്തമാക്കിയിരുന്നു.

54- മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

54- മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: 54-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി എന്‍ കരുണിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജ് സുകുമാരനും മികച്ച നടിക്കുള്ള പുരസ്കാരം ഉര്‍വശിയും ഏറ്റുവാങ്ങി.

ചടങ്ങില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജെ സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ടി വി ചന്ദ്രന്‍, ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സുധീര്‍ മിശ്ര, രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഡോ. ജാനകി ശ്രീധരന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

54-ാം ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഇവര്‍

മികച്ച ചിത്രം: കാതല്‍ (സംവിധാനം ജിയോ ബേബി)
മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്)
മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം)
മികച്ച നടൻ പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രൻ (തടവ്)
മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം)
മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)
മികച്ച ബാലതാരം (ആണ്‍): അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുതവിളക്കും)
മിരച്ച ബാലതാരം (പെണ്‍): തെന്നല്‍ അഭിലാഷ് (ശേഷം മൈക്കില്‍ ഫാത്തിമ)
മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍)
മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട)
മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.
മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേര്‍)
സംഗീത സംവിധാനം: ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍)
മികച്ച സംഗീത സംവിധായകൻ (പാശ്ചാത്തല സംഗീതം): മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച പിന്നണി ഗായകൻ: വിദ്യാധരൻ മാസ്റ്റര്‍
മികച്ച ശബ്‍ദരൂപ കല്‍പന : ജയദേവൻ, അനില്‍ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്)
മികച്ച ശബ്‍ദമിശ്രണം : റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം)
മികച്ച മേക്കപ്പ് : രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച കലാസംവിധാനം: മോഹന്‍ദാസ് (2018)
മികച്ച സിങ്ക് സൗണ്ട്: ഷമീര്‍ അഹമ്മദ് ( ഒ ബേബി)
മികച്ച പ്രൊസസ്സിംഗ് ലാബ്, കളറിസ്റ്റ്: വൈശാഖ് ശിവ ഗണേഷ് ന്യൂബ് സിറസ്
മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ് (ആണ്‍): റോഷന്‍ മാത്യു( ഉള്ളൊഴുക്ക്, വാലാട്ടി)
മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ് (പെണ്‍): സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
മികച്ച നൃത്ത സംവിധാനം: ജിഷ്ണു (സുലേഖ മന്‍സില്‍)
മികച്ച വിഷ്വല്‍ എഫക്ട്സ്: ആന്‍ഡ്രൂ ഡിക്രൂസ്, വൈശാഖ് ബാബു (2018)
സ്ത്രീ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം: ശാലിനി ഉഷാദേവി (എന്നെന്നും)
വസ്‍ത്രാലങ്കാരം : ഫെബിന (ഓ ബേബി)
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം: ആടുജീവിതം (സംവിധാനം ബ്ലെസ്സി)
മികച്ച നവാഗത സംവിധായകൻ : ഫാസില്‍ റസാഖ് (തടവ്)
മികച്ച സിനിമയ്‍ക്കുള്ള ജൂറി പുരസ്‍കാരം ഗഗനചാരിക്കാണ്.
മികച്ച നടനുള്ള ജൂറി പരാമര്‍ശം: കൃഷ്‍ണൻ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)
ചലച്ചിത്ര ഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)
മികച്ച ചലച്ചിത്ര ലേഖനം: ഡോ. രാജേഷ് എംആര്(ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍)
മികച്ച പുസ്തകം ജൂറി പരാമര്‍ശം: പി പ്രേമചന്ദ്രന്‍, കാമനകളുടെ സാംസ്കാരിക സന്ദര്‍ഭങ്ങള്‍
മികച്ച ലേഖനം ജൂറി പരാമര്‍ശം: ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ ചരിത്രവും രാഷ്ട്രീയവും ആനൂപ് കെആര്‍.

‘വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താല്‍ മതി’: വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഗതാഗത കമ്മീഷണറുടെ ഉത്തരവ്

‘വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താല്‍ മതി’: വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഗതാഗത കമ്മീഷണറുടെ ഉത്തരവ്

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് ആശ്വാസമായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ്. നിയമലംഘനം നടത്തിയതിന് വ്യക്തമായ തെളിവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാന്‍ പാടില്ലെന്നാണ് ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസന്‍സ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങി പേരുകളില്‍ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്.

കൃത്യമായ തെളിവുകളുണ്ടായാല്‍ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. മാത്രമല്ല കോണ്‍ട്രാക്ട് ഗ്യാരേജ് വാഹനങ്ങളുടെ ലഗേജ് ക്യാരിയറില്‍ മാറ്റം വരുത്തിയാല്‍ കേസെടുക്കേണ്ടെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ടാക്‌സി വാഹനങ്ങള്‍ക്ക് ഈ കേസെടുക്കുന്നത് ബുദ്ധിമുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ ആചരിക്കുന്നു

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ ആചരിക്കുന്നു

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാർത്ഥനകളും, വികുർബ്ബാന അപ്പം സ്വീകരിക്കലും, കാല്‍ കഴുകൽ ശുശ്രൂഷയും നടക്കുകയാണ്.

സഭാ അധ്യക്ഷന്മാർ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിക്കും. കുരിശു മരണത്തിനു മുൻപ് യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിന്‍റെയും കാല്‍ കഴുകിയതിന്റെയും ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴം.

വൈകുന്നേരത്തോടെ വീടുകളില്‍ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

വാഴൂർ സെൻ്റ്. പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ പെസഹാ പെരുന്നാളിന് കാതോലിക്കാ ബാവ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ മുഖ്യകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് 2 ന് കാൽകഴുകൽ ശുശ്രൂഷയും നടക്കും. ‘

കോട്ടയം അതിരൂപതാ മെത്രാ പ്പൊലീത്താ മാർ മാത്യു മൂലക്കാട്ട് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിലും, വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ കോട്ടയം വിമലഗിരി കത്തീഡ്രലിലും, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്താ മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലും കാർമികരാവും

തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലില്‍ നടന്ന പെസഹാ വ്യാഴ ശുശ്രൂഷകള്‍ക്ക് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. വൈകിട്ട് നാലുമണിയ്ക്ക് ബസേലിയോസ് ജോസഫ് ബാവ കോതമംഗലം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ നടക്കുന്ന കാല്‍കഴുകല്‍ ചടങ്ങിലും പങ്കെടുക്കും.

‘ആ പ്രശംസ ഒഴിവാക്കാമായിരുന്നു, ദിവ്യയ്ക്കു വീഴ്ച പറ്റി’; പ്രതികരിച്ച് ശബരീനാഥന്‍

‘ആ പ്രശംസ ഒഴിവാക്കാമായിരുന്നു, ദിവ്യയ്ക്കു വീഴ്ച പറ്റി’; പ്രതികരിച്ച് ശബരീനാഥന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ചയുണ്ടായെന്ന് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍. സര്‍ക്കാരിന് വേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് സദുദ്ദേശത്തോടെയാണെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുക എന്നത് ഉദ്യോഗസ്ഥ ധര്‍മ്മമാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തുന്നതിനോട് യോജിപ്പില്ലെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു.

ദിവ്യ എസ് അയ്യര്‍ ഐഎഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തു വന്നിരുന്നു. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളാണ് ദിവ്യ. സോപ്പിട്ടോളൂ. പക്ഷെ ഒരുപാട് പതപ്പിക്കേണ്ട, ഭാവിയില്‍ അത് ദോഷം ചെയ്യുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തോട്, നോ കമന്റ്‌സ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥിന്റെ ഭാര്യ കൂടിയായ ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പ്രതികരിച്ച് കൂടുതല്‍ വിവാദമുണ്ടാക്കേണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായ ഘട്ടത്തില്‍, ദിവ്യക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ഘടകം രംഗത്ത് വന്നിരുന്നു. ദിവ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ദിവ്യ ഓര്‍ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ അഭിപ്രായപ്പെട്ടിരുന്നു.