സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്‌; ഒറ്റയടിക്ക് കൂടിയത് 2160 രൂപ

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്‌; ഒറ്റയടിക്ക് കൂടിയത് 2160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് 2160 രൂപ വര്‍ധിച്ചതോടെ പവന്‍ വില വീണ്ടും 66,480 ല്‍ എത്തി. ഗ്രാമിന് 270 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8560 രൂപയാണ്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിപണിയിലെ മാറ്റം.

തുടര്‍ച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷം ഇത് രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

വിമാനം സുരക്ഷിതമായി ഇറക്കി; പിന്നാലെ ഹൃദയാഘാതം, പൈലറ്റ് മരിച്ചു

വിമാനം സുരക്ഷിതമായി ഇറക്കി; പിന്നാലെ ഹൃദയാഘാതം, പൈലറ്റ് മരിച്ചു

ഡൽഹി: ശ്രീന​ഗർ- ഡൽഹി എയർ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റ് വിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ മരിച്ചു. ഡൽഹി ഇന്ദിര ​ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അർമാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിശ്രമിക്കാൻ പോകുന്നതിനിടെ അർമാന് ഹൃദയാഘാതം ഉണ്ടായത്. എയർലൈൻ ഡിസ്‌പാച്ച് ഓഫീസിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അർമാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു അർമാൻ കുഴഞ്ഞു വീണത്. എയർ ഇന്ത്യ എക്സ്പ്രസ് അർമാന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കായംകുളം സ്വദേശി നൗഫൽ ആണ് പ്രതി.

2020 സെപ്റ്റംബർ അഞ്ചിനാണ് കോവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ ഇയാൾ രോഗിയെ പീഡിപ്പിക്കുന്നത്. വരും ദിവസങ്ങളിലായി പ്രതിയുടെ ശിക്ഷ വിധിക്കും. പൊലീസിന്റെ പ്രാഥമിക കണ്ടെത്തലിൽ തന്നെ പ്രതിക്കെതിരായ തെളിവുകൾ കണ്ടെത്തിയിരുന്നു. നീണ്ടകാലത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതി നൗഫലിന് മാതൃകാപരമായ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം.

കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി. തുടർന്ന് പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് കെയർ സെന്ററിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

കണ്ണനെ കണ്‍നിറയെ കണ്ടു തൊഴുത് ഗവര്‍ണറും പത്‌നിയും

കണ്ണനെ കണ്‍നിറയെ കണ്ടു തൊഴുത് ഗവര്‍ണറും പത്‌നിയും

ഗുരുവായൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് ഗവര്‍ണര്‍ പത്‌നി അനഘ ആര്‍ലേക്കര്‍ക്കൊപ്പം ദര്‍ശനത്തിനെത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു.

ദേവസ്വം ചെയര്‍മാന്‍ ഗവര്‍ണ്ണറെ പൊന്നാടയണിയിച്ചാണ് വരവേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആദ്യം കൊടിമര ചുവട്ടില്‍ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. തുടര്‍ന്ന് നാലമ്പലത്തിലെത്തി പ്രാര്‍ത്ഥിച്ചു. ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ട ഗവര്‍ണര്‍ കാണിക്കയുമര്‍പ്പിച്ചു. ശ്രീലകത്തു നിന്ന് പ്രസാദം ഏറ്റുവാങ്ങി. ദര്‍ശന ശേഷം ചുറ്റമ്പലത്തിലെത്തി ഗവര്‍ണര്‍ പ്രദക്ഷിണം വെച്ചു തൊഴുതു.

കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഗവര്‍ണര്‍ക്കും പത്‌നിക്കും നല്‍കി. തുടര്‍ന്ന് ഏഴരയോടെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി അല്‍പ നേരം വിശ്രമിച്ച ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്. ദേവസ്വത്തിന്റെ ഉപഹാരമായി ഭഗവാന്‍ ശ്രീകൃഷ്ണനും രുക്മിണി ദേവീയുമൊത്തുള്ള ചുമര്‍ചിത്രവും നിലവിളക്കും ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ സമ്മാനിച്ചു. വരവേല്‍പ്പിന് നന്ദി പറഞ്ഞ ഗവര്‍ണര്‍ ദേവസ്വം ചെയര്‍മാനെയും മറ്റും രാജ്ഭവനിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടാണ് മടങ്ങിയത്.ഗവര്‍ണറായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗുരുവായൂരിലെത്തുന്നത്.

സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനവദിച്ചത്. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി.രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി.റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി.വിവേക് (21) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം.

50 ദിവസത്തിലേറെയായി ജയിലില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ നവംബര്‍ 4 മുതലായിരുന്നു കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ 6 ജൂനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിനു ഇരയായത്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യപിക്കാന്‍ പണം നല്‍കാത്തവരെ റാഗ് ചെയ്യുകയായിരുന്നു.

ഫ്രെബ്രുവരി 11 നാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ഭാരത നിയമ സംഹിതയിലെ 118ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് പൊലീസ് കേസ് എടുത്തത്.

കേസില്‍ ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച സംഭവിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. റാഗിങ്ങുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍ , ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

‘മനുഷ്യക്കടത്തിലെ പ്രതി’; പൊലീസ് ചമഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്, കോഴിക്കോട് വയോധികനില്‍നിന്ന് 8.80 ലക്ഷം രൂപ തട്ടി

‘മനുഷ്യക്കടത്തിലെ പ്രതി’; പൊലീസ് ചമഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്, കോഴിക്കോട് വയോധികനില്‍നിന്ന് 8.80 ലക്ഷം രൂപ തട്ടി

കോഴിക്കോട്: കോഴിക്കോട് വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ പണം തട്ടി. എലത്തൂര്‍ സ്വദേശിയായ ചാക്കുണ്ണി നമ്പ്യാര്‍ക്ക് 8.80 ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാണ് പണം തട്ടിയത്. ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന പേരിലാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്.

കേസിന് ആവശ്യമാ ബാങ്ക് രേഖകള്‍ അയച്ചു നല്‍കാനും ബാങ്ക് രേഖകള്‍ കൈക്കാലാക്കിയ സംഘം അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് വയോധികന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെന്ന പേരിലായിരുന്നു സന്ദേശം. കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ബാങ്ക് രേഖകള്‍ അയച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അയച്ചുനല്‍കിയതോടെയാണ് പണം നഷ്ടമായത്.

ബന്ധുക്കളടക്കം വിവരം അറിഞ്ഞപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭച്ചിട്ടുണ്ട്. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.