വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് കമ്മിറ്റിയുടെ ഉരുൾ മഹാമഹം

വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് കമ്മിറ്റിയുടെ ഉരുൾ മഹാമഹം

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉരുൾ മഹാമഹം. ഏപ്രിൽ 11 വെള്ളിയാഴ്ച ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ വലികുന്ന് സദ്യ ഉണ്ടായിരിക്കും. വൈകിട്ട് 6 മണി മുതൽ 25ഇൽ പരം കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരിമേളം. അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ് മഹോത്സവത്തിനോട് അനുബന്ധിച്ച് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് ഉരുൾ കമ്മിറ്റി തിരുമുൽ കാഴ്ചയും ഒരുക്കുന്നു. ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 7 മണി മുതൽ നാഗർകോവിൽ നൈറ്റ്സ് ബേർഡ്സ് ഓർക്കസ്ട്രയുടെ മെഗാ ഗാനമേളയും നടക്കും. രാത്രി ഒരു മണിക്ക് ഉരുളാരംഭം. ചിറയിൻകീഴ് ശ്രുതിലയയുടെ ഗാനമേളയും ഉണ്ടാകും.

ആറ്റിങ്ങല്‍ ബ്രഹ്മാകുമാരീസ് സെന്‍ററിൽ വിനോദവിജ്ഞാന ക്ലാസ്സ് സംഘടിപ്പിക്കുന്നു

ആറ്റിങ്ങല്‍ ബ്രഹ്മാകുമാരീസ് സെന്‍ററിൽ വിനോദവിജ്ഞാന ക്ലാസ്സ് സംഘടിപ്പിക്കുന്നു

5 ആം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിനോദവിജ്ഞാന ക്ലാസ്സ് ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 9.45 മുതൽ 1 വരെ ആറ്റിങ്ങല്‍ ബ്രഹ്മാകുമാരീസ് സെന്‍ററിൽ സംഘടിപ്പിക്കുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ശ്രദ്ധേയരായവരാണ് ക്ലാസുകൾ നയിക്കുന്നത്. ഡോ. സൗമ്യ കൃഷ്ണന്‍, ഡോ. ദീപു രവി, മേഘാരാജ്, ബി കെ സമ്പത്ത്, എയ്ഞ്ചൽ മുല്ല, ലിജു പള്ളിപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. പ്രവേശനം പൂര്‍ണ്ണമായും സൗജന്യം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്ക് പങ്കെടുക്കാം. അഡ്മിഷന് വേണ്ടി വിളിക്കേണ്ട നമ്പർ – 94976 89338

‘സ്മൈലക്സ് ദന്തൽ ക്ലിനിക്’ ഉദ്ഘാടനം വിഷു ദിനത്തിൽ

‘സ്മൈലക്സ് ദന്തൽ ക്ലിനിക്’ ഉദ്ഘാടനം വിഷു ദിനത്തിൽ

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ ‘സ്മൈലക്സ് ദന്തൽ ക്ലിനിക്’ ആലംകോട് വഞ്ചിയൂർ പ്രവർത്തനമാരംഭിക്കുന്നു. ഏപ്രിൽ 14 വിഷുദിനത്തിൽ രാവിലെ 10 മണിയ്ക് ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി ഭദ്രദീപം തെളിയിക്കും. പ്രൊസീജിയർ റൂമിന്റെ ഉദ്ഘാടനം അഡ്വ ബി സത്യനും നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, മുൻ നഗര സഭ ചെയർമാൻ എം പ്രദീപ്, കെ സുഭാഷ്, ബി ഷിബുലാൽ, ദീപ പങ്കജാക്ഷൻ തുടങ്ങിയ പങ്കെടുക്കും.

സർവീസ് ചാർജ് വാങ്ങിയിട്ടും ഫോൺ തകരാർ പരിഹരിച്ചില്ല; നഷ്ടപരിഹാരത്തിന് ഉത്തരവ്

സർവീസ് ചാർജ് വാങ്ങിയിട്ടും ഫോൺ തകരാർ പരിഹരിച്ചില്ല; നഷ്ടപരിഹാരത്തിന് ഉത്തരവ്

കൊച്ചി: സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ റിപ്പയറിങ് സ്ഥാപനം ഉപഭോക്താവിന് തകരാർ പരിഹരിച്ച് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോടതി ചെലവ് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

പെന്റാ മേനകയിൽ പ്രവർത്തിക്കുന്ന സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിങ് എന്ന സ്ഥാപനത്തിനെതിരെ എറണാകുളം അമ്പലമുകൾ സ്വദേശി കുര്യാക്കോസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിലാണ് രണ്ട് ഐഫോണുകൾ നന്നാക്കുന്നതിന് പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചത്. ആകെ 13,700 രൂപയും നൽകി. എന്നാൽ ഫോൺ ശരിയാക്കി നൽകാനോ തുക തിരികെ നൽകാനോ സ്ഥാപനം തയ്യാറായില്ല.

30 ദിവസത്തിനകം ഫോൺ റിപ്പയർ ചെയ്ത് പരാതിക്കാരന് നൽകണം. അതിന് കഴിയുന്നില്ലെങ്കിൽ പരാതിക്കാരനോട് സർവീസ് ചാർജായി വാങ്ങിയ തുക തിരികെ നൽകണം. പരാതിക്കാരൻ അനുഭവിച്ച മാനസിക ക്ലേശത്തിന് 5000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി 3000 രൂപയും 45 ദിവസത്തിനകം നൽകാനും നിർദേശിച്ചിട്ടുണ്ട്. ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അം​ഗങ്ങളുമായ ബെ‍ഞ്ചിന്റേതാണ് ഉത്തരവ്.

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; കെ സ്മാര്‍ട്ട് പദ്ധതി ഇന്ന് മുതല്‍

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; കെ സ്മാര്‍ട്ട് പദ്ധതി ഇന്ന് മുതല്‍

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി കൊണ്ട് ഇന്നുമുതല്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ നിലവില്‍ വരും. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐകെഎം) രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് കെസ്മാര്‍ട്ട്.

മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പിലാക്കിയതിനുശേഷം ആണ് പഞ്ചായത്തുകളില്‍ കൂടി കെ-സ്മാര്‍ട്ട് നിലവില്‍ വരുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സര്‍ക്കാരുകളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കിനല്‍കുന്നത്. ജനന-മരണ-വിവാഹ റജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ നിരവധിയായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങള്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കേണ്ടതുണ്ട്. വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ സോഫ്റ്റ്വെയറുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെ മാറ്റിക്കൊണ്ട്, ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കെ സ്മാര്‍ട്ടിലൂടെ കഴിയുന്നുവെന്നതാണ് പ്രത്യേകത.

മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ ജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്ന രീതിയിലാണ് കെ- സ്മാര്‍ട്ടിന്റെ ഘടന.

ത്രിതല പഞ്ചായത്തുകളിലെ കെ-സ്മാര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.30ന് തിരുവനന്തപുരം ഉദയാ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. നിലവില്‍ കെ സ്മാര്‍ട്ട് വിന്യസിച്ചിട്ടുള്ള 87 മുന്‍സിപ്പാലിറ്റികള്‍ക്കും 6 കോര്‍പറേഷനുകള്‍ക്കുമൊപ്പം 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തുകളിലും കെ സ്മാര്‍ട്ട് ലഭ്യമാവും.

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍: ഉത്തരവുകളും കുറിപ്പുകളും മലയാളത്തിലാകണമെന്ന് കര്‍ശന നിര്‍ദേശം

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍: ഉത്തരവുകളും കുറിപ്പുകളും മലയാളത്തിലാകണമെന്ന് കര്‍ശന നിര്‍ദേശം

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലര്‍. ഉത്തരവുകളും കുറിപ്പുകളും കത്തിടപാടുകളുമെല്ലാം മലയാളത്തിലാകണമെന്നാണ് കര്‍ശന നിര്‍ദേശം. ഇംഗ്ലീഷും മറ്റുഭാഷകളും ഉപയോഗിക്കുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഭരണഭാഷ മലയാളമാണെന്ന് 2017ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായിട്ടില്ല. ഉത്തരവുകളൊക്കെയുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണ്.

വിഷയം വീണ്ടും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ഔദ്യോഗികഭാഷ വിഭാഗം ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നിര്‍ദേശമെന്ന രീതിയില്‍ ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, അര്‍ധ ഔദ്യോഗിക കത്തുകള്‍, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകള്‍, റിപ്പോര്‍ട്ടുകള്‍, മറ്റ് വകുപ്പുകള്‍ക്കുള്ള മറുപടികള്‍ തുടങ്ങിയ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തില്‍ തന്നെയാകണമെന്നാണ് നിര്‍ദേശം.

കേന്ദ്രസര്‍ക്കാര്‍, ഇതര സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങള്‍, തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുള്ള സംഗതികള്‍ എന്നീ എട്ട് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളം ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിക്കുക.