റോഷാക്ക് സംവിധായകനൊപ്പം പൃഥ്വിരാജ്; നായികയായി പാർവതി തിരുവോത്ത്, ‘നോബഡി’യ്ക്ക് തുടക്കം

റോഷാക്ക് സംവിധായകനൊപ്പം പൃഥ്വിരാജ്; നായികയായി പാർവതി തിരുവോത്ത്, ‘നോബഡി’യ്ക്ക് തുടക്കം

എംപുരാന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നോബഡി എന്നു പേരിട്ടിക്കുന്ന സിനിമയുടെ സംവിധാനം നിസാം ബഷീർ ആണ്. കൊച്ചി വില്ലിങ്ടൺ ഐലൻഡിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇ4 എന്റർടെയ്ൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിര്‍മാണം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു.

ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് നിസാം ബഷീർ ആദ്യം സംവിധാനം ചെയ്ത ചിത്രം. ഇബിലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ആളാണ് സമീർ അബ്ദുൾ. പാർവതി തിരുവോത്ത് ആണ് ‘നോബഡി’യിൽ പൃഥ്വിരാജിന്റെ നായിക.

‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’, ‘മൈ ലവ് സ്റ്റോറി’ എന്നീ സിനിമകൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ. സംഗീതം ഹർഷവർധൻ. മോഹൻലാൽ നായകനായെത്തിയ എംപുരാൻ ആണ് പൃഥ്വിരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കണം; വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന് അമേരിക്ക

സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കണം; വിസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന് അമേരിക്ക

ഡല്‍ഹി: യുഎസ് വിസ നിഷേധത്തിന് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) മുന്നറിയിപ്പ്. ഇമിഗ്രേഷന്‍ അധികാരികള്‍ വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും സെമിറ്റിക് വിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരുടെ വിസയോ റെസിഡന്‍സി പെര്‍മിറ്റോ നിഷേധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

‘തീവ്രവാദ അനുഭാവികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല, അവരെ ഇവിടെ പ്രവേശിപ്പിക്കാനോ ഇവിടെ തന്നെ തുടരാന്‍ അനുവദിക്കാനോ ഞങ്ങള്‍ക്ക് ബാധ്യതയില്ല,’ ആഭ്യന്തര സുരക്ഷാ വകുപ്പിലെ പബ്ലിക് അഫയേഴ്സ് (ഡിഎച്ച്എസ്)അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്‌ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍, തീവ്രവാദികളില്‍ നിന്നും തീവ്രവാദ ചിന്തയുളള വിദേശികളില്‍ നിന്നും (ഹമാസ്, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ്, ഹിസ്ബുള്ള, അന്‍സാര്‍ അല്ലാഹ് അഥവാ ഹൂതികള്‍ പോലുള്ള സെമിറ്റിക് വിരുദ്ധ ഭീകര സംഘടനകള്‍, അക്രമാസക്തമായ സെമിറ്റിക് വിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നവര്‍ ഉള്‍പ്പെടെ) മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളും പരമാവധി നടപ്പിലാക്കുമെന്ന് ഡിഎച്ച്എസ് അറിയിച്ചു.

സെമിറ്റിക് വിരുദ്ധ ഭീകരതയെയോ അനുബന്ധ പ്രവര്‍ത്തനങ്ങളെയോ പിന്തുണയ്ക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇമിഗ്രേഷന്‍ പരിശോധനകളില്‍ നെഗറ്റീവ് ഘടകമായി പരിഗണിക്കും. ഈ നയം ഉടനടി പ്രാബല്യത്തില്‍ വരും, വിസ അപേക്ഷകള്‍, ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍, മറ്റ് ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കും ഇത് ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു.

‘5000 രൂപക്ക് വില്‍ക്കാം, എന്നാലും ലാഭം’; ഷൂ വിവാദത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ്

‘5000 രൂപക്ക് വില്‍ക്കാം, എന്നാലും ലാഭം’; ഷൂ വിവാദത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഷൂ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് പ്രചരിപ്പിച്ചതിന് പിന്നില്‍ സിപിഎം സൈബര്‍ ഹാന്റിലുകളാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

‘ഞാന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. വിദേശത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നല്‍കാം, എന്നാലും അത് എനിക്ക് ലാഭമാണ്.’- വി ഡി സതീശന്‍ പ്രതികരിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ‘ക്ലൗഡ് ടില്‍റ്റി’ന്റെ വിലയേറിയ ഷൂസാണ് വിഡി സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഈ ബ്രാന്‍ഡ് ഷൂവിന് ഓണ്‍ലൈനില്‍ വില മൂന്ന് ലക്ഷം രൂപയാണ് എന്നും പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ബാഗുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളോട് ചേര്‍ത്ത് വച്ചായിരുന്നു പല പ്രതികരണങ്ങളും. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

വാട്‌സ്ആപ്പിലെ ആ ചിത്രങ്ങളും വിഡിയോകളും ഡൗണ്‍ലോഡ് ചെയ്യരുതേ! പണം നഷ്ടമാകും, പുതിയ തട്ടിപ്പ്

വാട്‌സ്ആപ്പിലെ ആ ചിത്രങ്ങളും വിഡിയോകളും ഡൗണ്‍ലോഡ് ചെയ്യരുതേ! പണം നഷ്ടമാകും, പുതിയ തട്ടിപ്പ്

ഡല്‍ഹി: വാട്‌സ്ആപ്പിലെ പുതിയ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പണം നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്.

ഒടിപികള്‍, വ്യാജ ലിങ്കുകള്‍, ഡിജിറ്റല്‍ അറസ്റ്റുകള്‍ തുടങ്ങിയ പതിവ് തട്ടിപ്പ് രീതികളില്‍ നിന്ന് വ്യത്യസ്തമാണിതെന്നും ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. മധ്യപ്രദേശില്‍ ഇത്തരം തട്ടിപ്പില്‍ കുടുങ്ങി ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടമായെന്നും അധികൃതര്‍ പറഞ്ഞു.

വാട്സ്ആപ്പ് അല്ലെങ്കില്‍ മറ്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി ചിത്രങ്ങള്‍ അയച്ചാണ് സ്‌കാമര്‍മാര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. ചില സന്ദര്‍ഭങ്ങളില്‍, വാട്സ്ആപ്പ് വഴി അയച്ച ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുന്നു. ഉപയോക്താവ് ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ അവരുടെ ഫോണ്‍ തകരാറിലാകും. ഇതോടെ തട്ടിപ്പുകാര്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കും.

ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ച് അതിലെ രഹസ്യമായ വിവരങ്ങള്‍ മറച്ചുവെക്കുന്നതാണ് ഈ തീരി. ടെക്സ്റ്റ്, ഇമേജുകള്‍, വിഡിയോ, ഓഡിയോ എന്നിവയുള്‍പ്പെടെ വിവിധ തരം ഡിജിറ്റല്‍ ഉള്ളടക്കം മറയ്ക്കാന്‍ ഇത് ഉപയോഗിക്കാം.

ഇത്തരത്തില്‍ മറഞ്ഞിരിക്കുന്ന ഡാറ്റ പിന്നീട് മറ്റൊരിടത്തേക്ക് പകര്‍ത്താനും കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം സാങ്കേതിക വിദ്യയെ സ്റ്റെഗനോഗ്രഫി എന്നാണ് പറയുന്നത്. ചിത്രങ്ങള്‍ക്കുള്ളില്‍ വ്യാജ ലിങ്കുകള്‍ ചേര്‍ക്കാന്‍ സ്‌കാമര്‍മാര്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ ലിങ്കുകള്‍ ഇരയുടെ സ്മാര്‍ട്ട്ഫോണിലേക്ക് വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, ഇതോടെ ഒടിപി അടക്കം ലഭ്യമാക്കി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതാണ് രീതി.

‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കെസിബിസി

‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കെസിബിസി

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നുവെന്നും, എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത് എന്നുമാണ് വിമര്‍ശനം. ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ മാറ്റി നിര്‍ത്തുന്നുവെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറയുന്നു.

സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായാണ് കെസിബിസി രംഗത്ത് എത്തിയിരിക്കുന്നത്. മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നാണ് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി പ്രസ്താവനയില്‍ പറയുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത് – കെസിബിസി വിമര്‍ശിക്കുന്നു.

ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണെന്നും ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കുള്ള ഇളവുകള്‍ എന്നും വ്യക്തമാക്കുന്നുണ്ട്.

ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്നും പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ മദ്യ നയത്തിനെതിരെ പ്രതിഷേധം തീര്‍ക്കാനാണ് കെ സി ബി സിയുടെ തീരുമാനം. കൂടാതെ ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്റെ ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ ഒഴിവാക്കുന്നുവെന്നും കെ സി ബിസിസി മദ്യ ലഹരി വിരുദ്ധ സമിതി ആരോപിക്കുന്നു.

കൂടല്‍മാണിക്യം കഴകക്കാരന്‍; പട്ടികയിലെ അടുത്ത ഈഴവ ഉദ്യോഗാര്‍ഥിക്ക് അഡ്വൈസ് മെമ്മോ

കൂടല്‍മാണിക്യം കഴകക്കാരന്‍; പട്ടികയിലെ അടുത്ത ഈഴവ ഉദ്യോഗാര്‍ഥിക്ക് അഡ്വൈസ് മെമ്മോ

തൃശൂര്‍: ജാതി വിവേചനത്തിന് പിന്നാലെ കഴകക്കാരന്‍ രാജിവച്ച ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് പുതിയ നിയമനം നടത്താന്‍ നടപടി തുടങ്ങി. ഇത്തവണയും ഈഴവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിക്കാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അഡ്വൈസ് മെമ്മോ അയച്ചിരിക്കുന്നത്. ജാതി വിവേചനത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബി എ ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗിനാണ് അഡ്വൈസ് മെമ്മോ അയച്ചത്.

നിയമപ്രകാരം അടുത്ത ഊഴവും ഈഴവ ഉദ്യോഗാര്‍ത്ഥിയുടേതാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമിക്കേണ്ടത് കൂടല്‍മാണിക്യം ദേവസ്വമാണ്. വിവാദ വിഷയമായതിനാല്‍ പ്രതിഷേധം ഉള്‍പ്പെടെ ഒഴിവാക്കാന്‍ ദേവസ്വം ഭരണസമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും.

അതേസമയം, കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രിമാര്‍ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്. ഓപ്പണ്‍ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നല്‍കിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. ഇതിലാണ് അനുരാഗിന് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്. അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ദേവസ്വം ബോര്‍ഡ് വേഗത്തില്‍ തന്നെ കൊടുക്കേണ്ടതാണ് അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും മോഹന്‍ദാസ് പ്രതികരിച്ചു.