പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങി, കടകള്‍ അടിച്ചുതകര്‍ത്തു; പരിഭ്രാന്തി

പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങി, കടകള്‍ അടിച്ചുതകര്‍ത്തു; പരിഭ്രാന്തി

മൂന്നാര്‍: കാട്ടുക്കൊമ്പന്‍ പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് പുലര്‍ച്ചെ ടൗണില്‍ ഇറങ്ങിയ പടയപ്പ വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് നാശം വിതച്ചു.

മൂന്നാര്‍ ആര്‍ ഒ ജങ്ഷനിലാണ് പുലര്‍ച്ചെ പടയപ്പ എത്തിയത്. ടൗണിലിറങ്ങിയ ആന വഴിയോര കച്ചവട സ്ഥാപനങ്ങള്‍ തകര്‍ത്തുകയായിരുന്നു. പഴയ മൂന്നാര്‍ ടൗണിന് സമീപത്തെ പാര്‍ക്കിലും ആന നാശം വരുത്തി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വെച്ച് ആനയെ തുരത്തുകയായിരുന്നു. വിനോദ സഞ്ചാര സീസണ്‍ ആരംഭിയ്ക്കുന്ന സാഹചര്യത്തില്‍ ആന ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ പടയപ്പ മദപ്പാടിലായിരുന്നു. ഈ സമയം ജനവാസ മേഖലയിലിറങ്ങി വലിയ തോതില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടൗണിലേക്കും ആന എത്തിയത്.

തിരിച്ചുവന്ന് രൂപ, ഡിസംബറിന് ശേഷം ആദ്യമായി 85ല്‍ താഴെ

തിരിച്ചുവന്ന് രൂപ, ഡിസംബറിന് ശേഷം ആദ്യമായി 85ല്‍ താഴെ

ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 46 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നയം അമേരിക്കന്‍ വിപണിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളാണ് രൂപയ്ക്ക് കരുത്തായത്. ഡോളര്‍ ദുര്‍ബലമാകാന്‍ പുതിയ താരിഫ് നയം കാരണമാകുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഇതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു.

എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം ഉയരാന്‍ കാരണമായി. ഇന്നലെ രൂപ 22 പൈസയുടെ നേട്ടം കൈവരിച്ചിരുന്നു. നിലവില്‍ ഡോളറിനെതിരെ 85ല്‍ താഴെയാണ് രൂപയുടെ മൂല്യം. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. അതേസമയം ഓഹരി വിപണി നഷ്ടത്തിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് ഓഹരി വിപണിയെ ബാധിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. സെന്‍സെക്‌സ് 76,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഇന്നലത്തെ പോലെ ഇന്നും ഐടി ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഐടി സൂചിക രണ്ടുശതമാനമാണ് ഇടിഞ്ഞത്. ഓട്ടോ, മെറ്റല്‍, ഫാര്‍മ ഓഹരികളും നഷ്ടം നേരിട്ടു.

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ; 68,000ല്‍ താഴെ

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ; 68,000ല്‍ താഴെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,000ല്‍ താഴെയെത്തി. 67,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 8400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണവില ആദ്യമായി 68000 കടന്നത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം വരെ കണ്ടത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ കനത്ത ഇടിവ് നേരിടുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്

ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്

ചെന്നൈ: മോഹന്‍ ലാല്‍ ചിത്രമായ എംപുരാന്റെ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചിട്ടി ഇടപാടുകളുടെ മറവില്‍ ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്.

അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചി ഇ ഡി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചിട്ടി തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിലും അന്ന് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത്. അനധികൃതമായാണ് ചിട്ടി ഇടപാടുകള്‍ നടക്കുന്നതെന്നായിരുന്നു ഇഡിക്ക് അന്ന് ലഭിച്ച പരാതി. രാജ്യത്ത് ഉടനീളം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്സിന് ഉള്ളത്.

വഖഫ് ബിൽ പാസാക്കിയത് നല്ലത്, നിയമഭേദ​ഗതി പാവപ്പെട്ട മുസ്‍ലിംകൾക്ക് എതിരല്ല: വെള്ളാപ്പള്ളി നടേശൻ

വഖഫ് ബിൽ പാസാക്കിയത് നല്ലത്, നിയമഭേദ​ഗതി പാവപ്പെട്ട മുസ്‍ലിംകൾക്ക് എതിരല്ല: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വഖഫ് ബിൽ പാസാക്കിയത് നല്ലതെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിൽ മുസ്‌ലിംകൾക്ക് എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നുണ്ട്. വർഷങ്ങളായി താമസിക്കുന്ന മുനമ്പത്തെ ജനങ്ങളെ അവരുടെ ഭൂമിയിൽ നിന്നും ഇറക്കി വിടുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈ ബിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‍ലിംകൾക്ക് എത്ര ശക്തിയുണ്ടെന്ന് തെളിയിച്ചു. അതിനെ ചെറുതായി കാണരുത്. നിയമഭേദ​ഗതി പാവപ്പെട്ട മുസ്‍ലിംകൾക്ക് എതിരല്ല. മുനമ്പത്ത് പോയി പ്രസംഗിച്ചവരും ബില്ലിനെ എതിർത്തു വോട്ടു ചെയ്തത് വിരോധാഭാസമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങൾ ഒപ്പം നിൽക്കുന്നതാണ് പ്രധാനം. അവരെ സേവിക്കുന്നവർക്കൊപ്പം നിൽക്കും. സിപിഎമ്മും കോൺഗ്രസും ചെയ്തത് എന്താണെന്ന് പാർലമെന്റിൽ കണ്ടതാണ്. ഞങ്ങൾക്ക് ചെയ്യാനുള്ളത് ഞങ്ങൾ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

പ്രകാശത്തെ പ്രതിഫലിപ്പിക്കും! ​മുള കൊണ്ടു നിർമിക്കുന്ന ‘കണ്ണാടിപ്പായ’യ്ക്ക് ഭൗമ സൂചികാ പദവി

പ്രകാശത്തെ പ്രതിഫലിപ്പിക്കും! ​മുള കൊണ്ടു നിർമിക്കുന്ന ‘കണ്ണാടിപ്പായ’യ്ക്ക് ഭൗമ സൂചികാ പദവി

രൂപകൽപ്പനയിലെ കൗതുകം കൊണ്ടു ശ്രദ്ധേയമായ മുള കൊണ്ടു നിർമിക്കുന്ന കണ്ണാടിപ്പായയ്ക്ക് ഭൗമ സൂചികാ പദവി (ജിഐ). ഇടുക്കിയിലെ ആദിവാസി കരകൗശല വിദ​ഗ്ധർ നിർമിക്കുന്ന ഏറെ സവിശേഷതകളുള്ളവയാണ് കണ്ണാടിപ്പായ. കണ്ണാടി പോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവാണ് ഈ പായയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. തൃശൂരിലെ പീച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) നടത്തിയ ശ്രമമാണ് പായയ്ക്ക് ഭൗമ സൂചികാ പദവി ലഭിക്കാൻ കാരണമായത്.

കേരളത്തിൽ നിന്നു ഈ പദവി ലഭിക്കുന്ന കൈകൊണ്ടു നിർമിച്ച ഒരേയൊരു ഉത്പന്നവും കണ്ണാടിപ്പായയാണ്. പരമ്പരാ​ഗത കരകൗശല വസ്തുക്കളുടെ ദുരുപയോ​ഗം തടയുന്നതിനൊപ്പം പായകൾ നിർമിക്കുന്ന ​ഗോത്ര സമൂഹങ്ങളുടെ ഉപജീവന മാർ​ഗം മെച്ചപ്പെടുത്താൻ ഈ അം​ഗീകാരം സഹായിക്കുമെന്ന പ്രതീക്ഷയാണ് കെഎഫ്ആർഐ അധികൃതർ പ്രതീക്ഷിക്കുന്നത്. ഒപ്പം പരമ്പരാ​ഗത അറിവുകളുടെ സംരക്ഷണവും ഇതുവഴി നടക്കും.

ഊരാളി, മന്നൻ, മുതുവാൻ ഗോത്ര വിഭാഗങ്ങളാണ് ഈ പായ നിർമിക്കുന്നത്. പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടാണ് ഇതിനു കണ്ണാടിപ്പായ എന്ന പേര് വരാൻ കാരണമെന്നു കെഎഫ്ആർഐ ഗവേഷണ ശാസ്ത്രജ്ഞൻ എവി രഘു ടിഎൻഐഇയോട് പറഞ്ഞു. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനും നിർമിക്കുന്നതിനുമൊക്കെ കഠിനാധ്വാനം വേണം. എന്നാൽ പായയ്ക്ക് ആവശ്യക്കാർ കുറവാണെന്നും വിപണി വരുമാനം കുറവാണെന്നും കെ‌എഫ്‌ആർ‌ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇടുക്കിയിലെ ​ഗോത്ര സമൂഹങ്ങൾ പണ്ട് രാജാക്കൻമാർക്കും മറ്റു പ്രമുഖർക്കും വിശേഷ അവസരങ്ങളിൽ സമ്മാനമായി ഈ പായകൾ നൽകാറുണ്ടായിരുന്നു. 1976ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധി ഇടുക്കി അണക്കെട്ട് സന്ദർശിച്ചപ്പോൾ ഈ പായ സമ്മാനിച്ചിരുന്നു.

ഒരു കണ്ണാടിപ്പായ നിർമിക്കാൻ ഒരു മാസത്തിലധികം സമയം എടുക്കും. മുള ശേഖരിക്കുന്നത് ഒരു ചടങ്ങാണ്. കാട്ടിലേക്കു പോകുന്നതും തിരിച്ചുമുള്ള യാത്ര ഒരു പകലും രാത്രിയും നീണ്ടു നിൽക്കുമെന്നു പായ നിർമിക്കുന്ന കുമാരിയമ്മ പറയുന്നു.

കണ്ണാടിപ്പായ നിർമാണം ആധുനികവത്കരിക്കുന്നതിനായി വെണ്മണിയിലെ ആദിവാസി കരകൗശല വിദ​ഗ്ധർക്കു യന്ത്രങ്ങളും ഉപകരണങ്ങളും നൽകിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനായി ഇവ നിർമിക്കുന്ന മുള സംരക്ഷിക്കാനുള്ള പദ്ധതിയും കെഎഫ്ആർഐ ആരംഭിച്ചിട്ടുണ്ട്.