by Midhun HP News | Apr 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വലിയശാല ഗ്രാമസമുച്ചയത്തിലെ ചാലൈ ഗ്രാമ ബ്രാഹ്മണ സമുദായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പങ്കുനി ഉത്ര മഹോത്സവം നൂറിന്റെ നിറവില്‍. ധര്‍മ്മശാസ്താവിന്റെ ജന്മദിനമായ മീന മാസത്തിലെ ഉത്ര നക്ഷത്രത്തില്‍ നടക്കുന്ന ഉത്സവം ആധ്യാത്മിക, കലാ, സാംസ്‌കാരിക പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയാണ് പങ്കുനി ഉത്ര ശതാബ്ദി മഹോത്സവം. ഏപ്രില്‍ മൂന്നിന് രാവിലെ മഹാഗണപതി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമത്തോടെ പൂജകള്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചു മണിക്ക് ഗണപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന വേദ ഘോഷയാത്ര പ്രയാണം 5.30ന് ഭജനമഠത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പങ്കുനി ഉത്ര ശതാബ്ദി മഹോത്സവത്തിന്റെ സാംസ്‌കാരിക പരിപാടികള്‍ക്ക് മുന്‍ കേരള ചീഫ് സെക്രട്ടറി കെ ജയകുമാര്‍ തുടക്കം കുറിക്കും. ഉദ്ഘാടന ചടങ്ങില്‍ രാമവര്‍മ്മ ( തിരുവിതാംകൂര്‍ കൊട്ടാരം), എം സംഗീത് കുമാര്‍ (എന്‍എസ്എസ്), തന്ത്രിമാര്‍, എച്ച് ഗണേഷ് (കെബിഎസ്), നാരായണ മൂര്‍ത്തി വാധ്യാര്‍( വൈദിക സഭ), പി കൃഷ്ണന്‍ (ഗുരുസ്വാമി) തുടങ്ങിയവര്‍ പങ്കെടുക്കും.
സംഗീതജ്ഞന്‍ ടി എസ് രാധാകൃഷ്ണന്‍ജിയുടെ ഭക്തി ഗാന തരംഗിണി ഏപ്രില്‍ 5ന് വൈകീട്ട് ഏഴുമണിക്ക് നടക്കും. ഏപ്രില്‍ ഏഴിന് വൈകീട്ട് ഏഴുമണിക്ക് കലൈമാമണി വീരമണി രാജു, അഭിഷേക് രാജു എന്നിവരുടെ ഭക്തി ഗാന സുധ അടക്കം ഉത്സവ ദിവസങ്ങളില്‍ നിരവധി പരിപാടികള്‍ അരങ്ങേറും. വിവിധ കലാസംഘടനകളുടെ ഭജനകള്‍, നൃത്യം, കോലാട്ടം, ശാസ്താ പാട്ട്, ദേവീ മാഹാത്മ്യ പാരായണം, തുടങ്ങി മറ്റു പരിപാടികളും ഭജന മഠത്തിലും പ്രത്യേക പന്തലിലുമായി നടക്കും.
by Midhun HP News | Apr 1, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആകാംക്ഷ വര്‍ധിപ്പിക്കുന്നു. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ഐഎഎസ് പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെന്‍ഷനിലായ പ്രശാന്ത് സിവില്‍ സര്‍വീസില്‍ നിന്നും രാജി സമര്‍പ്പിച്ചേക്കുമോയെന്ന അഭ്യൂഹം പടരുകയാണ്.
സിവില്‍ സര്‍വീസിലെ ഏറ്റവും അടുപ്പക്കാരായ ആളുകള്‍ വിളിച്ചിട്ടും പ്രശാന്ത് ഫോണടെുക്കുകയോ, പ്രതികരണത്തിന് തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നാണ് സൂചന. ഏപ്രില്‍ ഒന്നായ ഇന്ന് അദ്ദേഹം ഏപ്രില്‍ ഫൂളാക്കുക എന്ന ലക്ഷ്യത്തോടെ ഇട്ട പോസ്റ്റാണോ എന്നും വാദമുഖങ്ങള്‍ ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഉദ്യോഗസ്ഥനാണ് പ്രശാന്ത്. അതിനാല്‍ തന്നെ പുതിയ പോസ്റ്റിലും ചര്‍ച്ചകള്‍ നിരവധിയാണ്.
ഐഎഎസ് പോരില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവരുമായി എന്‍ പ്രശാന്ത് അടുത്ത കുറച്ചുകാലമായി ഏറ്റുമുട്ടലിലാണ്. അച്ചടക്ക നടപടിക്ക് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയക്കുക കൂടി പ്രശാന്ത് ചെയ്തിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ അധിക്ഷേപകരമായ തരത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുകയും ചെയ്തിരുന്നു.
by Midhun HP News | Apr 1, 2025 | Latest News, കേരളം
കാസർകോട് : കഞ്ചാവ് കേസിലെ പ്രതി, അറസ്റ്റു ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു. കുമ്പള ബംബ്രാണിയിലെ അബ്ദുൾ ബാസിത് ആണ് അക്രമിച്ചത്. കാസർകോട് നാർക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരായ കെ പ്രജിത്, കെ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ബാസിത് 100 കിലോ കഞ്ചാവ് കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ അബ്ദുൾ ബാസിത് ഇരുമ്പ് വടി കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കി.
by Midhun HP News | Apr 1, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വൈസ് ചാന്‍സലര്‍ വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 10.30 നാണ് യോഗം. പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സര്‍വകലാശാല രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും യോഗത്തില്‍ പങ്കെടുക്കും.
ഉത്തരക്കടലാസ് നഷ്ടമായ വിവരം നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതിലും മൂല്യനിര്‍ണയം വൈകിയതിലും വീഴ്ചയുണ്ടായോ എന്ന് യോഗം പരിശോധിക്കും. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ പാലക്കാട്ടെ അധ്യാപകനെതിരായ നടപടിയിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. 2022-24 ഫിനാന്‍സ് സ്ട്രീം എംബിഎ ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ബൈക്ക് യാത്രയ്ക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി എന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. വിദ്യാര്‍ത്ഥികളോട് പുനഃപരീക്ഷയ്ക്ക് ഹാജരാകാന്‍ സര്‍വകലാശാല നിര്‍ദേശിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
by Midhun HP News | Apr 1, 2025 | Latest News, കേരളം
കൊച്ചി: വൈദ്യുതി- ഗ്യാസ് ബില്ലിന്റെ 25 ശതമാനം പഞ്ചായത്ത് അടയ്ക്കും. കേരളത്തിലെ രണ്ട് പഞ്ചായത്തുകളില്‍ ഭരണം കയ്യാളുന്ന ട്വന്റി 20യുടേതാണ് പ്രഖ്യാപനം. ട്വന്റി 20 ഭരിക്കുന്ന എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ ആണ് പുതിയ അനൂകൂല്യം നിലവില്‍ വരിക.
2025 – 26 സാമ്പത്തിക വര്‍ഷത്തിലേക്കായി പ്രഖ്യാപിച്ച പദ്ധതികളിലാണ് പുതിയ ഇളവുകള്‍ ഉള്‍പ്പെടുന്നത്. ക്ഷേമ പദ്ധതികളുടെ പേരില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് നേരത്തെയും ട്വന്റി 20 ശ്രദ്ധനേടിയിരുന്നു. ഇതിനിടെയാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.
‘വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി, പാചക വാതക ബില്ലുകള്‍ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പാക്കാന്‍, വൈദ്യുതി, പാചക വാതക ചെലവുകളുടെ 25 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുമെന്നായിരുന്നു ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ പ്രഖ്യാപനം.
‘ബില്ലുകള്‍ അടയ്ക്കുന്നതിന് പഞ്ചായത്ത് സര്‍പ്ലസ് (മിച്ച) ഫണ്ടില്‍ നിന്ന് ഒരു തുക നീക്കിവയ്ക്കും. പണം നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നല്‍കും. 2025-26 വര്‍ഷത്തേക്ക് കിഴക്കമ്പലം പഞ്ചായത്തിന് 25 കോടി രൂപയുടെ ബജറ്റ് മിച്ചമുണ്ട്, ഐക്കരനാട് പഞ്ചായത്തില്‍ 12 കോടി രൂപയുണ്ട്. ഈ പണമായി ജനങ്ങള്‍ക്ക് തിരികെ നല്‍കുന്നത്. എല്ലാ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമുള്ള തുകയാണ് ഇത്തരത്തില്‍ നീക്കിവച്ചിരിക്കുന്നത്. അഴിമതിരഹിത ഭരണത്തിലൂടെയാണ് പഞ്ചായത്തുകള്‍ ബജറ്റ് മിച്ചം ഉണ്ടാക്കിയതെന്ന് ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു.
നിലവില്‍ 25 ശതമാനമാണ് പഞ്ചായത്ത് നല്‍കുക. ഭാവിയില്‍ വെള്ള റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ ഒഴികെയുള്ള എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത് 50 ശതമാനമാക്കും. രണ്ട് പഞ്ചായത്തുകളിലെയും 75 ശതമാനം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നും സാബു ജേക്കബ് പറഞ്ഞു.
‘രണ്ട് പഞ്ചായത്തുകളിലെയും കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം നല്‍കും. മാലിന്യ സംസ്‌കരണം ഫലപ്രദമായി ഉറപ്പാക്കുന്നതിനായി 71 കോടി രൂപയുടെ പദ്ധതികള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തി. എല്ലാ വീടുകളിലും ബയോ-ബിന്നുകള്‍ വിതരണം ചെയ്യും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനമേശകള്‍, പ്രായമായവര്‍ക്ക് കിടക്കകള്‍ എന്നിവയും നല്‍കും.
അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും വരുമാനം കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കുകയും ചെയ്താണ് പഞ്ചായത്തുകള്‍ മിച്ച ബജറ്റ് എന്ന നിലയിലേക്ക് വളര്‍ന്നത്. റോഡുകളുടെയും പാലങ്ങളുടെയും ഗുണനിലവാരത്തോടെ നിര്‍മ്മിച്ചതോടെടെ, വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ആവശ്യമില്ലാതായി. രണ്ട് പഞ്ചായത്തുകളിലും ഓരോ വര്‍ഷവും ശരാശരി 2.5 കോടി രൂപ മിച്ചമായി നീക്കിവയ്ക്കാന്‍ സാധിച്ചു. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷവും പഞ്ചായത്തുകള്‍ക്ക് ഇത്രയും ഉയര്‍ന്ന തുക ലാഭിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഇത്. ‘ശമ്പളം നല്‍കാന്‍ പോലും പണം കടം വാങ്ങി ദൈനംദിന ചെലവുകള്‍ വഹിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ പഞ്ചായത്തുകളെ മാതൃകയാക്കാം എന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി.
by Midhun HP News | Apr 1, 2025 | Latest News, കേരളം
ആറ്റിങ്ങൽ: കൊല്ലമ്പുഴ തൊടിയിൽ വീട്ടിൽ എസ് പ്രിൻസി (58) (സി.പി.ഐ.എം കൊല്ലമ്പുഴ ബ്രാഞ്ചംഗം) അന്തരിച്ചു.
ഭർത്താവ്: സതീഷ് ചന്ദ്രൻ
മക്കൾ: എസ് പ്രതീഷ് (ബിസിനസ്), എസ് പ്രതീന (കാനഡ), എസ് പ്രതിഭ (കാനഡ).
മരുമക്കൾ: പി.സുനിത, എസ് അരവിന്ദ് (കാനഡ).
സംസ്കാരം മറ്റന്നാൾ (03/04/2025) വ്യാഴാഴ്ച സ്വവസതിയിൽ.
Recent Comments